UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിങ്ങളിലെ ആത്മീയ അവബോധത്തിനും തലച്ചോറുമായി ബന്ധമുണ്ട്!

ആത്മീയ അവബോധമുള്ള ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ‘പുറമെയുള്ള ശക്തി’യുടെ സാന്നിധ്യത്തിന് തലച്ചോറിലെ ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ടെന്നാണ് നിഗമനം

നിങ്ങള്‍ നിരീശ്വരവാദിയോ വിശ്വാസി അല്ലെങ്കില്‍ അവിശ്വാസിയോ ആയിരിക്കാം. പക്ഷെ എല്ലാത്തിലും മനസ്സിന്റെ വിവിധ തലങ്ങള്‍ മാത്രമാണ് തീരുമാനമെടുക്കുന്നതെന്ന് ധരിക്കരുത്. നിങ്ങളുടെ ആത്മീയമായ ഇഷ്ടങ്ങളെല്ലാം തലച്ചോര്‍ തിരിച്ചറിയുന്നുണ്ടത്രെ! ശരീരത്തിനും മനസ്സിനും അപ്പുറം ഒരു അദൃശ്യ ശക്തിയില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്തെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

പരൈറ്റല്‍ കോര്‍ട്ടെക്സ്(parietal cortex) എന്ന തലച്ചോറിലെ ഇടം, ഇത്തരം അവസ്ഥകളോട് പ്രതികരിക്കുന്നുണ്ട്. ശരീരത്തിന് ആസാധാരണമായ അഥവ അദൃശയമായ വിശ്വാസപ്രമാണങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ അറിവുകളും ഈ ഭാഗത്തിലൂടെ കടന്നുപോകുന്നു.

സെറിബ്രല്‍ കോര്‍ട്ടെക്സ്(cerebral cortex) മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിലവില്‍ ഏറ്റവുമധികം ശാസ്ത്രീയ പഠനം നടക്കുന്നത് ശരീരവും ആത്മീയതയും എന്ന വിഷയത്തിലാണെന്നും പറയുന്നുണ്ട്. മാനസിക ആരോഗ്യം നിലനിര്‍ത്താനും അന്ധവിശ്വാസങ്ങളോടുള്ള അടുപ്പം കുറയ്ക്കാനും ഈ പഠനങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ആത്മീയതയും നാഡീവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനങ്ങള്‍ സജീവമാണ്.

യേല്‍ (yale) സര്‍വ്വകലാശാലയിലെ ന്യൂറോസയന്റിസ്റ്റ് മാര്‍ക് പൊട്ടെന്‍സ(Marc Potenza) യാണ് ഇവരില്‍ പ്രധാനി. ജീവിതത്തില്‍ കടന്നുപോയിട്ടുള്ള ആത്മീയ അനുഭൂതികള്‍ പങ്കുവെക്കാന്‍ ആരോഗ്യമുള്ള 27 ഇംഗ്ലീഷുകാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവ ഓര്‍മിച്ചെടുത്ത് കൃത്യമായി പങ്കുവെക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. എന്തെങ്കിലും അസാധാരണമായ അനുഭവമുണ്ടെങ്കില്‍ വിട്ടുപോകരുതെന്നും നിര്‍ദ്ദേശിച്ചു.

ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം 27 പേരെയും പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയത്. ഓരോരുത്തരും പങ്കുവെച്ച അനുഭവങ്ങള്‍ അവരോട് തന്നെ തിരിച്ച് പറയുന്നതായിരുന്നു ഒരു ഘട്ടം. ഇതിനായി ഫംഗ്ഷണല്‍ എംആര്‍ഐ(fMRI)യ്ക്ക് ഇവരെ വിധേയരാക്കി. പതിഞ്ഞ സ്ത്രീ ശബ്ദത്തിലാണ് അനുഭവങ്ങള്‍ അവരോട് തന്നെ പങ്കുവെച്ചത്. ആ സമയം തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കപ്പെട്ടു. ഇങ്ങനെയാണ് ആത്മീയാനുഭവത്തിനോട് തലച്ചോറിലെ ഒരു പ്രത്യേകഭാഗം പ്രതികരിക്കുന്നുണ്ടെന്ന ആദ്യ കണ്ടെത്തല്‍ പിറവിയെടുക്കുന്നത്.

ആത്മീയ അവബോധമുള്ള ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ‘പുറമെയുള്ള ശക്തി’യുടെ സാന്നിധ്യത്തിന് തലച്ചോറിലെ ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ടെന്നാണ് നിഗമനം.

ചുരുക്കം വ്യക്തികളില്‍, അതും സമാന വിശ്വാസമുള്ളവരില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് നിലവില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട്. കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലൂടെ മാത്രമെ വ്യക്തമായ ശാസ്ത്രീയ നിഗമനങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍