UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ പരിഹാരം

പണ്ടൊക്കെ വണ്ണം വയ്ക്കാനുള്ള പരസ്യങ്ങളായിരുന്നൂ പ്രസിദ്ധീകരണങ്ങള്‍ നിറയെ. ഇന്നോ? തടികുറയ്ക്കാനുള്ള വഴികള്‍ തേടുകയാണു നമ്മില്‍ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേള്‍ക്കുന്നത്.കോശങ്ങള്‍ അമിതമായി കൂടുകയും ആ കോശങ്ങളില്‍ ജലമോ കൊഴുപ്പോ മാംസമോ അധികമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു അമിതവണ്ണം എന്നു പറയുന്നത്.വണ്ണം (തടി) കൂടുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും. സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും ചിന്തകളെയും അതു ബാധിക്കുമെന്നു മാത്രമല്ല, ഒരുപാട് അസുഖങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും. ‘അതിസ്ഥൗല്യം’ എന്നാണു ആയുര്‍വേദ ആചാര്യന്മാര്‍ അതിനു പറയുന്നത്. കൃശത (മെലിയല്‍) വരമായാണു അവര്‍ കാണുന്നത്.

ഇന്നു നാമൊക്കെ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. നെയ്യും വെണ്ണയും തൈരും നന്നായി കഴിക്കും. ആഹാരത്തിനു സമയനിഷ്ടയില്ല. സൗകര്യം കിട്ടിയാല്‍ പകലും ഉറങ്ങും. ജങ്ക്ഫുഡും കോളയും കിട്ടിയാല്‍ അതും വേണ്ടെന്നു വയ്ക്കില്ല. വ്യായാമമാകട്ടെ, തീരെയില്ല.ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറുണ്ടോയെന്നോ, തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിക്കു നടക്കുന്നുണ്ടോയെന്നോ, അഡ്രിനാലിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാറുമില്ല.കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മുറപോലെ നടക്കുന്നുണ്ടോയെന്നു നാം നോക്കാറില്ലല്ലൊ. അമിത വണ്ണമുള്ളവരുടെ രക്തയോട്ടം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പ്രശ്‌നങ്ങളുണ്ടാകാം.

ഇതിന്റെ ഫലമായി ഓര്‍മക്കുറവ് വരാം. ബുദ്ധിമാന്ദ്യം തന്നെ സംഭവിക്കാം. പെട്ടെന്നു കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവു കുറയാം. അനാവശ്യസന്ദര്‍ഭങ്ങളില്‍ ദേഷ്യം വരാം. അധികമായി ഉറക്കം വരാം. തോള്‍ വേദനയും കഴുത്തുവേദനയും മുട്ടുവേദനയും വരാം. ശരീരത്തില്‍ ചൊറിച്ചിലുണ്ടാകാം, തൊലിയ്ക്കിടയില്‍ കൊഴുപ്പടിഞ്ഞ് മുഴകള്‍ വരാം, നിതംബവും അടിവയറും സ്തനങ്ങളും ഇടിഞ്ഞുതൂങ്ങാം, കക്ഷത്തിലും കഴുത്തിലും സന്ധികളിലും കറുപ്പുനിറം വരാം, സംസാരിക്കുമ്പോള്‍ പറ്റിയ വാക്കുകള്‍ വരാത്ത പ്രശ്‌നമുണ്ടാകാം.

ഹൃദ്രോഗം, തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടല്‍, കണ്ണിന്റെ റെറ്റിനയില്‍ പ്രശ്‌നം, ലൈംഗിക മന്ദത, ഞരമ്പ് ചുരുളല്‍ തുടങ്ങിയവയൊക്കെ വരാം. ശരീരത്തിന്റെ ഭാരക്കൂടുതല്‍ മൂലം എടുപ്പുവേദന, മുട്ടുവേദന, കണങ്കാല്‍ വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നു കൂടാം. പാരമ്പര്യമായ പ്രമേഹമുള്ള മാതാപിതാക്കള്‍ കുട്ടികളുടെ തടിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ടിവിക്കു മുന്നില്‍ അവരെ അധികനേരം ഇരുത്തരുത്.

അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ പ്രധാനം. പാല്‍ നല്ലതല്ല. ഉറക്കസമയം കുറയ്ക്കുക. ഉറക്കം സുഗമമാക്കുന്ന നല്ല കിടക്ക ഉപയോഗിക്കരുത്. പകരം പരുപരുപ്പുള്ള മെത്തകളും വിരികളും ഉപയോഗിക്കുക.എണ്ണയോ തൈലമോ പുരട്ടരുത്. അമിതമായി വെള്ളം കുടിക്കരുത്. കുടിക്കാന്‍ സംഭാരമോ ജീരകവെള്ളമോ, ചുക്കുവെള്ളമോ ആവശ്യത്തിനാകാം. മധുരം വേണ്ട. ഉപവാസം നല്ലതാണ്. വൈദ്യ നിര്‍ദേശം കൃത്യമായി പാലിച്ചാല്‍ ഗുണം കിട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍