UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂട് നാട്ടാനകളുടെ ജീവിതം ദുസ്സഹമാക്കുന്നു

സതീഷ് കുമാര്‍

അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി കൂടിയതോടെ കേരളത്തിലെ നാട്ടാനകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. താപനില 41 ഡിഗ്രി എത്തിയ പാലക്കാട് ജില്ലയിലെ ആനകള്‍ക്കാണ് കൂടുതല്‍ ദുരിതം. വിയര്‍പ്പു ഗ്രന്ഥികളുടെ കുറവും ഒപ്പം കറുത്ത നിറവും ഉള്ള ആനകളെ സംബന്ധിച്ച് ചൂട് വലിയ ഒരു ഭീഷണിയാണ്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നത് അവയുടെ മാനസിക നിലയേയും തകരാറിലാക്കും.

കടുത്ത ഉഷ്ണക്കാറ്റില്‍ ആനകളുടെ തൊലി വരളുകളും കണ്ണുകളില്‍ നിന്നും വെള്ളം വരുവാനും തുടങ്ങിയിരിക്കുന്നു. പല ആനകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. താപനിലയിലെ വര്‍ദ്ധനവ് അവയുടെ ദഹന പ്രക്രിയയ്ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സമീപകാലത്ത് എരണ്ടക്കെട്ട് മൂലം നിരവധി ആനകള്‍ ചരിഞ്ഞിരുന്നു

ആനകള്‍ക്ക് ഒരു ദിവസം മുന്നൂറുമുതല്‍ നാനൂറു ലിറ്റര്‍ വരെ വെള്ളം ആവശ്യമുണ്ട്. എന്നാല്‍ പല ആനകള്‍ക്കും വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല എന്നാണ് സൂചന. ജല ദൗര്‍ലഭ്യം മൂലം ആനകളെ കുളിപ്പിക്കുവാനാവശ്യമായ വെള്ളം പലയിടത്തും ലഭിക്കുന്നില്ല. മദപ്പാടില്‍ നില്‍ക്കുന്ന ആനകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവരുന്നത്. വെയില്‍ ഏല്‍ക്കാതിരിക്കുവാന്‍ ആനതറിക്ക് മുകളില്‍ മേല്‍ക്കൂരയോ മറ്റോ നല്‍കി വേണ്ടത്ര ശ്രദ്ധയോടെ പരിപാലിക്കാത്ത ആനകള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുവാനുള്ള സാധ്യതയും ഉണ്ട്.

ഇതിനിടയിലാണ് കൊടും ചൂടിനെ അവഗണിച്ച് ചിലയിടങ്ങളില്‍ നടക്കുന്ന ആനയെഴുന്നള്ളിപ്പുകള്‍. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പകല്‍ സമയത്തെ ആന എഴുന്നള്ളിപ്പുകള്‍ ഒഴിവാക്കണമെന്ന ആവശ്യം മൃഗസ്‌നേഹികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വന്‍ തുക ഏക്കം ലഭിക്കുന്ന ബിസിനസ്സ് ആയതിനാല്‍ ആചാരങ്ങളുടെ പേരു പറഞ്ഞ് ചില ആനമുതലാളിമാരും ഏജന്റുമാരും ഈ ആവശ്യത്തെ നിരാകരിക്കുകയാണ്. നല്ല രീതിയില്‍ ആനകളെ പരിപാലിക്കുന്ന മുതലാളിമാര്‍ തങ്ങളുടെ ആനകള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ഒരുക്കുകയും ഒപ്പം അവയെ എഴുന്നള്ളിപ്പുകള്‍ക്ക് അയക്കാതിരിക്കുകയും ചെയ്യുന്നുണ്ട്.

(സതീഷ് കുമാര്‍ ദുബായില്‍ ജോലി ചെയ്യുന്നു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍