UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എന്തുകൊണ്ട് എംആര്‍ വാക്‌സിന്‍ പ്രധാനപ്പെട്ടതാണ്? ഈ ഡോക്ടര്‍മാര്‍ പറയുന്നതു കേള്‍ക്കൂ…

95 ശതമാനം കവറേജെങ്കിലും നേടാനായില്ലെങ്കില്‍ മീസില്‍സ് റൂബെല്ല നിര്‍മ്മാര്‍ജ്ജനം സംസ്ഥാനത്ത് സാധ്യമാകില്ലെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ പരിപാടിയുടെ സമയപരിധി കഴിയാറാവുമ്പോള്‍ 60 ശതമാനം കുട്ടികള്‍ക്കാണ് ഇതുവരെ കുത്തിവയ്‌പ്പെടുത്തിരിക്കുന്നത്. മലബാറിലെ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് വാക്സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ആരോഗ്യവകുപ്പ് നീട്ടിക്കൊടുത്തേക്കും. 70 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ എടുക്കുന്നതെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 90 ശതമാനം റൂബെല്ല കേസുകളും ബാധിക്കുന്നത് 15 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ്. എന്നാല്‍ 70 ശതമാനത്തില്‍ താഴെ വരുന്ന വാക്‌സിനേഷന്‍ കവറേജ് ഈ പ്രായഘടനയില്‍ മാറ്റം വരുത്താമെന്ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മോഹന്‍ദാസ് നായര്‍ പറയുന്നു. 20നും 30നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളായ സ്ത്രീകളേയും ഇത് ബാധിക്കാം. ഗര്‍ഭ കാലത്ത് റൂബെല്ല ബാധിക്കുന്നത് ഗര്‍ഭം അലസുന്നതിനോ റൂബെല്ല സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ ജനനത്തിനോ കാരണമാകാം. ഇത്തരം കുട്ടികള്‍ക്ക് ആവശ്യത്തിന് ഭാരമുണ്ടാകില്ല. ചെറിയ തലച്ചോറായിരിക്കും ഇത്തരം കുട്ടികള്‍ക്ക്. ബുദ്ധിപരമായ പ്രശ്‌നങ്ങളുണ്ടായേക്കാം. കാഴ്ചാ പ്രശ്‌നങ്ങള്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്.

95 ശതമാനം കവറേജെങ്കിലും നേടാനായില്ലെങ്കില്‍ മീസില്‍സ് റൂബെല്ല നിര്‍മ്മാര്‍ജ്ജനം സംസ്ഥാനത്ത് സാധ്യമാകില്ലെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പോളിയോയും വസൂരിയും മറ്റും നിര്‍മാര്‍ജനം ചെയ്തത്. ഇത്തരം രോഗനിര്‍മ്മാര്‍ജ്ജന പരിപാടികളുണ്ടാക്കിയ ആത്മവിശ്വാസം ആരോഗ്യവകുപ്പിനും നഷ്ടപ്പെടുത്താന്‍ സാധ്യതയുള്ള നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നിലപാടെടുക്കുകയും വാക്‌സിനേഷന്‍ പരിപാടി ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനോട് മുഖം തിരിച്ചുനിന്നാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഈ രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കാനും ഇടയുണ്ട്.

ഹജ് യാത്രക്കാര്‍ വാക്‌സിനേഷന്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. സൗദി അറേബ്യ 24നും 30നും ഇടയില്‍ പ്രായമുള്ളവരെ ബാധിക്കുന്ന മീസില്‍സ് നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മൂന്ന് ഡോസ് വരുന്ന എംഎംആര്‍ വാക്‌സിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് വാക്‌സിനേഷന്‍ എടുത്ത മറ്റുള്ളവരെ പോലും ബാധിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളാണ് വാക്സിനേഷനില്‍ ഏറ്റവും പിന്നില്‍ എന്ന കാര്യം ശ്രദ്ധേയമാണ്.

കേരളത്തില്‍ എംആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. ഇത് പരാജയപ്പെടുക എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇങ്ങനെ വന്നാലുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇതേക്കുറിച്ച് ഡോ.മോഹന്‍ദാസ്‌ നായരും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഡോ.ഷിംന അസീസും പറയുന്നു.

ഫേസ്ബുക്കും വാട്സാപ്പും തോല്‍പ്പിച്ച എംആര്‍ വാക്‌സിന്‍: ‘കണ്ണൂരില്‍ ഇത്ര എതിര്‍പ്പ് പ്രതീക്ഷിച്ചില്ല’


മോഹന്‍ദാസ് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്‌:
(ഒക്ടോബര്‍ 27)

കേരളത്തിൽ എം ആർ വാക്സിനേഷൻ യജ്ഞം പരാജയപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. എന്താണ് യജ്ഞത്തിന്റെ പരാജയം എന്നു വച്ചാൽ? ലക്ഷ്യം വച്ച 76 ലക്ഷം കുട്ടികളിൽ 95 ശതമാനത്തിലധികം പേർക്ക് കുത്തിവെപ്പ് എടുക്കാൻ പറ്റാതിരിക്കുക എന്ന അവസ്ഥ.
ഇങ്ങനെ വന്നാലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?
1. അഞ്ചാംപനി, കൻജനിറ്റൽ റുബെല്ല സിൻഡ്രോം എന്നിവ നിർമ്മാർജ്ജനം ചെയ്യാൻ പറ്റിയേക്കില്ല. നിർമാർജ്ജനം ചെയ്ത രാജ്യങ്ങളിലേക്കുള്ള നമ്മുടെ യാത്രക്ക് കൂടുതൽ കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും വരും
2. റൂബെല്ല ഇന്ന് 90% കേസുകളും വരുന്നത് 15 വയസ്സിന് താഴെയുള്ളവരിലാണ്. അതായത് കൻജനിറ്റൽ റുബെല്ല സിൻഡ്രോം ഉണ്ടാകാൻ സാധ്യതയില്ലാത്ത പ്രായം. എന്നാൽ ഇനിയങ്ങോട്ട്, കുത്തിവെപ്പ് എടുക്കാത്തവരിൽ ഇത് കൂടുതൽ പ്രായമുള്ളവരിൽ, അതായത് ഗർഭവതിയാകാൻ സാധ്യതയുള്ള പ്രായത്തിൽ വരും. അതായത് ഇവർക്ക് ജനിക്കുന്ന കുട്ടികളിൽ കൻജനിറ്റൽ റുബെല്ല സിൻഡ്രോം കൂടുതലായേക്കാം.
3. വസൂരി നിർമ്മാർജ്ജനം, പോളിയോ നിർമാർജ്ജനം എന്നിവയിലൂടെ നമ്മുടെ ആരോഗ്യ വകുപ്പ് ആർജ്ജിച്ച ആത്മവിശ്വാസം നഷ്ടപ്പെടും. ഇനിയങ്ങോട്ട് ജനനന്മക്കുതകുന്ന ബൃഹദ് പദ്ധതികൾ ഏറ്റെടുക്കുന്നത് പലതവണ ആലോചിച്ചായിരിക്കും. പദ്ധതി മഹത്തരമാണെങ്കിൽ കൂടി പരാജയഭീതിയാൽ വേണ്ടെന്നു വെച്ചേക്കാം
എന്തെങ്കിലും ഗുണങ്ങൾ? തീർച്ചയായും ഉണ്ട്

നമ്മളും ഇടപെടണം; എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തിന് സിനിമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് ആഷിഖ്

1. ആദ്യം എടുത്ത വാക്സിൻ ഫലപ്രദമാകാത്ത ചെറിയ ശതമാനം പേരിൽ ഭൂരിഭാഗത്തിനും പ്രതിരോധശേഷി കൈവരും
എടുത്തവർക്ക് നഷ്ടബോധം തോന്നേണ്ട ആവശ്യമില്ല
2. 95% കവറേജ് എത്താൻ സാധ്യതയുള്ള പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം പോലുള്ള ജില്ലകളിൽ ഈ രോഗങ്ങൾ വളരെ അപൂർവ്വമാകും.
3. മലയാളിയുടെ ശാസ്ത്രബോധത്തെക്കുറിച്ചും, ആരോഗ്യ അവബോധത്തെക്കുറിച്ചുമുള്ള വ്യക്തമായ ചിത്രം – ജില്ല തിരിച്ചും ഗ്രാമം തിരിച്ചുമൊക്കെയുള്ളത് ലഭ്യമാകും. ഉത്തരവാദിത്വത്തോടെ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്ന ഭരണകർത്താക്കൾക്ക്, കോടതികൾക്ക്, ബാലാവകാശ പ്രവർത്തകർക്ക് ഒക്കെചില തീരുമാനങ്ങളെടുക്കാൻ അത് ഊർജ്ജം പകരും. അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുക, പല വികസിത രാജ്യങ്ങളിലെയും പോലെ വാക്സിനേഷൻ കുട്ടികളുടെ അവകാശമായി പ്രഖ്യാപിക്കുകയും നിയമം മൂലം നിർബന്ധമാക്കുക എന്നിവ അതിൽ പെടുമെന്ന് പ്രതീക്ഷിക്കുന്നു.
4. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത സമൂഹം തിരിച്ചറിയുകയും, അതിനു വേണ്ടുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
5. 50 ലക്ഷത്തോളം കുട്ടികൾക്ക് കഴിഞ്ഞ നാലാഴ്ചക്കുള്ളിൽ കുത്തിവെപ്പെടുത്തിട്ടും പലരും പറഞ്ഞു പേടിപ്പിച്ച പോലെ കാര്യമായ ഒരു പാർശ്വഫലവുമുണ്ടായില്ല എന്ന് ജനം തിരിച്ചറിയും. വ്യാജവാർത്ത പടച്ചുവിട്ട് കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരുടെ കള്ളിവെളിച്ചത്താകും. വിട്ടു പോയ കുട്ടികളുടെ രക്ഷിതാക്കൾ കുത്തിവെപ്പിന് സമ്മതവുമായി വരും….
ഇനിയും അവസരമുണ്ട്, യജ്ഞം വിജയിപ്പിക്കാൻ
കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ
എം ആർ വാക്സിനേഷൻ യജ്ഞം പരാജയപ്പെടില്ല. പരാജയപ്പെടാൻ പാടില്ല…
ഡോ.മോഹൻദാസ് നായർ

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ…എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ഷിംന അസീസ്‌, ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു:

MR campaign വെറും ഒരാഴ്‌ച കൂടി ബാക്കിയുള്ളപ്പോൾ ഇന്നലെ വരെ 34% കുട്ടികൾക്ക്‌ മാത്രം കുത്തിവെപ്പ്‌ നൽകിക്കൊണ്ട്‌ മലപ്പുറം ജില്ല കേരളത്തിൽ പതിനാലാം സ്‌ഥാനത്താണ്‌. ഈ പരിപാടി വൻവിജയമാക്കാൻ ഞങ്ങളുടെ DMO മുതൽ അംഗൻവാടികളും സബ്‌സെന്ററുകളും വരെ എത്ര പരിശ്രമിച്ചെന്നതിന്റെ നേർ ദൃക്‌സാക്ഷിയെന്ന നിലയിൽ ഏറെ വേദനയോടെയാണിത്‌ എഴുതുന്നത്‌. ആ പരിപാടികളോട്‌ സോഷ്യൽ മീഡിയയിൽ എഴുതിയും വീഡിയോകൾ വഴിയും നേരിട്ട്‌ തന്നെയും ബോധവൽക്കരണം നടത്തി കഴിയും വിധം സഹകരിച്ചിട്ടുമുണ്ട്‌.
അഹോരാത്രം നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി സംസാരിച്ച ആരോഗ്യപ്രവർത്തകരെ തോക്കിൻമുനയിലെന്ന പോലെ നിർത്തിയത്‌ കുറേ സോഷ്യൽ മീഡിയ സാമൂഹ്യവിരുദ്ധരാണ്‌. ശക്‌തമായ നടപടിയാൽ സർക്കാരിന്‌ കൊട്ടിയടക്കാമായിരുന്ന ആ വാതിൽ ഇപ്പോഴും തുറന്ന്‌ തന്നെയിരിക്കുന്നത്‌ വരുത്തുന്ന കോട്ടം ചില്ലറയല്ല. എന്തേ കൃത്യമായ നടപടി ഈ സന്ദേശപ്രചാരകർക്ക്‌ എതിരെയുണ്ടായില്ല? പരാതികൾ പല വഴിക്ക്‌ കിട്ടാഞ്ഞിട്ടാണോ? എത്ര ക്ലാസ്സുകളിൽ ഞങ്ങൾ ആ വിഡ്‌ഢിത്തരങ്ങൾക്ക്‌ മറുപടി പറഞ്ഞ്‌ കഷ്‌ടപ്പെട്ടു എന്നറിയാമോ? അവരിപ്പോഴും സുരക്ഷിതസ്‌ഥാനത്തിരുന്ന്‌ വ്യവസ്ഥയേയും വ്യവസ്‌ഥിതിയേയും പല്ലിളിച്ച്‌ കാണിച്ച്‌ ചിരിക്കുകയല്ലേ?
കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ പറഞ്ഞുകൊടുക്കേണ്ടവർ രക്ഷിതാക്കളുടെ വികാരപ്രകടനങ്ങൾക്ക്‌ മുന്നിൽ നിരായുധരാവേണ്ടി വന്നില്ലേ പല തവണ? നൂറ്റൻപതിലേറെ രാജ്യത്ത്‌ വിജയകരമായി നടക്കുന്ന പരിപാടി കേരളത്തിലെ മലപ്പുറമെന്ന ജില്ലയിലെത്തുമ്പോൾ മാത്രം ‘ഗൂഢാലോചന’യുടെ ഫലമാകുന്നത്‌ എങ്ങനെയാണ്‌? ഇനിയും ഇത്‌ പ്രചരിപ്പിക്കുന്നവർ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ഡിഫ്‌തീരിയയും മീസിൽസും വരുമ്പോൾ നമുക്ക്‌ വന്ന്‌ കാവൽ നിന്നേക്കുമോ? ജീവൻ രക്ഷിക്കുമോ?
കാലങ്ങളായുള്ള ‘ഇംഗ്ലീഷ് മരുന്ന്‌’ (ആ പേര്‌ എങ്ങനെ വന്നോ എന്തോ) വിരോധം ജനോപകാരപ്രദമായ പരിപാടികളേയും കാർന്നു തിന്നുന്നത്‌ സ്‌ഥിരകാഴ്‌ചയാണ് ഇപ്പോഴുമിവിടെ‌. വിരഗുളിക, ഇരുമ്പ്ഗുളിക, കുത്തിവെപ്പ്‌- ജനാരോഗ്യത്തിനായുള്ള എന്തിനോടും ഏതിനോടും ഉള്ള ഈ അന്ധമായ വിരോധം , വെറുപ്പ്‌ എങ്ങനെയാണ്‌ മാറ്റാനാവുക? പഠിക്കാൻ ശ്രമിക്കേണ്ട നേരമായില്ലേ? നല്ലൊരു ടീമുള്ളത്‌ കൊണ്ടല്ലേ ഇത്രയെങ്കിലും നേട്ടം കൈ വരിക്കാൻ മലപ്പുറത്തിന്‌ സാധിച്ചത്‌? എത്ര നല്ല നേതൃത്വമുള്ളൊരു ടീമാണ്‌ നമ്മുടേത്‌…എന്നിട്ടും !

കഴിഞ്ഞ വർഷം ഡിഫ്‌തീരിയ വന്നപ്പോഴും കൊണ്ടു പോയത്‌ നമ്മുടെ രണ്ട്‌ മക്കളെയാണ്‌. പേരും മുഖവും വരെ ഓർമ്മയുണ്ട്‌. വീണ്ടും എടുത്തെഴുതി നോവിക്കുന്നില്ല…
ഒരു കുത്തിവെപ്പ്‌ എടുത്തിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്ന ആ കുട്ടികളിൽ ഒരുവൻ, ഡിഫ്‌തീരിയയുടെ പാട തൊണ്ടയിൽ മൂടി ശ്വാസം കിട്ടാതെ പിടയുന്ന നേരത്ത്‌ കഴുത്ത്‌ തുളച്ച്‌ കുഴലിട്ട്‌ ശ്വാസം നൽകാൻ ചെന്ന ഡോക്‌ടറോട്‌ പറഞ്ഞത്‌- ” ഇങ്ങളൊന്ന്‌ വേഗം ചെയ്യീ, ഇനിക്ക്‌ ശ്വാസം കിട്ടട്ടെ” എന്നാണ്‌. അവന്റെ അവസാനവാക്കുകൾ…
എന്തു കൊണ്ടാണിതെല്ലാം സംഭവിക്കുന്നത്‌? അറിവ്‌ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കാഞ്ഞിട്ടാണോ? അല്ലെന്നുറപ്പാണ്‌. പിഴക്കുന്നത്‌ എവിടെയാണ്‌?
പൊന്നുമക്കളാണ്‌. ഞങ്ങൾ ആരോഗ്യപ്രവർത്തകർക്ക്‌ പറയാനേ കഴിയൂ, നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി വേദനിക്കാനും പ്രാർത്ഥിക്കാനുമേ കഴിയൂ…ഞങ്ങളുടെ മക്കൾക്ക്‌ ലോകം മുഴുവൻ കാൺകേ ഞങ്ങൾ ഇതേ വാക്‌സിൻ കൊടുത്തിട്ടുണ്ട്‌. അവർ സുരക്ഷിതരാണ്‌.
കുഞ്ഞുങ്ങളുടെ കാര്യമായത്‌ കൊണ്ടാണ്‌ താണുകേണ്‌ ആവർത്തിച്ച്‌ അപേക്ഷിക്കുന്നത്‌. കൺമുന്നിൽ രോഗം ബാധിച്ച്‌ വരുന്ന പൈതങ്ങൾ ഞങ്ങൾ ഡോക്‌ടർമാരുടെ പോലും ഉറക്കം കെടുത്തുന്ന യാഥാർത്ഥ്യം നിങ്ങളറിയാതെ പോകരുത്‌. അവരുടെ ആരോഗ്യവും ആയുസ്സും അവരുടെ അവകാശമാണ്‌.
ദയവുചെയ്‌ത്‌ തിരിച്ചു ചിന്തിക്കൂ…

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍