UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാടകം കളിക്കുമ്പോള്‍ സ്വന്തം അമ്മയെയെങ്കിലും ഒഴിവാക്കാവുന്നതാണ്

അഴിമുഖം പ്രതിനിധി

നാലായിരം രൂപ മാറാന്‍ നാലു കോടിയുടെ കാറില്‍ ബാങ്കില്‍ ക്യൂ നില്‍ക്കാന്‍ വന്നുവെന്ന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ 95-കാരിയായ ഹീരബെന്‍ നാലായിരം രൂപ കിട്ടാന്‍ ഗാന്ധിനഗറിലെ ബാങ്കില്‍ വന്നതിനെ എങ്ങനെയാണു വിശേഷിപ്പിച്ചതെന്നറിയില്ല. ഇതാ പ്രധാനമന്ത്രിയുടെ അമ്മ പോലും ബാങ്കില്‍ എത്തി കാശു മാറുന്നു എന്നാണ് സംഘികള്‍ ഇന്നലെ മുതല്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. തൊണ്ണൂറ്റിയഞ്ച് വയസുള്ള ഒരു സ്ത്രീക്ക് ബാങ്കില്‍ വന്നു നോട്ടു മാറിപ്പോകാമെങ്കില്‍, അതും പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് – നിങ്ങള്‍ക്കെന്താ ജനങ്ങളെ കുറച്ചുനേരം ക്യൂ നിന്നാല്‍ എന്നാണു ഹീരബെന്നിനെ ചൂണ്ടിക്കാട്ടി സംഘികള്‍ ചോദിക്കുന്നത്. ചോദ്യം ന്യായമാണെന്നു സംഘികള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് തോന്നുന്നത് മറിച്ചാണ്. അതൊരു അമ്മയാണ് എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നൊരു ചോദ്യം അവരില്‍ നിന്നുയരുമ്പോള്‍ അതു മനസിലാക്കാനുള്ള സാമന്യബുദ്ധി ഏതെങ്കിലും സംഘിക്ക് ഉണ്ടാകണമെന്നില്ല. കാരണം എല്ലാമൊരു നാടകമായിടത്ത് രംഗത്തിനു ചേര്‍ന്നൊരു അഭിനേതാവായേ അവരും ആ വൃദ്ധയെ കാണുകയുള്ളൂ.

രാജ്യസ്‌നേഹത്തിന്റെ മാറ്റുരച്ച് സംഘികളെ ബോധ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യമഹാരാജ്യത്തെ ജനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ തടയുന്ന ഏതൊരു പ്രവര്‍ത്തിയും ഇല്ലായ്മ ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. കള്ളപ്പണം തടയാനുള്ള നടപടികളെ ആരും എതിര്‍ക്കുന്നില്ല, പക്ഷെ മുന്നൊരുക്കങ്ങളില്ലാതെ എടുത്ത തീരുമാനം പൊതുജനത്തിനുണ്ടാക്കിയ ബുദ്ധിമുട്ട് രാജ്യം കഴിഞ്ഞ ഒരാഴ്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകള്‍ പരിഭ്രാന്തിയിലാണ്, ചിലര്‍ ആത്മഹത്യ ചെയ്തു, ചിലര്‍ ഹൃദയംപൊട്ടി മരിച്ചു. മറ്റു ചിലര്‍ വഴിയില്‍ വീണു മരിച്ചു… പൗരന്‍ അവരുടെ ഭരണകൂടാത്താല്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നത് എത്ര ഭയാനകമാണ്. ബിവേറിജില്‍ ക്യൂ നില്‍ക്കുന്നില്ലേ, സിനിമ കാണാന്‍ ക്യൂ നില്‍ക്കുന്നില്ലേ എന്നൊക്കെ ന്യായം പറഞ്ഞു വരുന്ന സംഘിയോട്, അതൊക്കെ അവനവന്റെ ഇഷ്ടത്തിനാണെന്നും ജനം ഇപ്പോള്‍ ബാങ്കിന്റെയും എടിഎമ്മുകളുടെയും മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നുണ്ടെങ്കില്‍ അതവര്‍ ഭരണകൂടത്താല്‍ നിര്‍ബന്ധിക്കപ്പെട്ടതിനാലാണെന്നും പറഞ്ഞു രണ്ടു സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാന്‍ ശ്രമിച്ചാലും കാര്യമുണ്ടാകില്ല. കാരണം സ്വയം ചിന്തിക്കാന്‍ ശേഷിയുളളവര്‍ ഏകാധിപതികള്‍ക്ക് ഓശാന പാടില്ല…

നാടാകെ കാണുന്ന ക്യൂവെല്ലാം എതിരാളികളുടെ കുതന്ത്രത്തിന്റെ ഭാഗമാണെന്നാണല്ലോ ഭക്തരുടെ പരാതി. ഇത്രയേറെ ജനങ്ങളെ സര്‍ക്കാരിനെതിരേ നിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ ആ ഭരണകൂടം തീര്‍ത്തും ദുര്‍ബലമായി കഴിഞ്ഞിരിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. പ്രധാനമന്ത്രിയുടെ വൃദ്ധയായ മാതാവിനു പോലും പണം മാറി കിട്ടാന്‍ ബാങ്കിലെത്തി ബുദ്ധിമുട്ടേണ്ട ഗതികേടിലേക്കല്ലേ സര്‍ക്കാര്‍ കാര്യങ്ങള്‍ കൊണ്ടെിച്ചിരിക്കുന്നത്. ഹീരെബെന്നിന്റെ പ്രായമുള്ള മറ്റേനകം പേര്‍ ഈ നാട്ടിലുണ്ടാകും. അവരും ഇതുപോലെ ബാങ്കുകളുടെ മുന്നിലെ ക്യൂവിലായിരിക്കും. അവരാര്‍ക്കും പ്രധാനമന്ത്രിയുമായി ബന്ധമില്ലാത്തതിനാല്‍ ഹീരബെന്നിനു കൊടുത്ത പരിഗണന ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായിട്ടുമില്ല; അവരെയൊന്നും ആരും സീനിയര്‍ സിറ്റിസണായി പരിഗണിച്ചിട്ടുമില്ല; തളര്‍ന്നു വീഴുമ്പോള്‍ തുള്ളിവെള്ളം കൊടുത്തിട്ടുമില്ല. 

സ്വന്തം വീടും കുടുംബവും രാജ്യത്തിനായി ഉപേക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കിപ്പോള്‍ ഉള്ളതെന്നാണു കേള്‍ക്കുന്നത്. ജനസേവനമേ ജീവിതം എന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ആ ഭരണാധികാരിയോളം മികച്ചൊരു കലാകാരനെയും ഇന്ത്യ അതിന്റെ സ്വതന്ത്ര്യലബ്ദിക്കു ശേഷം കണ്ടുകാണില്ല. അഭിനയത്തില്‍ മനോധര്‍മം എന്നൊരു ഘടകമുണ്ട്. മനോധര്‍മം അനുസരിച്ച് ആടുന്നവനാണു യഥാര്‍ത്ഥ നാട്യക്കാരന്‍. രംഗം നോക്കി നടിക്കാന്‍ ഇത്രയേറെ കഴിവുള്ളൊരു രാഷ്ട്രീയക്കാരന്‍ ഇന്നോളം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലായെന്നതിനാല്‍ തീര്‍ച്ചയായും രാഷ്ട്രീയക്കാരിലെ മികച്ച കലാകാരനാണ് മോദിയെന്നു നിസംശയം പറയാം (ഫിഡല്‍ വായിച്ചതോ, ഡ്രം വായിച്ചതോ അല്ല ഇതിനുള്ള മാനദണ്ഡം എന്നു എടുത്തു പറയുന്നു). പാര്‍ലമെന്റ് കവാടത്തിനു മുന്നിലെ സാഷ്ടാംഗ പ്രണാമവും അകത്തെ വിതുമ്പി കരച്ചിലും പിന്നെ ലോകായലോകം മുഴുവനുള്ള വേദികളില്‍ നടത്തിയ പ്രകടനങ്ങളുമൊക്കെയെടുത്താല്‍ അതിനുള്ള ഉത്തരം കിട്ടും.

ഇവിടെയിപ്പോള്‍ സാമ്പത്തിക പ്രശ്‌നം രൂക്ഷമായതോടെ ജനം എതിരായി തുടങ്ങിയെന്നറിഞ്ഞതോടെ പ്രധാനമന്ത്രിയിലെ കലാകാരന്‍ ഒരിക്കല്‍ കൂടി ഉണര്‍ന്നു. തന്റെ ചായക്കാലത്തില്‍ തുടങ്ങി ത്യാഗകഥകളിലൂടെ കയറിവന്നു രണ്ടു തുള്ളി കണ്ണീരും ചെലവാക്കി ആരോഹണാവരോഹണക്രമത്തില്‍ ഒരുഗ്രന്‍ പ്രസംഗം കാച്ചിവച്ചെങ്കിലും സംഗതി പിരിഞ്ഞുപോയി. പക്ഷെ രംഗബോധമുള്ള കലാകാരന് കൂവിയ കാണികളെ കൊണ്ടു തന്നെ കൈയടിപ്പിക്കാനും അറിയാം. അതിന്റെ തെളിവായിരുന്നു ഇന്നലെ പോര്‍ബന്തറില്‍ കണ്ടത്. ഇതാ നിങ്ങളുടെ നിസ്വനായ പ്രധാനമന്ത്രിയുടെ മാതാവ് തന്റെ അവശതകളെല്ലാം സഹിച്ച് ബാങ്കില്‍ പോകുന്നു, കയ്യിലുള്ള 500 ന്റെ നോട്ടുകള്‍ മാറി 4000 രൂപ തിരികെ വാങ്ങുന്നു. ഒന്നു നനഞ്ഞുപോയ അണികള്‍ അതാ ആര്‍പ്പുവിളിച്ചു കൈയടിക്കുന്നു. നമോ മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ വീണ്ടും അലയടിക്കുന്നു.

പക്ഷെ മറിച്ചു ചിന്തിക്കുന്നവര്‍ ചോദിക്കുന്നതിങ്ങനെയാണ്; വൃദ്ധയായ സ്വന്തം മാതാവിനെ പോലും ഇങ്ങനെ കഷ്ടപ്പെടുത്താന്‍ സാഹചര്യമൊരുക്കിയ ഒരു ഭരണാധികാരിക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധത?

അമിത് ഷായോടും അനുയായികളോടും; രാഹുല്‍ ഗാന്ധി നടത്തിയത് നാടകമായിരിക്കാം,  അതേപോലെഹീര ബെന്നും ഒരു നാടകത്തിന്റെ ഭാഗം തന്നെയാണ്. അതുപക്ഷേ കുറച്ചു ക്രൂരമായി പോയി. പെറ്റതള്ളയോട് അല്‍പമെങ്കിലും സ്‌നേഹമുള്ളവര്‍ ഈ പ്രായത്തിലുള്ള ഒരമ്മയെ ഇങ്ങനെയൊരു നാടകത്തിനു കൊണ്ടുപോകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍