UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പകര്‍ച്ചവ്യാധിമൂലം മരിച്ചവരെയും കീറി മുറിക്കണോ? അനാവശ്യ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്കെതിരേ ഒരു ഫോറന്‍സിക് സര്‍ജന്‍

പരാതിയില്‍ പറയുന്നപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടടത്തുമെന്ന് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അനാവശ്യ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി ഒരു ഫോറന്‍സിക് സര്‍ജന്‍ രംഗത്ത്. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഹിതേഷ് ശങ്കറാണ് തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പോലും നിരന്തരമായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി എത്തിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ടി വന്നതെന്നും രോഗ നിര്‍ണയത്തിനു മാത്രമായി പൊലീസിനെയും പൊലീസ് സര്‍ജനേയും ദുര്യുപയോഗം ചെയ്യുകയാണെന്നും ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ അഴിമുഖത്തോട് പറഞ്ഞു.

‘നവംബര്‍ ഏഴാം തീയതിയാണ് പനി ബാധിച്ചു മരിച്ച അഞ്ചു വയസുകാരി ശ്രാവണിയുടെ ശരീരം മൃതദേഹ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ എത്തിക്കുന്നത്. ഒഡീഷ സ്വദേശിയായ കുട്ടിക്ക് രണ്ടു ദിവസത്തിലധികമായി കടുത്ത പനിയുണ്ടായിരുന്നുവെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഉടനെയായിരുന്നു മരണമെന്നും കേസ് റിപ്പോര്‍ട്ട് പറയുന്നു. എച്ച്1എന്‍1 പനി ബാധിച്ചാണോ കുട്ടി മരിച്ചതെന്ന് ഡോക്ടര്‍ക്ക് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി ബോഡി അയച്ചത്. പകര്‍ച്ച വ്യാധി ബാധിച്ചു മരിച്ചവരില്‍ ശരീരം കീറി മുറിച്ചുള്ള മൃതദേഹ പരിശോധന നടത്തിയതുകൊണ്ട് യാതൊരു വിവരവും കിട്ടില്ല. എന്നുമാത്രമല്ല, ഇന്‍ക്വസ്റ്റ് നടത്തുന്ന പോലീസ് ഓഫീസര്‍ തൊട്ട് മോര്‍ച്ചറി ജീവനക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗം പിടിപെടാനുള്ള സാധ്യത വളരെയധികവുമാണ്. അപര്യാപ്തകളുടെ നടുവിലാണ് നമ്മുടെ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വെറും നൂറ് എച്ച് ഐ വി കിറ്റോക്കെ വച്ചാണ് ഒരു വര്‍ഷം തള്ളി നീക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആയ ഡോക്ടര്‍മാര്‍ക്ക് രോഗബാധ തടയാന്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുക്കാം എന്ന് കരുതിയാല്‍ തന്നെ പോലീസുകാര്‍ വളരെ അപകടകരമായ സാഹചര്യങ്ങളിലാണ് ഈ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുമാത്രമല്ല മെഡിക്കോ ലീഗല്‍ കേസുകളുടെ പരിധിയില്‍ വരാത്ത ഇത്തരം കേസുകള്‍ പോലീസിനും കോടതിയ്ക്കും സമയ നഷ്ടവും ഉണ്ടാക്കുന്നു. പ്രാധാന്യമുള്ള കേസുകള്‍ പരിഗണി്ക്കാന്‍ കാലതാമസം ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്.

രോഗബാധയെ തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അവ്യക്ത ഉണ്ടെങ്കില്‍ അതെങ്ങനെയാണ് കണ്ടെത്തേണ്ടതെന്നു ഡോക്ടര്‍ ഹിതേഷ് വിശദമാക്കുന്നു. ‘ചികിത്സയില്‍ ഇരിക്കുന്ന രോഗി പെട്ടന്ന് മരിക്കുന്നു, അല്ലെങ്കില്‍ മറ്റൊരു ഹോസ്പിറ്റലില്‍ നിന്ന് റെഫര്‍ ചെയ്തു വരുന്ന രോഗി മരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണ കാരണത്തെക്കുറിച്ചു ഡോക്ടര്‍ക്ക് വ്യക്തതയില്ലാത്ത പക്ഷം ഒരു ഫോറന്‍സിക് പാത്തോളജി പരിശോധന നടത്താവുന്നതാണ്. മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതം മാത്രമേ ഇതിനാവശ്യമുള്ളു. മരണപ്പെട്ട വ്യക്തിയുടെ തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ ശേഖരിക്കുന്ന സാമ്പിളുകള്‍ ഉപയോഗിച്ച് ലബോറട്ടറിയില്‍ നടത്തുന്ന പരിശോധനയിലൂടെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മരണകാരണം വ്യക്തമായി അറിയാന്‍ സാധിക്കും. നേരെ മറിച്ച്, ഇതൊരു മെഡിക്കോ ലീഗല്‍ കേസാക്കിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു, പോലീസ് നടപടിക്രമങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന കോടതിയിലേക്കുള്ള നടപടിക്രമങ്ങള്‍ ഇതൊക്കെ പൂര്‍ത്തിയാക്കിയാലാണ് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുന്ന പോസ്റ്റ് മോര്‍ടെം റിപ്പോര്‍ട്ട് മിക്കവാറും നെഗറ്റീവ് റിപ്പോര്‍ട്ട് ആയിരിക്കും. അതായത്, മരണകാരണം എന്താണെന്ന് വ്യക്തമായി ആ റിപ്പോര്‍ട്ടില്‍ ഉണ്ടാവില്ല. മൃതശരീരം കീറി മുറിച്ചു നോക്കുന്നതിലൂടെ രോഗ വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ മിക്കപ്പോഴും കഴിയില്ല എന്നതാണ് അതിന് കാരണം. വര്‍ഷം തോറും ഏകദേശം മുന്നൂറോളം പോസ്റ്റ് മോര്‍ട്ടങ്ങള്‍ അനാവശ്യമായി ചെയ്യാറുണ്ട്. ഒരു പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്ക് ഗവണ്‍മെന്റിന് വരുന്ന ചിലവ് 700 രൂപയോളം വരും. സിആര്‍പിസി സെക്ഷന്‍ 174,176 എന്നിവയില്‍ എന്താണ് ഒരു മെഡിക്കോ ലീഗല്‍ കേസെന്നത് വ്യക്തമായി പറയുന്നുണ്ട്. അതില്‍ പെടാത്തവയാണ് ഞാന്‍ നേരത്തെ പറഞ്ഞ മുന്നൂറിലധികം കേസുകള്‍’.

ചില കേസുകളില്‍ രാഷ്ട്രീയത്തിലും മറ്റുമൊക്കെ സ്വാധീനമുള്ള ആളുകള്‍ വഴി പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ പോലീസ് സര്‍ജന്റെ മുന്നില്‍ എത്താറുണ്ടെന്നും മറ്റിടങ്ങളിലെ പോലെ പണവും സ്വാധീനവും ഉള്ളവര്‍ക്ക് ഇതിലും ഇളവുകള്‍ കിട്ടാറുണ്ടെന്നും ഡോക്ടര്‍ ഹിതേഷ് പറയുന്നു. എന്നാല്‍ ഒരു ശുപാര്‍ശയും കൂടാതെ ഏതൊരു സാധാരണക്കാരനും ലഭിക്കേണ്ട സേവനമാണിതെന്നും ആരോഗ്യ രംഗത്ത് അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

"</p

ക്രിമിനല്‍ നടപടിക്രമമനുസരിച് മരണകാരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ് കണ്‍സള്‍ട്ട് ചെയ്യേണ്ടത് പോലീസ് സര്‍ജനെയാണ്. എന്നാല്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറവാണ്. ഈ കാര്യത്തിന് വ്യക്തമായ ഒരു നടപടി ക്രമം ഉണ്ടാക്കുകയാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. ഓരോ ജില്ലയിലും പോലീസും ഫോറന്‍സിക് വിദഗ്ധരും പോലീസ് സര്‍ജനും അടങ്ങുന്ന ഒരു ടീം ആയി പ്രവര്‍ത്തിച്ചണ് ഡെത്ത് ഇന്‍വെസ്റ്റിഗേന്‍ നടത്തേണ്ടത്. അങ്ങിനെയെങ്കില്‍ മാത്രമേ സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയു. പകര്‍ച്ച വ്യാധികള്‍ കൈകാര്യം ചെയ്യന്നതിലെ പ്രഥമവും പ്രാധാന്യമുള്ളതുമായ നിയമം രോഗബാധിതരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്. ആ ഗൗരവം ഉള്‍ക്കൊണ്ടു വേണം മൃതദേഹം കൈകാര്യം ചെയ്യാന്‍. കൃത്യമായ പരിശോധനയിലൂടെ എങ്ങനെ രോഗനിര്‍ണയം നടത്താം എന്നതിന്റെ തെളിവാണ് നിപ്പ ബാധയുടെ കാര്യത്തില്‍ നാം കണ്ടത്. രോഗം ബാധിച്ചു ആദ്യം മരിച്ചയാളില്‍ നടത്തിയ പാത്തോളജി പരിശോധനയാണ് വൈറസിനെ കണ്ടെത്താന്‍ കാരണമായത്. അതിനു പകരം മരിച്ചയാളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നെങ്കിലെ അവസ്ഥ ഒന്നാലോചിച്ചു നോക്കു. മരണ സംഖ്യ നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ഉയര്‍ന്നേനെ.

എച്ച് 1 എന്‍ 1 രോഗിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്കയച്ച തൃശ്ശൂര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ റീന കെ. ജെ പ്രതികരിച്ചത്, ഇതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ് എന്നായിരുന്നു. ‘ഡോക്ടര്‍ ഹിതേഷ് അങ്ങനെ കത്തൊക്കെ അയച്ചു എന്ന് പറയുന്നതായി അറിഞ്ഞു. പക്ഷെ എനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല. കിട്ടിക്കഴിഞ്ഞാല്‍ ആലോചിക്കാം അതില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന്. എച്ച് 1 എന്‍ 1 കേസിന്റെ കാര്യത്തിലാണെങ്കില്‍ മരണകാരണം അതാണോ എന്ന് ചികിത്സിച്ച ഡോക്ടര്‍ക്ക് ഉറപ്പില്ലായിരുന്നു. ഞാനല്ല രോഗിയെ ചികിത്സിച്ചത്. അന്യ സംസ്ഥാനക്കാരിയായ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു മരിച്ചത്. ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയും? നാളെ അങ്ങനെ ഒരു ആരോപണം ഉയര്‍ന്നു വന്നാല്‍ മീഡിയ ഉള്‍പ്പെടെ പറയില്ലേ മെഡിക്കല്‍ ഓഫിസര്‍ അനാസ്ഥ കാണിച്ചുവെന്നു? അതൊഴിവാക്കാനെ ഞാനും നോക്കിയുള്ളൂ. സ്വന്തം ജോലിയെയും പൊസിഷനെയും ബാധിക്കുന്ന ഒരു കാര്യം ചെയ്യാന്‍ ഞാന്‍ തയ്യാറാവില്ല. മറിച്ചു ഈ കാര്യത്തില്‍ ഗവണ്മെന്റ് വ്യക്തമായ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടു വന്നാല്‍ അപ്പോള്‍ പരിഗണിയ്ക്കാം’.

ഇങ്ങനെയൊരു പ്രശ്‌നം ഇതു വരെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പ്രതികരിച്ചത്. ഈ വിഷയം മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിലെ വിയോജിപ്പും അവര്‍ വ്യക്തമാക്കി. ‘നടപടി ആവശ്യമായ ഒരു പ്രശ്‌നമാണെന്ന് അന്വേഷിച്ചു ബോധ്യപ്പെട്ടാല്‍ ആരോഗ്യ വകുപ്പ് അതിനു വേണ്ടുന്ന ക്രമീകരണങ്ങള്‍ തീര്‍ച്ചയായും ചെയ്യുന്നതാണ്. എന്നാല്‍ ഒരു ഫോറന്‍സിക് സര്‍ജന്‍ ഈ വിവരങ്ങള്‍ മാധ്യമങ്ങളില്‍ക്കൂടെ ചര്‍ച്ചാ വിഷയമാക്കുന്നത് തെറ്റായ ഒരു പ്രവണതയാണ്. അത് ശരിയായ നടപടി ക്രമവുമല്ല. എന്തായാലും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത് പോലെ ഒരു പ്രശ്‌നം നിലവിലുണ്ടെങ്കില്‍ ഗവണ്മെന്റ് വേണ്ടുന്ന ഇടപെടല്‍ നടത്തുന്നതാണ്’.

രോഗി ചികിത്സയില്‍ ഇരുന്ന ആശുപത്രി അധികൃതര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് പല സ്വാഭാവിക മരണങ്ങളും മെഡിക്കോ ലീഗല്‍ കേസുകളാക്കി മാറ്റുന്നതെന്നാണ് എസ് പി റാങ്കിലുള്ള മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നത്. ‘ഒരു വ്യക്തിയുടെ മരണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള െ്രെകം നടന്നിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പോലീസിന്റെയും പോലീസ് സര്‍ജന്റെയും ജോലി. എന്നാല്‍ പലവിധ രോഗങ്ങള്‍ കൊണ്ട് മരണപ്പെട്ടവരുടെ കാര്യത്തിലും പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടക്കാറുണ്ട്. രോഗ കാരണം വ്യക്തമാവാതെ രോഗി മരണപ്പെടുന്ന സാഹചര്യത്തില്‍ പോലീസിനെ അറിയിച്ചു മെഡിക്കോ ലീഗല്‍ കേസാക്കിയാല്‍ അതോടെ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വം അവസാനിച്ചു. ഈ ഒരു പ്രവണത കൊണ്ടാണ് അനാവശ്യ പോസ്റ്റ് മോര്‍ട്ടങ്ങളുടെ എണ്ണം കൂടുന്നത്. എന്റെ സര്‍വീസില്‍ ഇതു വരെ ഏതാണ്ട് നൂറിലധികം കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. കൃത്യമായ ഒരു ഗൈഡ് ലൈന്‍ ഈ കാര്യത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നം. ഇന്‍ക്വസ്റ്റ് നടത്തുന്ന പോലീസുകാര്‍ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ജോലി ചെയ്യാറ്. സേഫ്റ്റി കിറ്റുകളൊന്നും ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും പകര്‍ച്ച വ്യാധി മൂലം മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ പൊലീസിന് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്’.

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍