UPDATES

അമ്മ മരിച്ചതറിയാതെ അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ്; ഈ കാഴ്ച ഹൃദയം തകര്‍ക്കും

മരണത്തിലേക്ക് മടങ്ങുംവരെ ആ അമ്മ സ്വന്തം കുഞ്ഞിനെ മുലയൂട്ടി

സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച ഒരു വീഡിയോ രാജ്യത്തെ ആകമാനം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ചുകിടക്കുന്ന തന്റെ അമ്മയുടെ മുലകുടിക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയെ ആയിരുന്നു ആ വീഡിയോയില്‍ കാണുന്നത്. മധ്യപ്രദേശില്‍ നിന്നായിരുന്നു ഇങ്ങനെയൊരു കാഴ്ച.

റെയില്‍വേ ട്രാക്കിന് സമീപത്തായാണ് സ്ത്രീ മരിച്ചു കിടക്കുന്നത്. ഇവരുടെ കുട്ടി സമീപത്തിരുന്ന് അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുകയും ഇടയ്ക്കിടയ്ക്ക് അമ്മയെ കുലുക്കി വിളിക്കാന്‍ ശ്രമിക്കുകയുമാണ്. അമ്മ ഉറക്കിലാണെന്ന വിചാരത്തിലാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടി അമ്മയെ കുലുക്കി വിളിക്കുന്നത്. ഇതിനിടയില്‍ കൈയിലിരിക്കുന്ന ബിസ്‌കറ്റ് നുണയുകയും അതിനൊപ്പം അമ്മിഞ്ഞപ്പാല്‍ കുടിക്കാനും അവന്‍ ശ്രമിക്കുന്നു.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയായി ധമോയിലെ റെയില്‍വേ ട്രാക്കിനടുത്തായാണ് സ്ത്രീയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാരാണ് സ്ത്രീയെ കണ്ടെത്തുന്നത്. അവര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തങ്ങള്‍ എത്തുന്നതിനും മുന്നെ ആ സ്ത്രീ മരണപ്പെട്ടിരുന്നുവെന്നാണു പൊലീസ് പറയുന്നത്. ട്രെയിന്‍ തട്ടിയോ, അതോ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണോ ആകണം അപകടം സംഭവിച്ചിരിക്കുന്നതെന്നാണു പൊലീസ് കരുതുന്നത്. അവരുടെ തലയുടെ പിറകുവശം അടിച്ചാണു വീണിരിക്കുന്നത്. മരണകാരണവും അതുതന്നെയായിരിക്കുമെന്നാണ് അനുമാനിക്കുന്നത്.

ആ സ്ത്രീ താഴെവീഴുന്ന സമയത്ത് തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ചിരുന്നിരിക്കണം, തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമം ആയിരുന്നിരിക്കാം. കുട്ടിക്ക് യാതൊരു പരിക്കും ഇല്ല; റെയില്‍വേ പൊലീസ് ഓഫിസര്‍ അനില്‍ മാരാവി മാധ്യമങ്ങളോടു പറഞ്ഞു.
ഒരുപക്ഷേ അവര്‍ വീണു സാരമായി പരിക്കേറ്റെങ്കിലും ഉടന്‍ തന്നെ മരണപ്പെട്ടിരിക്കില്ല. അവര്‍ക്കു ബോധവും നശിച്ചിരിക്കില്ല. ആ അവസ്ഥയിലും കൈയില്‍ കരുതിയിരുന്ന ബിസ്‌കറ്റ് പായ്ക്കറ്റ് തുറന്നു തന്റെ കുഞ്ഞിനു കൊടുത്തിരുന്നു അമ്മ. അതിനുശേഷം അവനെ മുലയൂട്ടുകയും ചെയ്തിരുന്നിരിക്കണം. ഒടുവില്‍ രക്തം വാര്‍ന്ന് ആ അമ്മ മരണത്തിനു കീഴടങ്ങുകയായിരുന്നു; പൊലീസ് തങ്ങളുടെ അനുമാനം പറയുന്നു.

തന്റെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുമ്പോള്‍ ആ ഒരുവയസുകാരന്‍ അലറി കരയുകയായിരുന്നു.

പൊലീസ് അമ്മയുടെ മൃതദേഹവും കുഞ്ഞിനെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പക്ഷേ ചില അസുഖകരമായ കാര്യങ്ങള്‍ നടന്നു. ആ കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചു. 10 രൂപ ഫീസ് അടയ്ക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട്. ഒടുവില്‍ തരുണ്‍ തിവാരി എന്ന വാര്‍ഡ് ബോയ് 10 രൂപ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥരുടെ വാശി അവസാനിച്ചത്. അവര്‍ അത്രയും നേരം നിയമം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു; ധാമോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നു.

അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി.

ഈ വിവരം കാണിച്ച് ഞങ്ങള്‍ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കും. ഇവര്‍ക്കു ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ കൃത്യമായ രേഖകളുമായി വന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കുമെന്നും സുധീര്‍ വിദ്യാര്‍ത്ഥി പറയുന്നു.

പൊലീസ് മരിച്ച സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ മരച്ചു കിടന്ന റെയില്‍വേ ട്രാക്കിനടുത്തു നിന്നു ശൂന്യമായ ഒരു പേഴ്‌സ് കിട്ടി. ആ പേഴ്‌സിന്റെ പുറത്ത് തികംഗ ജ്വല്ലറി എന്നെഴുതിയിട്ടുണ്ടെന്നു മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍