UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മനുഷ്യരാശിക്കൊപ്പം കണ്‍പുരികങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ചത് ഇങ്ങനെയാണ്

വിവിധ വികാരങ്ങളെ മറ്റൊരാള്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാന്‍ പുരികങ്ങളുടെ ചലനം ഒരു മനുഷ്യന്‍ ഉപയോഗിക്കുന്നു എന്നത് 19ാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വ്വിന്‍ നല്‍കിയ നിര്‍വ്വചനമാണ്

പുരികങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷെ എന്തിനാണ് ഇവ എന്നറിയാമോ? വിയര്‍പ്പും ചര്‍മ്മവും വെള്ളവുമൊക്കെ കണ്ണിനുള്ളിലേക്ക് വീഴുന്നത് തടയുന്നതിനൊപ്പം മറ്റൊരു പ്രധാന ജോലിയും ഇവ നിര്‍വ്വഹിക്കുന്നുണ്ട്. അത്, പുരികങ്ങളുടെ ചലനവും നമ്മുടെ ശരീരവും തമ്മിലുള്ള ബന്ധമാണ്. പ്രമുഖ ഓണ്‍ലൈന്‍ അക്കാദമിക് മാസികയായ ‘ദ കോണ്‍വെര്‍സേഷനി’ല്‍(the conversation) പ്രൊഫ. പെന്നി സ്പിക്കിന്‍സ് (Penny Spikins) പുരികങ്ങളുടെ ഈ ധര്‍മ്മത്തെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

നമ്മുടെ പൂര്‍വ്വികര്‍ നിലനില്‍പ്പിന് വേണ്ടി കൂട്ടമായി ജീവിക്കാനും ജോലിയെടുക്കാനും ശ്രദ്ധിച്ചിരുന്നു. ആ ശീലം ആധുനിക കാലത്ത് നമ്മള്‍ ആവര്‍ത്തിച്ചുപോരുന്നു. ശാരീരികമായും, ഈ കൂട്ടായ്മയുടെ ശീലം ഓരോ വ്യക്തിയിലും പ്രതിഫലിക്കുന്നുണ്ട്. ‘നേച്ചര്‍ എക്കോളജി ആന്റ് എവല്യൂഷ’നി(nature ecology and evolution)ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച് വെറുപ്പോടെയോ സൗഹൃദത്തോടെയോ മറ്റൊരു വ്യക്തിയില്‍ നമ്മുടെ ശ്രദ്ധ എത്തുന്നത് അല്ലെങ്കില്‍ അവരെ നോക്കുന്നത്, നമ്മുടെ ‘എല്ലിന്റെ ഘടന’യിലാണ് പ്രതിഫലിക്കുന്നത്; കൃത്യമായി പറഞ്ഞാല്‍, തലയോട്ടിയുടെ രൂപം ആരംഭിക്കുന്ന ഭാഗത്ത്.

പൂര്‍വ്വികരിലൊന്നായ നിയാണ്ടര്‍താലി(neanderthals)ന്റെ രൂപത്തിന് മനുഷ്യരൂപത്തില്‍ നിന്ന് നേരിയ വ്യത്യാസമുണ്ട്. പരന്നതും കുത്തനെയുള്ളതുമാണ്, മനുഷ്യന്റെ നെറ്റിയ്ക്ക് താഴെ പുരികത്തിനോട് ചേര്‍ന്നുള്ള ഭാഗം( bow ridge). ഈ ഭാഗത്തിന്റെ രൂപഘടനയിലാണ് നിയാണ്ടര്‍ത്താലുകള്‍ക്ക് ആദ്യത്തെ പ്രത്യേകതയുണ്ടായിരുന്നത്. അതേസമയം ഈ വ്യത്യാസത്തെ നിര്‍വ്വചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. ‘നെറ്റിയും പുരികങ്ങളും തൊപ്പികൊണ്ട് മറച്ചാല്‍ നിയാണ്ടര്‍താലുകള്‍ക്ക് ന്യൂയോര്‍ക്ക് സബ്വേയിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ നടക്കാം’ എന്നതായിരുന്നു ചൊല്ല്.

പുരികങ്ങളോട് ചേര്‍ന്നുള്ള ഭാഗത്തിന് രൂപത്തില്‍ ഇത്രയധികം വ്യത്യാസം മനുഷ്യനും നിയാണ്ടര്‍ത്താലുകളും തമ്മിലുണ്ടാകാനുള്ള കാരണം ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തി. ചലിക്കുന്ന പുരികങ്ങളും മനുഷ്യവികാരങ്ങളും ബന്ധപ്പെടുത്തിയാണ് ഇവ തെളിയിച്ചിരിക്കുന്നത്-ഒരുപക്ഷെ, മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ കാരണമാകുന്ന തെളിവുകള്‍.

ഔന്നത്യത്തിന്റെ പ്രതീകം

വിവിധ വികാരങ്ങളെ മറ്റൊരാള്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാന്‍ പുരികങ്ങളുടെ ചലനം ഒരു മനുഷ്യന്‍ ഉപയോഗിക്കുന്നു എന്നത് 19ാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വ്വിന്‍ നല്‍കിയ നിര്‍വ്വചനമാണ്. കബ്വെ1 (kabwe1) എന്ന് പേരിട്ട ഫോസില്‍ ചെയ്യപ്പെട്ട പുരാതന തലയോട്ടിയിലാണ് കൂടുതല്‍ പഠനം നടത്താന്‍ പ്രൊഫ. പെന്നിയും സംഘവും തീരുമാനിച്ചത്. ത്രീ ഡി എഞ്ചിനീറിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന പഠനത്തില്‍ കബ്വെ-1ന്റെ കട്ടികൂടിയ പുരികങ്ങളും അനുബന്ധമായ നെറ്റിയുടെ ഭാഗവും ഇടുങ്ങിയതും സ്ഥലപരിമിതിയുള്ളതുമാണെന്ന് കണ്ടെത്തി.

ചവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ശാരീരിക പ്രവര്‍ത്തനത്തിലും ഇക്കാരണത്താല്‍ തന്നെ, പുരികങ്ങള്‍ ഭാഗമായിരുന്നില്ല; ചലനമില്ലായിരുന്നു എന്നര്‍ത്ഥം. അനുബന്ധമായ നെറ്റിയുടെ കൂര്‍ത്ത അഗ്രഭാഗങ്ങള്‍ ഫോസിലില്‍ നിന്ന് നീക്കം ചെയ്തിട്ടും പ്രത്യേകിച്ച് ധര്‍മ്മമൊന്നും പുരികങ്ങള്‍ക്ക് പുലര്‍ത്തേണ്ടി വരില്ല എന്നും കണ്ടെത്തി. അതായത്, മറ്റുള്ള ജീവിവര്‍ഗങ്ങളില്‍ നിന്ന് ഔന്നിത്യവും കാഴ്ചയിലെ പ്രത്യേകതയും തോന്നിക്കുക എന്നത് മാത്രമായിരുന്നു പുരാതന മനുഷ്യരില്‍ പുരികത്തിന്റെ ധര്‍മ്മം.

ആധുനിക മനുഷ്യരില്‍ ശരീരചലനവുമായി ബന്ധപ്പെട്ട ഭാഗമാണ് പുരികങ്ങള്‍. അതിനാല്‍ രൂപവ്യത്യാസം പുലര്‍ത്തുകയെന്നതല്ല ഇവയുടെ ധര്‍മ്മം. മുഖഭാവവും മാനസികവികാരങ്ങളുമാണ് പുരികവുമായി ബന്ധപ്പെട്ടിട്ടുള്ളത്

വികാരങ്ങള്‍ പ്രകടിപ്പിക്കുക

പൂര്‍വ്വികരില്‍ ചെറിയസംഘങ്ങളില്‍ ഒതുങ്ങിനിന്ന സാമൂഹ്യബന്ധം ആധുനിക മനുഷ്യന്‍ കടല്‍ കടന്നും സ്ഥാപിച്ചെടുത്തു. ഏറെയും സൗഹൃദങ്ങള്‍. ചെറിയ ചെറിയ ചലനങ്ങളില്‍ പോലും സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കാന്‍ തുടങ്ങിയതും സംഘം ചേര്‍ന്ന് ശീലിച്ചതിന് ശേഷമാണ്. മൊബൈല്‍ ഫോണിലെ ‘ഇമോജി’കളിലും പുരികങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്തി കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കിത്തുടങ്ങി മനുഷ്യര്‍.

രൂപാന്തരത്തിന്റെ ഭാഗമായി മനുഷ്യന് മാത്രം സ്വന്തമായതല്ല ഈ പ്രത്യേകതകളൊന്നും. ചെന്നായ്കളുടെ രൂപമാറ്റത്തിലും ഇത്തരം സവിശേഷതകളുണ്ട്. ചെന്നായയെ അപേക്ഷിച്ച് പരന്ന മുഖവും ആകര്‍ഷകമായ വാലുമാണ് നായയുടെ പ്രത്യേകത. പുരികങ്ങളുടെ പ്രത്യേകതയാണ് ഒരു നായയുടെ മുഖത്തെ ചെന്നായയേക്കാളും സുന്ദരമാക്കുന്നത്.

മനുഷ്യന്റെ ആശയവിനിമയശേഷിയും അത് വ്യാപിപ്പിക്കാനുള്ള കഴിവുമാണ് ശാരീരികമായിപ്പോലും ഇത്തരം പ്രത്യേകതകളിലേക്ക് അവനെ എത്തിച്ചത്. പൂര്‍വ്വികര്‍ ഈ കഴിവിനെ സ്വകാര്യമായി മാത്രം ഉപയോഗിച്ചപ്പോള്‍ ആധുനിക മനുഷ്യന്‍ ലോകത്തെ മുഴുവന്‍ ചേര്‍ത്ത് നിര്‍ത്താനാണ് ഈ ശേഷികൊണ്ട് ഉദ്ദേശിച്ചത്. തലച്ചോര്‍, ബുദ്ധിവികാസം, സംസാരം, കൂട്ടത്തില്‍ ശാരീരിക ചലനങ്ങളും.. ഇവയുടെയൊക്കെ മാറ്റത്തിന് പിന്നില്‍ ‘കൂട്ടായ്മ’ എന്ന സങ്കല്‍പം മനുഷ്യന്‍ വിപുലീകരിച്ചതാണ് കാരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍