UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആര്‍ത്തവം മാലിന്യമോ? ഇനിയും നിങ്ങളെന്താണ് മെൻസ്ട്രുവൽ കപ്പിലേക്ക് മാറാന്‍ മടിക്കുന്നത്

ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഉപയോഗിച്ച് കളയുന്ന പാഡുകൾ കൂട്ടിയാൽ നൂറ്റമ്പതോളം കിലോ മാലിന്യം ഉല്പാദിപ്പിക്കപ്പെടും എന്ന് പഠനങ്ങൾ പറയുന്നു

മനുഷ്യൻ പൊതുവെ സകല ജീവികളിൽ നിന്നും വേറിട്ട് നില്‍ക്കുന്നു എന്നാണ് പരക്കെയുള്ള ധാരണ. തലച്ചോറിന്റെ പ്രവർത്തന ക്ഷമത ആയാലും ജീവിത-ശാസ്ത്ര പുരോഗതികൾ ആയാലും, മനുഷ്യന്റെയത്ര കഴിവും ബുദ്ധിയും മറ്റു ജീവികൾക്കില്ലന്നെത് വ്യക്തമാണ്. എന്നിരുന്നാലും, എത്ര ശാസ്ത്ര പുരോഗതിയുണ്ടായാലും, പ്രകൃതിക്ക് മാത്രം തീരുമാനിക്കാൻ പറ്റുന്ന ചിലതുണ്ട്. ജൈവ പ്രക്രിയകൾ, ജനനം, മരണം തുടങ്ങിയവ. അത്തരമൊരു ജൈവ പ്രക്രിയയാണ് ആർത്തവം; അതിനെ സമൂഹം എത്ര വെറുപ്പുളവാക്കുന്ന രീതിയിൽ കണ്ടാലും. ഈ ഭൂമിയിൽ മനുഷ്യസ്ത്രീക്ക് മാത്രമല്ല ആർത്തവം എന്ന പ്രതിഭാസം ഉണ്ടാവുന്നത്. പല ജീവജാലങ്ങൾക്കും മനുഷ്യർക്കെന്ന പോലെ ആർത്തവം വരുന്നു. ജീവൻ ഉല്പാദിപ്പിക്കാൻ, വംശത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ഗർഭാശയം തയ്യാറാണ് എന്നതിന്റെ സൂചന മാത്രമാണ് ആർത്തവം. പക്ഷെ മനുഷ്യ സമൂഹം സ്വാഭാവികമായ ആ പ്രക്രിയയെ അശുദ്ധമായും നികൃഷ്ടമായും കരുതുന്നു എന്നതാണ് ദുഃഖകരം.

കൗമാര പ്രായത്തിൽ ആർത്തവ പ്രക്രിയ കടന്നു പോകുന്ന ഓരോ പെൺകുട്ടിക്കും മാസമുറ സമയമാവുമ്പോൾ പേടിയാണ്! ഉടുപ്പിൽ രക്തക്കറ വീഴുമോ, വയറു വേദന, മനംമടുപ്പ്, തലവേദന, “ഇന്ന് വെള്ള യൂണിഫോം ആണല്ലോ!”, “ആൾക്കാർ കണ്ടുപിടിക്കുമോ”, എന്ന ആധികളും, തിരക്കുള്ള ബസിൽ നിന്ന് യാത്ര ചെയ്യേണ്ട പിരിമുറുക്കങ്ങളും, രക്തം പോവുന്നതിന്റെ അവശതയും അങ്ങനെ പലതും! ഇതിന്റെയെല്ലാം ഇടയിൽ, അവളുടെ കയ്യിലേക്ക് പാഡ് എന്ന, തുണി കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഉണ്ടാക്കിയ വസ്തു കൊടുക്കുന്നു, തുടയിടുക്കിലേക്ക് തിരുകി വെക്കാനായി. പണ്ടൊക്കെ പരുത്തി തുണികഷ്ണം ആയിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അതൊരു പ്ലാസ്റ്റിക്- സെല്ലുലോസ് മിശ്രിതം ആയി പരിണമിച്ചിരിക്കുന്നു; അത് തന്നെയാണ് വ്യതാസവും.  ഉപയോഗിക്കാൻ സാമാന്യം എളുപ്പം ആണ് സംഗതി. കാരണം, തുണി ഉപയോഗിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ല; ചോർച്ചയില്ല, ചോരയുടെ ഗന്ധം വരില്ല, കഷ്ടപ്പെട്ട് വൃത്തിയാക്കാനും അലക്കാനും ഉണക്കാനും നിൽക്കണ്ട, വെറുതെ ചുരുട്ടിക്കൂട്ടി കളഞ്ഞാൽ മാത്രം മതിയാകും. അത് റോഡ് സൈഡിലെ ചവറു കൂമ്പാരത്തിൽ അങ്ങനെ കിടക്കും – ഒരു അഞ്ഞൂറ് – എണ്ണൂറ് വർഷങ്ങൾ ചുരുങ്ങിയത്. ഈ അഞ്ഞൂറ് വർഷം എന്ന കണക്ക് കേവലം ഒരു പാഡിന്റെ മാത്രം കാര്യമാണ്. ഒരു സ്ത്രീ അവരുടെ ഒരു മാസമുറ സമയത്തു ചുരുങ്ങിയത് അഞ്ച് പാഡെങ്കിലും ഉപയോഗിച്ച് കളയാറുണ്ടെന്നു വെക്കുക. അതായത് ഭൂമിയ്ക്ക് അവളുടെ ഒരു മാസത്തെ സംഭാവന 2500 വർഷം മണ്ണിലലിയാതെ കിടക്കുന്ന, മണ്ണിന്റെ താളത്തെ തെറ്റിക്കുന്ന പ്ലാസ്റ്റിക് എന്ന വിഷവസ്തുവാണ്. ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഉപയോഗിച്ച് കളയുന്ന പാഡുകൾ കൂട്ടിയാൽ നൂറ്റമ്പതോളം കിലോ മാലിന്യം ഉല്പാദിപ്പിക്കപ്പെടും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് സാമാന്യം വലിയ ഒരു സംഖ്യയാണ്. ഇങ്ങനെ ഇന്ത്യയിൽ മാത്രം എത്ര സ്ത്രീകൾ പാഡുപയോഗിക്കുന്നു! എത്ര പാഡുകൾ മുഴുവൻ നിറയാതെ വലിച്ചെറിയപ്പെടുന്നു? ദിവസം തോറും എത്ര മാലിന്യമാണ് ഉണ്ടാക്കപ്പെടുന്നത്?

ഇത്രയും ചീപ്പായാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്: ജോസഫ് അന്നംകുട്ടി ജോസ്

പോരാത്തതിന്, പ്ലാസ്റ്റിക് മിശ്രിതം തൊലിപ്പുറത്തു ഉരഞ്ഞുരഞ്ഞു വന്നുപെടുന്ന വ്രണങ്ങളും, അസ്വസ്ഥതയും, അസഹ്യമായ ചൂടും, പാഡിലുള്ള രക്തം വായുവുമായി സമ്പർക്കം ചെയ്യുമ്പോൾ ഉണ്ടാവുന്ന അണുബാധയും ദുർഗന്ധവും, ഓടാനോ നീന്താനോ വ്യായാമം ചെയ്യാനോ പറ്റാത്ത അവസ്ഥയും! കൂടാത്തതിന് പാഡ് ഇളകുമൊ എന്ന നിരന്തരമായ വേവലാതിയും! ഇതിനെല്ലാം പുറമെ ഒരു പാക്കറ്റ് പാഡിന്റെ താങ്ങാൻ പറ്റാത്ത വിലയും! ഉറക്കത്തിനിടയിൽ പാഡ് ഇളകുമോ, ഇളകിയാൽ കറ കിടക്കയിലും വസ്ത്രത്തിലും പറ്റുമോ എന്ന് തലപുകച്ചു സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്തതും കൂടി ചേർത്താൽ ശുഭം.

ഭൂമിയിലെ മാലിന്യത്തിലേക്ക് ഞാനുൾപ്പെട്ട സമൂഹം, ദിനം തോറും സംഭാവന ചെയ്യുന്നു എന്ന ഈ ചിന്തയാണ് പാഡിനു പകരമായി ഉപയോഗിക്കാവുന്ന ഇതര മാർഗങ്ങളെ കുറിച്ച് ആലോചിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആ ചിന്ത വെറുതേയായില്ല എന്ന് മാത്രമല്ല, മാസമുറ ദിനങ്ങളിൽ ശീലിക്കാവുന്ന ഒരുപാടു നല്ല ഇതര രീതികളിലേക്ക് ഞാൻ കടക്കുക തന്നെ ചെയ്തു!

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി

അതിലൊന്നാണ് മെൻസ്ട്രുവൽ കപ്പ്. ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറെ മാസങ്ങളായി. ദിവസേന നീന്തുന്ന എനിക്ക് ഇതിനേക്കാൾ നല്ലൊരു ഉപയോഗപ്രദമായ ഉല്പന്നമില്ല. ആർത്തവ ദിനങ്ങളിലും ഞാൻ സാധാരണ പോലെ നീന്തുന്നു. പാഡ് അഴിച്ചു വെയ്ക്കണ്ട ബുദ്ധിമുട്ടോ, ബദ്ധപ്പാടോ തീരെയില്ല. മെഡിക്കൽ ഗ്രേഡ് സിലിക്കൺ എന്ന വസ്തു കൊണ്ടാണ് ഈ കപ്പ് നിർമ്മിച്ചിരിക്കുന്നത്. പല പേരുകളിൽ പല ബ്രാൻഡുകളായി ഇത് മാർക്കറ്റിൽ ലഭ്യമാണ്. അവനവനു ചേർന്ന വലിപ്പത്തിലുള്ളതും ഉപയോഗിക്കാം. ചൊറിച്ചിലോ അസ്വസ്ഥതയോ ഇല്ലെന്നു മാത്രമല്ല, യാതൊരു വിധ ഗന്ധമോ, രക്ത ചോർച്ചയോ ഒന്നുമില്ലതാനും. ഒരു കപ്പ് ഉപയോഗിച്ച് തുടങ്ങിയാൽ അത് കാലഹരണപ്പെടുന്നത് പത്തു വർഷത്തിന് ശേഷം ആണെന്ന വസ്തുതയും ആശ്ചര്യമുളവാക്കുന്നു. അതായത്, പത്തു വർഷത്തോളം മാസമുറക്കായി ഒരു നയാ പൈസ ചിലവാക്കേണ്ട, പത്തു വർഷത്തേക്ക് പാഡ് വാങ്ങാൻ വെച്ച കാശ് അത്രയും ലാഭം. ആ കാശ് കൊണ്ട് കുറേ യാത്രകൾ ചെയ്യാം!

മെൻസ്ട്രുവൽ കപ്പ് വ്യാപകമായി ശീലിക്കപ്പെടേണ്ട ഒരു രീതിയാണ്. സ്കൂളുകളിൽ കപ്പുകളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങേണ്ടത് ഈ കാലത്ത് അത്യന്താപേക്ഷികമാണ്. കാരണം വെറും രണ്ടു ഉപയോഗത്തിനപ്പുറം യാതൊരു വിധ അസ്ക്യതയും ഈ ഉല്പന്നത്തിനില്ല. ഈ കപ്പ് ഭദ്രമായി ശരീരത്തിൽ അനക്കം തട്ടാതെ ഇരിക്കുകയും രക്തം ശേഖരിക്കുകയും ചെയ്യും. ദിവസം ഒരു നേരം രക്തം ഒഴിച്ച് കളയുകയും വെള്ളവും സോപ്പും ഉപയോഗിച്ച് കപ്പു വൃത്തിയാക്കിയാൽ മാത്രം മതി. ഇതോടെ വീണ്ടും ഉപയോഗിക്കാൻ തുടങ്ങാം. രക്തത്തിന്റെ അളവനുസരിച്ച് പന്ത്രണ്ട് മണിക്കൂർ വരെ കപ്പ് ശരീരത്തിൽ നിന്ന് എടുക്കുകയേ വേണ്ട!

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

മാസമുറ അവസാനിക്കാറാവുമ്പോഴോ, രക്തത്തിന്റെ അളവ് കുറയുമ്പോഴോ തുണി കൊണ്ടുണ്ടാക്കിയ പാഡുകൾ ഉപയോഗിക്കാവുന്നതാണ്. കഴുകി ഉണക്കിയാൽ അടുത്ത മാസമുറ സമയത്ത് വീണ്ടും ഉപയോഗിച്ച് തുടങ്ങാം.

പാഡുകളും ഡാംപോണുകളും കാലത്തെ അതിജീവിക്കുന്ന മാരക മാലിന്യ വിപത്തുകളാണ്. ആർത്തവ സമയത്തെ പരിചരണത്തിനായി പാഡുകളെ ആശ്രയിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ ഒഴിവാക്കാനും, ചെലവ് കാര്യമായി കുറയ്ക്കാനും, സമൂഹത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടിക്കാതെ സ്വന്തം ജൈവ പ്രക്രിയയിൽ ശ്രദ്ധപുലർത്താനും മെൻസ്ട്രുവൽ കപ്പ് സഹായകമാണ്. സ്ത്രീകൾ പാഡുകളും ശീലിച്ചു വന്നവയാണ്, അത് പോലെ തന്നെയാണ് ഏതൊരു പുതിയ അനുഭവവും. കപ്പ് ഉപയോഗിക്കാനും ശീലമാക്കാനും വേണ്ടത് സ്വയം പ്രചോദനം മാത്രമാണ്. പിന്നെ ലേശം ആത്മവിശ്വാസവും!

‘എന്റെ ആര്‍ത്തവത്തിന് ചുങ്കം പിരിക്കരുത്’; ജിഎസ്ടി കാലത്തെ സ്ത്രീ ജീവിതം

മെൻസ്ട്രുവൽ കപ്പ് ഇവിടെ വാങ്ങാം
ബൂന്ദ് കപ്പ്: http://www.boondh.co/
ഷീ കപ്പ്: https://shecup.com/

വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി പാഡുകൾ
ഇക്കോ ഫെം: https://ecofemme.org/

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ആര്‍ത്തവരക്തത്തില്‍ മുക്കിയ ‘ചെങ്കൊടി’ സാധ്യമാണോ?

ഗായത്രി ശിവകുമാര്‍

ഗായത്രി ശിവകുമാര്‍

ട്രാവലര്‍, ഫോട്ടോഗ്രാഫര്‍, സ്വിമ്മര്‍. കൂടുതല്‍ വായിക്കാന്‍ www.gayatrisivakumar.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍