UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

“കളിച്ചു ചിരിച്ച് നടന്നിരുന്നൊരാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്തകേട്ട് ഞെട്ടുന്നവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവയ്ക്കുന്ന വിഷമങ്ങളെ കളിയാക്കാറുള്ളതും”

ആത്മഹത്യ ശ്രമം നടത്തുക എന്നത് ഇന്ത്യയില്‍ IPC 309 പ്രകാരം കുറ്റകരം ആയിരുന്നു. എന്നാല്‍ 2017 ലെ മാനസികാരോഗ്യ നിയമം ഇത് കുറ്റകരം അല്ലാതാക്കിയിട്ടുണ്ട്.

അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാര്‍ത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിട്ടുള്ളവരാവും, അല്ലെങ്കില്‍ ഞെട്ടിയവരാവും നമ്മളില്‍ ചിലരെങ്കിലും…അതേ നമ്മള്‍ തന്നെയാവും ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ വിഷമങ്ങള്‍ പങ്കുവച്ചാല്‍, അല്ലെങ്കില്‍ അത് നേരിട്ടോ അല്ലാതെയോ സൂചിപ്പിക്കുന്ന ഒരു കുറിപ്പിട്ടാല്‍ അതിനടിയില്‍ ചെന്ന് കളിയാക്കലും ചിലപ്പൊ അതിനപ്പുറത്തേക്കുമൊക്കെ നീട്ടുന്ന ഉപദ്രവങ്ങളും ചെയ്യുന്നതും…

ആദ്യം കുറച്ചു കണക്കുകളിലേക്ക് പോവാം

• ഓരോ 40 സെക്കന്റിലും ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍. ഒരു വര്‍ഷം 8 ലക്ഷം ആളുകള്‍ സ്വയം അവരുടെ ജീവിതം അവസാനിപ്പിക്കുന്നുണ്ട്.

• ലോകത്തെ ആകെ ആത്മഹത്യകളില്‍ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ആത്മഹത്യ മരണങ്ങളില്‍ 80%വും നടക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്. 15 മുതല്‍ 29 വയസുവരെയുള്ള യുവാക്കളിലെ മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനം ആത്മഹത്യയ്ക്കാണ്. ഇന്ത്യയില്‍ ഇത് ഒന്നാമതാണ്.

• ഓരോ ആത്മഹത്യ നടക്കുമ്പോഴും ഏകദേശം 20 ആത്മഹത്യ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

• ഓരോ മരണവും 135 ആളുകളെ വൈകാരികമായും അല്ലാതെയും ബാധിക്കാം. അതായത് വര്‍ഷവും 10.8 കോടി ആളുകളാണ് ആത്മഹത്യയെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളിലൂടെ കടന്നു പോകുന്നത്.

• ആത്മഹത്യ ചെയ്യുന്നവരിലോ, ശ്രമിക്കുന്നവരിലോ ചെറിയ ഒരു ഭാഗം ആളുകള്‍ക്ക് മാത്രമേ വിദഗ്ധ ചികിത്സയും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ.

ഈ കണക്കുകള്‍ ഇങ്ങനെ ഇവിടെ പറയാന്‍ ചില കാരണങ്ങളുണ്ട്.

സെപ്റ്റംബര്‍ 10 എല്ലാ വര്‍ഷവും ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്ന ദിവസമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ”ആത്മഹത്യകളെ പ്രതിരോധിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം ‘ എന്നതാണ് ഈ ദിവസത്തിന്റെ തീം. അടുത്ത വര്‍ഷവും ഇതേ തീം തന്നെയാവും എന്നാണ് സംഘാടകര്‍ പറയുന്നത്. 2020 ആകുമ്പോള്‍ ആത്മഹത്യകളുടെ എണ്ണം 10% കുറക്കുക , 2030 ഓടെ മൂന്നില്‍ ഒന്നായി കുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

എന്നാല്‍ ഇതിലും പ്രധാനമായ മറ്റൊരുകാരണംകുടി ഈ എഴുത്തിനു പിന്നിലുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആത്മഹത്യ ചിന്തകള്‍ ഉള്ളവരെ സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ ഈയിടെയായി ശ്രദ്ധിച്ച മറ്റൊരു കാര്യം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി തന്റെ മനസിലെ വിഷമങ്ങള്‍ പങ്കുവെക്കുന്ന , ചിലപ്പോള്‍ ആത്മഹത്യ ചിന്തകള്‍ തന്നെ പങ്കുവെക്കുന്ന ആളുകളെയാണ്.

ലോകമെമ്പാടും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ കുറിപ്പുകള്‍ എഴുതി മരണം വരിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം ഇത്തരം പോസ്റ്റുകള്‍ അതിന്റെ പ്രാധാന്യത്തില്‍ പലരും എടുക്കാറില്ല എന്നതാണ്. പല മറുപടികളും, ഇതൊക്കെ നിന്റെ തോന്നലാണ്, വാ നമുക്ക് ഒന്ന് കൂടാം, അല്ലേല്‍ നീ ഒരു യാത്രക്ക് പോ എന്നൊക്കെ ആയിരിക്കും.

ആത്മഹത്യ ചിന്തകള്‍, അത് ഏതു രീതിയില്‍ പ്രകടിപ്പിച്ചാലും ഗൌരവത്തോടെ വേണം കാണാന്‍. കാരണം അങ്ങനെ ചിന്തകള്‍ പ്രകടിപ്പിക്കുന്നവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വഴിയും ഇല്ലാത്തപ്പോള്‍, ആരെങ്കിലും ഒരു സഹായത്തിന്റെ കൈ നീട്ടും എന്ന് കരുതിയാരിക്കും ആ വ്യക്തി അങ്ങനെ എഴുതുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ഒരു ചോദ്യം അവര്‍ക്ക് ചിലപ്പോള്‍ മനസ് തുറക്കാന്‍ ഉള്ള അവസരം നല്‍കാം.അവരെ കേള്‍ക്കുന്നതുവഴി അവരെ ജീവിതത്തിലേക്ക് തരിച്ചു പിടിച്ചു കയറ്റാന്‍ നമുക്ക് സാധിക്കും. അതുകൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ തമാശയായി ഇത്തരം കാര്യങ്ങളെ എടുക്കരുത് എന്നൊരു അപേക്ഷയും ഉണ്ട്.

ഏകദേശം ഒന്നര വര്‍ഷം മുന്‍പ് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തു എന്നൊരു വാര്‍ത്ത കേട്ടു. വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുകയും , ചിരിച്ചു സന്തോഷിച്ചു നടക്കുകയും, കലാപരമായ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് എന്ത് പറ്റി എന്ന് ചിന്തിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ സുഹ്രത്തുക്കള്‍ ഏകദേശം ഒന്നോ രണ്ടോ മാസം മുന്‍പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണിച്ചുതന്നത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോയുടെ കുറിപ്പായി അദ്ദേഹം എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു ”ഇനി ഈ ചിരി എത്രനാള്‍ കാണുമെന്നു അറിയില്ല”.

അതിന്റെ താഴെ നിരവധി മറുപടികളും കണ്ടു. തമാശകള്‍ , കളിയാക്കലുകള്‍ , പ്രശ്‌നം പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങള്‍ അങ്ങനെ അങ്ങനെ കുറെ മറുപടികള്‍. എന്നാല്‍ നിനക്ക് എന്താണ് പറ്റിയത്, എന്തേലും ബുദ്ധിമുട്ട് ഉണ്ടോ, ഞാന്‍ എന്തേലും സഹായം ചെയ്യണോ എന്നൊരു ചോദ്യം അവിടെയെങ്ങും കണ്ടില്ല. ആശുപത്രിയില്‍ കൂടെ ജോലി ചെയ്യുന്ന ആരോഗ്യമേഖലയിലെ ആളുകള്‍ക്ക് പോലും അദ്ദേഹത്തിന്റെ അടുത്ത് അങ്ങനെ ഒരു ചോദ്യം ചോദിക്കാനോ , അദ്ദേഹത്തെ കേള്‍ക്കാനോ തോന്നിയില്ല എന്നതാണ് ഏറ്റവും വലിയ വിഷമം. അവസാനം തന്റെ ജീവിതം യൗവനത്തിന്‍ തന്നെ അവസാനിപ്പിച്ചു അദ്ദേഹം കടന്നു പോയി. ഈ ഒരു ചിന്തയോടെ വേണം നമ്മള്‍ ആത്മഹത്യകളെ കുറിച്ച് സംസാരിച്ചു തുടങ്ങാന്‍.

ആത്മഹത്യ പ്രവണതയും ചിന്തകളും ഒരു മെഡിക്കല്‍ എമര്‍ജന്‍സി തന്നെയാണ്. കൃത്യമായി ഇടപെട്ടില്ല എങ്കില്‍ ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതം. എന്നാല്‍ പലപ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഇത്തരക്കാരുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ആത്മഹത്യ ചെയ്തവരില്‍ മൂന്നിലൊന്നു പേര്‍ മരിക്കുന്നതിനു ഒരു മാസം മുന്‍പേ ഏതെങ്കിലും ഒരു ആശുപത്രിയില്‍ പോയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുക. എന്നിട്ടും ആര്‍ക്കും അവരെ സഹായിക്കാന്‍ പറ്റിയില്ല, തിരിച്ചറിയാന്‍ പറ്റിയില്ല. വലിയൊരു ശതമാനം ആളുകളും ഇത് പുറത്തു പറഞ്ഞാലോ , സഹായം തേടിയാലോ ഉണ്ടാവുന്ന പുച്ഛവും, ഒറ്റപ്പെടുത്തലും പേടിച്ചു സഹായം ചോദിക്കാന്‍ പോലും തുനിയില്ല.

എന്തൊക്കെയാണ് ആത്മഹത്യയുടെ കാരണങ്ങള്‍ ?

ജനിതകപരമായ പ്രത്യേകതകള്‍ക്ക് ഒപ്പം തന്നെ, മാനസിക രോഗാവസ്ഥകള്‍, മാനസിക സംഘര്‍ഷങ്ങള്‍, സാമൂഹികമായ കാരണങ്ങള്‍, ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ ഇവയൊക്കെ ആത്മഹത്യയിലേക്ക് നയിക്കാം. ആത്മഹത്യ ചെയ്തവരില്‍ 90%ത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ചികിത്സ വേണ്ട തരത്തിലുള്ള മാനസിക രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുക.

പ്രധാനമായും വിഷാദം, ഉന്മാദ- വിഷാദ രോഗം ,ഉത്കണ്ട രോഗങ്ങള്‍, ലഹരി ഉപയോഗം എന്നീ രോഗാവസ്ഥകള്‍ ആണ് ആത്മഹത്യയിലേക്ക് നയിക്കുക. വ്യക്തി ജീവിതത്തിലോ സമൂഹ ജീവിതത്തിലോ ഉണ്ടാകുന്ന തിരിച്ചടികള്‍ ആയിരിക്കും മിക്കവാറും മരിക്കണം എന്ന തീരുമാനത്തിലേക്ക് നയിക്കുക. ജോലി നഷ്ടപ്പെടുക, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, കടുത്ത ശാരീരിക രോഗാവസ്ഥകള്‍, അടുത്ത ആളുകളുടെ വേര്‍പെട് ഇവയൊക്കെ ഇത്തരത്തിലുള്ള ഘടകങ്ങളാണ്.

ഏതൊക്കെയാണ് ആത്മഹത്യ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ?

• മുന്‍പ് ആത്മഹത്യ ശ്രമം നടത്തുക എന്നതാണ് ഏറ്റവും പ്രധാന ഘടകം.

• കുടുംബത്തില്‍ ആത്മഹത്യകള്‍ ഉണ്ടായിട്ടുള്ളവര്‍

• വിവിധ തരത്തിലുള്ള മാനസിക രോഗാവസ്ഥകള്‍ ഉള്ളവര്‍

• ലഹരി ഉപയോഗം

• ബുദ്ധിമുട്ട് ഏറിയ ജീവിതാനുഭവങ്ങള്‍

• ഒറ്റപ്പെടല്‍

• ശാരീരികവും മാനസികവുമായ ഉപദ്രവം ഏറ്റുവാങ്ങുന്നവര്‍

• കടുത്ത ശാരീരിക രോഗങ്ങള്‍ ഉള്ളവര്‍

ആത്മഹത്യ സാധ്യതയുള്ളവര്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കാം. അത് മനസിലാക്കാനും തിരിച്ചറിയാനും സാധിച്ചാല്‍ ഇവരെ നമുക്ക് നേരത്തെ സഹായിക്കാന്‍ പറ്റും.

വികാരപരമായ ലക്ഷണങ്ങള്‍

• അതിയായ സങ്കടം , ഉത്കണ്ഠ

• കാര്യങ്ങള്‍ ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ

• കലശലായ ദേഷ്യം

• കുറ്റബോധം

സംസാരത്തില്‍ നിന്നും തിരിച്ചറിയാവുന്ന ലക്ഷണങ്ങള്‍ ?

• മരണത്തെ കുറിച്ചോ , സ്വയം മരിക്കുന്നതിനെ കുറിച്ചോ ഉള്ള സംസാരം

• എന്റെ ജീവിതം വെറുതെയാണ് , എന്നുള്ള സംസാരം

• ഞാന്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്, ആര്‍ക്കും എന്നെ ഇഷ്ടമല്ല

• ജീവിതം ഇങ്ങനെ സ്തംഭനാവസ്ഥയിലാണ്

• ജനിക്കാതെ ഇരുന്നിരുന്നെങ്കില്‍ നല്ലതായിരുന്നു

ഇത്തരത്തിലുള്ള സംസാരം.

പ്രവൃത്തികളില്‍ നിന്നുള്ള ലക്ഷണങ്ങള്‍

• എല്ലാത്തില്‍ നിന്നും ഒറ്റപെട്ടു മാറി നില്‍ക്കുക

• മറ്റുള്ളവരോട് അധികം സംസാരിക്കാതെ ഒഴിഞ്ഞു മാറുക

• വളരെ ഇഷ്ടമുള്ള വസ്തുക്കള്‍ വെറുതെ ആളുകള്‍ക്ക് നല്‍കുക

• അപകടകരമായ കാര്യങ്ങള്‍ ചെയ്യുക

• കടുത്ത ദേഷ്യം

• ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുക

• ആത്മഹത്യയെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കുക

• ഇന്റര്‍നെറ്റിലും മറ്റും ഇത്തരം കാര്യങ്ങള്‍ എഴുതുക

ആത്മഹത്യക്ക് വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കുക

എന്താണ് നമ്മള്‍ക്ക് ചെയ്യാന്‍ സാധിക്കുക ?

ആത്മഹത്യകളെ തടയാന്‍ പല തലത്തിലുള്ള ശ്രമങ്ങള്‍ ആവശ്യമാണ്.

• നിയമപരമായി തന്നെ തോക്കുകള്‍ , വിഷ വസ്തുക്കള്‍ ഇവയുടെ വില്‍പന നിയന്ത്രിക്കുന്നതും , പാലങ്ങളിലും മറ്റും വേലി കെട്ടുന്നതും ആത്മഹത്യകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

• മാനസിക രോഗാവസ്ഥകള്‍ കണ്ടെത്തി , ചികിത്സ നല്‍കുന്നത് വഴി ആത്മഹത്യകള്‍ തടയാന്‍ സാധിക്കും.

അപകട സാധ്യത കടുതലുള്ള ആളുകളെ കണ്ടെത്തുകയും വര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യാം.

ആത്മഹത്യ ചിന്തകള്‍ പ്രകടിപ്പിക്കുകയോ അല്ലെങ്കില്‍ ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നവരെ എങ്ങനെ സഹായിക്കാം ?

• ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നത് ആത്മഹത്യ ചിന്തകള്‍ കൂടാന്‍ കാരണമാകും എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

• ആളുകളോട് അവരുടെ വിഷമങ്ങളെ കുറിച്ച് സംസാരിക്കുന്നതും ,അതുപോലെ അവര്‍ക്ക് പറയാനുള്ളത് സഹാനുഭൂതിയോടെ കേള്‍ക്കാന്‍ തയ്യാറാകുന്നതും അവര്‍ക്ക് ആശ്വാസം നല്‍കും.

Taking a minute എന്നൊരു രീതിയുണ്ട്. ഇത്തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് വേണ്ടി നമ്മുടെ ഒരു നിമിഷം മാറ്റി വെക്കുക എന്നതാണ് ലക്ഷ്യം. ഒരു നിമിഷം നമ്മളെ കുറിച്ചും നമ്മുടെ ചുറ്റുമുള്ളവരെ കുറിച്ചും ചിന്തിക്കാനും, മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനും ശ്രമിക്കുക, ആരിലെങ്കിലും ഇത്തരം ബുദ്ധിമുട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഒരു നിമിഷം അവരോടു സംസാരിക്കാന്‍ നീക്കി വെക്കുക, അവര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ ഒരു നിമിഷം മാറ്റി വെക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്.

ആത്മഹത്യ ശ്രമം നടത്തുക എന്നത് ഇന്ത്യയില്‍ IPC 309 പ്രകാരം കുറ്റകരം ആയിരുന്നു. എന്നാല്‍ 2017 ലെ മാനസികാരോഗ്യ നിയമം ഇത് കുറ്റകരം അല്ലാതാക്കിയിട്ടുണ്ട്. ഒപ്പം ഇത്തരത്തില്‍ ശ്രമം നടത്തുന്നവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നവര്‍ ആണെന്നും അതുകൊണ്ട് ഇവര്‍ക്ക് ആവശ്യമായ പരിചരണവും ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണം എന്നും നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

അതുകൊണ്ട് സുഹൃത്തുക്കളെ ഒരിക്കലും ആത്മഹത്യകളെ ചെറുതായി കാണരുത്. നിങ്ങളുടെ ഒരു നിമിഷം ചിലപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചേക്കാം. അതുവഴി നിരവധിയാളുകളുടെ ഭാവിയും.

Let us work together to prevent suicide

ഇന്‍ഫോ ക്ലിനിക്കിനു വേണ്ടി ഡോ. ജിതിന്‍ ടി ജോസഫ് എഴുതിയത്

Read More : രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ ദിവസവും ഈ നട്‌സുകള്‍ കഴിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍