UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശാസ്ത്രം എന്ന സ്ഥലത്തെ പ്രധാന എതിരന്‍; ഒരു സൈക്കോളജിക്കല്‍ മൂവ്

കാര്‍ നന്നാക്കാനും വീട് പണിയാനും ശാസ്ത്രീയമായി പഠിച്ച എന്‍ജിനീയര്‍മാരെ ആശ്രയിക്കുന്ന ജനങ്ങള്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല?

കഴിഞ്ഞ ദിവസം ഇന്‍ഫോ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഒരു പ്രധാന പ്രതിപാദ്യ വിഷയം വ്യാജ ചികിത്സകരും തെറ്റിദ്ധരിപ്പിക്കപ്പെട്ടോ അല്ലാതെയോ ആധുനിക വൈദ്യത്തോടു വിമുഖത കാണിക്കുന്ന പാവം ജനങ്ങളും ആയിരുന്നു .

എന്ത് കൊണ്ട് കാര്‍ നന്നാക്കാനും വീട് പണിയാനും ശാസ്ത്രീയമായി പഠിച്ച എന്‍ജിനീയര്‍മാരെ ആശ്രയിക്കുന്ന ജനങ്ങള്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നൊരു ചോദ്യമുണ്ട്. ഇത് ജനങ്ങളുടെ കുറ്റം അല്ല എന്നുള്ളതാണ് സത്യം.

ഒന്നാമത്തെ കാരണം മനുഷ്യ മനസ്സ് തന്നെ ആണ്. ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം, മക്കളെ ഏതു കോഴ്‌സിന് ചേരാന്‍ പ്രോത്സാഹിപ്പിക്കണം, ഏതു കൂട്ടുകാരോട് ഒത്തു സമയം ചിലവിടണം, സ്വന്തം വിശ്രമ സമയങ്ങളില്‍ എന്ത് വിനോദങ്ങളില്‍ ഏര്‍പ്പെടണം തുടങ്ങിയ കാര്യങ്ങളില്‍ ആളുകള്‍ തീര്‍ത്തും ശാസ്ത്രീയമായും യുക്തിസഹമായും ആണോ തീരുമാനങ്ങള്‍ എടുക്കുന്നത് ?

അല്ല എന്നാണു ഉത്തരം. നമ്മുടെ വളരെ വ്യക്തിപരവും, വൈകാരികമായി നമ്മെ ബാധിക്കുന്ന കാര്യങ്ങളില്‍ നമ്മള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഉള്ളില്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ ആ തീരുമാനത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നമ്മള്‍ അവിടന്നും ഇവിടന്നും പെറുക്കി കണ്ടെത്തും. എതിരെയുള്ള വാദമുഖങ്ങളെ നമ്മള്‍ മനഃപൂര്‍വം അല്ലാതെ നടിക്കുകയും ചെയ്യും. ഇതാണ് നമ്മുടെ ഒക്കെ ഒരു സൈക്കോളജി.

നമ്മുടെ അല്ലെങ്കില്‍ നമ്മുടെ ഉറ്റവരുടെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ സ്‌തോഭജനകമാണ്, ആധി വര്‍ദ്ധിതമാണ്. എന്തെങ്കിലും വിശ്വാസത്തെ മുറുകെ പിടിക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്നവയും ആണ്. ആരും ദൈവത്തെ വിളിച്ചു പോകുന്ന ഈ അവസ്ഥകളിലൂടെ ഞാനും നിങ്ങളും ഒക്കെ കടന്നു പോയിട്ടുണ്ട്; അല്ലെങ്കില്‍ പോകും. ആര്‍ക്കും അതില്‍ നിന്ന് രക്ഷയില്ല. ഇത് പ്രാര്‍ഥനക്കാര്‍ക്ക് നല്ല ഒരു റോള്‍ ഉണ്ടാക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ.

ഒരു മാതിരി ഇതേ മനഃസവിശേഷതകളാണ് വ്യാജന്മാരിലും ആളുകള്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഒരു പ്രധാന കാരണം. ദൈവിക കഴിവുകളുള്ള ഒരു ചികിത്സകന്‍ ആണ് പാരമ്പര്യമായി തന്നെ , നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ മനസ്സില്‍ ഉള്ളത്. ഞാന്‍ എല്ലാം ശരിയാക്കാം എനിക്കെല്ലാം അറിയാം. ഈ ഒരു മനഃസ്ഥിതിയുടെ ഹാലോ (മ്മടെ പുണ്യാളന്‍മാരുടെ തലയ്ക്കു ചുറ്റും ചട്ടി കമത്തിയ മാതിരി ഉള്ള ഒരു പ്രകാശ വലയമില്ലേ, അതാണീ സാധനം ) അവര്‍ മനഃപൂര്‍വം എടുത്തിടുന്നു.

പിന്നെ ഒരു കാര്യം കൂടി അവര്‍ ആവര്‍ത്തിക്കുന്നുണ്ട്, ശാസ്ത്രത്തിന് എല്ലാറ്റിനും ഉത്തരം ഇല്ല എന്നുള്ളതാണ് അത്. പച്ച പരമാര്‍ത്ഥമാണ് അവര്‍ പറയുന്നത് എന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാം.

‘എന്ത് കൊണ്ട് എനിക്കിതു വന്നു ?’

‘ഞാന്‍ കുടിച്ചിട്ടില്ല , വലിച്ചിട്ടില്ല. കുടുംബം നോക്കി മറ്റുള്ളവര്‍ക്കായി ജീവിച്ചു. ഞാന്‍ എന്ത് കൊണ്ടാണ് നാല്പതാമത്തെ വയസ്സില്‍ മരിക്കുന്നത്?’

‘ഒരു തെറ്റും ചെയ്യാത്ത എന്റെ മകള്‍ക്ക് എന്തുകൊണ്ട് ഇത്രയും വേദന ഉളവാക്കുന്ന ഈ അവസ്ഥ വന്നു ?’

ഇതിനൊന്നും ശാസ്ത്രത്തിനു ഉത്തരമില്ല.

അത് പോലെ തന്നെ, ഈ അസുഖം എങ്ങനെ നിയന്ത്രിക്കാം? എന്നെ ഈ അസുഖം എങ്ങനെ ബാധിക്കും? മരുന്നിനു സൈഡ് എഫക്ട്‌സ് ഉണ്ടാകുമോ? ചികിത്സ പ്രയോജനം ചെയ്യുമോ?

ഈ ചോദ്യങ്ങള്‍ക്കും ശാസ്ത്രീയമായി ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ് എന്ന് നമ്മുടെ മനസ്സ് നമ്മോടു തന്നെ എപ്പോഴും പറയും; പ്രത്യേകിച്ചും ജീവനെ തന്നെ ബാധിക്കുന്ന ഒരു രോഗത്തെ നേരിടുമ്പോള്‍. വ്യാജന്മാര്‍ ഈ ചിന്തയെ വളര്‍ത്തുകയും തന്നിലേക്കുള്ള രോഗിയുടെ ആശ്രയത്വം കൂട്ടുകയും ചെയ്യുന്നു.

ആധുനിക വൈദ്യന്മാര്‍ക്ക് ദൈവം കളിക്കാന്‍ വളരെ പരിമിതികളുണ്ട്. വൈദ്യ ശാസ്ത്രത്തിനു തന്നെ വളരെ പരിമിതികള്‍ ഉണ്ട് എന്ന് ശാസ്ത്രീയമായി പഠിച്ചു, ഏതു ചികിത്സക്ക് എത്രത്തോളം പ്രയോജനം ഉണ്ട് എന്നൊക്കെ നന്നായി മനസ്സിലാകുമ്പഴേ, ദൈവം കളിക്കാന്‍ തോന്നില്ല. തലേല്‍ മുളയ്ക്കാന്‍ തുടങ്ങുന്ന കുഞ്ഞു ഹാലോ ‘പ്ശക്ക് ‘ എന്ന് നിലത്തു വീണു പൊട്ടും. ‘ഇപ്പ എല്ലാം ശരിയാക്കിത്തരാം’ എന്ന് പപ്പു പറയും പോലെ പറയുമ്പോള്‍ നാവു വിറക്കും; കൈയില്‍ ഉള്ള ‘ചെറ്യേ സ്പാനര്‍’ നമ്മെ നോക്കി കൊഞ്ഞനം കാണിക്കും.

അത് കൊണ്ട് തന്നെ ചികിത്സയെ പറ്റി വളരെ നന്നായി, ശാസ്ത്രീയമായി എത്ര പറഞ്ഞു കൊടുത്താലും രോഗികള്‍ അത് നന്നായി എടുക്കണം എന്നില്ല. തൃപ്തി വരാതെ ‘എല്ലാം ഞാന്‍ ശരിയാക്കി തരാം’ എന്ന് പറയുന്ന ആളുകളുടെ അടുത്തേക്ക് ഓടാന്‍ കുറെ ഏറെ പേര് തയാറാകും.

ശാസ്ത്രം ഒരു എതിരന്‍ ആണ്. നമ്മുടെ വിശ്വാസങ്ങള്‍ എതിരന്‍ അല്ല. കോമളന്‍ വൈദ്യന്‍ നമ്മെ രക്ഷിക്കും എന്ന് വിശ്വസിച്ചാല്‍ പിന്നെ ആ വിശ്വാസ ഗ്രാമത്തിലെ ഓരോ തെളിവ് അരിയും നമ്മള്‍ പെറുക്കിയെടുത്തു തിന്നും. എല്ലാ സാക്ഷ്യവും വിശ്വസിക്കും. ഒരൊറ്റ സാക്ഷ്യം മതി നമ്മുടെ ഒരു ബന്ധു ‘അങ്ങേര് എന്റെ വയറു വേദന മാറ്റി ‘, എന്ന് പറയുകയോ. ‘കോര്‍ത്തോ ബെര്‍ബ് എന്റെ നടു വേദന മാറ്റി ‘ , ‘പാമ്പേന്റെ കസൂരി കഴിച്ചപ്പോ എന്റെ ശ്വാസം മുട്ട് പോയി ‘ എന്ന് ആള്‍ക്കാരെ കൊണ്ട് കാശ് കൊടുതു പറയിപ്പിക്കുന്നത് കേള്‍ക്കുകയോ ചെയ്താല്‍ മതി നമ്മുടെ വിശ്വാസം അതി ദൃഢം ആകാന്‍.

എന്നാല്‍ എതിരായുള്ള വാദമുഖങ്ങളോ? എന്റെ സാറേ, നമ്മള്‍ കാണുക കൂടി ഇല്ല.

ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് അങ്ങനെ അല്ല. ഒരു വിദഗ്ദ്ധന്‍ എന്തെങ്കിലും പുതിയ ചികിത്സയിലുള്ള വിശ്വാസം പറഞ്ഞാല്‍, അല്ലെങ്കില്‍ പുതിയ ഒരു മരുന്ന് ഞാന്‍ കണ്ടു പിടിച്ചു എന്ന് പറഞ്ഞാല്‍ മറ്റുള്ള ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമെല്ലാം അയാളുടെ മേത്തു കേറി നിരങ്ങും. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ജനവും ചിലപ്പോള്‍ കേറി നിരങ്ങി എന്നിരിക്കും.

ഈ പ്രാന്തന്റെ പുതിയ അവകാശത്തിനു എതിരായ തെളിവുകള്‍ എന്തൊക്കെ ? ഇത് കണ്ടു പിടിക്കലും, അവകാശവാദം ഉന്നയിച്ച ആളുടെ വാദങ്ങളെ എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഈ ശാസ്ത്രീയ സംവിധാനത്തിന്റെ പ്രധാന കലാപരിപാടി. ആധുനിക നിയന്ത്രണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറെ ഒക്കെ ഇതേ ശാസ്ത്രീയ രീതിയില്‍ തന്നെ ആണ് വര്‍ക് ചെയ്യുന്നത്. അതാണ് ശാസ്ത്രം ഒരു എതിരന്‍ ആണെന്ന് പറയുന്നത്. ശാസ്ത്ര രീതി കഴിഞ്ഞ വളരെ കുറച്ചു പതിറ്റാണ്ടുകളായി (ഒന്ന് രണ്ടു നൂറ്റാണ്ട് എന്ന് പറയാം ) സത്യത്തെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ആയതു കൊണ്ട് പതിയെ സ്വയം പൊങ്ങി വരിക ആയിരുന്നു. മനുഷ്യ മനസ്സുകള്‍ സ്വതേ ഇത്തരം ചിന്തയില്‍ നിന്ന് പുറം തിരിഞ്ഞു നിക്കുന്നവ ആണ്.

അതായത് സ്വാഭാവികമായി തന്നെ മനുഷ്യരെ വിശ്വാസത്തില്‍ എടുക്കാന്‍ ആധുനിക വൈദ്യത്തിനു പരിമിതികള്‍ ഉണ്ട്.

ആകെ ആധുനിക ഡോക്ടര്‍മാര്‍ക്കും വൈദ്യന്മാര്‍ക്കും ചെയ്യാവുന്നത് മാക്‌സിമം ആത്മാര്‍ത്ഥത കാണിക്കാം എന്നുള്ളതാണ്. കുറച്ചെങ്കിലും വിശ്വാസം ആര്‍ജിക്കാന്‍ അതെ ഉള്ളു മാര്‍ഗം. അത് കൊണ്ട് തന്നെ ആണ് മോശം പ്രവണതകള്‍ എങ്ങനെയും എതിര്‍ക്കാന്‍ ഇതിന്റെ ഉള്ളില്‍ ഉള്ളവര്‍ തന്നെ മുന്നോട്ട് വരണം എന്ന് പറയുന്നത്. അപ്പോള്‍ എതിരന്‍ വാദങ്ങള്‍ കൊണ്ട് വരരുത്.

പിന്നെ നിയമ വിരുദ്ധമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അശാസ്ത്രീയതക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് തീര്‍ച്ചയായും കടമ ഉണ്ട്. അതിനു മടിക്കേണ്ട കാര്യമില്ല.

അതിനൊക്കെ എതിരന്‍ മനോഭാവം കാണിക്കണ്ട കാര്യം ഇല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍