UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘പൊട്ടും പൊടിയും’ ഓര്‍മിച്ചെടുത്ത് പങ്കുവെക്കാനുള്ള കഴിവിന് പിന്നില്‍ ഈ വിദ്വാനാണ്

ഓര്‍മ്മകള്‍ക്ക് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ തലച്ചോറിന്റെ ആരോഗ്യ സംബന്ധമായ മെച്ചപ്പെട്ട പഠനങ്ങള്‍ക്കും വഴിവെക്കും.

നമുക്ക് സ്‌പെഷ്യലായ ദിവസങ്ങളിലെ ഓരോ ചെറിയ കാര്യങ്ങളും ഓര്‍ത്തെടുത്ത് പറയാന്‍ സാധിക്കുന്നതിന്റെ പിന്നില്‍ എന്ത് ‘ടെക്‌നിക്’ ആണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ‘പൊട്ടും പൊടിയും’ ഓര്‍മിച്ചെടുത്ത് പങ്കുവെക്കാനുള്ള കഴിവ് എങ്ങനെ കിട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു ശാസ്ത്രത്തിന് ഉത്തരമുണ്ട്.

ബോള്‍ഡറി(boulder)ലെ കോളറാഡോ സര്‍വ്വകലാശാല(Colarado University)യിലെ ഗവേഷകരാണ് ഓര്‍മ്മയ്ക്ക് പിന്നിലെ ശാസ്ത്രസത്യത്തെ വെളിപ്പെടുത്തിയത്. ‘എകെറ്റി'(AKT)എന്ന പ്രോട്ടീനാണ് ഈ ശേഷി മനുഷ്യന് സമ്മാനിക്കുന്നത്. പുതിയ അനുഭവങ്ങളെ തലച്ചോറിലേക്ക് സ്വീകരിക്കാനും സുരക്ഷിതസ്ഥാനങ്ങളില്‍ ഓര്‍മ്മകളായി രേഖപ്പെടുത്താനും എകെറ്റി ആണ് സഹായിക്കുന്നത്. തലച്ചോറിലെ വിവിധ കോശങ്ങളില്‍ നിന്നും മൂന്ന് തരത്തില്‍ എ.കെ.റ്റി ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. മസ്തിഷ്‌കാരോഗ്യത്തെ സംരക്ഷിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രോട്ടീനാണിത്.

ഇ-ലൈഫ് (E-life) മാസികയിലൂടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോഗ്യരംഗം ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുന്നുണ്ട്. ഓര്‍മ്മകള്‍ക്ക് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ തലച്ചോറിന്റെ ആരോഗ്യ സംബന്ധമായ മെച്ചപ്പെട്ട പഠനങ്ങള്‍ക്കും വഴിവെക്കും. ബ്രെയിന്‍ ട്യൂമര്‍,അല്‍ഷിമേഴ്‌സ്, ഷിസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെ നേരിടാനും ബന്ധപ്പെട്ട ചികിത്സാരംഗത്തെ വികാസത്തിനും ഈ കണ്ടുപിടുത്തം സഹായിക്കും.

‘അനുഭവങ്ങളു’മായി ബന്ധപ്പെട്ട കോശങ്ങളും തലച്ചോറും തമ്മിലുള്ള ബന്ധത്തെ (synaptic plasticity) നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കാണ് എകെറ്റി വഹിക്കുന്നത്. വൈദ്യശാസ്ത്രത്തിന് കൃത്യമായി നിര്‍ണ്ണയിക്കാനായിട്ടില്ലാത്ത നാഡീവ്യൂഹ സംബന്ധമായ ഒരുകൂട്ടം രോഗങ്ങളുടെ സൂചന നല്‍കാനും എകെറ്റിയ്ക്ക് ആകും. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പ്രോട്ടീനാണിത്’. റിപ്പോര്‍ട്ട് തയ്യാറാക്കിയ ചാള്‍സ് ഹോഫര്‍(Charles Hoeffer) വ്യക്തമാക്കി.

ഒരു പടുകൂറ്റന്‍ സ്രാവിനെ കണ്‍മുന്നില്‍ കാണുകയാണെന്നിരിക്കട്ടെ. നിങ്ങളുടെ ആദ്യത്തെ സ്വാഭാവിക പ്രതികരണം പേടിയായിരിക്കും. ആ ഓര്‍മ്മ പില്‍കാലത്തേക്ക് സൂക്ഷിച്ചുവെക്കാനാണ് എകെറ്റിയുടെ സഹായം വേണ്ടത്. പുതിയ കാര്യം ഓര്‍മ്മകളുടെ പട്ടികയോട് ഏകോപിപ്പിക്കണമെങ്കില്‍ പുതിയ പ്രോട്ടീനുകളും തലച്ചോര്‍ രൂപപ്പെടുത്തുമെന്ന് ചാള്‍സ് ഹോഫര്‍, പഠന റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി പറയുന്നു.

തലച്ചോറിലെ ‘ഓര്‍മ്മകളുടെ ഫാക്ടറി’യില്‍ ഉദ്വീപനം നടക്കണമെങ്കില്‍ എകെറ്റി വിചാരിക്കണം. ഉറങ്ങിക്കിടക്കുന്ന ഓര്‍മ്മകളെ ഉണര്‍ത്താനുള്ള സ്വിച്ചാണ് ഈ പ്രോട്ടീന്‍. എലികളുടെ തലച്ചോറുമായി എകെറ്റിയുടെ മൂന്ന് വെറൈറ്റികളും ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനം നിരീക്ഷിച്ചതും പൂര്‍ണമായ നിഗമനത്തിലെത്തിയതും.

സ്റ്റാര്‍ രൂപത്തിലുള്ള മസ്തിഷ്‌ക കോശമായ ആസ്‌ട്രോഗ്ലിയ(astroglia)യിലാണ് എകെറ്റിയുടെ പ്രധാനരൂപമായ എകെറ്റി2 കണ്ടെത്തിയത്. തലച്ചോറിലെ ക്യാന്‍സര്‍ അല്ലെങ്കില്‍ തലച്ചോറിന് ഏല്‍ക്കുന്ന തകരാറുകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ആഘാതം തട്ടുന്നത് ഈ പ്രോട്ടീനിനാണ്. അപകടം സംഭവിക്കുമ്പോള്‍ ഓര്‍മ്മ നശിക്കാന്‍ കാരണം എകെറ്റി2നെ ഇത് ബാധിക്കുമ്പോഴാണ്. അതേസമയം, എകെറ്റി1 ആണ് ന്യൂറോണുകളില്‍ ഏറിയ പങ്കും ഇടം പിടിക്കുന്നത്. ഓര്‍മ്മകള്‍ തലച്ചോറില്‍ രേഖപ്പെടുത്തിവെക്കാന്‍ എകെറ്റി1 കൂടിയേ തീരൂ. അനുഭവങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയെ സംരക്ഷിക്കുന്നതും എകെറ്റി1 ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍