UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗുണനിലവാരമില്ലാത്ത ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച 946 ഇനം മരുന്നുകളില്‍ 94 ബാച്ച് മരുന്നുകള്‍ ഉപയോഗമില്ലാത്തവ; പലതും നിര്‍മ്മിച്ചത് സര്‍ക്കാര്‍ മരുന്നുല്‍പ്പാദന കേന്ദ്രങ്ങള്‍; ജീവന്‍ രക്ഷാ മരുന്നുകളും കൂട്ടത്തില്‍

രോഗം മാറാനാണോ മരുന്ന് കഴിക്കുന്നത്? അതോ മരുന്ന് കഴിക്കുന്നു എന്ന ഒരു വിശ്വാസം മാത്രം മതിയോ? ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന മരുന്നുകള്‍ കാരണമാകുന്നത് രോഗശമനത്തിനോ രോഗസൃഷ്ടിയ്‌ക്കോ? രോഗം മാറാനാണെങ്കില്‍ ഇന്ന് ലഭ്യമാകുന്ന മരുന്നുകളില്‍ പലതും അതിന് മതിയാകാതെ വരും. മരുന്നിന് പോലും മരുന്നില്ല എന്ന യാഥാര്‍ഥ്യം വിളിച്ച് പറയുന്നതാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്. കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ പോലും നിലവാരമില്ലെന്ന് കണ്ടെത്തുമ്പോള്‍ ഇതിന് തടയിടേണ്ടവര്‍ എവിടെയെന്ന ചോദ്യം പ്രസക്തമാവുന്നു. അമിതമായ മരുന്നിന്റെ ഉപഭോഗം ജീവിത ശൈലീരോഗങ്ങള്‍ക്കുള്‍പ്പെടെ കാരണമാവുന്നു എന്ന പഠന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ആരോഗ്യമേഖലയുടെ അനാസ്ഥ വ്യക്തിമാക്കിക്കൊണ്ട് മരുന്നുകളുടെ നിലവാരത്തകര്‍ച്ചയും വ്യാജനും വ്യാപകമാവുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ ഒരു ശതമാനവും ജനസംഖ്യയുടെ മൂന്നു ശതമാനവും മാത്രമേ കേരളം വരൂ. എന്നാല്‍ മരുന്നുപയോഗത്തിന്റെ കാര്യത്തില്‍ കേരളക്കാര്‍ ഏറെ മുന്നിലാണ്. രാജ്യത്തെ ആകെ മരുന്നുപയോഗത്തിന്റെ കണക്കെടുത്താല്‍ അതില്‍ പത്ത് ശതമാനവും കേരളമാണ് കഴിക്കുന്നത്. അതേസമയം മരുന്നുകള്‍ വിറ്റഴിച്ച് പണംകൊയ്യാന്‍ കമ്പനികള്‍ മത്സരിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ച്ച് 17-ന് പുറത്തുവിട്ട രണ്ടു വര്‍ഷത്തെ പഠന റിപ്പോര്‍ട്ട് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഇവിടെ വിതരണം ചെയ്ത മരുന്നുകളില്‍ 10 ശതമാനം ഗുണനിലവാരമില്ലാത്തവയാണെന്ന് സര്‍വെയില്‍ കണ്ടെത്തി. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശേഖരിച്ച 946 ഇനം മരുന്നുകളില്‍ 94 ബാച്ച് മരുന്നുകള്‍ ഉപയോഗയോഗമില്ലാത്തവയാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഗുണമേന്മ കുറഞ്ഞവയെന്നു കണ്ടെത്തിയ മരുന്നുകള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ രോഗഹാരിയെന്ന വിശ്വാസത്തില്‍ കഴിച്ചു കഴിഞ്ഞു എന്നതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്ന യാഥാര്‍ഥ്യം.

സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഇ.എസ്.ഐ. ഡിസ്പന്‍സറികള്‍ തുടങ്ങിയയിടങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളാണ് സര്‍വേയുടെ ഭാഗമായി പരിശോധനാ സാമ്പിളുകളായി ശേഖരിച്ചത്. സാമ്പത്തികമായി ശരാശരിക്കും താഴെയുള്ള രോഗികളാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതില്‍ ഭൂരിഭാഗവും. അവരുടെ ജീവനും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സൗജന്യമായി നല്‍കിയ മരുന്നുകള്‍ ഫലപ്രദമാവാതിരിക്കുകയോ സാധാരണ അലോപ്പതി മരുന്നുകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങളേക്കാള്‍ ഏറെ വിപരീത ഫലങ്ങള്‍ ഇവ ഉണ്ടാക്കുകയും ചെയ്തിരിക്കാമെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടേണ്ടത്.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളില്‍ 14 എണ്ണം സര്‍ക്കാര്‍ മരുന്നുത്പാദന കേന്ദ്രത്തില്‍ നിന്നാണ്. ആലപ്പുഴ കലവൂരിലെ കേരള സ്‌റ്റേറ്റ് ഡ്രഗസ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെ.എസ്.ഡി.പി)ല്‍ ഉല്‍പാദിപ്പിച്ചവയാണവ. 113 സാമ്പിളുകളാണ് കെ.എസ്.ഡി.പിയില്‍ നിന്ന് പരിശോധനയ്ക്ക് എടുത്തത്. രാജ്യത്തെ മുന്തിയ കമ്പനികളുമായി താരതമ്യം ചെയ്താല്‍ ഗുണമേന്മയുള്ള അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് കെ.എസ്.ഡി.പിയിലെ മരുന്നു നിര്‍മാണം. ജര്‍മനിയില്‍ നിന്നുള്‍പ്പടെ മരുന്നിനാവശ്യമായ പദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇവിടെ സാങ്കേതികമായ പ്രശ്‌നങ്ങളാണ് ചില മരുന്നുകള്‍ ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമായതെന്നാണ് സൂചന. ഊഷ്മാവിലെ വ്യതിയാനമാണ് ഈ മരുന്നുകള്‍ക്ക്  പ്രതികൂലമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘രാജ്യത്ത് മരുന്ന് ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വന്‍കിട കമ്പനികളുടെ മരുന്നുകള്‍ക്ക് കണ്ടെത്തിയിട്ടുള്ള ഗുരുതരമായ ഗുണനിലവാര പ്രശ്‌നങ്ങള്‍ കെ.എസ്.ഡി.പി.യുടെ മരുന്നുകള്‍ക്കില്ല. ഗുണമേന്‍മയില്‍ അല്‍പം കുറവുണ്ടായിട്ടുണ്ട്. പക്ഷെ അത് മരുന്നുകള്‍ സൂക്ഷിക്കുന്ന ഊഷ്മാവിന്റെ വ്യതിയാനത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കൊണ്ടുണ്ടായിട്ടുള്ളതാണ്. അതിനപ്പുറം രാസപദാര്‍ഥങ്ങളുടെ സംയോജനത്തിലോ അവയുടെ ഗുണനിലവാരത്തിലോ കുറവ് വന്നതായി പഠന സംഘം പറയുന്നില്ല.’ കെ.എസ്.ഡി.പി. ചെയര്‍മാന്‍ സിബി ചന്ദ്രബാബു പ്രതികരിച്ചു.

യാഥാര്‍ഥ്യം ഇതുതന്നെയായാലും, ഊഷ്മാവിന്റെ വ്യത്യാസത്തില്‍ ഗുണനിലവാരത്തില്‍ വന്ന നേരിയ ഇടിവാണെങ്കിലും മരുന്നു കഴിച്ച രോഗികള്‍ക്ക് അത് യഥാവിധി പ്രയോജനപ്പെട്ടിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ഡി.പിയിലെ മരുന്നു നിര്‍മാണത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതിലേക്കാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ച പരിചയസമ്പന്നതയും അറിവുമുളള ഉന്നതോദ്യോഗസ്ഥരുടെ സേവനം കെ.എസ്.ഡി.പിക്കായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

കേരളത്തിലെ റീട്ടെയില്‍ മരുന്ന് വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്ന് പരിശോധനയ്ക്കായെടുത്ത 1523 സാമ്പിളുകളില്‍ 30 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ പരിശോധനാ ഫലത്തേക്കാള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഇതും നിസ്സാരമായി തള്ളിക്കളയാനാവില്ല. മെഡിക്കല്‍ ഷോപ്പുകളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാറേയില്ല. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയുടെ കൂട്ടത്തില്‍ ജീവന്‍ രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള അവശ്യ മരുന്നുകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നിടത്താണ് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവയില്‍ പെടുന്നു.

‘കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും സമാഹരിച്ച 1500ഓളം ബാച്ച് മരുന്ന് സാമ്പിളുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ഗുണപരിശോധനയില്‍ മൂന്ന് ശതമാനം പരാജയപ്പെട്ടിരിക്കുന്നു. ഇത് ഗൗരവമായി എടുക്കേണ്ട കാര്യം തന്നെയാണ്. പൊതുജനാരോഗ്യം സംരക്ഷിക്കാനും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഔഷധങ്ങളുടെ ഗുണത്തിന് കാര്യമായ പങ്കുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകളും നടപടികളും ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി. ഉത്പാദിപ്പിക്കുന്നതും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖാന്തിരം കേരള സര്‍ക്കാര്‍ പാവപ്പെട്ട രോഗികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ മൂന്നിരട്ടി ഗുണനിലവാരമില്ലാത്തതാണെന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കെ.എസ്.ഡി.പി.യിലെ പാരസിറ്റമോള്‍ അസീത്രോമൈസിന്‍ ഗുളികകള്‍ 2014ലും 2015ലും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത് ഗൗരവമായി കണക്കാക്കേണ്ടതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരിശോധനാ ഫലത്തില്‍ കെ.എസ്.ഡി.പി.യിലെ മരുന്നുകള്‍ പരാജയപ്പെട്ടത് അവ മനുഷ്യശരീരത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടാണ്. അങഅങനെയെങ്കില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന മുറിയിലെ താപനില, ഉത്പാദന തൊഴിലാളികളുടെ അലസതയും ഗൗരവമില്ലായ്മയും കെ.എസ്.ഡി.പി. ഭരണാധികാരികള്‍ ഗൌരവമായി കാണേണ്ടതുണ്ട്.’ സംസ്ഥാന റീട്ടെയില്‍ ഔഷധ ഫോറം ചെയര്‍മാന്‍ സി സനല്‍ പറഞ്ഞു.

സര്‍ക്കാര്‍ വിതരണം ചെയ്യുന്ന 40 ശതമാനം മരുന്നുകള്‍ പരിശോധനാ വിധേയമാക്കാനേ സംസ്ഥാനത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് നിയമപരമായി അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ 60 ശതമാനം മരുന്നുകള്‍ പരിശോധിക്കപ്പെടാതെ രോഗികള്‍ക്കായി വിതരണം ചെയ്തുകൊണ്ടേയിരിക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍.) കെ.എസ്.ഡി.പിയില്‍ നിന്നുള്‍പ്പടെ മരുന്നുകള്‍ ആഗോള ടെണ്ടര്‍ സ്വീകരിച്ചാണ് വാങ്ങുന്നത്.  ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ നല്‍കാന്‍ തയ്യാറായ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്വീകരിക്കുകയാണ് കെ.എം.എസ്.സി.എല്‍. ചെയ്യുന്നത്. എന്നാല്‍ വാങ്ങുന്ന മരുന്നുകള്‍ യാതൊരു വിദഗ്ദ്ധ പരിശോധനകളും കൂടാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്കെത്തിക്കുകയാണ്.

പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പറയുന്നതിങ്ങനെ: ‘പോണ്ടിച്ചേരിയിലും മറ്റും കുടില്‍ വ്യവസായമായി ഉണ്ടാക്കുന്ന ചാത്തന്‍ മരുന്നുകളടക്കം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കെത്തുന്നുണ്ട്. ശാസ്ത്രീയമായി, ഊഷ്മാവിലോ പ്രകാശ സംവിധാനങ്ങളിലോ പോലും വ്യത്യാസം വരാതെ സൂക്ഷ്മമായി വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് മരുന്ന് നിര്‍മ്മാണം. പോണ്ടിച്ചേരിയിലും ഹരിയാനയിലും മറ്റും സ്ത്രീകള്‍ ഇത് കുടില്‍വ്യവസായമനെന്ന രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കെമിക്കല്‍ സംയുക്തങ്ങള്‍ കൈകൊണ്ട് കുഴച്ച് മരുന്നുണ്ടാക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. വലിയ കരാറുകാരായിരിക്കും ഈ ബിസിനസ് നടത്തിപ്പുകാര്‍. കെ.എം.എസ്.സി.എല്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ ഇത്തരക്കാര്‍ കുറഞ്ഞ തുകയ്ക്ക് മരുന്ന് നല്‍കാമെന്ന ഓഫര്‍ മുന്നോട്ട് വയ്ക്കും. 430 രൂപയ്ക്കുള്ള മരുന്ന് 40 രൂപയ്ക്ക് കിട്ടിയാല്‍ ആരായാലും അതേ വാങ്ങിക്കൂ. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന പാവങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ ഇത്തരം ചാത്തന്‍ മരുന്നുകള്‍ സര്‍വസാധാരണമാണ്. പരിശോധിക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ല എന്നതാണ് കേരളത്തിന്റെ ദുസ്ഥിതി. രോഗം മാറാന്‍ മരുന്നു കഴിക്കണം എന്ന ധാരണയ്ക്കപ്പുറം മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പൊതു സമൂഹം ബോധവാന്‍മാരല്ല എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. 15 വര്‍ഷമായി ഈ മേഖലയില്‍ ഞാന്‍ ജോലി ചെയ്യുന്നു. വമ്പന്‍ മരുന്നു കമ്പനികള്‍ പോലും മരുന്ന് ഉത്പാദനം കുടില്‍വ്യവസായക്കാരെ ഏല്‍പ്പിക്കാറുണ്ടെന്ന കാര്യം ഞാന്‍ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇതെല്ലാം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കുമറിയാം. പക്ഷെ ആരും പ്രതികരിക്കാനില്ല.’

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനു കീഴില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി രണ്ട് മരുന്നുപരിശോധനാ ലാബുകള്‍  മാത്രമാണുള്ളത്. അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമില്ല എന്ന ആരോപണം ശക്തിയായപ്പോള്‍ കുട്ടി അഹമ്മദ് കുട്ടിയും, ടിഎന്‍ പ്രതാപനും അടങ്ങുന്ന കമ്മിറ്റിയെ ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കോന്നി, തൃശൂര്‍, എറണാകുളം എന്നിവിടങ്ങലിലായി നാല് ലാബുകള്‍ തുടങ്ങുമെന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. എറണാകുളത്തു മാത്രമാണ് ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തുമായി പ്രതിവര്‍ഷം പരിശോധിക്കപ്പെടുന്നത് എണ്ണായിരത്തില്‍ താഴെ സാമ്പിളുകള്‍ മാത്രമാണ്. മൂന്നുലക്ഷം വ്യത്യസ്ത മരുന്നുകളാണ് പ്രതിവര്‍ഷം വിവിധ ബാച്ചുകളില്‍ കേരളത്തില്‍ വിറ്റുപോകുന്നത്.

1945ലെ ഡ്രഗ് ആന്‍ഡ് കോസ്മറ്റിക് നിയമമാണ് ഇപ്പോഴും പിന്തുടര്‍ന്ന് പോരുന്നത് എന്നതാണ് മരുന്ന് പരിശോധന കാര്യക്ഷമമായി നടക്കാത്തതിന് മറ്റൊരു കാരണമായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമം ഉണ്ടാക്കിയ കാലത്ത് നിന്നും മരുന്ന് ഉത്പാദന, വിതരണ, വിപണന മേഖലകളില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും മരുന്ന് പരിശോധനകള്‍ക്കായി ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് 800 രൂപ മാത്രമാണ് ഒരു മാസം സര്‍ക്കാര്‍ അനുവദിക്കുന്നത്. ചുരുങ്ങിയത് 60-70 ഗുളികകള്‍ സാമ്പിളായി ശേഖരിച്ചെങ്കിലേ പരിശോധന നടത്താനാവൂ. ആറോ ഏഴോ സ്ട്രിപ് മരുന്നുകള്‍ വില നല്‍കി ശേഖരിച്ചാല്‍ മാത്രമേ അവ പരിശോധനയ്ക്കയക്കാന്‍ കഴിയൂ. സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് വിലകൂടിയ മരുന്നുകള്‍ പരിശോധയ്ക്കായി ശേഖരിക്കാന്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിയാറില്ല. അതിനാല്‍ പലപ്പോഴും പാരസെറ്റമോള്‍ തുടങ്ങിയ വില കുറഞ്ഞ മരുന്നുകള്‍ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാവുന്നത്. നൂറ് കടകള്‍ക്ക് ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വേണമെന്നാണ് നിയമം. എന്നാല്‍ കേരളത്തില്‍ ആകെയുള്ളത് 40 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണ്. 200 മരുന്നു കടകള്‍ക്കെങ്കിലും ഒരു ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വേണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്.

രാജ്യത്താകമാനമുള്ള റീടെയില്‍ മരുന്നു കടകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുമായി 47,012 ബാച്ച് സാമ്പിളുകളാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശേഖരിച്ചത്. ഇതില്‍ 1850 ബാച്ച് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്നാണ് കണ്ടെത്തല്‍. 13 മരുന്നുകള്‍ വ്യാജമാണെന്നും പരിശോധനയില്‍ തെളിഞ്ഞു. 2014 മുതല്‍ 2016 വരെയുള്ള പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിപണിയിലുള്ള മരുന്നുകളുടെ ഒരു ശതമാനം മാത്രമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. മുഴുവന്‍ മരുന്നുകളും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ കണക്കില്‍ പതിന്‍മടങ്ങ് വര്‍ധനയുണ്ടാവാനാണിട.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍