UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യരംഗത്തെ വിതരണക്കാരായി ഡ്രോണുകള്‍; റുവാണ്ടയില്‍ കൊയ്ത നേട്ടത്തിന് പിന്നാലെ സിപ്ലൈന്‍ കമ്പനി ഇനി അമേരിക്കയിലും

രക്തം വിതരണം ചെയ്യാന്‍ നേരത്തെ 10 മിനിട്ട് എടുത്തിരുന്നിടത്ത് ഇനി ഒരു മിനിട്ട് സമയത്തില്‍ എത്തിക്കാനാകും

റുവാണ്ട(Rwanda)യുടെ ഗ്രാമമേഖലകളിലെ ഏതെങ്കിലും ഒരു ആശുപത്രിയിലോ ചെറിയ ക്ലിനിക്കുകളിലോ രോഗിയ്ക്ക് രക്തം ആവശ്യമായി വന്നാല്‍ ‘വിതരണക്കാരെ’ ഒന്ന് ഫോണ്‍ ചെയ്യേണ്ട താമസം മാത്രമേയുള്ളു. അരമണിക്കൂറിനുള്ളില്‍ ആവശ്യപ്പെട്ട യൂണിറ്റ് രക്തം ഡ്രോണ്‍ മുഖേന സ്ഥലത്തേക്ക് എത്തും. രക്തമാവശ്യമുള്ളിടത്ത് വിതരണക്കാര്‍ സുരക്ഷിതമായി എത്തിക്കുന്ന ഈ സംവിധാനം ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് റുവാണ്ടയിലാണ്. 18 മാസങ്ങള്‍ മുമ്പ്. സിപ്ലൈന്‍(zipline) എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് ഇതിന് പിന്നില്‍. ഈ വര്‍ഷം അമേരിക്കയിലെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് പദ്ധതി ആരംഭിക്കാനിരിക്കുകയാണ് സിപ്ലൈന്‍.

2010ല്‍ നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടിയ അമേരിക്കന്‍ ഗ്രാമങ്ങളില്‍, നൂറ് കണക്കിന് ആശുപത്രികള്‍ ഇനിയും അടച്ചുപൂട്ടാനിരിക്കെ ഈ സംരംഭം വിജയത്തിലെത്തുമെന്നും അത് രോഗികള്‍ക്ക് ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷ. ഈ മേഖലകളിലെ മരുന്ന് വിതരണക്കാര്‍ പോലും പിന്‍വാങ്ങുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നത്. രോഗികള്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ ചെറിയ ക്ലിനിക്കുകള്‍ മാത്രമാണ് അവശേഷിക്കുന്ന ആശ്രയം. എന്നാല്‍ ആവശ്യക്കാരെ നിരാശരാക്കില്ലെന്ന മറുപടിയാണ് കമ്പനി എല്ലാ ക്ലിനിക്കുകളെയും അറിയിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കുകളില്‍ കൃത്യതയോടെ സൂക്ഷിക്കാത്ത പക്ഷം അതിവേഗം നശിച്ചുപോകുന്നവയാണ് ഓരോ യൂണിറ്റ് രക്തവും. ചെറിയ ക്ലിനിക്കുകളില്‍ രക്തം സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധിയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വിതരണക്കമ്പനി രക്തം ആവശ്യമുള്ളപ്പോള്‍ എത്തിക്കുന്നത് വലിയ ആശ്വാസമാണെന്ന് ഗ്രാമീണ മേഖലയും പ്രതികരിക്കുന്നു.

റുവാണ്ടയില്‍ ഉടനീളം രണ്ട് ലക്ഷം മൈല്‍ ദൂരത്തിനിടയില്‍ 7000 യൂണിറ്റ് രക്തം വ്യോമമാര്‍ഗത്തിലൂടെ വിതരണം ചെയ്ത കമ്പനിയാണ് സിപ്ലൈന്‍. യു.എസിലും സമാന മാര്‍ഗം അവലംബിക്കാനാണ് തീരുമാനം. വ്യോമയാത്രക്കടക്കം സ്വകാര്യ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന് യു.എസില്‍ നിന്ന് അനുമതി വൈകുന്നതാണ് കമ്പനി അഭിമുഖീകരിക്കുന്ന ഏക തടസം. മണിക്കൂറുകളോളം സുരക്ഷിത പറക്കല്‍ നടത്തി ഉദ്യമം പൂര്‍ത്തിയാക്കിയ കമ്പനിയെ വിശ്വാസത്തിലെടുക്കണമെന്നാണ് സി.ഇ.ഒ കെല്ലര്‍ റിനൗദോ(Keller Rinaudo) ആവശ്യപ്പെടുന്നത്.

അമേരിക്കന്‍ ജനസംഖ്യ റുവാണ്ടയെ അപേക്ഷിച്ച് 30 മടങ്ങ് കൂടുതലാണ്. തങ്ങളുടെ സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പുനഃക്രമീകരിച്ച് കൂടുതല്‍ കാര്യക്ഷമമാക്കിയിരുന്നു. സാധാരണ ഖ്വാഡ്കോപ്റ്റര്‍ ഡ്രോണിനേക്കാളും മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന പുതിയ ഡ്രോണിന് ‘സിപ്’ എന്നാണ് പേര്. രക്തം വിതരണം ചെയ്യാന്‍ നേരത്തെ 10 മിനിട്ട് എടുത്തിരുന്നിടത്ത് ഇനി ഒരു മിനിട്ട് സമയത്തില്‍ എത്തിക്കാനാകും. 10 മില്യണ്‍ വ്യക്തികള്‍ക്ക് വരെ ഒരു ദിവസം 500 ‘പറക്കലി’ല്‍ സഹായം എത്തിക്കാം. രക്തവിതരണം കൂടാതെ, പ്രതിരോധ മരുന്നുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും കമ്പനിയുടെ ഭാഗമാക്കണമെന്നാണ് സിപ്ലൈനിന്റെ തീരുമാനം

ആരോഗ്യരംഗത്തെ മറ്റ് സേവനങ്ങള്‍ക്കും ഈ ഡ്രോണ്‍ ഉപയോഗിക്കാമെന്ന് സിപ്ലൈന്‍ പറയുന്നു. ആരോഗ്യരംഗത്ത് തുടക്കമിടുന്ന പദ്ധതികളാകും ലോകത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റും ഏറ്റവും വലിയ പ്രശ്നവുമെന്ന് സിപ്ലൈന്‍ അഭിപ്രായപ്പെടുന്നു. ’70 ബില്യണ്‍ യു.എസ് ഡോളര്‍ വിറ്റുവരവുള്ള വ്യവസായമാണിത്. മെഡിക്കല്‍ സൗകര്യങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത ലക്ഷക്കണക്കിന് പേരുണ്ട്. പ്രതിവര്‍ഷം 5.2 മില്യണ്‍ കുട്ടികളാണ് ഇക്കാരണത്താല്‍ മരിക്കുന്നത്’.

റുവാണ്ടയില്‍ കൈവന്ന അതേ നേട്ടമാണ് അമേരിക്കന്‍ മെഡിക്കല്‍ രംഗത്തും സിപ്ലൈന്‍ സ്വപ്നം കാണുന്നത്. റുവാണ്ടയില്‍ ആദ്യത്തെ മൂന്ന് മാസം ഒരു ആശുപത്രിക്ക് മാത്രമായി സേവനം ചെയ്തിരുന്ന കമ്പനിയായിരുന്നു ഇത്. ഡോക്ടര്‍മാരുള്‍പ്പെടെ ആവശ്യക്കാരേറിയപ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാത്തതിലുള്ള തൃപ്തിയും സിപ്ലൈന്‍ അധികൃതര്‍ക്കുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍