UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മെ രോഗികളാക്കുന്നത് നമ്മള്‍ തന്നെ; അനാരോഗ്യ കേരളം ചര്‍ച്ച തുടരുന്നു

Avatar

ഡോ. ഫ്രാന്‍സീസ് സേവ്യര്‍

കാലാവസ്ഥ വ്യതിയാനം, ഭക്ഷണക്രമത്തിലെ അപാകതകള്‍, സാമൂഹികമാറ്റങ്ങള്‍ എന്നിവ പകര്‍ച്ചവ്യാധികള്‍ക്ക്കാരണങ്ങളാണ്. ഇവയില്‍ സാമൂഹികമാറ്റം എന്നു പറയുന്നത് മാലിന്യവുമായി ബന്ധപ്പെട്ടാണ് പരിഗണിക്കേണ്ടത്. നിര്‍മാര്‍ജനം ചെയ്യപ്പെടാതെ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ പ്രകൃതിയെ കൂടുതല്‍ കൂടുതല്‍ ദുഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് സമൂഹത്തെ തന്നെ ഒരു പ്രധാനരോഗഹേതുവാക്കി മാറ്റുന്നു. സമൂഹത്തോട് മനുഷ്യനുള്ള ഉത്തരവാദിത്വമില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. നമ്മുടെ കോസ്റ്റല്‍ ബെല്‍റ്റുകളുടെ കാര്യമെടുക്കുക. വെള്ളമൊഴുകി പോകാന്‍ സൗകര്യമില്ലാതെ മലിനജലം കെട്ടിക്കിടക്കുന്ന കാഴ്ചകള്‍ ഇവിടങ്ങളില്‍ സാധാരണമാണ്. ആലപ്പുഴ ഇതിന് നല്ലൊരു ഉദ്ദാഹരണമാണ്. മലയോരമേഖലകളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുകിവന്നടിയുന്നൊരിടമായി ആലപ്പുഴ മാറി. തത്ഫലമായി അവിടെയുള്ള ജലജീവികള്‍, ജലജന്തുക്കള്‍, ജലസസ്യങ്ങളെല്ലാം നശിക്കുകയാണ്. ഇവ പ്രകൃതിയിലുണ്ടാക്കുന്നൊരു താളക്രമം കൂടിയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.

രണ്ടാമത് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണ്. പ്രകൃതിയില്ലാതെ മനുഷ്യന് നില്‍പ്പില്ലെന്നു പറയുന്നത് ശാസ്ത്രീയ സത്യമാണ്. പ്രകൃതിയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍പോലും മനുഷ്യനെ വേഗത്തില്‍ ബാധിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും പ്രകൃതി കാരണമാകുന്നത് ഇങ്ങനെയാണ്. ഒരു രോഗം എന്തുകൊണ്ടാണ് ഒരു പ്രത്യേക സീസണില്‍ മാത്രം പൊട്ടിപ്പുറപ്പെടുന്നത് നാം ആലോചിക്കാറുണ്ട്. വേനല്‍ക്കാലത്ത് ചിക്കന്‍ പോക്‌സ്, ചെങ്കണ്ണ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നത് കാണാം. രോഗാണുക്കള്‍ പൂര്‍ണമായി ഒഴിയാതെ നില്‍ക്കുന്നൊരു സാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ഇവ നമ്മളെ പിടികൂടുകയാണ്. കമ്യൂണിക്കബിള്‍ ഡിസീസ് പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ ശുചിത്വപരിപാലനം കാര്യക്ഷമമാക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രോഗാണുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നാക്രമണം നടത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങളാണ് നമ്മള്‍ ഒരുക്കിക്കൊടുക്കുന്നതെന്നുമാത്രം.

ആശുപത്രി മാലിന്യങ്ങള്‍ എങ്ങിനെയാണ് നിര്‍മാര്‍ജനം ചെയ്യുന്നതെന്നു ശ്രദ്ധിക്കാറുണ്ടോ? മാലിന്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ എല്ലാ ഹോസ്പിറ്റലുകളലില്‍ നിന്നും ഓരോ കട്ടിലിനുവച്ച് കൂലി ഇടാക്കുന്നുണ്ട്. പക്ഷെ ഈ മാലിന്യങ്ങള്‍ എങ്ങനെയാണ് നിര്‍മാര്‍ജനം ചെയ്യുന്നത്? ലോറികളിലാക്കിയാണ് ഇവ കൊണ്ടുപോകുന്നത്. അപ്പോള്‍ തന്നെ ഒരുവിധപ്പെട്ട രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കും. ഈ മാലിന്യങ്ങള്‍ ചെറിയഗ്രാമങ്ങളില്‍ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ മറവ് ചെയ്യുകയാണ്. അശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജനത്തിലൂടെ ഗ്രാമങ്ങളില്‍ രോഗാണുക്കള്‍ പടരാനാണ് ഇതിടയാക്കുന്നത്. നമുക്കറിയാവുന്നതാണ് അവികസിതമായ ഗ്രാമങ്ങളില്‍ രോഗങ്ങള്‍ പടര്‍ന്നു കഴിഞ്ഞാല്‍ അവ പ്രതിരോധിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകില്ലയെന്നത്. എന്നിട്ടും മാലിന്യത്തൊട്ടികളായി ഗ്രാമങ്ങളെ കാണുന്ന രീതിയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല.

ഗ്രാമങ്ങളില്‍മാത്രമല്ല, നഗരങ്ങളിലും രോഗാണുക്കളുടെ വ്യാപനം സാരമായ രീതിയില്‍ നടക്കുന്നുണ്ട്. നഗരങ്ങളിലെ ഫ്ലാറ്റുകള്‍ കാഴ്ചയ്ക്ക് മനോഹരമായിരിക്കാം. എന്നാല്‍ അവിടങ്ങളിലും മാലിന്യങ്ങള്‍ക്ക് വലിയ കുറവൊന്നും കാണില്ല. ആ മാലിന്യങ്ങള്‍ എന്തു ചെയ്യുന്നുവെന്നുപോലും അവര്‍ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. വ്രണത്തില്‍ വച്ച പഞ്ഞിപോലും എവിടെയാണ് ഉപേക്ഷിക്കുന്നത് അവര്‍ക്കറിയില്ല. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പലരും പുറത്തേക്ക് വലിച്ചെറിയുകയാണ്. മരുന്നല്ലേ എന്ത് പ്രശ്‌നം ഉണ്ടാകാനാണെന്നാണ് വിചാരിക്കുന്നത്. മരുന്നുകളുടെ അവശിഷ്ടങ്ങള്‍ പരിസ്ഥിതിയെ കെമിക്കല്‍ പൊല്യൂറ്റഡ് ആക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇക്കാര്യം വിദ്യാസമ്പന്നരായ നഗരവാസികള്‍പോലും തിരിച്ചറിയാറില്ല. ഇതുകൂടാതെയാണ് നമ്മള്‍ സ്വയം നമ്മുടെ വെള്ളവും നിരത്തുകളും മലിനമാക്കുന്നത്. വഴിയോരങ്ങളിലും ജലാശയങ്ങളിലും തുപ്പിയിടുകയെന്നത് നമുക്കൊരു ശീലം പോലെയാണ്. ഇവയെത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മലിനമായ ജലാശയം രോഗാണുവ്യാപനത്തിന് പ്രധാന ഉറവിടമാകുന്നുണ്ട്. സെപ്റ്റിക് ടാങ്ക് ഉണ്ടാക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തീരുമെന്ന് വിചാരിച്ചവശരായവരാണ് നമ്മള്‍. അതിനെല്ലാമപ്പുറം ഒരു പൊതുസംസ്‌കാരം ആദ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നുമാത്രം ആരും മനസ്സിലാക്കുന്നില്ല.

 

ബെസ്റ്റ് ഓഫ് അഴിമുഖം 

അനാരോഗ്യ കേരളം; ചില സത്യങ്ങള്‍-ഡോ.അനീഷ് ടി എസ് എഴുതുന്നു
പകര്‍ച്ചവ്യാധികള്‍ ഒരു പാരിസ്ഥിതിക പ്രശ്നമാണ്- ഡോ. ബി ഇക്ബാല്‍ പറയുന്നു
റൂബെല്ലയ്ക്ക് പിറകെ റോട്ടാ വൈറസ് വാക്‌സിനും; മരുന്നുപരീക്ഷണശാലയാവുന്ന കേരളം
നാം സൂക്ഷിക്കണം; ലോക ഹൃദയ ദിനത്തില്‍ മലയാളി ഓര്‍മ്മിക്കേണ്ടത്
പ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍

ഈ വിധമെല്ലാം രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന നമുക്ക് ഇവയെ പ്രതിരോധിക്കാനുള്ള ഇമ്യൂണിറ്റി പവറുണ്ടോ? അതുമില്ല. എങ്ങനെ നഷ്ടപ്പെടുന്നു നമ്മുടെ രോഗപ്രതിരോധശേഷി? കാരണങ്ങള്‍ പലതുണ്ട്, അതില്‍ പ്രധാനം ഭക്ഷണക്രമം തന്നെയാണ്. ശരീരത്തിനാവശ്യമായ ഒന്നും തന്നെ നാമിപ്പോള്‍ കഴിക്കുന്നില്ല. മണവും രുചിയും നിറവും നോക്കിയാണ് ഭക്ഷണം തെരഞ്ഞെടുക്കുന്നത്. ഉള്ളില്‍ എന്താണെന്ന് ആരും അറിയാന്‍ ശ്രമിക്കാറില്ല. ഇതൊക്കെ കഴിച്ചാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ആരും ചിന്താകുലരുമല്ല. രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്ന ഭക്ഷണക്രമമാണ് നാമിപ്പോള്‍ ബോധപൂര്‍വം സ്വീകരിച്ചിരിക്കുന്നത്. നല്ല ഭക്ഷണം കഴിച്ചകാലം അന്യമായിരിക്കുന്നു. നമുക്ക് ഇപ്പോള്‍ പറമ്പുകളേയില്ല, പിന്നെങ്ങനെ സ്വന്തമായി ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കും. എല്ലാം പുറത്തുനിന്നുവാങ്ങണം. ഇവയെല്ലാം എത്രത്തോളം സുരക്ഷിതമാണെന്ന് ആര്‍ക്കറിയാം? നാം കഴിക്കുന്ന ഒരു ഭക്ഷ്യവസ്തുവില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള എന്തെങ്കിലും വഴിയുണ്ടോ? ഇറക്കുമതി ചെയ്യുന്ന വസ്തുക്കളോട് വല്ലാത്തൊരു അഭിനിവേശമാണ് നാം കാണിക്കാറുള്ളത്. ഭക്ഷണവസ്തുക്കളോട് പ്രത്യേകിച്ച്. ഇവയുടെ ഗുണനിലവാരം ഇന്ത്യയില്‍ കാര്യക്ഷമമായി ശ്രദ്ധിക്കുന്നില്ലെന്ന സത്യം എത്രപേര്‍ തിരിച്ചറിയുന്നുണ്ട്. കൃത്യമായ പരിശോധനകളില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് ആര്‍ത്തിയോടെ വാങ്ങിക്കഴിക്കുന്നത്. കൊച്ചുകുട്ടികളെക്കൂടി ഇതിന്റെയെല്ലാം ഇരകളാക്കാനും ഉത്സാഹമാണ്. ഒടുവില്‍ എന്താ സംഭവിക്കുന്നത്, ചെറിയൊരു പനിവന്നാല്‍പ്പോലും ഒരു രോഗിയായി തളര്‍ന്നുവീണുപോകുന്ന തരത്തില്‍ നമ്മുടെ ശരീരം ദുര്‍ബലമാകുന്നു.

 മരുന്നുകള്‍ കൊണ്ട് എല്ലാത്തിനും പരിഹാരം കാണാമെന്നാണ് വിചാരമെങ്കില്‍ നമ്മുടെ പല മരുന്നുകളിലും പേടിപ്പെടുത്തുന്ന തരത്തില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. എന്തിന് ആയുര്‍വേദംപോലും അതില്‍ നിന്ന് മുക്തമല്ല. ബോധപൂര്‍വം ചെയ്യുന്നതാണെന്നല്ല പറയുന്നത്. വഴിയോരങ്ങളിലും പറമ്പുകളിലുമൊക്കെ നില്‍ക്കുന്ന കുറുന്തോട്ടിയും കൂവളവുമൊക്കെയാണല്ലോ ആയുര്‍വേദമരുന്നിനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ പലവിധ മാലിന്യങ്ങള്‍, വാഹനങ്ങളില്‍ നിന്ന് വമിക്കുന്ന പുകയുള്‍പ്പെടെ ആവാഹിച്ചെടുക്കുകയാണ്. ഇങ്ങനെ ലെഡും കാഡ്മിയവുമൊക്കെ അടിഞ്ഞുകൂടിയ പച്ചിലകളായിരിക്കും മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

 നമ്മുടെ ദിനചര്യകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യമെടുക്കുക. ഓരോന്നിലും കാണും ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍, രാവിലെ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ്. ടൂത്ത് പേസ്റ്റുകള്‍ പലവിധ കളറുകളിലാണ് ഇപ്പോള്‍ ലഭ്യം. ഈ കളറുകള്‍ എങ്ങനെ ഉണ്ടാക്കുന്നു. ടൂത്ത് പേസ്റ്റ് ഉണ്ടാക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ക്കൊപ്പം കെമിക്കലുകളും ചേര്‍ത്താണ് കളര്‍കോഡുകള്‍ ഉണ്ടാക്കുന്നത്. ഈ കെമിക്കലുകള്‍ കീടനാശിനികളുടെ അതേ നിലവാരത്തിലുള്ള രാസവസ്തുക്കളടങ്ങിയതാണ്. ടൂത്ത് പേസ്റ്റില്‍ തുടങ്ങുന്ന വിഷം തീറ്റ, കുടിക്കുന്ന പാലിലൂടെയും അതിലിടുന്ന പഞ്ചാസാരയിലൂടെയുമെല്ലാം കൂടിവരുന്നു.

രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍, പ്രത്യേകിച്ച് ഭക്ഷണവും കാലാവസ്ഥയും, തീവ്രമായ വ്യതിയാനങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്നതുകൊണ്ടാണ് രോഗാണുക്കള്‍ അതാതുകാലത്ത് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് അവയുടെ ആധിപത്യം നടത്തുന്നത്. ഇതില്‍ നിന്നു മുക്തി നേടണമെങ്കില്‍ മൂന്നുകാര്യങ്ങള്‍ മാറണം- മലിനമായ പരിസ്ഥിതി, മലിനമായ ഭക്ഷണം, മലിനമായ മനസ്ഥിതി.

(തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ പ്രൊഫസറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍