UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും ‘O’ രക്ത ഗ്രൂപ്പുകാര്‍ക്കെന്നു പഠനം

പകടത്തിന് ശേഷം സുഖം പ്രാപിക്കുന്ന രോഗികളും അവരുടെ രക്തഗ്രൂപ്പും ബന്ധപ്പെടുത്തിയുള്ള പഠനത്തിനാണ് സംഘം ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്

‘O’ രക്ത ഗ്രൂപ്പുകാരെ ഞെട്ടിക്കുന്ന വാർത്തയുമായാണ് ഇത്തവണ ബയോ മെഡ് സെൻട്രൽ (Biomed Central) ഗവേഷകരുടെ വരവ്. ശരീരത്തിനേൽക്കുന്ന കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും O ഗ്രൂപ്പുകാർക്കാണത്രെ! ജാപ്പനീസ് സ്വദേശികളായ 901 തീവ്രപരിചരണ രോഗികളിലാണ് ഗവേഷണം നടന്നത്. അപകട മരണ നിരക്ക് ഈ രക്ത ഗ്രൂപ്പുകാർക്ക് ആണെന്ന് തെളിയിക്കുന്ന ലേഖനം ക്രിട്ടിക്കൽ കെയർ ( Critical Care) മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

ആഴത്തിലേറ്റ മുറിവിലൂടെ മരണം അല്ലെങ്കില്‍ ദീര്‍ഘകാലവൈകല്യം സംഭവിക്കുന്നവരില്‍ 28% ശതമാനം O ഗ്രൂപ്പ് രക്തമുള്ളവരും 11% ഇതര രക്തഗ്രൂപ്പുകാരും ആയിരിക്കുമത്രെ. അപകടം സംഭവിക്കുമ്പോള്‍ കൂടുതല്‍ രക്തം വാര്‍ന്ന് പോകുന്നതും രക്തം കട്ടപിടിക്കാതിരിക്കുന്നതും O ഗ്രൂപ്പുകാരുടെ പ്രശ്‌നമാണ്. അപകടത്തിന് ശേഷം സുഖം പ്രാപിക്കുന്ന രോഗികളും അവരുടെ രക്തഗ്രൂപ്പും ബന്ധപ്പെടുത്തിയുള്ള പഠനത്തിനാണ് സംഘം ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വില്ലേബ്രാന്‍ഡ്(willebrand) ഫാക്ടര്‍ O രക്തഗ്രൂപ്പുകാരില്‍ താരതമ്യേന കുറവാണ്. ഇതാണ് രക്തം വാര്‍ന്നുപോകുന്നതിനും ചിലപ്പോള്‍ മരണത്തിനും വരെ കാരണമാകുന്നത്. അപകടത്തിലൂടെ രക്തം നഷ്ടപ്പെട്ട ഇതരഗ്രൂപ്പുകാര്‍ക്ക് O ഗ്രൂപ്പ് രക്തം നല്‍കുന്നതിലൂടെ രക്തപ്രവാഹം എങ്ങനെ നിയന്ത്രിക്കുന്നുവെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്. പരിശോധനയ്ക്ക് വിധേയമായ എല്ലാവരും ജപ്പാന്‍ സ്വദേശികളാണ്. വ്യത്യസ്ത രാജ്യങ്ങളിലുള്ളവരെ പഠനത്തിന് വിധേയമാക്കാനാണ് അടുത്ത ശ്രമം.

ഓരോ രക്തഗ്രൂപ്പും പ്രത്യേകമായി ഉള്‍പ്പെടുത്തിയുള്ള പഠനവും നടക്കാനിരിക്കുന്നതേയുള്ളു. O ഗ്രൂപ്പുകാരും ഇതര ഗ്രൂപ്പുകാരും എന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് നിലവില്‍ പ്രസിദ്ധീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍