UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സെക്സ് എന്നു കേട്ടാല്‍ മുഖം കുനിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തും മുമ്പ് അവര്‍ക്കതില്‍ വിദ്യാഭ്യാസം നല്‍കൂ

ലൈംഗികതയെപ്പറ്റി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ അറിയേണ്ട പ്രായത്തിൽ തന്നെ ലൈംഗികതയെ കുറിച്ച് അറിയാതെ പോകുന്നവർ ആണ് സ്ത്രീകൾ.

അനു ചന്ദ്ര

അനു ചന്ദ്ര

സുതാര്യമായ ലൈംഗിക വീക്ഷണവും, വ്യക്തിജീവിതത്തിലോ കുടുംബ ബന്ധങ്ങളിലോ ലൈംഗികതക്കുള്ള പ്രാധാന്യവും പഠിപ്പിക്കുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ പോയതിന്റെ പേരിൽ ശാസ്ത്രീയവും ആരോഗ്യപരവും മാനസികപരവുമായ വിജ്ഞാനങ്ങൾ നഷ്ടപെട്ടവരാണ് നമ്മളിൽ പലരും. ലൈംഗികതയുടെ പ്രാഥമിക അറിവുകളും പ്രത്യുത്പ്പാദനപരമായ അടിസ്ഥാന വിവരങ്ങളും ഉൾപ്പെടുത്തിയ ലൈംഗിക വിദ്യാഭ്യാസം ഇന്ത്യൻ പാഠ്യ പദ്ധതിയിൽ നിയമം മൂലം നിർബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ സെക്സ് എന്ന വാക്കുച്ചരിക്കുന്നത് പോലും പാപമെന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ ഈ പദ്ധതി എത്രമാത്രം നടപ്പിലാകും എന്നത് ഒരു സംശയമാണ്.

ലൈംഗികവിദ്യാഭ്യാസം സ്കൂളിൽ നിന്നും തന്നെ തുടങ്ങണമെന്നാണ് ഞാൻ പറയുന്നത്. അത്തരത്തിൽ ലൈംഗിക വിദ്യാഭ്യാസം വിദ്യാലയങ്ങളിൽ നിന്നു തന്നെ തുടങ്ങേണ്ട ഒന്നാണെന്ന് പറയുമ്പോൾ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന ചൂഷണത്തെ കുറിച്ച് മാത്രമല്ല അതിനും അപ്പുറം ലൈംഗിക വിദ്യാഭ്യാസമില്ലായ്മ മൂലം ചൂഷണം ചെയ്യപ്പെട്ട ഒരു സുഹൃത്തിന്റെ കഥ/ അനുഭവം കൂടിയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എന്റെ വളരെ അടുത്ത അല്ലെങ്കിൽ എനിക്ക് വളരെ അടുത്ത പരിചയമുള്ള ഒരു പെണ്‍സുഹൃത്ത് എന്ന് തന്നെ പറയാവുന്ന ഒരു കുട്ടി, അവൾ തന്റെ 18-ആം വയസ്സിൽ വിവാഹിതയാകുന്നു. ചെറുപ്പം മുതലേ അവളുടെ അച്ഛനും അമ്മയും ബന്ധം വേർപിരിഞ്ഞ കാരണത്താൽ അമ്മമ്മയുടെ കൂടെയാണ് അവൾ വളർന്നു വന്നത്. അവൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ, വേർപിരിഞ്ഞ അച്ഛനും അമ്മയും ഒന്നിച്ചു ചേർന്ന് ഒരു കടമയെന്ന പേരിൽ മകളെ ഒരാളുമായി വിവാഹം കഴിപ്പിച്ചു. വിവാഹശേഷം ഭർത്താവുമായി തുടക്കത്തിലേ നിസാരമല്ലാത്ത തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു എങ്കിലും അവൾ പെട്ടെന്ന് തന്നെ ഗര്‍ഭിണിയാകുന്നു, പിന്നീട് ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നൽകുന്നു. ഇത്രയുമാണ് കഥ.

ഒരിക്കൽ സംഭോഗത്തിന്റെ വീഡിയോ/പോണ്‍ വീഡിയോ അവിചാരിതമായി കാണാനിട വന്ന ഇതേ പെണ്‍സുഹൃത്തിനോട് അതാണ് പ്രത്യുത്പാദനത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ സംസാരിക്കുമ്പോൾ വളരെയേറെ നിഷ്കളങ്കതയിൽ അവൾ പറയുന്നു, ഞാനും ഭർത്താവും തമ്മിൽ ഇങ്ങനെയൊന്നും നടന്നിട്ടില്ലല്ലോ, ഞങ്ങൾ ചുമ്മാ കെട്ടിപ്പിടിച്ചു കിടന്നിട്ടും ഞങ്ങൾക്ക് കുട്ടികളുണ്ടായല്ലോ എന്ന്. അവളിൽ നിന്നും പുറത്തു വന്ന ആ വാക്കുകള്‍ ആദ്യം വിശ്വസിച്ചില്ല, ഒരു തരം തമാശയായി എടുത്തു എങ്കിലും പിന്നീട് ആ വാക്കുകളിലെ സത്യസന്ധതയിൽ ഉള്ള ബോധ്യത്തിൽ നിന്നുമാണ് ഗൗരവത്തോടെ തന്നെ അവൾക്ക് ജനിച്ച കുഞ്ഞിന് പുറകിലെ യാഥാർഥ്യം തിരഞ്ഞു പോകുന്നത്. ഭർത്താവുമായി ഒരിക്കൽ പോലും സംഭോഗം നടത്താത്ത ഒരു കന്യക എങ്ങനെ ഗർഭിണിയായി? ചോദ്യം വളരെ കുഴപ്പിക്കുന്ന ഒന്നായിരുന്നു. ഒടുവിൽ ഉത്തരം കണ്ടെത്തുക തന്നെ ചെയ്തു. വളരെ കൃത്യമായ തിരക്കഥ എഴുതി അതിൽ അവളെ ട്രാപ്പ് ചെയിക്കുകയായിരുന്നു അയാൾ. അതായത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ആ സ്ത്രീ അവളുടെ പ്രശ്‌നത്താൽ ഗർഭം ധരിക്കാത്തതിനാൽ ഒരു വിവാഹ തട്ടിപ്പിലൂടെ എന്റെ സുഹൃത്തിന്റെ ഗര്‍ഭപാത്രത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു അയാളും ആദ്യഭാര്യയും ചേർന്ന്.

സ്വന്തം പേരും നാടും വരെ മാറ്റി പറഞ്ഞ്, ബന്ധുക്കളെ വാടകയ്ക്ക് എടുത്ത് വളരെ വിദഗ്ധമായി അവളെയും അവളുടെ വീട്ടുകാരെയും വിശ്വസിപ്പിച്ചു വിവാഹം കഴിപ്പിച്ച ശേഷം ലൈംഗികതയെ കുറിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അവളുടെ വിവാഹം കഴിഞ്ഞ ഉടൻ തന്നെ അവൾ ഗർഭം ധരിക്കാത്തതിനു കാരണം അവളുടെ എന്തോ പ്രശ്നം ആണെന്നും പറഞ്ഞ് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യിക്കുന്നു. അതിനു ശേഷം ചികിത്സ എന്ന പേരിൽ അവളെ ഐ.വി.എഫ് ട്രീട്മെന്റിന് വിധേയമാക്കുന്നു. അങ്ങനെ അവൾ ആ ‘വിശുദ്ധ ഗർഭം’ ധരിക്കുന്നു. ആ വിശുദ്ധ ഗര്‍ഭത്തിന് പുറകിലെ ഐ.വി.എഫ് എന്ന ടെസ്റ്റിനെ കുറിച്ചു പോലും വാസ്തവത്തില്‍ അവൾ ആദ്യമായി ഫ്ലാഷ്ബാക്കിലേക്ക് തിരഞ്ഞു പോകുമ്പോഴാണ് കേൾക്കുന്നത്.

സെക്‌സ് അശ്ലീല പദമല്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതെങ്കിലും മനസിലാക്കണം

അല്ലെങ്കിലും അവളെപ്പോലെ ലൈംഗികതയിലെ പ്രാഥമിക വിവരം പോലും ഇല്ലാത്തവരുടെ നാട്ടിൽ ഐ.വി.എഫ് പോലൊരു ട്രീട്മെന്റിനെ കുറിച്ച് എത്ര പേർക്ക് കൃത്യമായ ബോധ്യം ഉണ്ടെന്നത് പോലും വലിയ സംശയമാണ്. ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽപ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു സംവർധക ദ്രവമാധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം (fertilization) ചെയ്യിക്കുകയും സിക്താണ്ഡമാക്കുകയും (zygote) പിന്നീട് ഈ സിക്തണ്ഡത്തെ ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു എന്നതാണ് ഐ.വി.എഫ് ട്രീറ്റ്മെന്റ് കൊണ്ടുള്ള ഉദ്ദേശം. ആ ഉദ്ദേശത്തെ ഉപയോഗപ്പെടുത്തി ആ ദമ്പതികൾ അവർക്ക് ഒരു കുഞ്ഞിന്റെ ആവശ്യത്തിനായി ആ പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് ആ ഭർത്താവ് വഞ്ചനയും വിവാഹ തട്ടിപ്പും നടത്തിയതിന്റെ പേരിൽ ജയിലിലാണ്.

വാസ്തവത്തിൽ ലഭിക്കേണ്ട പ്രായത്തിൽ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ പോയതിന്റെ പേരിൽ ഇരയാക്കപെട്ടവളാണ് അവൾ. കൃത്യമായ അറിവുകൾ ലഭിച്ചിരുന്നു എങ്കിൽ ഇത്ര വലിയ ചതിക്കുഴിയിൽ അവൾ ചെന്നു പെടില്ലായിരുന്നു. ഇതുപോലെ പലതരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഈ കാലത്ത് ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക തന്നെ വേണം. പ്രത്യുത്പാദനത്തെക്കുറിച്ച് പറയുന്ന പാഠഭാഗങ്ങള്‍ തലകുനിച്ച്, കാണാപ്പാഠം ഉരുവിടുന്ന അധ്യാപകരെ അല്ല, സമചിത്തതയോടെ വിവരങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്ന അധ്യാപകരെയാണ് നമുക്കാവശ്യവും നമുക്ക് കിട്ടാതെ പോയതും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗിക അതിക്രമവും തടയാനും ലൈംഗിക വിദ്യാഭ്യാസം ഉപയോഗപ്പെടും. അതിരുകൾ ഭേദിക്കുന്ന സ്പര്‍ശനവും പ്രത്യുല്പാദനത്തിന്റെ ഉറവിടം തിറിച്ചറിയാനും പ്രാപ്തമാകും. മാറുന്ന ജീവിത സാഹചര്യങ്ങളിൽ ജാഗരൂകരാകേണ്ടത് നമ്മളാണ്.

വന്ധ്യതയുടെ വിപണിരാഷ്ട്രീയം; കുടുംബത്തിന്റേതും

ചെറുപ്പത്തിൽ പുരുഷനോളം തന്നെ വന്യതയുള്ളവരാണ് സ്ത്രീകളും. സ്ത്രീകളുടെ ലൈംഗികതയെപ്പറ്റി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ അറിയേണ്ട പ്രായത്തിൽ തന്നെ ലൈംഗികതയെ കുറിച്ച് അറിയാതെ പോകുന്നവർ ആണ് സ്ത്രീകൾ. പുരുഷന്മാർ ചെറുപ്പത്തിലേ പുസ്തകങ്ങൾ വഴിയും, വീഡിയോകൾ വഴിയുമെല്ലാം ലൈംഗികപരിജ്ഞാനം നേടുമ്പോൾ സ്ത്രീകൾ അജ്ഞർ ആകാറു തന്നെയാണ് പതിവ്. കാലഘട്ടം മാറിയെങ്കിലും ഉൾനാടുകളിലെ പെണ്‍കുട്ടികളിലെ അവസ്ഥയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നു തന്നെ വേണം അനുമാനിക്കാൻ. ‘സെക്സ്’ എന്ന വാക്ക് കേട്ടാല്‍ ഓടിയൊളിക്കുന്ന, തലകുനിച്ച് ‘അയ്യേ’ എന്ന ഭാവത്തിലിരിക്കുന്ന, സെക്സ് എന്താണെന് ചോദിച്ചാല് ‘മിണ്ടാതിരിയടാ’ എന്ന് പറഞ്ഞു കുട്ടികളെ തല്ലിയോടിക്കുന്ന സകലരോടുമാണ് ഞാൻ ആ കഥ പറഞ്ഞത്. നിങ്ങളുടെ ഓടിയൊളിക്കലുകളുടെയും, തലകുനികലുകളുടെയും ഇരയാണ് എന്റെ സുഹൃത്ത്.

ലൈംഗിക വിദ്യാഭ്യാസം കുട്ടികളെ പീഡനങ്ങളിൽ നിന്നു മാത്രം രക്ഷിക്കുമെന്നു പറയുന്നവരോട് പറയാനുള്ളത്, പീഡനങ്ങളിൽ നിന്നു മാത്രമല്ല, ചതിക്കുഴികളിൽ നിന്നും, ദാമ്പത്യ അസ്വാരസ്യങ്ങളിൽ നിന്നുമെല്ലാം രക്ഷിക്കും. ആധുനിക ജീവിതാവിഷ്ക്കാരങ്ങളിലെ ജീവിതമൂല്യം തിരിച്ചറിയാത്തവർക്കിടയിൽ ഇവിടെയിങ്ങനെ നിലനിൽക്കണമെങ്കിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം തന്നെയാണ് ഇനിയുള്ള കാലം. പ്രത്യേകിച്ചും പെൺകുട്ടികളിൽ. അങ്ങനെ ശാസ്ത്രീയമായി സെക്സിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനും പഠിപ്പിക്കാനും കഴിയുന്ന ലൈംഗികവിദ്യാഭ്യാസം കുട്ടികൾക്ക് ഇനിയെങ്കിലും ലഭിക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലൈംഗികത ആസ്വദിക്കാനുള്ള അവകാശം തേടി ഇന്ത്യന്‍ സ്ത്രീകള്‍ – സര്‍വേ കണ്ടെത്തലുകള്‍

സ്ത്രീ ലൈംഗികത; മാസികകള്‍ എഴുതുന്നതല്ല യാഥാര്‍ത്ഥ്യം

‘തലച്ചോറിലുള്ള അമേധ്യം വിളമ്പുന്ന’ ഇയാള്‍ ഇനി സര്‍ക്കാര്‍ ചിലവില്‍ ഉദ്ബോധിപ്പിക്കാന്‍ വരില്ല

കിടക്കയില്‍ ശവാസനമനുഷ്ഠിക്കുന്ന മലയാളിപ്പെണ്ണുങ്ങളെ, സണ്ണി ലിയോണിനെയാണ് നിങ്ങളുടെ കണ്‍കണ്ട ദൈവങ്ങള്‍ക്കിഷ്ടം

പെണ്‍ലൈംഗികതയെക്കുറിച്ച് ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ പരത്തിയ കള്ളങ്ങള്‍

ആണ്‍കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറികളോ നമ്മുടെ വന്ധ്യതാനിവാരണ ക്ലിനിക്കുകള്‍?

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍