UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹേമ ഉപാധ്യായയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ആര്‍ട്ടിസ്റ്റ് ഹേമ ഉപാധ്യായയും അഭിഭാഷകന്‍ ഹരീഷ് ഭംബാനിയും കൊല ചെയ്യപ്പെട്ട കേസില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന അറസ്റ്റ്. ഇന്നലെ ഉത്തര്‍പ്രദേശ് പൊലീസ് വരാണസിയില്‍ നിന്നും സംശയാസ്പദമായി അറസ്റ്റ് ചെയ്ത ശിവ്കുമാര്‍ രാജ്ബാര്‍ എന്നയാളില്‍ നിന്ന് ഹേമയുടെയും ഹരീഷിന്റെയും ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് പുതിയ ദിശ നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്നു പിടികൂടിയ 20 ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നാണ് ഹേമയുടെയും ഹരീഷിന്റെയും കാര്‍ഡുകള്‍ പൊലീസ് കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റ്ഡയില്‍ എടുത്ത ശിവ്കുമാറിനെ അവര്‍ മുംബൈ പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ഹേമയുടെ മുന്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായയും ഉള്‍പ്പെടുന്നുണ്ട്. 2013 ല്‍ ചിന്തനെതിരെ ഹേമ മാനസിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ആ കേസില്‍ ഹേമയ്ക്കു വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ഹരീഷ് ഭംബാനി ആയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ കാണ്ടിവാലിയിലെ ഒരു മാലിന്യക്കൂമ്പാരത്തില്‍ നിന്ന് 43 കാരിയായ ഹേമയുടെയും 65 കാരനായ ഹരീഷിന്റെയും മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തെ പഴക്കം മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഉണ്ടായിരുന്നു.

ഇരുവരുടെയും കൊലപാതകത്തിനു പിന്നിലെ കാരണം എന്തായിരിക്കുമെന്ന സൂചന നല്‍കാന്‍ പോലും പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് പൊസീസിന്റെ സംശയപ്പട്ടികയില്‍ ഉള്ള ഗോട്ടു എന്നയാള്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വെയര്‍ഹൗസ് ഓണറായിരുന്ന ഗോട്ടുവിന്റെ ഷോപ്പിനോട് ചേര്‍ന്നാണ് ഹേമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ശേഖരിച്ചുവച്ചിരുന്നത്. ഹേമയും ഗോട്ടുവും തമ്മില്‍ അഞ്ചുലക്ഷം രൂപയുടെ വ്യവഹാര തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം കണ്ടിവാലിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം മാാലിന്യം നിക്ഷേപിക്കാന്‍ പോയ പിക് അപ്പ് വാന്‍ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നും അയാള്‍ ആ സമയത്ത് രണ്ടു ബോക്‌സ് വേസ്റ്റുകള്‍ അവിടെ നിക്ഷേപിച്ചതായി സമ്മതിച്ചിട്ടുണ്ട്. പൊട്ടിയ ആന്റീക് സാധനങ്ങളായിരുന്നു അവയെന്നും ഇയാള്‍ പറയുന്നു.

ഹേമയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജൂഹു താര റോഡിലുള്ള ഹേമയുടെ അപ്പാര്‍ട്ട്‌മെന്റിലെ വാച്മാന്‍, വീട്ടുജോലിക്കാരി എന്നിവരില്‍ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍