UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആനകൾക്ക് ക്യാൻസർ വരുമോ?

ഒരു പ്രത്യേക ജീനിന്റെ സാന്നിധ്യമാണ് ആനയ്ക്ക് ക്യാൻസർ പിടിപെടാതിരിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ

മനുഷ്യശരീരത്തിൽ 37 ട്രില്യൺ കോശങ്ങളുണ്ട്. ഒരു ക്വാഡ്രില്യണിനും ( Million, Billion, Trillion, QuadrilIion) മേലെയാണ് ആനയുടെ ശരീര കോശങ്ങളുടെ എണ്ണം. അർബുദം വരാനുള്ള സാഹചര്യം ഉണ്ടായിട്ടും ആനകളിൽ ഈ രോഗം വ്യാപകമാകാത്തത് എന്തുകൊണ്ട്? വിദഗ്ധർ പ്രതീക്ഷിച്ച അത്ര പോലും ക്യാൻസർ സാധ്യത ആനയ്ക്കില്ലെന്നാണ് വിലയിരുത്തൽ. ഒരു പ്രത്യേക ജീനിന്റെ സാന്നിധ്യമാണ് ആനയ്ക്ക് ക്യാൻസർ പിടിപെടാതിരിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ.

11% മുതൽ 25% വരെ മനുഷ്യർ ക്യാൻസർ രോഗം ബാധിച്ച് മരിക്കുമ്പോൾ ആനകളിൽ ഈ കണക്ക് 4.8% ആണ്. ലോസ് ഏഞ്ചൽസ് ടൈംസിന്റെ ഈ നിരീക്ഷണം മുഖവിലക്കെടുമ്പോഴാണ് അത്ഭുതപ്പെടുക. മനുഷ്യരേക്കാളും 100 ഇരട്ടി കോശങ്ങളുള്ള ആനക്ക് ക്യാൻസർ സാധ്യത വളരെ കുറവ്!

കാട്ടാനകൾക്ക് 70 വയസാണ് ശരാശരി ആയുസ്. മൂന്ന് വയസ് പ്രായത്തിൽ കുട്ടിയാനകൾ കോളൻ ക്യാൻസർ (Colon Cancer) ബാധിച്ച് മരിക്കാൻ സാധ്യതയുണ്ടെന്നാണ് രോഗ വിദഗ്ധനായ ജോഷ്വ ഡി. ഷിഫ്മാൻ (Joshua D. Schiffman) പറയുന്നത്. പക്ഷെ അത് സംഭവിക്കാത്തതിന് പിന്നിൽ ജനിതകമായ പ്രത്യേകതകൾ ആണത്രെ.

ഇത് എങ്ങനെ സാധ്യമാകുന്നു?

ട്യൂമറുകളിൽ നിന്ന് ശരീരത്തെ അകറ്റി നിർത്തുന്ന ഈ ജീനിന് P53 എന്നാണ് പേര്. ചില ജന്തുവർഗങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്. ഡി.എൻ.എ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ശേഷിയുള്ളതാണ് P53 എന്ന് ഷിഫ്മാൻ വ്യക്തമാക്കുന്നു. സെൽ ഡെത്ത്, സെൽ സൂയിസൈഡ് തുടങ്ങി കോശ നശീകരണത്തിന്റെ അവസ്ഥകളെയും P53 നിയന്ത്രിക്കുന്നുണ്ട്.

രണ്ട് വ്യത്യസ്ത ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ഈ കണ്ടുപിടിത്തം. ഉട്ടാ (Utah) സർവ്വകലാശാലയിൽ നടന്ന ഗവേഷണത്തിൽ ആനയും മനുഷ്യനും ഉൾപ്പെടെ 36 ജീവിവർഗങ്ങളുടെ ജീനുകൾ പരിശോധിച്ചു. P53 ജീൻ മനുഷ്യനിൽ ഒരു കോപ്പി കാണപ്പെടുമ്പോൾ ആനകളിൽ ഇത് 20 കോപ്പിയാണ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

20 കോപ്പി എന്നത് കൃത്യം കണക്കല്ല. യഥാർത്ഥ നമ്പറിലേക്ക് ശാസ്ത്രജ്ഞർക്കെത്താനുള്ള സൂചനകൾ ഉട്ടാ സർവ്വകലാശാല നൽകിക്കഴിഞ്ഞു. P53യുടെ ഇനിയുള്ള കോപ്പികൾ, കാൻസർ രോഗ സാധ്യതയെയല്ല മറിച്ച് രോഗം വന്ന കോശങ്ങളെ എങ്ങനെ നശിപ്പിക്കുന്നു എന്നതാകും വ്യക്തമാക്കുകയെന്ന് ശാസ്ത്രസംഘം വിലയിരുത്തുന്നു.

തലമുറകളായി വികസിച്ചു വന്ന ഏതെങ്കിലും ഒരു പ്രതിരോധശേഷിയാകും ആനക്ക് ഈ സവിശേഷത നൽകിയതെന്നാണ് മറ്റൊരു പഠനം. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പഠനത്തിലും p53 യെക്കുറിച്ച് സൂചനയുണ്ട്. ” സംഭവിക്കുന്നത് എന്തായാലും അത് ആനയ്ക്ക് മാത്രമുള്ള പ്രത്യേകതയാ”ണെന്നാണ് ഷിക്കാഗോ സർവ്വകലാശാല ബയോളജിസ്റ്റ് വിൻസന്റ് ജെ. ലിഞ്ച് (Vincent J Lynch) അഭിപ്രായപ്പെടുന്നത്. വ്യക്തമായ പഠനത്തിന് ശേഷം ഇത് മനുഷ്യരിലേക്കും പരീക്ഷിക്കാൻ സാധിക്കുമെന്നാണ് വിൻസന്റ് ലിഞ്ചിന്റെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍