UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ജനിതകമാറ്റം വരുത്തിയ കൂടുതല്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ ശാസ്ത്രജ്ഞന്‍

എന്നാല്‍ അത്തരമൊരു നടപടി അകാലവും അധാര്‍മികവും നിരുത്തരവാദപരവുമാണെന്ന വിമര്‍ശം അന്താരാഷ്ട്ര തലത്തില്‍തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ സുരക്ഷിതവും സ്വീകാര്യവുമായ മാര്‍ഗം വികസിപ്പിച്ചതായി റഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡെനിസ് റെബ്രിക്കോവ് അവകാശപ്പെടുന്നു. ‘രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്കു പകരം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഉണ്ടാക്കിയാല്‍ അത് എങ്ങനെ അനീതിയാകും?’ എന്നാണ് ഒരു അഭിമുഖത്തിനിടെ റെബ്രിക്കോവ് ചോദിക്കുന്നത്. കുട്ടികളെ എച്ച്.ഐ.വി ബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഭ്രൂണാവസ്ഥയില്‍ ഉള്ളപ്പോള്‍തന്നെ ജനിതകമാറ്റം വരുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെ ജനിക്കുന്ന കുട്ടികളില്‍ എച്ച്.ഐ.വി നെഗറ്റീവ് ആയിരിക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

അതിനാല്‍ തന്നെ ജനിതകമാറ്റം വരുത്തിയ കൂടുതല്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അത്തരമൊരു നടപടി അകാലവും അധാര്‍മികവും നിരുത്തരവാദപരവുമാണെന്ന വിമര്‍ശം അന്താരാഷ്ട്ര തലത്തില്‍തന്നെ ഉയര്‍ന്നു കഴിഞ്ഞു. മോസ്‌കോയിലെ കുലകോവ് നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഒബ്സ്റ്റട്രിക്‌സ്,ഗൈനക്കോളജി,പെരിനാറ്റോളജി എന്നിവയിലെ ജീന്‍ എഡിറ്റിംഗ് ലാബിന്റെ തലവനാണ് അദ്ദേഹം.

ക്രിസ്പര്‍ (CRISPR)എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതികത ഉപയോഗിച്ച് ഭ്രൂണങ്ങളില്‍ കൃത്യമായ ജനിതക മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് തന്റെ ഗവേഷണം തെളിയിച്ചിട്ടുണ്ടെന്നാണ് റിബ്രിക്കോവ് അവകാശപ്പെടുന്നത്. എഡിറ്റു ചെയ്ത ഡി.എന്‍.എ-യും ചെയ്യാത്തതും തമ്മിലുള്ള സുരക്ഷാ വ്യത്യാസം പരിശോധിച്ചു ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിച്ച ചൈനീസ് ശാസ്ത്രജ്ഞനായ ഹെ ജിയാന്‍കുയിയും ഇതേവാദങ്ങള്‍ നിരത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനിതക മാറ്റം വരുത്തി ചൈനീസ് ഇരട്ടക്കുട്ടികളെ സൃഷ്ടിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു. അതിന്റെ അനിവാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതുവരെ മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം അനുവദിക്കരുതെന്ന വാദവും ശക്തമായിരുന്നു.

Read More : രക്തദാനത്തില്‍ വിപ്ലവം ; ഇനി എ ഗ്രൂപ്പും സാര്‍വ്വത്രിക ദാതാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍