UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആത്മീയ ധ്യാനത്തില്‍ പങ്കെടുക്കുമ്പോള്‍ മനഃശാന്തി ലഭിക്കുന്നത് എന്തുകൊണ്ട്?

പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ തലച്ചോറില്‍ നടക്കുന്ന മാറ്റങ്ങളാണ് മനഃശാന്തി കാരണമാകുന്നതെന്ന് പഠനം

സഹന ബിജു

സഹന ബിജു

മന:ശാന്തിക്കും സൗഖ്യത്തിനും എല്ലാം ധ്യാനം ഒരു ഉപാധിയാണ്. വിവിധ മതങ്ങളുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നിരവധി പേര്‍ക്ക് മനഃശാന്തി ഏകുന്നു. മത്സരത്തിന്റെയും അസ്വസ്ഥതകളുടെയും മനഃപ്രയാസത്തിന്റെയും ലോകത്തുനിന്ന് ആശ്വാസം കണ്ടെത്താന്‍ ആത്മീയതയുടെ വഴി തേടുന്നവരും ഉണ്ട്. ധ്യാനത്തില്‍ പങ്കെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മനഃശാന്തി ലഭിക്കുന്നത് എന്തുകൊണ്ടാണ്? പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ തലച്ചോറില്‍ നടക്കുന്ന മാറ്റങ്ങളാണ് അതിന് കാരണം. ഡോപ്പാമിന്‍, സെറോടോണിന്‍ സിസ്റ്റത്തിന് മാറ്റങ്ങള്‍ വരുന്നു എന്നാണ് തോമസ് ജെഫേഴ്‌സണ്‍ സര്‍വലാശാലയിലെ മാര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ഹെല്‍ത്ത് ഗവേഷകര്‍ പറയുന്നത്.

24 മുതല്‍ 76 വയസ് വരെ പ്രായമുള്ള 14 ക്രിസ്ത്യന്‍ മത വിശ്വാസികളിലാണ് പഠനം നടത്തിയത്. ജെസ്യുട് വിഭാഗത്തിന്റെ സെന്റ് ഇഗ്നേഷ്യസ് ലൊയോള രൂപവത്കരിച്ച ആത്മീയ വ്യായാമത്തെ അടിസ്ഥാനമാക്കിയുള്ള ഇഗ്നേഷന്‍ റിട്രീറ്റില്‍ അവര്‍ പങ്കെടുത്തു. പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം ദിവസത്തില്‍ കൂടുതല്‍ സമയവും അവര്‍ നിശ്ശബ്ദരായും പ്രാര്‍ത്ഥനയോടെയും ചെലവഴിച്ചു. കൂടാതെ നേതൃത്വവും ഉള്‍ക്കാഴ്ചയും ലഭിക്കാന്‍ ദിവസവും ഒരു ആത്മീയ നേതാവിനെ കണ്ടു.

ധ്യാനം കഴിഞ്ഞു മടങ്ങി എത്തിയ ഇവര്‍ സര്‍വേകളില്‍ പങ്കെടുത്തു. ഇവരുടെ ശാരീരികാരോഗ്യം മെച്ചപ്പെട്ടതായും ടെന്‍ഷന്‍, ക്ഷീണം ഇവയെല്ലാം മാറിയതായും കണ്ടു. ഡോപ്പാമിന്‍ ബൈന്‍ഡിങ്ങില്‍ വന്ന മാറ്റംമൂലം അതീന്ദ്രീയാനുഭൂതി കൈവന്നതായും ഇവര്‍ക്ക് അനുഭവപ്പെട്ടു. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളാണ് ഡോപാമിനും സെറോടോണിനും. എന്തുകൊണ്ടാണ് ഈ ചര്യകള്‍ ശക്തവും പോസിറ്റീവും ആയ അനുഭവങ്ങള്‍ നല്‍കുന്നത് എന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. ഏഴു ദിവസത്തെ ധ്യാനത്തിന് ശേഷം ഇവര്‍ക്കുണ്ടായ ആത്മീയാനുഭവം മൂലം ഇവരുടെ ഡോപ്പാമിന്‍ സെറോടോണിന്‍ ട്രാന്‍സ്‌പോര്‍ട്ടറുകള്‍ക്ക് വ്യക്തമായ മാറ്റം ഉണ്ടായി.

ധ്യാനത്തിന് ശേഷമുള്ള സ്‌കാനിങ്ങില്‍ ഡോപ്പാമിന്‍ ട്രാന്‍സ്‌പോര്‍ട്ടറുകളുടെയും സെറോടോണിന്‍ ട്രാന്‍സ്‌പോര്‍ട്ടറുകളുടെയും ബൈന്‍ഡിങ്ങില്‍ കുറവ് കണ്ടു. ഇത് തലച്ചോറിലേക്ക് കൂടുതല്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ലഭ്യമാക്കാന്‍ സഹായിക്കുന്നു . ഇത് ശുഭചിന്തകളും ആത്മീയ അനുഭവവുമായും ബസന്ധപ്പെട്ടിരിക്കുന്നു.

ബുദ്ധി, വികാരം, ചലനം ഇവയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദിയാണ് ഡോപ്പാമിന്‍. സെറോടോണിന്‍ ആകട്ടെ വൈകാരിക നിയന്ത്രണവും മനസികാവസ്ഥയുമായും ബന്ധപ്പെട്ടിരുക്കുന്നു. ധ്യാനത്തിന്റെ ഏതവസ്ഥയാണ് നാഡീ പ്രേഷണ സംവിധാനത്തില്‍ മാറ്റം വരുത്തിയത് എന്നും വിവിധ ധ്യാനങ്ങള്‍ വിവിധ ഫലങ്ങളാണോ നല്‍കുന്നത് എന്നതിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഈ പഠനം ഉയര്‍ത്തുന്നുണ്ട്. ഭാവിയില്‍ ഇവയ്ക്കുള്ള ഉത്തരത്തിനായി പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകനായ ഡോ. ആന്‍ഡ്രൂ ന്യൂബര്‍ഗ് പറയുന്നു. റിലീജിയന്‍, ബ്രെയിന്‍ ആന്‍ഡ് ബിഹേവിയര്‍ എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍