UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

കുതിക്കും തോറും വീര്‍ക്കുന്ന കുടത്തിലെ ആരോഗ്യഭൂതം

ഒരു കോണ്‍ഫറന്‍സില്‍ (കൊച്ചിയില്‍ തന്നെ) ഇരിക്കുമ്പോഴാണ് എനിക്കാ ഫോണ്‍ വന്നത്. എന്റെ വളരെ അടുത്ത ഒരു ബന്ധുവിന് നെഞ്ചുവേദന വന്ന് അതിപ്രശസ്തമായ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അവിടെ കാത്ത് ലാബ് പെട്ടെന്ന് സാങ്കേതിക കാരണങ്ങളാല്‍ പണിമുടക്കിയിരിക്കയാണ്. ഭാഗ്യവശാല്‍ ചെന്നപ്പോള്‍ തന്നെ ഹൃദയാഘാതമാണെന്നും, എന്നാല്‍ കാത്ത് ലാബ് പ്രവര്‍ത്തിക്കാത്തതിനാല്‍ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കയില്ലെന്നും ആസ്പത്രി അധികൃതര്‍ തന്നെ അറിയിച്ചു.

എന്റെ പിതൃതുല്യനായ ആളാണ്. ഉടനെ തന്നെ എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സ് വിട്ട് അരമണിക്കൂറിനുള്ളില്‍ എന്റെ ആശുപത്രിയില്‍ തന്നെ എത്തിച്ചു. അടുത്ത അരമണിക്കൂറിനുള്ളില്‍ കാത്ത് ലാബില്‍ കയറി ആന്‍ജിയോഗ്രാമും ചെയ്തു.

ഹൃദയത്തിന് രക്തം സപ്ലൈ ചെയ്യുന്ന കൊറോണറി രക്തക്കുഴലുകള്‍ക്കുണ്ടാവുന്ന ബ്ലോക്കുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയപേശികളെ രക്ഷിക്കണമെങ്കില്‍ ചികിത്സ ആ തടസം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ്. അതുകൊണ്ടാണ് വിവരം അറിഞ്ഞപ്പോള്‍ രോഗിയെ മാറ്റുന്നതിന് എനിക്ക് ഒരു സംശയവും ഇല്ലാതിരുന്നത്.

എന്റെ ഒരു സുഹൃത്തായിരുന്ന കാര്‍ഡിയോളജിസ്റ്റ് പുറത്തു വന്നു പറഞ്ഞു:

”ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ വളരെ പാടാണ്. എല്ലാ രക്തക്കുഴലിലും വളറെ നീളത്തിലുള്ള ബ്ലോക്കുകളുണ്ട്. സിഎബിജി (CABG) ചെയ്യുന്നതായിരുക്കും നല്ലത്”. കയ്യിലെയോ, കാലിലെയോ രക്തക്കുഴല്‍ വഴി ചെറു ട്യൂബുകള്‍ കടത്തി, ഹൃദയധമനികളിലെത്തിച്ച് എക്‌സ്‌റേ വഴി വീക്ഷിക്കാവുന്ന ചായങ്ങള്‍ ചീറ്റിച്ചാണ് ആന്‍ജിയോഗ്രാം ചെയ്യുന്നത്. അതേസമയം ചെറു ബലൂണുകള്‍ ഉപയോഗിച്ച് ബ്ലോക്കുള്ള ധമനികളെ വികസിപ്പിച്ച് ചെറു ട്യൂബുകള്‍ അവിടെ വച്ച് ബ്ലോക്കുമാറ്റാം. ഇതാണ് ആന്‍ജിയോപ്ലാസ്റ്റി.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നെഞ്ച് തുറന്ന് ഓപ്പറേഷന്‍ ചെയ്ത് ബ്ലോക്കുകള്‍ മാറ്റണം.

എന്റെ ബന്ധുവിന് അതീവ ഗുരുതരമായ ആറു ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. എല്ലാം സര്‍ജല്‍ ബൈപാസ് ചെയ്ത് ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചു. ഈ ഓപ്പറേഷന്‍ ചെയ്യുന്നതിനുമുമ്പ് ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യുകയും എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിച്ച് ഹൃദയ പേശീ പ്രവര്‍ത്തനം നോക്കുകയും ചെയ്തു. 

ഇപ്പോള്‍ വളരെ കൊല്ലങ്ങള്‍ കഴിഞ്ഞു. അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്യുന്നു. അഞ്ചു കിലോമീറ്റര്‍ അതിവേഗം നടക്കാം. കിതപ്പോ വേദനയോ ഇല്ല. സമയത്തിനുതന്നെ അദ്ദേഹത്തിന് കറകറ്റ് ട്രീറ്റ്‌മെന്റ് കിട്ടി എന്നത് ഉറപ്പാണ്.

ഞാന്‍ പിന്നിലേയ്ക്ക് ഒന്ന് ചിന്തിച്ചുപോയി. വെറും ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൗസ് സര്‍ജനായി മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ അത്യാഹിതവിഭാഗത്തില് ജോലി ചെയ്തിരുന്ന കാലം.

ഓരോ രോഗിയേയും ആധിയോടെയാണ് പരിശോധിക്കുന്നത്. എന്താണസുഖമെന്ന് കണ്ടുപിടിക്കാന്‍ കഴിയണം. ശരിയായ ചികിത്സ നല്‍കണം.

എന്നാല്‍ നെഞ്ചുവേദനയായി ഹൃദയാഘാതമാണ് എന്ന് സംശയമുള്ള രോഗിയെ ചികിത്സിക്കാന്‍ ആധിയേയില്ല! ഒരു ഇസിജി എടുത്താല്‍ ഏകദേശം ഹൃദയാഘാതമാണോ എന്നറിയാം.

ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കും. നെഞ്ചുവേദന തുടങ്ങി ഒരാറു മണിക്കൂര്‍ കഴിഞ്ഞാണ് രോഗി എത്തുന്നതെങ്കിലും ഒന്നും പേടിക്കണ്ട. പ്രത്യേകിച്ച് ചികിത്സയേയില്ല. വേദനയ്ക്ക് നൈട്രേറ്റുകള്‍. പേരിന് ആസ്പിരിന്‍. രക്തസമ്മര്‍ദ്ദം, ഹേര്‍ട്ട് താളപ്പിഴകള്‍ ഉണ്ടെങ്കില്‍ അതിനൊക്കെ മരുന്നുകള്‍. ആള്‍ ഹൃദയാഘാതം മൂര്‍ഛിച്ച് ഹൃദയം നിന്നുപോയാല്‍ ഷോക്കടിപ്പിച്ച് ഒരവസാന കൈ നോക്കാം. അത്രതന്നെ.

ആറുമണിക്കൂറിനുള്ളിലാണെങ്കില്‍ രക്തക്കട്ട അലിയിച്ചു കളയാനുള്ള ‘സ്‌ട്രെപ്‌ടോകൈനേസ്’ എന്ന മരുന്ന് കൊടുക്കാം. കുറേ ഹൃദയപേശികള്‍ രക്ഷപ്പെടും. ബ്ലോക്ക് അലിയും എന്നൊക്കെ പ്രത്യാശിക്കാം.

കുറെ രോഗികള്‍ മരിക്കും. ഏറെപ്പേര്‍ രക്ഷപ്പെടും. ചിലര്‍ക്ക് പിന്നീട് ശ്വാസംമുട്ടലും മറ്റും ഉണ്ടാകും. കുറെ ഹൃദയപേശി നശിച്ചാല്‍ കാര്‍ഡിയാക് ഫെയിലിയര്‍ മൂലമാണത്.

ഇപ്പോഴുള്ള ചികിത്സകള്‍ക്ക് അപകടസാധ്യതകള്‍ ഉണ്ട്. സങ്കീര്‍ണതകള്‍ മൂലം രോഗി മരിക്കും. ശസ്ത്രക്രിയാ സമയത്തു മരിക്കാം.

ചികിത്സകള്‍ വ്യവസ്ഥാപിതമായി കുറ്റമറ്റ പെര്‍ഫെക്ഷന്‍ എത്തിയാല്‍ ഇതൊക്കെ കുറയ്ക്കാം.

ഇതെല്ലാം പൊതുവില്‍ രോഗീമരണങ്ങളും പിന്നീടുള്ള രോഗാവസ്ഥകളും കുറയ്ക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്.

പക്ഷേ ഈ ഇരുപതു കൊല്ലങ്ങള്‍ കൊണ്ടുണ്ടായ അഭൂതമായ ഈ കുതിപ്പ് സന്തോഷം, വ്യാപക സംതൃപ്തി എന്നിവ മാത്രമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇതിനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ ”അപ്പം കൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത്” എന്നതുപോലെ മനുഷ്യാവസ്ഥയുടെ ചില വിചിത്രതകളിലേയ്ക്ക് വെളിച്ചം വീശും.

ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഹൃദയാഘാതത്തിന്, അടിയന്തര ആദ്യാഴ്ച ചികിത്സ നല്‍കാന്‍ മിക്ക ഡോക്ടര്‍മാര്‍ക്കും മിക്ക ആശുപത്രികള്‍ക്കും കഴിഞ്ഞിരുന്നു.

അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികള്‍ തമ്മില്‍ ചികിത്സാ സംവിധാനങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഇപ്പോഴുള്ള ചികിത്സയ്ക്ക് ചിലവ് പതിന്മടങ്ങ് വര്‍ധിച്ചു. വ്യവസ്ഥിതികള്‍ വലുതും സങ്കീര്‍ണവുമായി. കച്ചവട സാധ്യതകള്‍ കൂടി. പല വര്‍ഷങ്ങള്‍ പരിശീലനം കഴിച്ച Inerventional Cardiologist കളും സങ്കീര്‍ണ സെറ്റപ്പുകളും വേണ്ടി വന്നു. മനഃസാക്ഷിയില്ലെങ്കില്‍ അനാവശ്യ ടെസ്റ്റുകളും ശസ്ത്രക്രിയകളും ഇഷ്ടംപോലെ ചെയ്യാം. ഒരു ബ്ലോക്ക് നീക്കാനുപയോഗിക്കുന്ന സ്റ്റെന്റിനു തന്നെ ലക്ഷങ്ങള്‍ മതിക്കാം. പതിനായിരങ്ങള്‍ കമ്മീഷനായി തന്നെ മറിയും. കച്ചവട സാധ്യതയുള്ളതുകൊണ്ടു മാത്രമാണ് ഇത്രയും അതിനൂതന കേന്ദ്രങ്ങള്‍ ഞൊടിയിടയില്‍ വളര്‍ന്നു വന്നത്. ഇല്ലെങ്കില്‍ കുറച്ചുപേര്‍ക്കെങ്കിലും ഇപ്പോള്‍ കിട്ടുന്ന ചികിത്സ പോലും കിട്ടാതെ വന്നേനെ. അതിനാല്‍ സ്വകാര്യ സംരംഭങ്ങളെ തള്ളിപ്പറയാന്‍ പറ്റില്ല. പ്രായോഗികതയാണല്ലോ എല്ലാം. 

കുറേയേറെ പാവങ്ങള്‍ക്ക് നല്ല ചികിത്സ കിട്ടുന്നില്ല അവര്‍ക്ക് പാഴേ സ്‌ട്രെപ്‌ടോകൈനേസ്, ഒബ്‌സര്‍വേഷന്‍ ചികിത്സ നല്‍കാനും ആരും തയ്യാറല്ല. അത് റിസ്‌കാണ്. ”എങ്ങനെയെങ്കിലും കൊണ്ടുപൊയ്‌ക്കോ”- അതാണു ലൈന്‍. കുറ്റം പറയാന്‍ പറ്റില്ല. ഒരിക്കല്‍ കറക്ട് ട്രീറ്റ്‌മെന്റ് ഇതാണെന്നു കണ്ടുപിടിച്ച് സ്വീകാര്യത ലഭിച്ചു കഴിഞ്ഞാല്‍ മോഡേണ്‍ മെഡിസിനില്‍ അതില്‍ നിന്ന് മോചനമില്ല. സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും നമുക്കു സ്വയവും കാശുമാത്രമില്ലായ്മ കാരണം ഏറ്റവും നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖ കാരണം. മുന്തിയ വീടുകളും, കാറുകളും, വസ്ത്രങ്ങളും മറ്റുള്ളവര്‍ക്കുള്ളതുകണ്ട് വെള്ളമിറക്കിയാലും വേണ്ടെന്നു വയ്ക്കാം. പക്ഷേ, ജീവന്‍? ആരോഗ്യം? ചിന്തിക്കാനേ വയ്യ.

അതിവേഗം കുതിക്കുന്ന കുടത്തില്‍ നിന്നു തുറന്നുവിട്ട ആരോഗ്യ ഭൂതത്തിനൊപ്പമെത്താന്‍ വ്യവസ്ഥിതികളും സര്‍ക്കാരും മനസ്സാക്ഷികളും ആസ്പത്രികളും ഡോക്ടര്‍മാരും രോഗികളും നെട്ടോട്ടമോടുന്നു.

ഓടി മടുത്ത പലരും ആധുനിക വൈദ്യത്തെ ആകെ മൊത്തം പ്രാകുന്നു. ഓടിയെത്താന്‍ പറ്റാത്ത ഡോക്ടര്‍മാരും വ്യാജവൈദ്യന്മാരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു.

ഒന്നു കലങ്ങി എപ്പോള്‍ തെളിയുമോ ആവോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍