UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മലേറിയ ഓരോ വര്‍ഷവും കൊല്ലുന്നത് അഞ്ചു ലക്ഷത്തോളം പേരെ; ഇന്ത്യക്കും കടമ്പകളേറെ

ഇന്ന് ലോക മലേറിയ വിരുദ്ധ ദിനം

ചരിത്ര രേഖകളില്‍ ഇടംപിടിച്ച റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത് ഒരു രോഗമാണെന്ന് കേട്ടാല്‍ അല്‍പ്പം അസംഭവ്യത തോന്നും. ക്ലിയോപാട്ര പോലും ഭയന്നിരുന്നതായി ചരിത്രം പറയുന്ന മലമ്പനി അഥവാ മലേറിയ എന്ന രോഗത്തിന്റെ നാള്‍വഴികളില്‍ ഇതുപോലെ കൗതുകങ്ങള്‍ നിരവധിയാണ്.

2017-ല്‍ വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകമാനം 21.6 കോടി മലേറിയ ബാധിതരാണുള്ളത്. ഏറ്റവും മാരക രോഗമായി ലോകം ചര്‍ച്ച ചെയ്യുന്ന ക്യാന്‍സര്‍ പോലും 2 കോടിയില്‍ താഴെ ആളുകയൊണ് ബാധിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് മലേറിയയുടെ ഭീകരത വ്യക്തമാകുന്നത്.

ലോകാരോഗ്യ സംഘടന 2017 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 25 ആഗോള മലേറിയ ദിനമായി ആചരിക്കുന്നു. ‘റെഡി റ്റു ബീറ്റ് മലേറിയ’ എന്നതാണ് ഈ വര്‍ഷത്തെ തീം.

മനുഷ്യന് മുമ്പേ വന്ന കൊലയാളി

മലേറിയയക്ക് കാരണമാകുന്ന പ്ലാസ്‌മോഡിയം (Plasmodium) എന്ന പാരസൈറ്റുകളുടെ ഏറ്റവും പഴയ തെളിവ് ലഭിച്ചത് 30 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോസിലില്‍ ഉറച്ചു പോയ ഒരു കൊതുകില്‍ നിന്നാണ്. അതായത്, ഭൂമിയില്‍ മനുഷ്യന്‍ പിറവിയെടുക്കുന്നതിന് മുമ്പ് തന്നെ മലേറിയ ഉണ്ടായിരുന്നു. മലേറിയ മനുഷ്യരിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 10,000 വര്‍ഷങ്ങളായി.

ചതുപ്പ് നിലങ്ങളില്‍ നിന്നും വരുന്ന മലിനമായ വായുവാണ് രോഗകാരണം എന്നു കരുതി 18-ാം നൂറ്റാണ്ടില്‍ ഇറ്റലിക്കാരാണ് ഈ രോഗത്തിന് മലേറിയ എന്ന പേരു നല്‍കിയത്. പുരാതന ചൈനീസ് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ശ്രുശ്രുത സംഹിതയിലുമെല്ലാം മലേറിയയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

മലേറിയയ്ക്ക് കാരണമാകുന്നത് പാരസൈറ്റിക് പ്രോട്ടോസോവ (Parasitic Protozoa) ആയ പ്ലാസ്‌മോഡിയം ആണെന്ന് കണ്ടെത്തിയത് ഫ്രഞ്ച് ആര്‍മി ഡോക്ടര്‍ ആയിരുന്ന ചാള്‍സ് ലൂയിസ് ലാവേരന്‍ ആണ്. മലേറിയ മനുഷ്യരിലേക്ക് എത്തുന്നത് അനോഫിലിസ് (Anopheles) വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളിലൂടെയയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ബ്രിട്ടീഷ് ഓഫീസറായിരുന്ന റൊണാള്‍ഡ് റോസ് 1897-ല്‍ കണ്ടെത്തി. ഇരുവരേയും ലോകം ആദരിച്ചത് നൊബേല്‍ പുരസ്‌കാരം നല്‍കിക്കൊണ്ടായിരുന്നു.

മലേറിയയുടെ ‘സാമ്പത്തിക ശാസ്ത്രം’

19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മലേറിയ അമേരിക്കയില്‍ വളരെ വ്യാപകമായിരുന്നു. 1906-ല്‍ പനാമ കനാലിന്റെ നിര്‍മാണം പോലും തൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്ന മലേറിയ മൂലം തടസപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അഞ്ചു ലക്ഷത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ മലേറിയ ബാധിതരായിരുന്നു. പിന്നീട് യു.എസ് ഗവണ്‍മെന്റ് നേതൃത്വം നല്‍കിയ വിവിധ പദ്ധതികളിലൂടെ 1951-ഓടെ അമേരിക്കയില്‍ നിന്നും മലേറിയ പൂര്‍ണമായി തുടച്ചു മാറ്റാനായി.

എന്നാല്‍ ഇന്നും നൂറിലധികം രാജ്യങ്ങള്‍ മലേറിയ ബാധിതമാണ്. ഏഷ്യ, ആഫ്രിക്ക, അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഭൂമധ്യരേഖയോടടുത്തുള്ള രാജ്യങ്ങളിലാണ് മലേറിയ കുടുതലായി കണ്ടു വരുന്നത്. 90 ശതമാനം മലേറിയ മരണങ്ങളും നടക്കുന്നത് ആഫ്രിക്കയുടെ സഹാറാ പ്രദേശങ്ങളിലാണ്. പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ആഫ്രിക്കയില്‍ മാത്രം മലേറിയ ബാധിച്ച് മരിക്കുന്നത്.

മൂന്നാം ലോകരാഷ്ട്രങ്ങളെ ഇന്നും ഭീതിയിലാഴ്ത്തുന്ന രോഗമാണ് മലേറിയ. ദാരിദ്ര്യവും മലേറിയയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളെ വികസനത്തില്‍ നിന്നും പിന്നോട്ടടിക്കുന്നതില്‍ ഈ പകര്‍ച്ചവ്യാധി വഹിക്കുന്ന പങ്ക് ചെറുതല്ല.

ആഫ്രിക്ക കഴിഞ്ഞാല്‍ മലേറിയ ഏറ്റവുമധികം നാശം വിതയ്ക്കുന്നത് തെക്ക് – കിഴക്കന്‍ ഏഷ്യയിലാണ്. അതില്‍ തന്നെ ഇന്തോനേഷ്യക്കും മ്യാന്‍മാറിനും പിറകില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്.

2016-ല്‍ 4,45,000 പേര്‍ മലേറിയ ബാധിച്ച് മരിച്ചു എന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്തിലെ മലേറിയ ബാധിതരില്‍ എട്ടു ശതമാനം പേരുമുള്ളത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിന്റെ ആറു ശതമാനവും ഇവിടെയാണ്‌. 2020-ഓടു കൂടി ഇതില്‍ 40 ശതമാനം മാത്രം കുറവു വരുത്താനേ ഇന്ത്യക്ക് സാധിക്കയുള്ളൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ മലേറിയ നിയന്ത്രണത്തിനായി 1953-ല്‍ തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും നടത്തിപ്പിലെ ശ്രദ്ധക്കുറവ് കൊണ്ട് മലേറിയ വര്‍ധിക്കുകയാണുണ്ടായത്. 60-ലധികം തരം അനോഫിലിസ് കൊതുകുകളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ 10-ല്‍ താഴെ ഇനങ്ങള്‍ക്ക് മാത്രമേ രോഗം പരത്താനുള്ള ശേഷിയുള്ളൂ. അനോഫിലിസ് സ്റ്റിഫന്‍സി (Anopheles Stephensi) ആണ് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മലേറിയയ്ക്ക് കാരണം. പ്ലാസ്മോഡിയം ഫാള്‍സിപരം (Plasimodium Falciparum) എന്ന പാരസൈറ്റ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലേറിയയ്ക്ക് കാരണമാകുമ്പോള്‍ പ്ലാസ്മോഡിയം വൈവാക്‌സ് (Plasimodium Vivax) ആഫ്രിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ മലേറിയ പരത്തുന്നു.

പ്ലാസ്‌മോഡിയം എന്ന വില്ലന്‍

പ്ലാസ്‌മോഡിയം പാരസൈറ്റുകളെ വഹിക്കുന്ന കൊതുകുകള്‍ കുത്തുമ്പോള്‍ പ്ലാസ്‌മോഡിയം മനുഷ്യരക്തത്തില്‍ എത്തിച്ചേരുകയും അവ ആദ്യം കരള്‍ കോശങ്ങളെയും പിന്നീട് ചുവപ്പ് രക്താണുക്കളെയും ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രോഗബാധിതനായ ഒരാളെ കൊതുകു കുത്തുമ്പോള്‍ പാരസൈറ്റുകള്‍ കൊതുകിന്റെ ഉമിനീരില്‍ കലരുകയും അവ അടുത്തുള്ള ഇരയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. സാധാരണയായി മലേറിയ കാണപ്പെടാത്ത മേഖലകളില്‍ രോഗലക്ഷണങ്ങളുടെ അവ്യക്തത മൂലം രോഗം തിരിച്ചറിയപ്പെടാറില്ല.

മലേറിയയ്‌ക്കെതിരെ വാക്‌സിന്‍ നിലവിലില്ല എന്നത് ഈ പകര്‍ച്ചവ്യാധിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കൊതുകു നിയന്ത്രണമാണ് മലേറിയ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം. ക്ലോറോക്വിന്‍ (Cloroquine), ക്വിനൈന്‍ (Quinine) മെഫ്ളോക്വിന്‍ (Mefloquine), ആര്‍ട്ടിമിസിനിന്‍ (Artemisinin) എന്നിവയാണ് രോഗബാധിതര്‍ക്ക് നല്‍കി വരുന്ന മരുന്നുകള്‍. ഇത്തരം മരുന്നുകളുടെ പ്രധാന ലക്ഷ്യം ശരീരത്തിനകത്ത് കയറിപ്പറ്റിയ പ്ലാസ്‌മോഡിയം പാരസൈറ്റുകളെ കൊന്ന് അവയുടെ വംശവര്‍ധനവ് തടയുക എന്നതാണ്. ഇതില്‍ ക്ലോറോക്വിന്‍ എന്ന മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി ചിലയിനം പ്ലാസ്‌മോഡിയം അണുക്കള്‍ ഇതിനോടകം നേടിക്കഴിഞ്ഞു എന്നത് വൈദ്യശാസ്ത ലോകത്തെ തെല്ലെന്നുമല്ല ഞെട്ടിച്ചത്.

മൂന്നാം ലോക ദരിദ്ര രാഷ്ട്രങ്ങളുടെ പ്രശ്‌നമായതുകൊണ്ട് തന്നെ ഈയടുത്ത കാലം വരെ ആന്റി മലേറിയ മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ വികസിത രാജ്യങ്ങളോ വന്‍കിട മരുന്നു കമ്പനികളോ വലിയ താത്പര്യം കാണിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപര്യാപ്തമായ ഈ രാജ്യങ്ങളില്‍ മരുന്നു കോര്‍പറേറ്റുകള്‍ക്ക് എന്ത് ലാഭം എന്നതു തന്നെയാണ് കാരണം.

എന്നാല്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടേയും ലോകബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ ‘സ്‌പെഷ്യല്‍ പ്രോഗ്രാം ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ട്രോപ്പിക്കല്‍ ഡിസീസ്’ (TDR) എന്ന പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം ആന്റി മലേറിയ മരുന്നുകള്‍ വികസിപ്പിക്കുക എന്നതായിരുന്നു. ഇതേ ലക്ഷ്യത്തോടെ 1999-ല്‍ ‘മെഡിസിന്‍ ഫോര്‍ മലേറിയ വെന്‍ച്വര്‍’ (MMV) എന്ന പദ്ധതിയും നിലവില്‍ വന്നു.

ഈ പദ്ധതികളുടെ പിന്‍ബലത്തോടെ ഇന്ന് ആന്റി മലേറിയ മരുന്നുകളുടെ ഗവേഷണം കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ നൊവാര്‍ടിസ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് 100 മില്യന്‍ ഡോളറാണ് ആന്റി മലേറിയ മരുന്നു ഗവേഷണങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. അതോടൊപ്പം, ആര്‍ട്ടിമിസിനിന്‍, ക്വിനൈന്‍ പോലുള്ള മരുന്നുകള്‍ ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വന്‍തോതില്‍ വ്യവസായികമായി നിര്‍മിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇന്ദു സൂസന്‍ വിനോദ്

ഇന്ദു സൂസന്‍ വിനോദ്

ഗവേഷക വിദ്യാര്‍ഥിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍