UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സോഷ്യല്‍ മീഡിയയും സെലിബ്രിറ്റി സംസ്‌കാരവും കൗമാരക്കാരെ ബാധിക്കുന്നത് ഇങ്ങനെയൊക്കെയാണ്‌

‘പെണ്‍കുട്ടികള്‍, ചെറുപ്പക്കാരായ സ്ത്രീകള്‍ എന്നിവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുന്നത് ഇത്തരം ആകര്‍ഷണങ്ങളാണ്.

‘ആകര്‍ഷകമായ’ ശരീരവടിവും സൗന്ദര്യവും, കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍, ഒപ്പം മനോഹരമായ ആരും കൊതിക്കുന്ന ലൊക്കേഷനുകള്‍.. ഒരു സെലിബ്രിറ്റിയുടെ ഫോട്ടോയില്‍ നമുക്ക് കാണാനും കൊതിയ്ക്കാനും അങ്ങനെ പലതുമുണ്ടാകും. ഇതുകണ്ട് നെടുവീര്‍പ്പിട്ട് തിരികെ സാധാരണ ജീവിതത്തിലേക്ക് പോകുന്നവരാണെങ്കില്‍ കുഴപ്പമില്ല. നിങ്ങള്‍ സുരക്ഷിതരാണ്. പക്ഷെ അതെ ശരീരവടിവിന് വേണ്ടി കഷ്ടപ്പെട്ടും അതെ സൗന്ദര്യത്തിന് വേണ്ടി പരക്കം പാഞ്ഞും നടക്കുന്നവരാണ് അപകടത്തിലാകുന്നത്!

10 വയസ്സില്‍ അല്ലെങ്കില്‍ അതിനും മുന്‍പ് തന്നെ സ്വന്തമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലോകം.. അന്ന് തുടങ്ങുന്നതാണ് സെലിബ്രിറ്റി സംസ്‌കാരത്തോടുള്ള ഈ അഭിനിവേശം. YMCA ഇംഗ്ലണ്ട് യൂത്ത് ചാരിറ്റി ഒരു ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 11-നും 16-നും ഇടയ്ക്ക് പ്രായമുള്ള 1000 കുട്ടികള്‍ അതില്‍ പങ്കെടുത്തു. 62% വരുന്ന 15-16 പ്രായക്കാര്‍ വ്യക്തിത്വം, സ്വപ്നങ്ങള്‍, പ്രയത്‌നം തുടങ്ങി വികസനത്തിന്റെ അടിസ്ഥാനമായ വിവിധ കാര്യങ്ങള്‍ ജീവിതത്തിലേക്ക് മനസിലാക്കിയത് സോഷ്യല്‍ മീഡിയ മാത്രം ആശ്രയിച്ചാണത്രെ!

ഒരു സാധാരണ ശരീരത്തിന്റെ രൂപവും ആകൃതിയുമെന്നാല്‍ അവര്‍ക്ക്, ഫോട്ടോഷൂട്ടിനായി ഒരുങ്ങിയതും ഫോട്ടോഷോപ്പ് ചെയ്തതുമായ ചില മോഡലുകളാണ് മനസ്സില്‍. 58% വരുന്ന 11-16 പ്രായക്കാരിലും ഒരു സാധാരണ മനുഷ്യശരീരത്തിന് ജിമ്മില്‍ പോയാലെ പൂര്‍ണത കൈവരുന്നുള്ളു എന്നതാണ് വിശ്വാസം. പുതിയ തലമുറയുടെ നിഷ്‌കളങ്കമായ അഭിപ്രായങ്ങളെ കുറ്റബോധത്തോടെയല്ലാതെ സമീപിക്കാന്‍ കഴിയുന്നില്ലെന്നാണ് YMCA സംഘടനാ പ്രതിനിധികളുടെ അഭിപ്രായം.

‘ഓണ്‍ലൈന്‍’എന്ന വാക്കിനോടുപോലും ആകാംക്ഷയുള്ള 43% വരുന്ന 11-12പ്രായക്കാര്‍ അവരെ കാത്തിരിക്കുന്ന സോഷ്യല്‍ മീഡിയയോട് ഇന്ന് തന്നെ ഇഷ്ടം കൂടിയവരാണ്. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രോഡക്റ്റ് ബ്രാന്‍ഡായ ഡോവ്(dove)മായി സഹകരിച്ച് ‘Be Real’എന്ന ബോധവത്കരണ ക്യാമ്പയിനിന് തുടക്കമിടുകയാണ് സംഘടന. കുട്ടികള്‍ക്ക് ആകര്‍ഷകത്വവും അബദ്ധധാരണയും സമ്മാനിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത് എന്ന ആഹ്വാനവും ഇതോടൊപ്പം സംഘടന പങ്കുവെക്കുന്നു.

‘അവനവന്റെ രൂപത്തില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും നിരവധി ബ്രാന്‍ഡഡ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനും പ്രേരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും ആകുന്നുണ്ട്. മാനസികമായി കടുത്ത ആഘാതമാണ് ഇവ സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍. ആത്മവിശ്വാസം നഷ്ടപ്പെട്ട തലമുറയെ വാര്‍ത്തെടുക്കാതിരിക്കാന്‍ ഒന്നായി നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ -സംഘടനക്ക് പറയാനുള്ളത്.

‘പെണ്‍കുട്ടികള്‍, ചെറുപ്പക്കാരായ സ്ത്രീകള്‍ എന്നിവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുന്നത് ഇത്തരം ആകര്‍ഷണങ്ങളാണ്. നിരവധി കേസുകള്‍ ദിനംപ്രതി ഇത്തരത്തില്‍ കൈകാര്യം ചെയ്യാറുണ്ട്’- ഡോ. ബെര്‍നാഥ്ക ടുബിക്ക (Bernadhka Dubicka)

‘സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്- സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ ഇത്രയേറെ നശിപ്പിക്കുന്ന മറ്റൊന്നില്ല. ഒരു ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചെലവിടാന്‍ അവസരം ലഭിച്ചാല്‍ മനസ്സ് അത്രയും ദുര്‍ബലമായി എന്ന് അനുമാനിക്കേണ്ടി വരും’… അദ്ദേഹം തുടര്‍ന്ന് പറയുന്നു.

സമയം തെറ്റിയും കുറച്ചുമാത്രവും ഉറങ്ങുന്ന തലമുറയെ സമ്മാനിച്ചതും സാമൂഹിക മാധ്യമങ്ങളാണ്. ബോധവല്‍ക്കരണവും പിന്തിരിപ്പിക്കലും അടിയന്തിരമായി ചെയ്യേണ്ട ഘട്ടമാണിത്’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍