UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിലെ ആശയം: വിഷാദം നമുക്ക് ചര്‍ച്ച ചെയ്യാം

മാനസിക രോഗങ്ങളോടുള്ള ഈ സമീപനത്തില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനം

സഹന ബിജു

സഹന ബിജു

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ദിനാചരണം. സര്‍ക്കാര്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകളും വിവിധ ആരോഗ്യ സംഘടനകളും പൊതുജനാരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്നു. ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയത്തിനാണ് ഊന്നല്‍ കൊടുക്കുക. ഈ വര്‍ഷത്തെ ലോകാരോഗ്യദിനം മുന്നോട്ട് വയ്ക്കുന്ന ആശയം ‘വിഷാദം: നമുക്ക് ചര്‍ച്ച ചെയ്യാം’ (Depression: Let’s talk) എന്നതാണ്.

പ്രായഭേദമെന്യേ ലോകത്തിലുള്ള എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് വിഷാദം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 300 ദശലക്ഷത്തിലധികം പേരാണ് വിഷാദത്തിനടിപ്പെട്ടു ജീവിക്കുന്നത്. 2005-നും 2015-നും ഇടയ്ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ 18%കൂടുതല്‍ ആണിത്. സമൂഹത്തില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതും അപമാനഭയവും ആരോഗ്യത്തോടെ ജീവിതം നയിക്കുന്നതില്‍ നിന്നും ചികിത്സ തേടുന്നതില്‍ നിന്നും മിക്കവരെയും തടയുന്നു.

മാനസിക രോഗത്തോടുള്ള സമീപനത്തില്‍ പുനര്‍വിചിന്തനം നടത്താനും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ചികില്‍സിക്കാനും ഉള്ള ഒരു ഉണര്‍ത്തുമണി ആണ് ഈ ദിനം എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ആയ മാര്‍ഗരറ്റ് ചാന്‍ പറയുന്നു. ലോകത്ത് വിഷാദം ബാധിച്ച എല്ലാവരും സഹായം തേടുക എന്നതും അതുവഴി അവര്‍ക്ക് സഹായം ലഭ്യമാക്കുക എന്നതുമാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വിഷാദം ബാധിച്ച 50% പേര്‍ക്കും ചികിത്സ ലഭിക്കുന്നില്ല.

മാനസികാരോഗ്യത്തിനായി സര്‍ക്കാരുകള്‍ വകയിരുത്തിയിട്ടുള്ളത് ശരാശരി 3% മാത്രമാണ്. വരുമാനം വളരെ കുറഞ്ഞ രാജ്യങ്ങളില്‍ ഇത് 2%ത്തിലും കുറവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 5%വുമാണ്. വിഷാദം മറ്റ് രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ വിഷാദം കൂട്ടുന്നു. ഇത് തിരിച്ചും ആകാം. അതായത് ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വിഷാദ രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്.

വിഷാദം ആത്മഹത്യ യിലേക്കും നയിക്കാം. ഇന്ന് 15മുതല്‍ 29 വയസ് വരെ പ്രായമുള്ളവരുടെ മരണത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. വിഷാദം പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിക്കും . ശരിയായി മനസിലാക്കിയാല്‍, വിഷാദം എന്താണെന്നും അത് എങ്ങനെ തടയാമെന്നും ചികില്‍സിക്കാമെന്നും അറിഞ്ഞാല്‍ ഈ അവസ്ഥയുമായി ബന്ധപ്പെട്ട കളങ്കം (Stigma) കുറയ്ക്കാന്‍ സഹായിക്കും. അത് കൂടുതല്‍ ആളുകള്‍ സഹായം തേടാനും കൂടുതല്‍ പേരെ സഹായിക്കുന്നതിലേക്കും നയിക്കുകയും ചെയ്യും.

വിഷാദം അതുപോലെ സാധാരണമായ മാനസികപ്രശ്‌നങ്ങള്‍, ഉത്കണ്ഠ ഇവയ്ക്കെല്ലാം വളരെ കുറഞ്ഞ അളവിലുള്ള ശ്രദ്ധയും പരിചരണവും ആണ് ലഭിക്കുന്നത്. ഇത് മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഡോളറുകളാണ് ആഗോള സാമ്പത്തിക നഷ്ടം. ആളുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാതാകുമ്പോള്‍ വീടിനു സാമ്പത്തിക നഷ്ടം, തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയുമ്പോള്‍ മുതലാളിക്കുണ്ടാകുന്ന നഷ്ടം, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു.

ഇങ്ങനെ വീടിനും മുതലാളിക്കും സര്‍ക്കാരിനും ബാധ്യത ആകുന്നു. മാനസിക രോഗങ്ങളോടുള്ള ഈ സമീപനത്തില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനം- ‘വിഷാദം :നമുക്ക് ചര്‍ച്ച ചെയ്യാം’ എന്ന ആശയത്തിലൂന്നിയാണ് ആചരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍