UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സ്മാര്‍ട് ഫോണിൽ തല പൂഴ്ത്തുന്നവര്‍ സൂക്ഷിക്കുക, കാത്തിരിക്കുന്നത് ടെക് നെക്ക് മാത്രമല്ല, കഴുത്തിലെ ‘കൊമ്പ്’ കൂടിയാണ്

സ്മാർട്ട്‌ഫോണുകള്‍ പോലെയുള്ള കയ്യില്‍ പിടിക്കുന്ന ഉപകരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ തല വളച്ചു പിടിക്കുന്നതാണ് ഇത്തരമൊരു എല്ലു വളര്‍ച്ചക്ക് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് അവ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളും കൂടി വരുന്നുണ്ട്. മണിക്കൂറുകളോളം സമയം സ്മാർട് ഫോണിനു മുന്നിൽ തലയും കുമ്പിട്ടിരിക്കുന്നവർക്ക് വേദനാജനകമായ “ടെക് നെക്ക്” എന്ന അസുഖം വരുമെന്ന് നേരത്തെ കണ്ടെത്തിയതാണ്. അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ചെറുപ്പക്കാരിലുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് ഓസ്‌ട്രേലിയയിലുള്ള ക്വീൻസ്‌ലാന്റിലെ സൺ‌ഷൈൻ കോസ്റ്റ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനം പറയുന്നത്. ചെറുപ്പക്കാരുടെ കഴുത്തിന്‍റെ അടിഭാഗത്ത് അസ്ഥി വളർച്ചയാണ് കണ്ടെത്തിയിരിക്കുന്നത്. തലയോട്ടിയിൽ നിന്നും ഒരു കൊമ്പ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതുപോലെയാണ് അതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സ്മാർട്ട്‌ഫോണുകള്‍ പോലെയുള്ള കയ്യില്‍ പിടിക്കുന്ന ഉപകരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ തല വളച്ചു പിടിക്കുന്നതാണ് ഇത്തരമൊരു എല്ലു വളര്‍ച്ചക്ക് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ 218 എക്സ്-റേകള്‍ പരിശോധിച്ചപ്പോൾ 41% പേർക്ക് അസ്ഥികളുടെ വളർച്ചയുള്ളതായി കണ്ടെത്തി. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

അവ വികസിച്ചുവരാന്‍ വളരെയധികം സമയമെടുക്കുന്നുണ്ടെന്നാണ് എല്ലിന്‍റെ വലിപ്പം സൂചിപ്പിക്കുന്നത്. മിക്കവാറും കുട്ടിക്കാലം മുതൽ തന്നെ തുടങ്ങും. അതിനാല്‍, സ്മാർട്ട്‌ഫോൺ ഉപയോഗം വളർച്ചയുമായി പൂർണ്ണമായും ബന്ധപ്പെട്ടിരിക്കില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍