UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന ജപ്പാന്‍ ജ്വരം എന്താണ്?

സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസര ശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്.

ഗോരഖ്പൂരില്‍ 70 കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അപര്യാപ്തതയാണോ വെന്റിലേറ്ററിന്റെ അഭാവമാണോ അതോ ആ കുട്ടികളെ ബാധിച്ച ഗുരുതരമായ രോഗമാണോ കാരണം എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ജാപ്പനീസ് എന്‍സെഫലൈറ്റിസ് എന്ന ഗുരുതരമായ മസ്തിഷ്‌ക ജ്വരമാണ് അധികം പേരെയും ബാധിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണീ JE എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജപ്പാന്‍ ജ്വരം (Japanese Encephalitis).

1871-ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഇങ്ങനെ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1956-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി (തമിഴ് നാട്ടില്‍) ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പരിസരശുചിത്വത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലകളായ ഉത്തര്‍പ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് JE ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

എന്താണീ രോഗത്തിന് കാരണം?

ഒരു തരം വൈറസാണ് രോഗകാരണം. അടുത്ത കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഡെങ്കിപ്പനി പോലെ ഇവിടെയും വൈറസിനെ മനുഷ്യനിലെത്തിക്കുന്നത് കൊതുകും. ഡെങ്കിപ്പനി ഈഡിസ് കൊതുകു വഴിയാണെങ്കില്‍ JE ക്യൂലെക്‌സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുമ്പോള്‍ ക്യൂലെക്‌സ് കൊതുകുകള്‍ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്.

പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകള്‍ മനുഷ്യനെ കടിക്കുമ്പോള്‍ അവര്‍ക്ക് രോഗം വരുന്നു. എന്നാല്‍ മനുഷ്യനില്‍ നിന്നും വേറൊരാള്‍ക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല (accidental host). വീട്ടില്‍ കന്നുകാലികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ കടി അവ ഏറ്റു വാങ്ങുന്നതിനാല്‍ മനുഷ്യര്‍ കുറെയൊക്കെ രക്ഷപ്പെടാനും സാധ്യതയുണ്ട് (dampening host)

എന്താണ് രോഗലക്ഷണങ്ങള്‍?

JE എന്ന രോഗം Acute Encephalitis Syndrome (AES) എന്ന പൊതുലക്ഷണം കാണിക്കുന്ന രോഗങ്ങളില്‍ ഒന്നാണ്. പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം, അസാധാരണമായ പെരുമാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പൂര്‍ണ്ണമായും ബോധം നശിക്കുന്ന അവസ്ഥയും വന്നെത്താം. വൈറസ് ബാധ മൂലം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും തലയ്ക്കകത്ത് പ്രഷര്‍ കൂടുകയും ചെയ്യുന്നതാണ് വിനയാകുന്നത്.

രോഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ശമിക്കുമെങ്കിലും അതിനിടയില്‍ തലച്ചോറിലുണ്ടാക്കുന്ന തകരാറനുസരിച്ചാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍. രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് ഭാഗം പേര്‍ രോഗതീവ്രത മൂലം മരിച്ചു പോകുന്നു. മൂന്നിലൊന്നു ഭാഗം പേര്‍ ഗുരുതരമായ വൈകല്യങ്ങളുമായി (അപസ്മാര രോഗം, ബുദ്ധി മാന്ദ്യം, കൈകാലുകള്‍ക്കുള്ള ബലക്കുറവ്, ചലനവൈകല്യങ്ങള്‍ എന്നിങ്ങനെ) ശിഷ്ടജീവിതം കഷ്ടപ്പെട്ടു തള്ളി നീക്കേണ്ടി വരുന്നു. ബാക്കിയുള്ള മൂന്നിലൊന്നു ഭാഗം പേരാണ് പൂര്‍ണ്ണമായും സുഖം പ്രാപിക്കുകയോ, വളരെ ചെറിയ വൈകല്യങ്ങളോടെ രക്ഷപ്പെടുകയോ ചെയ്യുന്നത്.

എന്താണ് ചികില്‍സ?

തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്. ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ലഭ്യമല്ല. തലച്ചോറിനകത്തെ നീര്‍ക്കെട്ടും പ്രഷറും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ നിലയില്‍ നിലനിര്‍ത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്. JE എന്ന രോഗത്തെ മറ്റ് തരം എന്‍സെഫലൈറ്റിസുകളില്‍ നിന്നും വേര്‍തിരിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചിലതരം എന്‍സെഫലൈറ്റിസുകള്‍ക്ക് (ഹെര്‍പ്പിസ് എന്‍സെഫലൈറ്റിസ്, ആട്ടോഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്നിവ) കൃത്യമായ ചികില്‍സ ഉണ്ട്.

രോഗം ഭേദമായാല്‍ വൈകല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ഫിസിയോ തെറാപ്പി, ഓക്യുപേഷണല്‍ തെറാപ്പി എന്നിങ്ങനെയുള്ള തുടര്‍ചികില്‍സയും വേണ്ടിവരും. അപസ്മാരം തടയാനുള്ള മരുന്നുകളും ദീര്‍ഘകാലം വേണ്ടി വന്നേക്കാം. എന്തുതന്നെയായാലും എത്രമാത്രം ഭേദമാകും എന്ന് പ്രവചിക്കുക അസാധ്യം. രോഗം വരാതെ നോക്കുന്നതിലുള്ള പ്രാധാന്യവും ഇതുതന്നെ.

എങ്ങനെ പ്രതിരോധിക്കാം?

പ്രധാനമായും മൂന്നു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്

1. ഓരോ രോഗിയെയും ആദ്യമേ തന്നെ കണ്ടെത്തുക
2. രോഗകാരണമായ കൊതുകുകളെ നിയന്ത്രിക്കുക
3. പ്രതിരോധ കുത്തിവെപ്പ് നല്‍കുക

ഓരോ കേസുകളും കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. രോഗസാധ്യതയുള്ള മേഖലയില്‍ ഉണ്ടാവുന്ന ഓരോ മസ്തിഷ്‌കജ്വരങ്ങളും കൃത്യമായി കണ്ടെത്തണം. ജപ്പാന്‍ ജ്വര ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കണം. ഓരോ സ്ഥലത്തെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ചുമതല. കേസുകള്‍ കണ്ടെത്തുന്നത് മൂലം കൂടുതല്‍ പേര്‍ക്ക് രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത്തരത്തില്‍ അസുഖ സാധ്യതയുള്ളവര്‍ക്കു ഒരുമിച്ചു പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും ചെയ്യാം.

ക്യൂലൈക്‌സ് വിഭാഗത്തിലെ കൊതുകുകളാണ് അസുഖം പരത്തുന്നതെന്നു പറഞ്ഞിരുന്നല്ലോ. പ്രധാനമായും ജലാശയങ്ങളിലും വയലുകളിലെ കെട്ടികിടക്കുന്ന വെള്ളത്തിലുമൊക്കെയാണ് ഈ കൊതുകുകള്‍ മുട്ടയിടുക. അതുകൊണ്ടു തന്നെ ലാര്‍വകളെ കൊന്നൊടുക്കുക എന്നത് എളുപ്പമല്ല. കൂടാതെ പന്നി, പക്ഷികള്‍ എന്നീ ജീവികളിലും കൊതുകുകള്‍ കടിക്കുന്നത് മൂലം വൈറസ് ഉണ്ടാവും. അവയില്‍ നിന്നും വീണ്ടും മറ്റു കൊതുകുകള്‍ക്കും അതുവഴി മനുഷ്യര്‍ക്കും അസുഖം ലഭിക്കാം.

എന്താണ് നമുക്ക് ചെയ്യാന്‍ പറ്റുക?

-വീടും പരിസരവും വൃത്തിയായി പരിപാലിക്കുക.
-വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
-കൃത്യമായി മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
-പന്നിയെ വളര്‍ത്തുന്നവര്‍ ഇവയുടെ കൂടിനു ചുറ്റും ചെറിയ വലയടിക്കുക .
അങ്ങനെ ചെയ്യുന്ന വഴി അവയെ കൊതുകുകടിയില്‍ നിന്ന് സംരക്ഷിക്കാം, മനുഷ്യരിലേക്കുള്ള രോഗപ്പകര്‍ച്ച തടയാം.

മനുഷ്യന് കൊതുകുകടി കിട്ടാതിരിക്കാനായി എന്തൊക്കെ ചെയ്യാം?

-ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക
-ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
-കൊതുകിനെ ഓടിക്കുന്ന തിരികളും മറ്റു റിപ്പല്ലന്റുകളും ഉപയോഗിക്കുക.
-വീടിന്റെ ജനാലകളും മറ്റും വല തറച്ചു സംരക്ഷിക്കുക.

പ്രതിരോധ കുത്തിവെപ്പ്:

രോഗം തടയാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗം പ്രതിരോധ കുത്തിവെപ്പാണ്. 2006 ല്‍ ആണ് ആദ്യമായി ഇന്ത്യയില്‍ JE കുത്തിവെപ്പ് ഉപയോഗിക്കുന്നത്. അന്ന് ഉത്തര്‍പ്രദേശിലെ രോഗ സാധ്യതയുള്ള ഏതാനും ജില്ലകളിലെ കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ദേശിയ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം എല്ലവര്‍ക്കും കുത്തിവെപ്പ് എടുക്കേണ്ടതില്ല. ഇന്ത്യയില്‍ നിലവില്‍ 181 ജില്ലകളില്‍ ഈ കുത്തിവെപ്പ് നല്‍കുന്നു. ടിഷ്യൂ കള്‍ച്ചര്‍ വാക്സിന്‍ ആണ് ഉപയോഗിക്കുന്നത്. സാധാരണയായി രണ്ടു കുത്തിവെപ്പുകളാണ് നല്‍കുക. 15 മാസം പ്രായമാകുമ്പോള്‍ ഒരു കുത്തിവെപ്പാണ് നല്‍കുന്നത്. നല്ല കുത്തിവെപ്പ് കവറേജ് ഉള്ള സ്ഥലങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ രോഗം തടയാന്‍ ഈ മാര്‍ഗ്ഗം കൊണ്ടു മാത്രം സാധിക്കും.

കേരളത്തില്‍ രോഗ സാധ്യത കൂടുതലുള്ള ജില്ലകളായ ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2007 മുതല്‍ JE ക്കെതിരായ കുത്തിവെപ്പ് നല്‍കി വരുന്നു.

ഇത് കൂടാതെ അസുഖ സാധ്യത മേഖലയിലേക്ക് യാത്ര ചെയ്യുന്നവരും കുത്തിവെപ്പ് എടുക്കണം. 2 കുത്തിവെപ്പുകള്‍ 28 ദിവസമെങ്കിലും ഇടവിട്ട് എടുക്കണം. യാത്രക്ക് ഒരാഴ്ച്ചക്ക് മുന്നേ തന്നെ രണ്ടാം ഡോസ് നല്‍കണം. ഒപ്പം എവിടെയെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അതിനു ചുറ്റുമുള്ള ആളുകള്‍ക്കും കുത്തിവെപ്പ് നല്‍കാറുണ്ട്.

JE റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട രോഗമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആരോഗ്യ വകുപ്പ് എടുക്കുന്ന സത്വര നടപടികളിലൂടെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതെ തടയാന്‍ സാധിക്കും. ഗോരഖ്പൂരുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കും കൂട്ടായി പ്രയത്‌നിക്കാം.

(ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഡോ. മോഹന്‍ ദാസും ഡോ. ജിതിന്‍ ടി ജോസഫും എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍