UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാടിന്റെ ആരോഗ്യ ദുരന്തം

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാമത്തെ സംഭവം. വയനാട് ജില്ലാ ആസ്പത്രിയില്‍ നിന്നും ഡോക്ടറില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ച യുവതിക്ക് വഴിയരികില്‍ യാത്ര മധ്യേ ആംബുലന്‍സില്‍ പ്രസവം. പുല്‍പ്പള്ളി പാക്കം കോളനിയിലെ പ്രിയ എന്ന ആദിവാസിക്ക് അര്‍ധരാത്രിയില്‍ ചെറിയൊരു വാഹനത്തില്‍ വെച്ചുള്ള പ്രസവം നരകയാതനയാണ് നല്‍കിയത്. ഇതിനു മുമ്പ് തവിഞ്ഞാലിലെ എടത്തന കുറിച്യ കോളനിയിലെ അനിതക്കും ഇതു തന്നെയായിരുന്നു അവസ്ഥ.

ആദിവാസികളടക്കമുള്ള നിര്‍ധനര്‍ ഏറെയുള്ള വയനാട്ടില്‍ ഒരു ജില്ലാ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ ആരെയും ഞെട്ടിക്കും. ഡോക്ടര്‍മാരുടെ അഭാവം ഇവിടെ രോഗികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലുള്ള പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ ഇങ്ങനെ വഴിമാറിപോകുമ്പോള്‍ ദുരിതങ്ങള്‍ പെരുഴ പോലെ ഇവിടെ പെയ്തിറങ്ങുകയാണ്. ഗൈനക്കോളജിസ്റ്റുകളുടെയും സ്‌പെഷ്യലിസ്റ്റു ഡോക്ടര്‍മാരുടെയും അഭാവം വരുത്തിവെക്കുന്ന ദുരനുഭവങ്ങള്‍ ഒന്നിനു മീതെ ഒന്നായി വരുമ്പോഴും നിസ്സാഹായത എന്ന വാക്ക് മാത്രമാണ് അധികൃതരില്‍ നിന്നും ഉണ്ടാകുന്നത്.

ശിശുമരണങ്ങളും മാതൃമരണങ്ങളും വയനാട്ടില്‍ മറ്റുജില്ലകളെക്കാള്‍ കൂടുതലാണ്. മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 324 ശിശുമരണങ്ങളാണ് ജില്ലയില്‍ നടന്നത്. ഇതില്‍ 264 പേര്‍ ആദിവാസിക്കുട്ടികളാണ്. അതായത് 81.5%!  ഏഴുവര്‍ഷത്തിനിടയില്‍ നടന്ന 67 മാതൃമരണങ്ങളില്‍ 46 പേര്‍ ആദിവാസി അമ്മകളായിരുന്നു (68%). ആരോഗ്യവകുപ്പു രേഖകള്‍ തന്നെയാണ് ആദിവാസികള്‍ക്കിടയില്‍ മാതൃ-ശിശുമരണ നിരക്കുകളുടെ വര്‍ദ്ധിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഒരുവര്‍ഷം ശരാശരി 14,500 പ്രസവങ്ങളാണ് വയനാട്ടില്‍ നടക്കുന്നത്. ജില്ലാ ആശുപത്രിയില്‍ മാത്രം പ്രതിമാസം 300 ആദിവാസികള്‍ പ്രസവത്തിനായി എത്തുന്നുണ്ട്.  ആശുപത്രിയുടെ ‘ഇല്ലായ്മകളില്‍’ ബലിയാടാവുകയാണ് ഇവര്‍.  പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളും കുളിമുറിയുമായി ദുരിതങ്ങള്‍ മാത്രം നല്‍കുന്ന ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡുകള്‍ ഇതിനൊക്കെ സാക്ഷ്യം പറയും.

വയനാട്ടില്‍  അര്‍ബുദ രോഗികളുടെ എണ്ണം നാള്‍ക്കുന്നാള്‍ കൂടിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിനെയുമാണ് ഇവര്‍ സമീപിക്കുന്നത്. മരുന്നിനും വാങ്ങുന്നതിനും യാത്ര ചെലവിനുമായി വന്‍ തുകയാണ് ചെലവാകുന്നത്. കര്‍ഷകരടക്കമുള്ള നിര്‍ധനരായ കുടുംബങ്ങള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ചികിത്സാചെലവ് കണ്ടെത്തുന്നത്. 


ആംബുലന്‍സില്‍ പ്രസവിച്ച പ്രിയയും കുഞ്ഞും

2005 ല്‍ വടക്കേവയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമത്തില്‍ മാത്രം 138 അര്‍ബുദരോഗികളെയാണ് സര്‍വെയില്‍ കണ്ടെത്തിയത്. 2014 എത്തിയപ്പോഴേക്കും വയനാട്ടില്‍ മൊത്തമായി ഏഴായിരത്തോളം അര്‍ബുദ രോഗബാധിതരെയാണ് കണ്ടെത്തിയത്. 2003 ല്‍ ജില്ലയില്‍ തുടങ്ങിയ പാലിയേററീവ് കെയര്‍സംരംഭത്തിന് ഇപ്പോള്‍ 20 യൂണിറ്റുകളുണ്ട്. ഇവിടെ 6896 അര്‍ബുദ രോഗികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ചികിത്സയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരത്തുള്ള ആര്‍ സി സിയിലുമാണ് നടക്കുന്നത്. ഇത്രമാത്രം അര്‍ബുദ രോഗികളുള്ള വയനാട്ടില്‍ ഇവര്‍ക്കായുള്ള ആശുപത്രി ഒന്നുമില്ല. 

ആമാശയ കാന്‍സര്‍, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, കരള്‍ കാന്‍സര്‍, വായിലെ കാന്‍സര്‍, ലിംഫോമ എന്നിവയാണ് വയനാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്. കാര്‍ഷിക വികസന ബാങ്ക് ഫാര്‍മേഴ്‌സ് ക്‌ളബ്ബ് 2009 മുതല്‍ 2013 വരെ ജില്ലയില്‍ അര്‍ബുദ രോഗികളുടെ സര്‍വെ നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കേളേജിലെ ഡോക്ടര്‍ അടക്കമുള്ളവരുടെ നേതൃത്ത്വത്തില്‍ നടന്ന പഠനങ്ങളിലെല്ലാം വയനാടിന്റെ അര്‍ബുദ രോഗ വ്യപാനം അമ്പരിപ്പിക്കുന്നതായിരുന്നു. 

അടങ്ങാത്ത ശിശുരോദനങ്ങള്‍
ശിശുമരണനിരക്ക് മറ്റുജില്ലകളിലേക്കാള്‍കൂടുതലാണ് വയനാട്ടിലുള്ളത്. ഗര്‍ഭിണികളില്‍ പോഷകാഹാരക്കുറവ് കൂടുതലായതുകൊണ്ടാണ് ശിശുമരണ നിരക്ക് ഉയരുന്നത്. ആദിവാസി വിഭാഗങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്. കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാരക്കുറവ് പരിഹരിക്കണമെങ്കിലും വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിലും നല്ലൊരു മാതൃ പരിചരണ വിഭാഗം ജില്ലയ്ക്ക് ആവശ്യമാണ്. 

ആദിവാസി ജനസംഖ്യയുടെ 44.07 ശതമാനമുളള പണിയരാണ് ആയുസ്സിന്റെ് കാര്യത്തില്‍  ഏറ്റവും പിന്നിലുളളത്. ഇവര്‍ക്കിടയില്‍ മാത്രം പ്രതിമാസം 15 പേര്‍  അകാലത്തില്‍  മരണമടയുന്നു. 280 രോഗികളെ കിടത്തി ചികിത്സിക്കാന്‍ മാത്രം സൗകര്യമുള്ള ജില്ലാ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ അറുപത് ശതമാനത്തോളം രോഗികള്‍ ആദിവാസികളാണ്. (അവലംബം: ജില്ലാ ആശുപത്രി രജിസ്റ്റര്‍ 2012) രോഗവും പോഷകാഹാരക്കുറവുമാണ് ഇവരെ കീഴ്‌പ്പെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരിയെക്കാള്‍ താഴെയാണ് പണിയരുടെ ആയുഷ്‌ക്കാലം. അടിയര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ എന്നിവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം പടരുന്നത്. സര്‍ക്കാര്‍ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോഴും ആരോഗ്യസുരക്ഷ എത്തിക്കുന്നതിന് പ്രയാസങ്ങള്‍ നേരിടുന്നു.

ശിശുമരണ നിരക്കും പരിധി വിട്ട് ഉയരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 162 ശിശുമരണങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. 72 എണ്ണം പണിയ വിഭാഗത്തില്‍ നിന്നു മാത്രമാണ്.


വയനാട് ജില്ലാ ആശുപത്രി, മാനന്തവാടി

മനോരോഗവിഭാഗം ഇന്നും അന്യം
മനോരോഗ ചികിത്സാവിഭാഗം വയനാട്ടില്‍ ഇല്ലാത്തതിനാല്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലോ കുതിരവട്ടം മനോരോഗ ആശുപത്രിയിലോ ചികിത്സ തേടണമെന്നതാണ് നിയോഗം. ഇവിയടെയെത്തുന്ന ആദിവാസികളായ രോഗികളെ പിന്നീട് ഏറ്റെടുക്കാന്‍ ആരും വരുന്നില്ല എന്നതും പ്രതിസന്ധിയാണ്. കുട്ടികളടക്കമുള്ളവര്‍ മാനസികമായി നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. എണ്ണമറ്റ കുടുംബങ്ങളാണ് മാനസിക നിലതെറ്റി ശിഥിലമാവുന്നത്. മരുന്നും ചികിത്സയുമില്ലാതെ ഇവരുടെ അന്ത്യം ദയനീയമാണ്.

പ്രതിവര്‍ഷം ഇരുന്നൂറിലധികം പേര്‍ ചുരമിറങ്ങിയുള്ള ആശുപത്രി യാത്രയില്‍ മരണമടയുന്നതായാണ് കണക്ക്. ആബുംലന്‍സിലും മറ്റു വാഹനങ്ങളിലും പൊലിഞ്ഞു പോയ ഒട്ടനവധി പേരുടെ കുടംബങ്ങളുടെ പ്രാര്‍ത്ഥനകൂടിയാണ് ഒരു മെഡിക്കല്‍ കോളേജ് വയനാട്ടില്‍ വരണമെന്നുള്ളത്. ട്രോമകെയര്‍ യൂണിറ്റ് എന്തുകൊണ്ടും വയനാട് അര്‍ഹിക്കുന്നു. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്  ഇവിടെ നിന്നും അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് ചുരമിറങ്ങുക എന്നത് ദുഷ്‌കരമായ ദൗത്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍