UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

എലിപ്പനി മുതല്‍ കുരങ്ങ് പനിവരെ; പകര്‍ച്ചവ്യാധികളില്‍ വിറകൊണ്ട് കേരളം

എലിപ്പനി, ചെള്ള് പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, എച്ച് 1 എന്‍1, എബോള, കോളറ, ചിക്കന്‍ഗുനിയ, കുരങ്ങ് പനി തുടങ്ങി മാരകമായ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ കുറേ വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. ഓരോ രോഗങ്ങളും പൂര്‍വ്വാധികം ശക്തമായിട്ടാണ് തിരിച്ചുവരുന്നത് എന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പല പ്രതിരോധ മരുന്നുകള്‍ക്കും ചികിത്സാശേഷി നഷ്ടമായിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം വൈറസുകളിലും ബാക്ടീരിയകളിലും ഉണ്ടായിട്ടുള്ള ജനിതകമാറ്റങ്ങളാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച്  പുതിയ ജനറേഷന്‍ ഔഷധങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇതിനാവശ്യമായ അടിസ്ഥാന ഗവേഷണങ്ങള്‍ പഴയതുപോലെ നടക്കുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളാണ്. ആ രംഗത്ത് കേരളം എന്ന സംസ്ഥാനത്തിനു മാത്രം  പ്രത്യേകിച്ചൊന്നും ചെയ്യുവാന്‍ കഴിയില്ല എന്നത് ശരിയാണ്. എങ്കില്‍പ്പോലും ഔഷധരംഗത്തുള്ള അടിസ്ഥാന ഗവേഷണത്തിന്റെ കുറവിന് കാരണം പേറ്റന്റ് നിയമത്തിന്റെ മാറ്റംകൊണ്ടാണ് എന്നും തിരിച്ചറിയണം. പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിന് പോലും സാമ്പത്തികനയം കളമൊരുക്കുന്നത് ശരിയാണ്.

ജനകീയാരോഗ്യ നയങ്ങളിലെ വ്യതിയാനം പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിന് മറ്റൊരു പ്രധാന കാരണമാണ്. ജനകീയാരോഗ്യ പരിപാടികളാണ് ആരോഗ്യ രംഗത്തെ കേരളത്തിന്റെ തനിമ. കേരളത്തെക്കുറിച്ചുള്ള അമര്‍ത്യാസെന്നിന്റെ ‘പബ്ളിക് ആക്ഷന്‍’ എന്ന രണ്ട് പദങ്ങള്‍ ഏറ്റവും അന്വര്‍ത്ഥമാക്കുന്നത് ജനകീയ ആരോഗ്യരംഗത്താണ്. ജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളെയാണ് ജനകീയാരോഗ്യ പ്രവര്‍ത്തനം എന്ന് പറയുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന സങ്കല്‍പ്പം തന്നെ രോഗപ്രതിരോധമാണ്. അലോപ്പതി വിഭാഗം മാത്രമല്ലാതെ ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, യുനാനി, സിദ്ധവൈദ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ ഉദ്ഗ്രഥനവും ജനകീയാരോഗ്യ സങ്കല്‍പ്പങ്ങളാണ്. ഏറ്റവും വ്യാപകമായ ജനകീയ ഇടപെടലുകളിലൂടെ ജീവിതരീതിയും പരിസര ശുദ്ധീകരണവും പ്രകൃതിദത്തമായി നിലനിര്‍ത്തുവാന്‍ കഴിയും. ഇതിലൂടെ മാത്രമേ പ്രതിരോധ ശേഷിയുള്ള ഒരു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുവാന്‍ കഴിയൂ എന്നുള്ളത് ഏറെ പ്രധാനപ്പെട്ടതാണ്. രോഗവ്യാപനത്തെ തടയുവാന്‍ അനിവാര്യമായി വേണ്ടത് രോഗപ്രതിരോധ ശേഷിയാണ്. അത് നിലനിര്‍ത്തുവാന്‍ പ്രതിരോധ ശേഷിയുള്ളതും പ്രകൃതിയുടെ തനിമ നിലനിര്‍ത്തുന്നതുമായ ആവാസ വ്യവസ്ഥ ആവശ്യമാണ്. (പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന സസ്യ-ജന്തു സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെട്ട ശൃംഖലയാണ് ആവാസവ്യവസ്ഥ). ജനകീയാരോഗ്യത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നതും പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും തമ്മില്‍ ബന്ധുണ്ടെന്ന് തിരിച്ചറിയണം. കേരളത്തിന്റെ ഏറ്റവും വലിയ ഖ്യാതി ആരോഗ്യമേഖലയിലൂടെയാണ്. പ്രതിരോധത്തിന് പകരം ചികിത്സയ്ക്ക്  സ്ഥാനം നല്‍കി നവലിബറല്‍ സമ്പത്തിക നയങ്ങളാണ് രോഗാതുരതയ്ക്ക് ഉത്തരവാദി എന്ന് കേരളം തിരിച്ചറിയണം. സ്വകാര്യവല്‍ക്കരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതം ഏറ്റുവാങ്ങിയത് കേരളത്തിന്റെ ജനകീയാരോഗ്യ സങ്കല്‍പ്പമാണ്. ഇതിലൂടെ നഷ്ടപ്പെടുന്നത് ഒരു ലോകമാതൃകയാണ്.

ആവാസവ്യവസ്ഥകളെ പ്രകൃതിയോടൊത്ത് നിര്‍ത്തണമെന്ന അടിസ്ഥാന സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ് മാലിന്യ പ്രശ്‌നം. കേന്ദ്രീകരണം, കച്ചവടം എന്നീ രണ്ട് ആശയങ്ങള്‍ മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ കലര്‍ത്തിയത് നവലിബറല്‍ നയങ്ങളാണെന്ന് നാം തിരിച്ചറിയണം. ഈ ഭൂമുഖത്തുള്ള സമസ്ത ജീവജാലങ്ങളും മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പക്ഷേ മനുഷ്യന്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുവാന്‍ കഴിയാതെ കുന്നുകൂടുകയാണ്. ഇത് എന്തുകൊണ്ട് എന്ന് ചിന്തിക്കണം. പ്രകൃതിദത്തമായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തെ കമ്പോളം തള്ളിക്കളയുകയാണ്. അതുകൊണ്ടാണ് വികേന്ദ്രീകൃത മാലിന്യനിര്‍മ്മാര്‍ജ്ജനം എന്ന ആശയത്തെ ഭരണകൂടം തള്ളിക്കളഞ്ഞിരിക്കുന്നത്. കേന്ദ്രീകൃത മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ  ഒരു മാലിന്യപ്രശ്‌നവും പരിഹരിക്കാനാകില്ല എന്ന ലളിത ശാസ്ത്രം മാത്രമാണ്. പക്ഷേ നവ  ലിബറല്‍ അജണ്ട കേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ ബദലായി അവതരിപ്പിക്കുന്നു.

പ്രകൃതിയില്‍ നിന്ന് എത്ര അകലുന്നുവോ അത്രയും ശരീരം ദുര്‍ബ്ബലമാകും. എന്നത് പ്രകൃതിശാസ്ത്രമാണ്. ജനകീയാരോഗ്യ യജ്ഞത്തിന്റെ പ്രധാനകേന്ദ്രം തന്നെ ശുദ്ധമായ ആഹാരമായിരുന്നു. പക്ഷേ മാധ്യമങ്ങളുടെ അമിതമായ ഇടപെടലിലൂടെ സൃഷ്ടിച്ച ഉപഭോഗ സംസ്‌കാരം  ഭക്ഷണരീതിയെ മാറ്റിമറിച്ചു. ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുന്നവര്‍ ഭക്ഷിക്കേണ്ട സമൃദ്ധമായ നാരുള്ള ഭക്ഷണം വഴിമാറിയതിന്റെ ഫലമായി വളര്‍ന്നുവന്ന രോഗാതുരത സാംക്രമിക രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ്. പാശ്ചാത്യ ഭക്ഷണരീതി നമ്മുടെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ് മാധ്യമരംഗത്തുള്ള വിദേശ നിക്ഷേപ വര്‍ദ്ധനവിന് അവസരമൊരുക്കിയത് നവലിബറല്‍ നയങ്ങളാണ്.

ചികിത്സാരംഗത്തെങ്കിലും നൈതികത പുലര്‍ത്തിയിരു.ന്നെങ്കില്‍ വന്നുചേര്‍ന്ന രോഗത്തെയെങ്കിലും മാറ്റിയെടുക്കാമായിരുന്നു. പക്ഷേ ചികിത്സാരംഗവും പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരണ ദിശയിലാണ്. സൗജന്യ ചികിത്സ എന്ന ആശയം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഔഷധവില വര്‍ദ്ധന മൂലം ഭൂരിപക്ഷത്തിനും ചികിത്സ അപ്രാപ്യമായിരിക്കുന്നു എന്നത് ദുഃഖസത്യം മാത്രമാണ്. ഔഷധവിലവര്‍ദ്ധനവിന്റെ കാരണവും നവലിബറല്‍ നയങ്ങളാണ്. പേറ്റന്റ് നയത്തിന്റെ മാറ്റം, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം, മരുന്നിന്റെ വില നിശ്ചയിച്ചിരുന്ന ഭരണകൂടത്തിന്റെ പിന്‍മാറ്റം തുടങ്ങിയവ കഴിഞ്ഞ 23 വര്‍ഷത്തിന്റെ നേട്ടങ്ങളാണ്. സഹിക്കുന്നത് പാവപ്പെട്ട മനുഷ്യര്‍, നേടുന്നത് മൂലധനം.  എന്നിട്ടും അട്ടപ്പാടിയിലെ പാവം കുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ അമ്മമാരാണ് കുറ്റക്കാര്‍ എന്ന് ഭരണകൂടം പറയുന്നു. ഏറെ വിചിത്രം.

എബോള എന്നൊരു ഭീഷണി ആഫ്രിക്കയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകം ഞെട്ടിത്തരിച്ചു. ലോകത്തിന്റെ മറ്റ് രാജ്യങ്ങളിലേക്ക് എബോള പടര്‍ന്നു തുടങ്ങിയപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ലോകാരോഗ്യസംഘടനയിലും പഠിക്കുവാന്‍ ശ്രമിച്ചു. ഈ പഠനങ്ങളെല്ലാം എത്തിച്ചര്‍ന്നത് ഒരേ ഉത്തരത്തിലാണ്. ലോകം ഗുരുതരമായ അസമത്വത്തിലേക്ക് നീങ്ങുകയാണ്. 1%-99% എന്ന വിഭജനത്തിലേക്ക് അതിവേഗം ലോകജനത നടന്നടുത്തുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ്  സമരം ഈ പാതയിലെ ഒരു സമരം മാത്രമാണ്. സ്വത്ത് കുന്നുകൂട്ടുന്നവര്‍ക്കെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ സമരങ്ങളാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പൊതുസമരം. പണ്ടെല്ലാം ഓരോ രാജ്യത്ത് ഓരോ സമരങ്ങളാണ് നടന്നിരുന്നത്. ഇപ്പോള്‍ ലോകത്തിന്റെ പൊതുവിഷയം അസമത്വത്തിന്റെ വര്‍ദ്ധനവാണ്. ഈ പ്രശ്‌നം രൂക്ഷമാകുന്ന ആഫ്രിക്കയിലാണ് അസമത്വത്തിന്റെ ഏറ്റവും വലിയ ഉല്‍പ്പന്നമാണ് അനാരോഗ്യം. ഏറ്റവും ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നത് ഇവിടെയാണ്.

അസമത്വം വര്‍ദ്ധിക്കുന്നു എന്ന് മാലോകരോട് പറയുന്ന പ്രധാന പുസ്തകമാണ് The Price of Inequality.  ഈ പുസ്തകത്തിന്റെ രചയിതാവ് സാക്ഷാല്‍ ജോസഫ് സിഗ്ലിറ്റ്സ് ആണ്. ഇദ്ദേഹം ലോക ബാങ്കിന്റെയും നാണയനിധിയുടെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. അതായത് നവലിബറല്‍ സാമ്പത്തിക നയത്തിന്റെ വക്താവും പ്രയോക്താവും. എണ്‍പതുകളില്‍ നവലിബറല്‍ നയങ്ങള്‍ ലോകരക്ഷകനാണെന്ന്  പറഞ്ഞ വ്യക്തിയാണ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്. ഇന്ന് ഇന്ത്യയും നേരിടുന്ന ഏറ്റവും പ്രധാന അടിസ്ഥാന പ്രശ്‌നം അസമത്വമാണ്. എച്ച്.ഡി.ഐ. റാങ്കിംഗില്‍ നാം 136-ാം സ്ഥാനത്താണ്.  ധനികരുടെ സ്വത്ത് അനുനിമിഷം വര്‍ദ്ധിക്കുമ്പോള്‍ അനുനിമിഷം തന്നെ സാമ്പത്തിക പരാധീനത മൂലം ആത്മഹത്യയും വര്‍ദ്ധിക്കുന്നു. സാംക്രമിക രോഗങ്ങളുടെ പറുദീസ ഇതാണ്. പട്ടിണിയും ദുരിതങ്ങളും പോഷകാഹാരങ്ങളില്ലാത്ത ഭക്ഷണവും നിത്യ പ്രശ്‌നങ്ങളാണെന്ന് നാം തിരിച്ചറിയണം. കേരളം ഇതേ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന പ്രശ്‌നം അതീവ ഗുരുതരമാണ്. അനിയന്ത്രിതമായ സാംക്രമിക രോഗങ്ങളുടെ ആക്രമണം കേരളത്തിന്റെ സാമൂഹികമേഖലയില്‍ അതിയായ ആശങ്ക ജനിപ്പിക്കുന്നു. സാമ്പത്തിക കേന്ദ്രീകരണത്തിന് നവലിബറല്‍ നയങ്ങള്‍ സൃഷ്ടിക്കുന്ന സാധ്യതയെ മൂലധനം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് കേരളത്തിലാണ്. ഭൂമിയുടെ കേന്ദ്രീകരണം, സമ്പത്തിന്റെ കേന്ദ്രീകരണം, വിഭവ ഉപയോഗത്തിലെ അസമത്വം, പൊതുസംവിധാനങ്ങളുടെ തകര്‍ച്ച തുടങ്ങിയവ നിരന്തരം വര്‍ദ്ധിച്ചുവരികയാണ്. ഭക്ഷണവും ചികിത്സയും ശുചിത്വപൂര്‍ണ്ണമായ താമസവും അന്യമായിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് തിരിച്ചറിയാത്ത ഭരണകൂടം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ധനിക പ്രശ്‌ന താല്‍പ്പര്യം സംരക്ഷിക്കുകയാണ്. ഈ സമീപനം ആത്മഹത്യകളേയും സാംക്രമികരോഗങ്ങളുടെയും മറ്റു ജീവിത പ്രശ്‌നങ്ങളേയം രൂക്ഷമാക്കുകയാണ്. അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ പോലും ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല തുടര്‍ബജറ്റുകളിലൂടെ അസമത്വം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

സാമൂഹിക അസ്വസ്ഥതകള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍, അരാഷ്ട്രീതയടെ വളര്‍ച്ച, വിവാഹമോചനങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, ആക്രമണങ്ങള്‍, വര്‍ഗ്ഗീയ ലഹളകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അസമത്വത്തിന്റെ വളര്‍ച്ചയുടെ ബഹിര്‍സ്ഫുരണങ്ങളാണെന്ന് തിരിച്ചറിയാത്ത ഭരണകൂടം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയല്ല മറിച്ച് രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ജീവിത ദുരിതങ്ങള്‍ക്കുത്തരവാദി ഭരണകൂടമാണെന്നര്‍ത്ഥം. പകര്‍ച്ചവ്യാധികളുടെ വളര്‍ച്ച, ആദിവാസികുഞ്ഞുങ്ങളുടെ അകാലമരണം, ആത്മഹത്യ, രോഗാതുരത, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍, അമിതമദ്യപാനം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഒന്ന് സമ്പത്ത് വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങളുടെ വ്യക്തമായ സൂചകങ്ങളാണ് എന്നു നാം തിരിച്ചറിയണം. എന്നിട്ട് വികസനം വികസനം എന്നു പറയുന്നതിന്റെ വര്‍ഗ്ഗപക്ഷം തിരിച്ചറിയണം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍