UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്ലാസ്റ്റിക് ഉപയോഗം പുരുഷന്മാരില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും

പ്ലാസ്റ്റിക് വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ പുരുഷന്മാരില്‍ ഹൃദയ സംബന്ധമായ രോഗം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും

സഹന ബിജു

സഹന ബിജു

നിത്യേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ പുരുഷന്മാരില്‍ ഹൃദയ സംബന്ധമായ രോഗം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും എന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍. താലേറ്റുകള്‍ എന്നറിയപ്പെടുന്ന ഉപദ്രവ കാരികളായ രാസവസ്തുക്കളും ഗുരുതര രോഗങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അഡിലേയ്ഡ് സര്‍വകലാശാല ഗവേഷകരും സൗത്ത് ഓസ്ട്രേലിയന്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റീസെര്‍ച് ഇന്‍സ്റ്റിട്യൂട്ടും നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

സാധാരണ ഉപഭോക്തൃ ഉല്പന്നങ്ങളായ ഭക്ഷണ പൊതികള്‍, റാപ്പറുകള്‍, കളിപ്പാട്ടങ്ങള്‍, മരുന്നുകള്‍, വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍ എന്നിവയിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസ വസ്തുക്കളാണ് താലേറ്റുകള്‍. 35 വയസോ അതിന് മുകളിലോ പ്രായമുള്ള 1500 ഓസ്ട്രേലിയന്‍ പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ 99.6% പേരുടെയും മൂത്രത്തില്‍ താലേറ്റിന്റെ അംശം കണ്ടെത്തി. താലേറ്റിന്റെ അളവ് ഉയര്‍ന്ന തോതില്‍ ഉള്ള പുരുഷന്മാരില്‍ ഹൃദയ സംബന്ധമായ രോഗം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം ഇവയ്ക്ക് സാധ്യത കൂടുതല്‍ ആണെന്ന് കണ്ടു.

പഠനത്തിന് നേതൃത്വം നല്‍കിയ അഡിലെയ്ഡ് സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസറും SAHMRI ന്യൂട്രിഷന്‍ ആന്‍ഡ് മെറ്റബോളിസം തീം അംഗവുമായ പ്രൊഫസര്‍ സുമിന്‍ ഷി പറഞ്ഞു- എന്തുകൊണ്ടാണ് താലേറ്റുകള്‍ രോഗ കാരണം ആവുന്നത് ഇപ്പോഴും മനസിലാക്കാന്‍ ആയിട്ടില്ല. എന്നാല്‍ ഈ രാസ വസ്തുക്കള്‍ മനുഷ്യന്റെ അന്തഃസ്രാവി വ്യവസ്ഥയെ ബാധിക്കുന്നു. ശരീര വളര്‍ച്ച, ഉപാപചയ പ്രവര്‍ത്തനം, ലൈംഗിക വികാസം, പ്രവര്‍ത്തനങ്ങള്‍ ഇവയെ എല്ലാം ക്രമീകരിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥ ആണിത്. ഗുരുതര രോഗങ്ങളെ കൂടാതെ താലേറ്റിന്റെ ഉയര്‍ന്ന അളവ്, ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്ന ജൈവ സൂചകങ്ങ ളുടെ അളവും കൂട്ടുന്നു. സുമിന്‍ ഷി കൂട്ടിച്ചേര്‍ത്തു.

പ്രായവും താലേറ്റുകളുടെ ഉയര്‍ന്ന അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വളരെ കുറച്ചു മാത്രം പഴങ്ങളും പച്ചക്കറികളും കഴിക്കുകയും സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുകയും കാര്‍ബൊണെറ്റഡ് പാനീയങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും കഴിക്കുകയും ചെയ്യുന്നവരുടെ മൂത്രത്തില്‍ താലേറ്റിന്റെ അംശം കൂടുതല്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്.

പഠനത്തില്‍ പങ്കെടുത്ത 82% പുരുഷന്മാരും അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരായിരുന്നു. സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍, ജീവിത ശൈലീ ഘടകങ്ങളായ പുകവലി, മദ്യപാനം തുടങ്ങിയവയും താലേറ്റുകളുടെ അളവും തമ്മില്‍ ഉള്ള ബന്ധം നോക്കിയപ്പോഴും രോഗ സാധ്യത യ്ക്ക് മാറ്റം ഇല്ലായിരുന്നു.

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതോടൊപ്പം പരിസ്ഥിതി യുമായി താലേറ്റുകളുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നത് ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയെ കുറയ്ക്കും എന്ന് എന്‍വയോണ്‍മെന്റല്‍ റീസെര്‍ച് എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍