UPDATES

സയന്‍സ്/ടെക്നോളജി

ആശുപത്രിയില്‍ ഇനി ടാബ്‌ലെറ്റും ആയുധം

Avatar

മോഹന രവീന്ദ്രനാഥ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബോസ്റ്റണിലെ ബേത് ഇസ്രയേല്‍ ഡെകാനെസ്സ് മെഡിക്കല്‍ സെന്ററില്‍, ഡോക്ടര്‍മാരുടെ വെള്ളക്കുപ്പായത്തിന്റെ കീശകളില്‍ സ്റ്റതസ്‌കോപ്പുകള്‍ പോലെതന്നെ ഐപാഡുകളും കാണാം. രോഗികളുടെ കിടക്കക്കരികിലോ, ശസ്ത്രക്രിയാ മുറിയിലോ വെച്ചു ഇലക്ട്രോണിക് മെഡിക്കല്‍ വിവരങ്ങള്‍ അറിയാന്‍ സെന്ററിലെ ഡോക്ടര്‍മാര്‍ മൊബൈല്‍ ഉപകരണങ്ങള്‍, സ്മാര്‍ട്‌ഫോണുകള്‍, ടാബ്‌ലെറ്റ് എന്നിവയും ചിലപ്പോഴൊക്കെ ഗൂഗിള്‍ ഗ്ലാസ്സ് പോലുള്ള ധരിക്കാവുന്ന കംപ്യൂട്ടറുകളും ഉപയോഗിക്കുന്നു. ചിലപ്പോള്‍ രോഗികളെ അവരുടെ എക്‌സ്‌റെ അല്ലെങ്കില്‍ മറ്റ് പരിശോധനാഫലങ്ങള്‍ എന്നിവ കാണിക്കാനും ഇവയുപയോഗിക്കുന്നു. ഗൂഗിള്‍ ഗ്ലാസ് ശസ്ത്രക്രിയാ മുറിയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ ആശുപത്രി ബേത് ഇസ്രയേല്‍ ആണെങ്കിലും, സാങ്കേതികവിദ്യ പരമാവധി ഉപയോഗിയ്ക്കുന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കല്ല. പരിശോധന സമയത്ത് രോഗികളുടെ വിവരങ്ങളും മറ്റും പെട്ടന്നറിയാന്‍ സഹായിക്കുന്ന തരത്തില്‍ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഒന്നാം വര്‍ഷ വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് ഐപാഡ് നല്‍കാനാണ് ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ആലോചിക്കുന്നത്. കയ്യില്‍കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ വൈദ്യ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാല നിഷ്‌ക്കര്‍ഷിക്കുന്നു.

കടലാസ് പാഴാക്കുന്നത് തടയാനും ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ആവശ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും ഇത് സഹായിക്കുമെന്ന് പരിഷ്‌കാരത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇത് ശ്രദ്ധ തിരിക്കുമെന്നും, പൊതുവേ ഇതിന്റെ സ്വീകാര്യത കുറവാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ബേത് ഇസ്രായേലിലെ 12,000 വരുന്ന ജീവനക്കാരുടെ പക്കല്‍ ഇപ്പോള്‍ 2,000 ഐപാഡുകള്‍, 2,000 ആന്‍ഡ്രോയിഡ് ഫോണുകള്‍, 2 ബ്ലാക്‌ബെറി ഫോണ്‍, ഒരു വിന്‍ഡോസ് ഫോണ്‍ എന്നിങ്ങനെയാണ് ഉള്ളത്. ജീവനക്കാരെ അവരുടെ സ്വന്തം മൊബൈല്‍ ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ ആശുപത്രി അനുവദിക്കുന്നു. അതായത്, സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഇവ ആശുപത്രിയില്‍ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യാം. ‘ലാപ്‌ടോപ്പിന്റെ കാലം കഴിഞ്ഞു, ഡെസ്‌ക്ടോപ് പോയ്മറഞ്ഞു,’ ബേത് ഇസ്രായേലിലെ മുഖ്യ വിവര ഉദ്യോഗസ്ഥന്‍ ജോണ്‍ ഹലാംക പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൊബൈല്‍ ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ ആശുപത്രി, ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. രോഗികളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ വഴിയൊരുക്കും എന്നതിനാലാണിത്. ‘രോഗിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു ഡെസ്‌ക്ടോപ്, അല്ലെങ്കില്‍ ലാപ്‌ടോപ്പ് തന്നെയും നിഷേധാത്മകമായ ഒരാന്തരീക്ഷം സൃഷ്ടിക്കും,’ ഹലാംക പറഞ്ഞു. ‘നിങ്ങളുടെ സുഹൃത്തുക്കളേ ഐപാഡ് കാണാന്‍ വിളിക്കുന്നത് വളരെ എളുപ്പമാണ്.’

ബെസ്റ്റ് ഓഫ് അഴിമുഖം

കുഞ്ഞുങ്ങള്‍ വളരുന്നതെങ്ങനെ
കണക്കില്ലാത്ത വിവരദോഷം
ശൂന്യാകാശത്തെ മരണഭയം
കൈക്കൂലിക്കാര്‍ സൂക്ഷിക്കുക : കണ്ണാടി വരുന്നു
കൊതുകുകള്‍ക്ക് അസുഖം വരുത്തുന്ന മനുഷ്യര്‍

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഉപകരണമാണ് ഡോക്ടര്‍മാര്‍ വാങ്ങുന്നത്. പട്ടികകളും മറ്റും നോക്കേണ്ടിവരുന്ന നഴ്‌സുമാര്‍ ഐഫോണാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നത്. രോഗികളുടെ രോഗവിവരങ്ങള്‍ രേഖപ്പെടുത്തേണ്ട ഡോക്ടര്‍മാര്‍ വലിയ കീബോര്‍ഡുകളുള്ള ഐപാഡോ, ടാബ്‌ലെറ്റോ ആണ് ഇഷ്ടപ്പെടുന്നത്. രോഗികള്‍ക്ക് എക്‌സ്‌റെയും പട്ടികകളും കാണിക്കാനായി വലിയ സ്‌ക്രീനുകളും അവര്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍, രോഗികളെ പരിശോധിക്കുമ്പോള്‍ തത്സമയംതന്നെ പ്രസക്തമായ വിവരങ്ങള്‍ അറിയാനായി ബേത് ഇസ്രായേലിലെ അത്യാഹിത വിഭാഗം ഗൂഗിള്‍ ഗ്ലാസും ഉപയോഗിച്ചുതുടങ്ങി.

‘ഈ ഉപകരണങ്ങളുടെ ഉപയോഗത്തോടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായി,’ഹലാംക അവകാശപ്പെട്ടു. അബോധാവസ്ഥയില്‍ ഒരു രോഗി എത്തിയാല്‍ അത്യാഹിതവിഭാഗം ജീവനക്കാര്‍ ചികിത്സ തുടങ്ങും മുമ്പ് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് അയാളുടെ ആരോഗ്യവിവരങ്ങള്‍ പരിശോധിച്ചു ഗുരുതരമായ അലര്‍ജി പ്രശ്‌നങ്ങള്‍ പോലുള്ളവ ഉണ്ടോ എന്നറിയുന്നു. ശരിയായ രോഗിക്ക് ശരിയായ മരുന്നാണ് നല്‍കിയത് എന്നുറപ്പാക്കാന്‍ നഴ്‌സുമാര്‍ ഐഫോണുപയോഗിച്ച് ബാര്‍ കോഡുകള്‍ പരിശോധിക്കുന്നു.


മൊബൈല്‍ ഉപകരണങ്ങളുടെ കുത്തൊഴുക്കും സ്ഥാപനത്തിന് നിയന്ത്രിക്കേണ്ടതുണ്ട്. രോഗികളെ സന്ദര്‍ശിക്കും മുമ്പ് ജീവനക്കാര്‍ അവരുടെ ഉപകരണങ്ങള്‍ അണുബാധ തടയാന്‍ അണുനാശപ്രക്രിയ നടത്തേണ്ടതുണ്ട്. വിലകൂടിയ മൊബൈല്‍ ഉപകരണങ്ങള്‍ മോഷണം പോയ സംഭവങ്ങളും രണ്ടുകൊല്ലം മുമ്പുണ്ടായി. അതില്‍പ്പിന്നെ ഇവ ചാര്‍ജ് ചെയ്യാനും സൂക്ഷിക്കാനുമായി വലിയ അറകള്‍ ആശുപത്രിയില്‍ സ്ഥാപിച്ചു.

ഇതൊക്കെപ്പറഞ്ഞാലും മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗം സാവധാനത്തില്‍ വരുന്നതേയുള്ളൂ. പുതിയ കണക്കനുസരിച്ച് ഏതാണ്ട് 41% ഡോക്ടര്‍മാര്‍ ഇത്തരം മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. രോഗങ്ങള്‍ മാത്രം പഴയപോലെതന്നെ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍