UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മളെ തീ തീറ്റുന്ന വേനല്‍

Avatar

വീണ എം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ മാധ്യമലോകം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യുന്ന വിഷയം നമ്മുടെ അന്തരീക്ഷോഷ്മാവ് കൂടുന്നതിനെ കുറിച്ചും ഉഷ്ണതരംഗങ്ങള്‍ മനുഷ്യനേയും മൃഗങ്ങളേയും കൊന്നൊടുക്കുന്നതിനെ കുറിച്ചും ഒക്കെയാണ്. അതേ സമയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ വാഗ്വാദങ്ങള്‍ നടന്നതും ഒരു ഒത്തുതീര്‍പ്പിലും എത്തിച്ചേരാതിരുന്നതും മനുഷ്യലോകത്തിന് സുഖസൗകര്യങ്ങള്‍ക്കുള്ള മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്ന വികസനം വേണോ, വരുംതലമുറകള്‍ക്കു കൂടി നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന പരിസ്ഥിതി-ആവാസവ്യവസ്ഥകളുടെ സംരക്ഷണം വേണോ എന്ന കാര്യങ്ങളിലായിരുന്നു. അവരവരുടെ വാദഗതികളില്‍ ഉറച്ചുനിന്നുകൊണ്ട് ഈ രണ്ടുകൂട്ടരും ഘോരഗര്‍ജ്ജനങ്ങള്‍ മുഴക്കികൊണ്ടിരിക്കുമ്പോള്‍ ഉഷ്ണമാപിനികളിലെ മെര്‍ക്കുറി അതിവേഗം ഡിഗ്രി സെന്റിഗ്രേഡുകള്‍ താണ്ടിക്കൊണ്ടിരിക്കുകയായിരുന്നു.

അതേ, എല്ലാക്കാലത്തും തുടരുന്ന, ഇനി വരുംവര്‍ഷങ്ങളിലും തുടരാനിരിക്കുന്ന വാഗ്വാദവിഷയങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു തന്നെയാവും പരിസ്ഥിതി-വികസന വിഷയം. സുഖസൗകര്യങ്ങള്‍ക്കായുള്ള മനുഷ്യന്റെ ഒരുതരത്തിലുള്ള ആര്‍ത്തിയും പരക്കംപാച്ചിലും, പ്രകൃതിപരമായി ജീവിക്കുന്നതില്‍ നമ്മളോരോരുത്തരും കാണിക്കേണ്ടി വരുന്ന ഉത്തരവാദിത്തത്തോടു കൂടിയ പെരുമാറ്റച്ചട്ടങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതെന്ന് നമുക്കു കാണാനാവും.

ഒരു തിരിഞ്ഞുനോട്ടം
നാല്‍പ്പത്തിയഞ്ചു വയസ്സാകാന്‍ പോകുന്ന എനിക്കു 30-35 വര്‍ഷത്തിനു മുമ്പ് കാലാവസ്ഥ എങ്ങനെയായിരുന്നെന്നാലോചിക്കാന്‍ കഴിയുന്നുണ്ട്. വേനല്‍ക്കാല അവധി ദിവസങ്ങള്‍ തുടങ്ങുന്നത് ഏപ്രിലില്‍ തന്നെയാണ്. അന്നും ചൂടുണ്ട്. പക്ഷേ 35-ലും 40-ലും നില്‍ക്കുന്ന ചൂടല്ല, 27, 28, 29- ഒക്കെയായിരുന്നു അന്ന് റേഡിയോയില്‍ വാര്‍ത്തകള്‍ക്കു ശേഷം പറഞ്ഞു കേള്‍ക്കുന്ന താപനില. അതുതന്നെ ഭയങ്കര ചൂടായിട്ടായിരുന്നു അന്നു കരുതിപ്പോന്നിരുന്നത്. കാരണം മറ്റു സമയങ്ങളില്‍ താപനില 22-24 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1980-കളുടെ ഏതാണ്ട് തുടക്കംവരെ ഈ നില തുടര്‍ന്നു. എന്നാല്‍ 80-കളുടെ മധ്യമാകുമ്പോഴേക്ക് താപനിലയില്‍ മാറ്റം കണ്ടുതുടങ്ങി. 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. വളരെ കുറച്ചു പരിസ്ഥിതി പ്രേമികള്‍ എന്നു മുദ്രകുത്തപ്പെട്ടവര്‍, അവിടുന്നും ഇവിടുന്നും വാദിച്ചു തുടങ്ങി. കാടു നശിപ്പിക്കരുത്, ഡാമുകള്‍ കാടിനെ മുക്കരുത്, അതാണ് ചൂടു കൂടുന്നത് എന്നൊക്കെ. ഇതിനൊന്നും ആരും ചെവികൊടുത്തില്ല. അതിനാല്‍ തന്നെ ഡാമുകള്‍ കെട്ടാനുള്ളത് ആരൊക്കെയോ കെട്ടി, വനംകൊള്ള നടത്താനുള്ളതും ആരൊക്കെയോ പലവിധ വികസനങ്ങളുടെ പേരുപറഞ്ഞ് നടത്തി, അതുകൊണ്ടുതന്നെ താപനില 90-കളുടെ മധ്യത്തോടെ 32, 33-ലേക്കുയര്‍ന്നു. വെള്ളത്തിന്റെ സ്രോതസ്സുകള്‍ മഴമാറുന്നതിന്റെയും പച്ചപ്പില്ലാതാകുന്നതിന്റേയും പിന്നാമ്പുറമായി വറ്റിത്തുടങ്ങി. 

കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം തുടങ്ങിയ വാക്കുകള്‍ ഈ മാറ്റങ്ങളോടൊപ്പം ജന്മമെടുത്തു. എന്നിട്ടും ഈ വാക്കുകള്‍ക്കെന്തങ്കിലും അര്‍ത്ഥമുണ്ടോ എന്നാലോചിക്കാന്‍ ഭരണകര്‍ത്താക്കളോ, മറ്റു നേതൃസ്ഥാനത്തിരുക്കുന്നവരോ താല്പര്യപ്പെടുന്നതായി, അവരുടെ അനുയായികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായി കണ്ടില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്ന ശാസ്ത്രജ്ഞന്മാരേയും മറ്റുള്ളവരേയും പിന്തിരിപ്പന്മാരായി മുദ്രകുത്തി.

പുതിയ നൂറ്റാണ്ട്
പുതിയ നൂറ്റാണ്ടിന്റെ തുടക്കം സാധാരണക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച തത്വം, എല്ലാവര്‍ക്കും വികസനം, എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളും രാജ്യരക്ഷാ നടപടികളും നടപ്പിലാക്കുമ്പോള്‍, എല്ലാവരും അതിനൊരു വിലകൊടുക്കണം എന്നായിരുന്നു. സന്തോഷത്തോടെ നാം ആ വില കൊടുക്കണം. അത് ഈടാക്കുന്നവര്‍ തീരുമാനിക്കുന്ന മാനദണ്ഡത്തിനനുസരിച്ചായിരിക്കും വില നല്‍കേണ്ടി വരിക. 

അതുകൊണ്ടുതന്നെ സ്വാഭാവിക കൃഷിയിടങ്ങളില്‍ അന്തകകൃഷിയും ജനിതകകൃഷിയും ഒക്കെ വന്നപ്പോഴും, നമ്മളോടവര്‍ പറഞ്ഞത് വിലകൊടുക്കേണ്ടി വരുമെന്ന് പറഞ്ഞല്ലോ, പിന്നെ പരാതിയെന്തിനാ എന്നായിരുന്നു. പക്ഷേ അപ്പോഴേക്കും കാലാവസ്ഥ ആഗോളതലത്തില്‍ തന്നെ മാറിമറിയുകയും മഴപെയ്യാന്‍ പാടില്ലാത്തപ്പോള്‍ വേണ്ടാത്തിടങ്ങളില്‍ മഴപെയ്യുക, സൗരോര്‍ജ്ജം ഭൂമിയില്‍ വീഴേണ്ടപ്പോള്‍ വീഴാതിരിക്കുക, കാറ്റു വീശേണ്ട സമയത്തു വീശാതിരിക്കുക, അടിയൊഴുക്കുകള്‍ പാടില്ലാത്ത സമയത്ത് അടിയൊഴുക്കുകളുണ്ടാവുക തുടങ്ങി ഒട്ടനവധി വിഷയങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിനു രൂപമാറ്റങ്ങള്‍ കണ്ടുതുടങ്ങി. 

ന്യൂനമര്‍ദ്ദം, ടൊര്‍ണാഡോ, ഭൂമികുലുക്കം, സുനാമി തുടങ്ങിയവ ചേര്‍ന്ന് സാധാരണക്കാരന്റെ ദൈനംദിന ഭാഷാനിഘണ്ടു വികസിച്ച് സൂര്യഘാതം, ഉഷ്ണക്കാറ്റ് (ചൂടുകാറ്റലകള്‍) തുടങ്ങുന്ന ഒരുപറ്റം വാക്കുകളുടെ ജ്ഞാനികളായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഈ കാലഘട്ടത്തില്‍ മണ്ണിനോ, ജീവനോ, ജീവിതവൃത്തിക്കായോ സമരം ചെയ്യുന്നവര്‍ക്ക് മാവോയിസ്റ്റുകള്‍ എന്ന ഓമനപ്പേരുമായി. ഈ പേരുപറഞ്ഞ് ആയുധമെടുത്ത് തോന്നുന്നത് ചെയ്തു കൂട്ടുന്നവരെ അല്ല ഉദ്ദേശിക്കുന്നത്. മേധയേയും, ബിനായക് സെന്നിനേയും ഒക്കെപ്പോലെ സമൂഹത്തിലിറങ്ങി പ്രശ്‌നങ്ങളെ ആഴത്തില്‍ പഠിക്കുകയും, പഠിപ്പില്ലാത്തവരെ പറഞ്ഞു പറ്റിച്ച് അവരുടെ ജീവിതസന്ധാരണമില്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ചെറിയ ശ്രമങ്ങള്‍ നടത്തുന്നതിന് ഗവണ്‍മെന്റ് കൊടുത്തിരിക്കുന്ന ഓമനപ്പേരിനെയാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.

രത്‌നച്ചുരുക്കം
അതൊക്കെ പോട്ടെ, പറഞ്ഞുവന്നതിന്റെ രത്‌നച്ചുരുക്കം ഇത്രയേ ഉള്ളു. 30-35 വര്‍ഷം മുമ്പ്- 70-കളുടെ അവസാനം, 80 കളുടെ തുടക്കം- ഉഷ്ണമേഖലാ പ്രദേശങ്ങള്‍ കണ്ടിട്ടില്ലാത്ത താപനില വ്യതിയാനം ഇന്നു കാണുന്നു. ഓരോ വര്‍ഷം നമ്മള്‍ താണ്ടുമ്പോഴും, ഈ നൂറ്റാണ്ടിലെ ഏറ്റവും താപം കൂടിയ വര്‍ഷമായി അത് ആഘോഷിക്കപ്പെടുന്നു. 

എന്റെ കാലഘട്ടമായിക്കോട്ടെ ഏറ്റവും ചൂടു കൂടിയതായി മാറേണ്ടത് എന്നതിനാലാവും രാഷ്ട്രീയ-മത നേതാക്കന്മാരാരും നശിപ്പിക്കാനല്ലാതെ, ഈ താപനില നിയന്ത്രണാതീതമാക്കാന്‍, വാക്കാലെടുക്കുന്ന തീരുമാനങ്ങളല്ലാതെ, ഒന്നിനും മുന്നോട്ടു വന്നിട്ടുമില്ല. ഇതൊരു വേദനാജനകമായ അവസ്ഥയാണ്. 

തീരുമാനങ്ങളെടുക്കുന്ന 5-10 ശതമാനം ആള്‍ക്കാര്‍ എ.സി. വീടുകളിലും, ഓഫീസുകളിലും, വാഹനങ്ങളിലും ജീവിതം കഴിച്ചുകൂട്ടുന്നവരാകയാല്‍, 11 മണി കഴിഞ്ഞാരും പുറത്തിറങ്ങരുത്, സൂര്യാഘാതം ഉണ്ടായേക്കാം എന്ന തീരുമാനമെടുക്കാന്‍ എളുപ്പമാണ്. വീട്ടിലിരിക്കണം എന്നു പറയുന്ന സമയത്തിന്റെ കൂലി, ബാക്കി വന്നിരിക്കുന്ന 90 ശതമാനത്തിന്, തീരുമാനമെടുത്തവര്‍ വീട്ടിലെത്തിച്ചു കൊടുക്കുമോ എന്നു ചോദിച്ചാല്‍ അതു നിഷേധമാവും. 

കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ ഭിക്ഷുക്കള്‍ വയോധികന്മാര്‍ ഇവരെയാണ് ഉഷ്ണക്കാറ്റ് വടക്കേ ഇന്ത്യയില്‍ കൊന്നൊടുക്കിയത്. പല ഇന്ത്യന്‍ നഗരങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു. പച്ചപ്പിനിടമില്ലാത്ത രീതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ എല്ലായിടവും വേനല്‍ മനുഷ്യരെ തീ തീറ്റുകയാണ്. 

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ഒട്ടാകെ റോഡുകളുടേയും ഹൈവേകളുടേയും വികസനം എന്ന പേരില്‍ 10 കോടിയിലധികം വന്‍ മരങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞത്രേ. എന്നാല്‍ പകരം വച്ചു പിടിപ്പിച്ചിരിക്കുന്നത് ഏതാനം ലക്ഷം തൈകള്‍ മാത്രമാണ്. ഒരു തൈ വളര്‍ന്ന് ഒരു മരത്തിന്റെ ജോലിചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. അതിനാല്‍ തന്നെ ഇനിയെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ വേണമെന്നും നടത്തണമെന്നും ആഗ്രഹമുള്ളവര്‍ ആരോ ആയിക്കോട്ടെ, നിര്‍ബന്ധപൂര്‍വ്വം ചെയ്യേണ്ടത് ഇതാണ്. ഒരു വികസനത്തിനു വേണ്ടി എത്ര മരങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നോ, പകരം മരങ്ങള്‍ 10-15 വര്‍ഷം മുമ്പേ വച്ചു പിടിപ്പിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുക എന്നതാണ്.

സാധാരണ പൗരന്‍ വെറുമൊരു വോട്ടു ബാങ്കു മാത്രമല്ല, അവകാശങ്ങളും നീതിയും അര്‍ഹിക്കുന്നൊരു മനുഷ്യന്‍ കൂടെയാണെന്ന് നമ്മുടെ നേതാക്കന്മാരെ ബോധ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ആഗോളതാപനം വെറുതെ ഉണ്ടായി വന്ന ഒരു പ്രതിഭാസമല്ല, വര്‍ഷങ്ങള്‍ നീണ്ട കഠിനമായ മാനവപ്രവര്‍ത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു മാറ്റമാണെന്നു നാം കാണണം, ഉല്‍ക്കൊള്ളണം. ഇതിനുള്ള പരിഹാരം ചെയ്യാനും മനുഷ്യനു മാത്രമേ കഴിയൂ.

ദ്വീപുകള്‍ നിലനില്‍ക്കില്ല
3 സെന്റില്‍ ഒരു വീടും 12-ഓളം മരങ്ങളും. ചുറ്റും മരങ്ങളൊക്കെ പോയാലും എന്റെ വീടു തണുപ്പുള്ളതാവും. 2009-10 വരെ നട്ടുച്ച സമയം അതിനുള്ളിലെ താപനില 27 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ആ വര്‍ഷങ്ങളില്‍ ചുറ്റുപാടും അധികം മരങ്ങള്‍ നഷ്ടപ്പെട്ടില്ല, പക്ഷേ 2011-ല്‍ രാവിലെ 10 മണിസമയം വീട്ടിനുള്ളില്‍ രേഖപ്പെടുത്തിയ ചൂട് 31 ഡിഗ്രി. രണ്ടു കാര്യങ്ങള്‍ എനിക്കു ബോധ്യമായി. ഒന്ന്, മൊത്തത്തില്‍ അന്തരീക്ഷഘടനയില്‍ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. രണ്ട്, കുറേ മരങ്ങളും പ്രകൃതിക്കനുസരിച്ചുള്ള വീടും ജീവിതശൈലിയും ഞാന്‍ നിലനിര്‍ത്തിയതുകൊണ്ട് എന്റെ ജീവിതം ഭേദപ്പെടുത്താനാവില്ല.

ഉത്തരം ഒന്നേയുള്ളൂ 
ഇന്ത്യയുടെ മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ താഴോട്ടു നോക്കിയാല്‍ സങ്കടം തോന്നും, പേടിതോന്നും. എത്ര സ്ഥലമാണ് ചുട്ടു പഴുത്ത് തുറന്നു കിടക്കുന്നത്. ഒരൊറ്റ വിദ്യാഭ്യാസ മന്ത്രമാണ് ഈ ചുട്ടുപഴുത്ത രാജ്യത്തിനിന്നാവശ്യം. മരങ്ങള്‍, തണല്‍മരങ്ങള്‍, പൂമരങ്ങള്‍, പഴമരങ്ങള്‍, വിറകുമരങ്ങള്‍ അങ്ങനെ നാനാവിധ മരങ്ങള്‍. ഓരോ സംസ്ഥാനത്തിനും, ഓരോ ജില്ലകള്‍ക്കും, ഓരോ പഞ്ചായത്തിനും, ഓരോ ഗ്രാമങ്ങള്‍ക്കും ധൈര്യപൂര്‍വ്വം പറയാനാവണം, ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ താപനില നിയന്ത്രണാതീതമാക്കി, ഞങ്ങളുടെ പൗരന്മാരെ ആരോഗ്യവാന്മാരാക്കി, സ്വയം പര്യാപ്തരാക്കി, സുഖസമൃദ്ധരാക്കി, പട്ടിണിയില്ലാത്തവരാക്കി എന്ന്. 

മരങ്ങള്‍ അല്ലാതുള്ള എല്ലാ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും, ഒരു സമയത്ത് ഒരു പ്രശ്‌നമേ നേരിടാനാവൂ. എന്നാല്‍ ചെലവധികം വേണ്ടാത്ത ഈ ഹരിതവല്‍ക്കരണ സംരംഭത്തിന്, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയും പങ്കാളിത്തത്തോടുകൂടിയുള്ള ഒരു സംരംഭം വളരെ കൂടുതല്‍ പ്രശ്‌നങ്ങളെ പരിഹരിക്കും. അതുകൊണ്ടു തന്നെയാണ് ജീവിതത്തിനെ ലാഭേച്ഛയുള്ള കണ്ണില്‍ കാണുന്നവര്‍ ഒന്നും ചെയ്യാതാകുന്നതും. ഒരൊറ്റ കാര്യം ചെയ്താല്‍ 50 പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെങ്കില്‍, 50 പരിഹാരം വില്‍ക്കാനാവില്ലല്ലോ. 

അതിനാല്‍ പോകൂ. ഈ മഴക്കാലത്ത് വാരിവിതറൂ വിത്തുകള്‍. വെറുതെ കിടക്കുന്ന പറമ്പുകളില്‍, തുറസ്സായ സ്ഥലങ്ങളില്‍, പാതയോരങ്ങളില്‍, കാട്ടില്‍, പുഴത്തീരങ്ങളില്‍- എവിടെല്ലാം കഴിയുമോ അവിടെല്ലാം. മഴയുണ്ടല്ലോ. എല്ലാ വിത്തും മുളപ്പിക്കാന്‍ മഴദൈവങ്ങളോടു പറയാം. 10 വര്‍ഷം കഴിഞ്ഞാല്‍ അതു വെട്ടിപ്പോകില്ലേ എന്നു പേടിക്കണ്ട. 10 വര്‍ഷത്തില്‍ പരിഹരിക്കാനാവുന്ന ഒരു പ്രശ്‌നമല്ല നമ്മളീ ജീവഗ്രഹത്തിനു സമ്മാനിച്ചിരിക്കുന്നത്. 

പക്ഷേ, 10 വര്‍ഷത്തിനുള്ളില്‍, എന്റെ ഭരണകാലത്ത് താപനില നിയന്ത്രിക്കാനായി എന്ന് കേള്‍ക്കാന്‍ താല്‍പര്യമുള്ള ആരെങ്കിലും വന്നാല്‍ നമുക്ക് മരങ്ങള്‍ സുരക്ഷിതമായി വച്ചുപിടിപ്പിക്കാനുള്ള സ്ഥലങ്ങള്‍ കിട്ടും. അതുവരെ ഒരു കര്‍മ്മം പോലെ നട്ടു കൊണ്ടേയിരിക്കുക. ഇന്ത്യയെ ബാധിച്ച തീ അണയ്ക്കാന്‍ അതിനേ കഴിയൂ….

(പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് ലേഖിക)

മരിച്ചുകൊണ്ടിരിക്കുന്ന വെള്ളായണി കായല്‍; അഴിമുഖം ഡോക്ക്യുമെന്‍ററി കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍