UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആയുര്‍വേദ-ഹെര്‍ബല്‍ മരുന്നുകള്‍ കരളിന് ആപത്തെന്ന് പഠനം

ആയുര്‍വേദമടക്കം പാരമ്പര്യ മരുന്നുകള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന സാഹചര്യത്തിന് തടയിടാനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തിറക്കിയതെന്നും ഇതിന് ആധികാരികതയില്ലെന്നും ഒരു വിഭാഗം

ആയുര്‍വേദ-ഹെര്‍ബല്‍ മരുന്നുകളുടെ നിരന്തര ഉപയോഗം കരള്‍ രോഗങ്ങളുണ്ടാക്കുമെന്ന് പഠനം. 2% മുതല്‍ 3% രോഗികളില്‍ കരള്‍മാറ്റി വെക്കലിലേക്ക് നയിക്കുന്ന ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹെപ്പറ്റോളജി ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് മെഡിസിനി (hepatology and liver transplant medicine)ല്‍ വിദഗ്ധനായ ഡോ. സിറിയക് ആബി ഫിലിപ്സി (Cyriac Abby Philips)ന്റെ നേതൃത്വത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ആയുര്‍വേദമടക്കം പാരമ്പര്യ മരുന്നുകള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന സാഹചര്യത്തിന് തടയിടാനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തിറക്കിയതെന്നും ഇതിന് ആധികാരികതയില്ലെന്നും ഒരു വിഭാഗം വൈദ്യശാസ്ത്ര വിദഗ്ധര്‍ ആരോപിക്കുന്നു.

2016 സെപ്തംബര്‍-2017 മാര്‍ച്ച് കാലയളവില്‍ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയ 1440 കരള്‍ രോഗികളെ, പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. ഇവരില്‍ നിരന്തരമായി ആയുര്‍വേദ-ഹെര്‍ബല്‍ മരുന്നുകള്‍ ഉപയോഗിച്ച 94 പേര്‍ മാരകമായ കരള്‍ രോഗത്തിന് അടിമകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോശങ്ങളില്‍ ഈ മരുന്നുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇനിയും പഠനങ്ങള്‍ വേണമെന്നാണ് ഡോ. സിറിയക് ആബി ഫിലിപ് പറയുന്നത്. പഠനത്തിനായി ശേഖരിച്ച 70% മരുന്ന് സാമ്പിളുകളിലും കരളിനെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങളാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശരാശരി 46.9 വയസ് പ്രായമുള്ള രോഗികളിലാണ് പഠനം നടന്നത്. തുടര്‍ച്ചയായ 28 ദിവസങ്ങളിലെ മരുന്നുപയോഗമായിരുന്നു നിരീക്ഷിച്ചത്. ഇവരില്‍ അഞ്ച് പേര്‍ മരിച്ചു. കരള്‍രോഗ സംബന്ധമായി ആയുര്‍വേദ-ഹെര്‍ബല്‍ മരുന്നുകളുപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി പരിശോധനയ്ക്ക് വിധേയരാകണമെന്നും ഡോ. ആബി നിര്‍ദേശിക്കുന്നു.

ഹെപ്പറ്റോളജി-കരള്‍ മാറ്റിവെക്കല്‍ രംഗത്തെ വിദഗ്ധരുടെ പിന്തുണയോടെയാണ് പഠനം നടന്നത്. കാലങ്ങളായി നിലനിന്നിരുന്ന സംശയങ്ങളില്‍ വ്യക്തത കൈവന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ഇവരുടെ അഭിപ്രായം. 2-3% പേരുടെ അപകടസ്ഥിതിയെക്കുറിച്ച് മാത്രമെ പഠനം പറയുന്നുള്ളു. പക്ഷെ, 5-6% രോഗികളെ ഇത് ബാധിക്കുന്നുണ്ടെന്നാണ് വ്യക്തിപരമായ നിഗമനമെന്ന് ഡോ. എസ് സുധീന്ദ്രന്‍ (liver transplant surgeon, Amrita Institute of Medical Sciences) അഭിപ്രായപ്പെടുന്നു. ആയുര്‍വേദത്തിന്റെ പാര്‍ശ്വഫലങ്ങളെ കണ്ടെത്താന്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും ഡോ. സുധീന്ദ്രന്‍ പറയുന്നു.

അതേസമയം ഈ റിപ്പോര്‍ട്ടിന് ആഴമില്ലെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്. ‘പരിമിതികളുള്ള പഠനമാണിത്. ആയുര്‍വേദ-ഹെര്‍ബല്‍ മരുന്നുകളുപയോഗിക്കുന്നവരോട് ചോദിച്ചറിഞ്ഞ കാര്യങ്ങളിലാണ് ഈ നിഗമനങ്ങള്‍ വന്നത്. ആധികാരികമായ ഒരു രേഖകളും ഉദ്ദരിച്ചല്ല റിപ്പോര്‍ട്ട്. ആയുര്‍വേദ രംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും’ ഡോ. ഡി രാമനാഥന്‍ (general secretary, Ayurvedic Medicine Manufactures Association of India) അഭിപ്രായപ്പെടുന്നു. ഒരു നിഗമനത്തിലെത്താന്‍ പാകത്തിനുള്ള റിപ്പോര്‍ട്ടല്ല പുറത്തെത്തിയതെന്നാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ജി രവീന്ദ്രന്റെയും പക്ഷം. ജീവിതശൈലി, ഭക്ഷണരീതി, ഇതരരോഗങ്ങള്‍ തുടങ്ങിയ മേഖലകളെ കണക്കിലെടുക്കാത്ത റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍