UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂടുകാറ്റ്; വരാനിരിക്കുന്നത് ഇതിലും കടുത്ത ദുരിത ദിനങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയിലാകെ വീശുന്ന ചൂടുകാറ്റ്  കടുത്ത കാലാവസ്ഥയുടെ മറ്റൊരു ലക്ഷണമാണെന്ന് ഒരു പരിസ്ഥിതി സംഘടന കഴിഞ്ഞ ദിവസം പറഞ്ഞു. ആഗോള താപനില ഉയരുന്നതിന്റെ ഫലമായി ഇതിലേറെ ദുരിതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പും.

രാജ്യം കൊടുംചൂടില്‍ വലയുന്നതിനിടക്കാണ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (CSE) ഈ മുന്നറിയിപ്പ് നല്കിയത്. ഇപ്പോള്‍ തന്നെ 1500-ലേറെ ആളുകളാണ് ചൂടുകാറ്റില്‍ മരിച്ചത്. സൂര്യാഘാതമേറ്റവരെക്കൊണ്ട് നിറയുകയാണ് ആശുപത്രികള്‍.

മനുഷ്യജനകമായ ആഗോളതാപനം 2014-നെ ഏറ്റവും ചൂടേറിയ വര്‍ഷമാക്കി മാറ്റി എന്നു CSE പറയുന്നു. ഇന്ത്യയിലെ ഏറ്റവും ചൂടേറിയ 10 വര്‍ഷങ്ങളില്‍ എട്ടും കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു (2001-2010). ഏറ്റവും ചൂടേറിയ ദശാബ്ദം. ശരാശരിയില്‍ നിന്നും 0.49 ഡിഗ്രി സെഷ്യസ് കൂടുതല്‍.

“ആഗോളതലത്തില്‍ താപനില കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ ശരാശരി 0.8 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നതിനാല്‍ ഇനിയും ചൂടുകാറ്റ് ഉണ്ടാകാനാണ് സാധ്യത. രാത്രികാല താപനിലയും ഗണ്യമായ തോതില്‍ ഉയരുകയാണ്. ഒരു വര്‍ഷത്തെ ചൂടുകാറ്റുള്ള ദിവസങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും 30-ഉം 40-മായി കൂടാനാണ് പോകുന്നത്,”CSE ഡല്‍ഹിയില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2010-നേ അപേക്ഷിച്ച് 2015-ലെ ചൂടുകാറ്റ് സാഹചര്യം ചെറിയ കാലത്തേതാണെങ്കിലും മരണസംഖ്യ ഉയര്‍ന്നു എന്നും അതില്‍ ചൂണ്ടിക്കാണിക്കുന്നു.

“മഴ ലഭിച്ച ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ക്ക് ശേഷം പൊടുന്നനെ താപനിലയില്‍ വന്ന വ്യത്യാസമായിരിക്കാം ഇതിന് കാരണം,”CSE കലാവസ്ഥാ മാറ്റം വിഭാഗത്തിലെ അര്‍ജുന ശ്രീനിധി പറഞ്ഞു.

അസാധാരണമായ ചൂടുകാറ്റ് മൂലം 1200-ലേറെ പേര്‍ മരിച്ച തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആരോഗ്യ മന്ത്രാലയം വൈദ്യ  സഹായം നല്കിയിട്ടുണ്ട്. ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം ഉടനെ സംസ്ഥാനങ്ങള്‍ക്കായി പുറത്തിറക്കും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ ഇതേ ദിവസം രേഖപ്പെടുത്തിയ ശരാശരി താപനിലയേക്കാള്‍ അഞ്ചു ഡിഗ്രിയോ അതില്‍ കൂടുതലോ രേഖപ്പെടുത്തിയാലാണ് ചൂടുകാറ്റായി പ്രഖ്യാപിക്കുക.

മരത്തണലില്ലാത്തതും റോഡും കെട്ടിടങ്ങളുമൊക്കെയായി മണ്ണിനുമേല്‍ ആവരണവുമാകുമ്പോള്‍ നഗരങ്ങളില്‍ ഇത് ഇരട്ടി ഭീകരമാകും,‘നഗര ഉഷ്ണദ്വീപ് പ്രതിഭാസം.’

“ഈ പ്രതിഭാസം മൂലം ചുറ്റുമുള്ള താപനില വാസ്തവത്തിലുള്ളതിനെക്കാള്‍ 3-4 ഡിഗ്രി കൂടുതലായാണ് അനുഭവപ്പെടുക,” ശ്രീനിധി പറയുന്നു.

‘Down to Earth’ മാസികയില്‍ വന്ന ഒരു റിപ്പോര്‍ടില്‍ കാണിക്കുന്നത് പൂനെയിലുള്ള Institute of Tropical Meteorology (IITM) പ്രസിദ്ധീകരിച്ച കണക്കുകളില്‍ കാണിക്കുന്നത് ഡല്‍ഹിയടക്കമുള്ള പല നഗരങ്ങളിലും അള്‍ട്രാ വയലറ്റ് രശ്മികളും സാധാരണ തോതിലും കൂടുതലാണെന്നാണ്.

രണ്ടാഴ്ച്ച മുമ്പ് IITM ഡല്‍ഹിയില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാന കണ്ടെത്തിയത്  UV രശ്മികള്‍, UV സൂചികയില്‍ 6-നും 9-നും ഇടക്കാണെന്നാണ്. ഇത് ഇടത്തരം തൊട്ട് അതീവ അപകടം വരെയുള്ള സാധ്യതകള്‍ ഉണ്ടാക്കുന്നു.

ചൂടുകാറ്റ് രൂക്ഷമായ ആന്ധ്രാപ്രദേശില്‍ മെയ് 18 മുതല്‍ ഇതുവരെ ഏതാണ്ട് 1030 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സൂര്യാഘാത മരണങ്ങളുടെ ഇരട്ടി.കഴിഞ്ഞ ആഴ്ച്ച അവസാനം താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയ തെലങ്കാനയില്‍ 340 പേരാണ് ഇതുവരെയും മരിച്ചത്. കഴിഞ്ഞ മുഴുവന്‍ കൊല്ലത്തെ കണക്ക് 31-ആണ്.45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടേറിയ ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ നിറയുകയാണ്.

ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞിരിക്കുന്നു. കടുത്ത തലവേദനയും ക്ഷീണവുമാണ് മിക്കവര്‍ക്കും. ബോധക്കേടിന്റെ ലക്ഷണങ്ങളും പലരും പ്രകടിപ്പിക്കുന്നു,” കടുത്ത നിര്‍ജ്ജലീകരണത്തിന്റെ പൊതു ലക്ഷണങ്ങളാണിതെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ അദ്ധ്യക്ഷന്‍ അജയ് ലേഖി പറഞ്ഞു.

വരണ്ട ചൂടുകാറ്റ് അസഹ്യമാക്കിയ ഈ കാലാവസ്ഥയില്‍ നിന്നും പെട്ടെന്ന് രക്ഷയില്ല എന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കാലവര്‍ഷം കേരളാതീരത്ത് ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അത് ഈ വരണ്ട പ്രദേശങ്ങളിലെത്താന്‍ പിന്നേയും ആഴ്ച്ചകളെടുക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍