UPDATES

തിരുവനന്തപുരത്ത് ദുരിതം വിതച്ച് കനത്ത മഴ; മൂന്ന്‍ മരണം; അതീവ ജാഗ്രതാ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

കനത്ത മഴയില്‍ തിരുവനന്തപുരത്ത്  ദുരിത പ്രളയം. മഴക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടു പേര്‍  മിന്നലേറ്റു മരിച്ചപ്പോള്‍ ഒരാള്‍ ഓട വൃത്തിയാക്കുന്നതിനിടെയിലാണ് മരണപ്പെട്ടത്. പുതിയതുറ സ്വദേശികളായ ഫ്രെഡി, മൈക്കിള്‍ അദിമ, കുന്നുകുഴി സ്വദേശി ജഗന്‍ എന്നിവരാണ് മരിച്ചത്.  

കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തലസ്ഥാനത്തു അതീവ ജാഗ്രത നിര്‍ദേശം നല്കിയിരിക്കുകയാണ്. താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വില്ലേജ് ,താലൂക്ക് ഓഫീസുകളില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അതെ സമയം ദുരിതബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ ഓഫീസുകളില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ ആവിശ്യപ്പെട്ടു.   ജല നിരപ്പ് കുറയ്ക്കുന്നതിന് വേളിയിലെ പൊഴി മുറിച്ച്കടലിലേക്ക്‌ ജലം ഒഴുക്കാനുള്ള നടപടികളും തുടങ്ങിയിരിക്കുകയാണ്.

പൊന്മുടിയിലേക്കുള്ള ഗതാഗതം കനത്ത മഴയെത്തുടര്‍ന്നു നിര്‍ത്തി വച്ചു. റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയത് കാരണം ട്രയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളിലും ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ നഗരത്തിലൂടെയുള്ള റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ പോലീസിനും ഫയര്‍ സര്‍വീസിനും അഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ രണ്ട് ഡി ജി പിമാര്‍ക്ക് ചുമതല നല്കിയിട്ടുണ്ട്. 

ലക്ഷദ്വീപില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം.  രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2730120

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍