UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സര്‍ക്കാര്‍ കടുപ്പിച്ചു; ആര്‍ സി സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ പുറത്തേക്ക്

സ്ഥാന ചലനം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചികിത്സാ വീഴ്ചകളെ തുടര്‍ന്ന്

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ സ്ഥാനമൊഴിയുന്നത് സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലമെന്ന് വിവരം. അടുത്തിടെ ആര്‍സിസിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഒമ്പത് വര്‍ഷമായി ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന പോള്‍ സെബാസ്റ്റ്യന് ആരോഗ്യ വകുപ്പില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായതായാണ് ആര്‍സിസിയിലെ ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്നലെയാണ് താന്‍ ഡയറക്ടര്‍ സ്ഥാനമൊഴിയുന്ന കാര്യം ഡോ.പോള്‍ സെബാസ്റ്റ്യന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയേയും അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനേയും അറിയിച്ചത്.

ഡയറക്ടര്‍ സ്ഥാനത്ത് തുടരാനാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും പോള്‍ സെബാസ്റ്റ്യന്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതാണെന്ന് ആര്‍സിസിയിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാള്‍ പറയുന്നു. ‘കുറച്ചു ദിവസങ്ങളായി കടുത്ത സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിരുന്നു. അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വീഴ്ചകളില്‍ സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. സ്ഥാനമൊഴിയാന്‍ സര്‍ക്കാരില്‍ നിന്ന് തന്നെ ആവശ്യപ്പെട്ടിരുന്നതായാണ് അറിവ്. പുറമെ ഡയറക്ടറും സര്‍ക്കാരുമായുള്ള ബന്ധം സുഖകരമായി തന്നെ പോവുമ്പോഴും അകത്ത് അങ്ങനെയല്ലായിരുന്നു. സാഹചര്യ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതാണ്.’

ഇതിനിടെ പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. 2009ലാണ് ഡോ.പോള്‍ സെബാസ്റ്റ്യന്‍ ആര്‍സിസി ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. എന്നാല്‍ പലപ്പോഴായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇതിലും ഡയറക്ടര്‍ ആശുപത്രിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളിലും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പല തവണ ആര്‍സിസിയിലെ ജീവനക്കാരും ഡോക്ടര്‍മാരും ഇത് സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഡയറക്ടര്‍ സ്വാധീനമുപയോഗിച്ച് തല്‍സ്ഥാനത്ത് തുടരുകയാണെന്ന ആരോപണം ഡോക്ടര്‍മാരില്‍ ചിലര്‍ ഉന്നയിക്കുകയും ചെയ്തു. ആര്‍സിസിയിലെ ഡോക്ടര്‍ പറയുന്നത് ഇങ്ങനെ, ‘അദ്ദേഹത്തിന് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല. ആര്‍സിസിയിലെ ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആദ്യം ഒഴിയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് ഔദ്യോഗിക വിശദീകരണം നല്‍കേണ്ടി വന്നു. ഇവിടെ ഡോക്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ഭരണത്തില്‍ അതൃപ്തിയുള്ളവരാണ്. പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ട് അതിനൊന്നും ഇതേവരെ പരിഹാരം ലഭിച്ചിരുന്നില്ല. എന്തായാലും സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി ഏറ്റെടുത്തതോടെ സ്ഥാനമൊഴിയാന്‍ അദ്ദേഹം തീരുമാനിച്ചതാണെന്നാണ് അറിവ്.’

ആര്‍സിസിയില്‍ അര്‍ബുദ ചികിത്സക്കെത്തിയ രണ്ട് കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിക്കുകയും മരിക്കുകയും ചെയ്തു. ഇരുവര്‍ക്കും രക്തം മാറ്റിയത് വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ആര്‍സിസി ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് വിന്‍ഡോ പിരീഡിലുള്ളവരുടെ രക്തം സ്വീകരിച്ചതിനാലാവാം തെറ്റ് സംഭവിച്ചതെന്ന് വിശദീകരണം നല്‍കുകയായിരുന്നു. എന്നാല്‍ ഈ വിഷയം പുറത്തുവന്നതോടെ നിരവധി പേര്‍ ആര്‍സിസിയിലെ ചികിത്സയില്‍ സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തുവന്നു. രക്തം മാറ്റിയത് വഴി മരണം സംഭവിച്ച എഡിസന്റെ കുടുംബം ആര്‍സിസിക്കെതിരെ നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്കെത്തിയതാവാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞാലും 2022ല്‍ വിരമിക്കുന്നത് വരെ അദ്ദേഹത്തിന് ആര്‍സിസിയില്‍ തുടരാനാവും.

ആര്‍ സി സി എന്റെ കുട്ടിയെ കൊന്നു-ഭാഗം 1

ആര്‍ സി സിയിലെ രക്തദാന പിഴവുകള്‍ ജീവനെടുക്കുമ്പോള്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്-ഭാഗം 2

കൊല്ലുന്ന ഡയറക്ടര്‍ക്ക് തിന്നുന്ന ഫിനാന്‍സ് കണ്‍ട്രോളര്‍; ആര്‍ സി സിയുടെ രോഗം ദുര്‍ഭരണം-ഭാഗം 3

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍