UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചിരി മനസിന്റെ മാത്രമല്ല ശരീരത്തിന്റെ കൂടി കണ്ണാടിയാണ്

പിരിമുറക്കത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധമാണത്രെ ചിരി

ഒരു ചിരിയില്‍ ഒരുപാട് പറയുന്നവരാണ് നമ്മള്‍. ഏത് സാഹചര്യത്തിലും ഏത് അവസ്ഥയും പ്രകടിപ്പിക്കാന്‍ നമുക്ക് ഒരു ചിരികൊണ്ടാകും. ചിലപ്പോള്‍ ഒരായിരം വാക്കുകളെ ഒരു ചിരിയില്‍ ഒതുക്കാനുമാകും. ജീവിതം സോഷ്യല്‍ മീഡിയയുടെ നിയന്ത്രണത്തിന് വിട്ടപ്പോള്‍ പോലും ‘സ്‌മൈലീസി’നെ ഉപേക്ഷിക്കാന്‍ ആരും തയ്യാറായില്ല.

ചിരി മനസിന്റെ കണ്ണാടിയാണ്. എന്നാല്‍ ശാരീരിക അവസ്ഥകളും ചിരിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് യു.എസിലെ സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. സ്‌ട്രെസ് ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ചിരിയും തമ്മിലുള്ള ബന്ധത്തെയാണ് ഇവര്‍ പഠിച്ചത്.

പിരിമുറക്കത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധമാണത്രെ ചിരി. മൂന്ന് തരം ചിരികളാണ് ശാരീരിക അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ‘സ്ഥിരാവസ്ഥ’യുടെ സൂചനയാണ് ചിരിയുടെ ആദ്യത്തെ പ്രത്യേകത- പിരിമുറക്കത്തിലല്ലെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും സൂചിപ്പിക്കുന്ന ആരോഗ്യകരമായ ഈ ചിരിയാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

അടുപ്പത്തെയും ഇഷ്ടത്തെയും സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ ചിരി. എല്ലാവരും എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും ഈ ചിരിയാണ്.

അംഗീകാരത്തിന്റെ ചിരിയാണ് അവസാനത്തേത്. രണ്ടാമതൊരാള്‍ നിങ്ങളിലെ പിരിമുറുക്കം കുറയ്ക്കുന്നുവെന്നും അവരുടെ സാന്നിധ്യം നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നുവെന്നുമുള്ള സൂചനയാണത്.

‘മറ്റൊരാളുടെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാനാകും പലതും. ചിരിയിലെ പ്രത്യേകതകളില്‍ നിന്നാണ് അത് ഏറ്റവുമധികം വ്യക്തമാകുന്നതും’. മാഡിസണ്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയും ഗവേഷകനുമായ ജാരേദ് മാര്‍ട്ടിന്‍ പറയുന്നു.

സൈന്റിഫിക് റിപ്പോര്‍ട്ട്‌സ്(scientific reports) ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോളേജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് നല്‍കിയ സ്പീക്കിംഗ് അസൈന്‍മെന്റുകളായിരുന്നു പഠനത്തിന് ആധാരം. ഇവരുടെ ഹൃദയമിടിപ്പും പിരിമുറുക്കവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍-കോര്‍ട്ടിസോളും(cortisol) തമ്മിലുള്ള ബന്ധമായിരുന്നു കണ്ടെത്തിയത്.

‘അവരുടെ സംസാരത്തിനിടെയില്‍ എത്തുന്ന നെഗറ്റീവ് കമന്റുകള്‍ മുഖത്തെ ചിരി മായാന്‍ ഇടയാക്കി. കൂടുതല്‍ പിരിമുറക്കം അനുഭവപ്പെടുന്ന ഈ സമയത്ത് കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനം ഉയര്‍ന്ന നിലയിലാകും’- ഗവേഷണസംഘത്തിന്റെ നിഗമനം ഇങ്ങനെയാണ്.

ഹൃദ്രോഗവും അമിതവണ്ണവും വിഷാദരോഗവും ഉള്ളവരില്‍ ഹൃദയമിടിപ്പില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകുന്നതുകൊണ്ട് ചിരിക്ക് കാരണമാകുന്ന സാമൂഹ്യ സന്ദേശങ്ങള്‍ പിടിച്ചെടുക്കുക വിഷമകരമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍