UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നഴ്‌സുമാരുടെ ലോംങ്മാര്‍ച്ച്; എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ നടന്ന് സെക്രട്ടറിയേറ്റ് വളയും

‘വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് മാര്‍ച്ച് നടത്തുക

നഴ്‌സുമാര്‍ ലോംങ്മാര്‍ച്ചിന്. സംസ്ഥാന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഏപ്രില്‍ 24ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ലോംങ്മാര്‍ച്ച് നടത്തും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ വൈകിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ഒമ്പത് മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്നതും നഴ്‌സുമാരുടെ ആവശ്യമാണ്. കെവിഎം സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.’വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് മാര്‍ച്ച് നടത്തുക.

24ന് രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് എട്ടുദിവസം കൊണ്ട് 168കിലോ മീറ്ററുകള്‍ സഞ്ചരിച്ച് സെക്രട്ടറിയേറ്റ് വളയാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ലോംങ്മാര്‍ച്ച് ആരംഭിക്കുന്ന 24ന് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുകയും ചെയ്യും. നഴ്‌സുമാരുടെ മിനിമം വേതനം ഇരുപതിനായിരം രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട് വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഇനി ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്ന് യുഎന്‍എ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 16-ാം തീയതി മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ലോങ് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ അവസാനിപ്പിച്ച ശേഷം സെക്രട്ടറിയേറ്റിന് ചുറ്റുമിരുന്ന് നഴ്‌സുമാര്‍ സമരം ചെയ്യും. ഒരു ലക്ഷത്തോളം നഴ്‌സുമാര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

ശമ്പള പരിഷ്‌കരണ ഉത്തരവ് ജനുവരിക്ക് മുമ്പ് ഇറക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഇതേവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ വേതനവര്‍ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് വ്യാപകമായി പണിമുടക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരും ആശുപത്രിമാനേജ്‌മെന്റുകളും യുഎന്‍എ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മിനിമം വേതനം ഇരുപതിനായിരമാക്കിക്കൊണ്ട് തീരുമാനമായത്. മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കരട് വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഇത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നതിന് ആദ്യം സ്റ്റേ അനുവദിച്ച കോടതി പിന്നീട് അത് പിന്‍വലിക്കുകയും വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന് ശേഷം പത്തൊമ്പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ തയ്യാരായിട്ടില്ല.

ജാസ്മിന്‍ഷാ പറയുന്നു, ‘ശമ്പളപരിഷ്‌കരണ തീരുമാനമുണ്ടായി ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച അന്തിമവിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി സംഘടന മുന്നോട്ട് പോവുന്നത്. ഹൈക്കോടതി സ്‌റ്റേ നീക്കിയിട്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തത് ആശുപത്രി മുതലാളിമാരുടെ സമ്മര്‍ദ്ദം മൂലമാണ്. 24ന് നടക്കുന്ന സമരത്തിനായി എല്ലാ ജിക്കകളും യൂണിറ്റുകളും സജ്ജമായിട്ടുണ്ട്. 2016ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ശമ്പളം ലഭ്യമാക്കണമെന്ന വളരെ ലളിതമായ ആവശ്യം മാത്രമാണ് നഴ്‌സുമാര്‍ക്കുള്ളത്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കാന്‍ തയ്യാറായ ആദ്യ സംസ്ഥാനമാണ് കേരളം. ഇതോടെയാണ് ഒരുവര്‍ഷം മുമ്പ് നടത്തിയ സംമരം നഴ്‌സുമാര്‍ പിന്‍വലിക്കുന്നത്. എന്നാല്‍ വര്‍ഷം ഒന്നായിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുതലാളിമാരുടെ പ്രതികാര നടപടിയും തുടരുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനം ലഭിച്ചില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കും. ചരിത്രപരമായ മുന്നേറ്റമാണ് കേരളം കാണാന്‍ പോവുന്നത്. ഇത് അന്തിമ വിജയത്തിനായുള്ള ത്യാഗോജ്ജല പോരാട്ടമാണ്.’

24 മുതല്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ പണിമുടക്കുമെന്ന് നേരത്തെ തന്നെ യുഎന്‍എ പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള സമരത്തില്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കാനാവശ്യമായ നഴ്‌സുമാരെ വിട്ടുനല്‍കില്ലെന്നും യുഎന്‍എ കടുത്ത നിലപാടെടുത്തിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളിലേയും നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കുചേരും. 23ന് രാത്രിജോലി കഴിയുന്ന നഴ്‌സുമാരടക്കം ലോങ്മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന വിശ്വാസത്തിലാണ് യുഎന്‍എ ഭാരവാഹികള്‍. വിജ്ഞാപനമിറക്കുന്നത് വരെ സെക്രട്ടറിയേറ്റിന് ചുറ്റുമിരുന്ന് സമരം തുടരാനാണ് നഴ്‌സുമാരുടെ തീരുമാനം. സംസ്ഥാനത്ത് നഴ്‌സിങ് മേഖലയിലെ 95ശതമാനം പേരും സ്ത്രീകളാണ്. വനിതകള്‍ കൂടുതലായി അണിനിരക്കുന്ന മാര്‍ച്ചിനായി മൊബൈല്‍ ടോയ്‌ലറ്റ്, ബാത്ത്‌റൂം സൗകര്യങ്ങളടക്കം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വിധ നിയമപരമായ അറിയിപ്പുകളും നടത്തിയിട്ടുണ്ടെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍