UPDATES

സിനിമ

സെക്സി ദുര്‍ഗ്ഗ; പേരിനെ ചൊല്ലി വഴക്കടിക്കുന്നവര്‍ക്ക് കാപട്യം-സനല്‍കുമാര്‍ ശശിധരന്‍

ഡല്‍ഹിയിലെ കൂട്ടമാനഭംഗ കേസില്‍ നിന്നാണ് ചിത്രത്തിന്റെ ആശയം മനസിലെത്തിയത്; അവാര്‍ഡ് നേട്ടത്തിന് ശേഷം അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു സനല്‍

കേരളത്തില്‍ ഗൗരവതരമായ സംവാദങ്ങള്‍ ഉണ്ടാകുന്നില്ലെന്നും വിവാദങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും റോട്ടര്‍ഡാം ഫിലിംഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ സെക്‌സി ദുര്‍ഗയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അവാര്‍ഡ് വിവരം അറിഞ്ഞ് അഭിനന്ദനം അറിയിക്കാന്‍ ബന്ധപ്പെട്ട അഴിമുഖം പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്‌സി ദുര്‍ഗ എന്ന പേര് പലയിടങ്ങളിലും പ്രശ്‌നമായില്ലേ എന്ന ചോദ്യത്തിന് പ്രശ്‌നങ്ങള്‍ ഇല്ലാതെ ആര്‍ട്ട് ഉണ്ടാകില്ല, ഞാന്‍ കച്ചവടക്കാരനല്ല എന്നാണ് സനല്‍ മറുപടി പറഞ്ഞത്. പേരിന്റെ പേരിലുള്ള അസ്വാരസ്യങ്ങളെല്ലാം കപടമാണ്. സിനിമ കാണാതെ അതേക്കുറിച്ച് വഴക്കടിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്കൊക്കെ പേര് പ്രശ്‌നമാകുന്നുണ്ടെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിന് സമാനമായി സെക്‌സി ദുര്‍ഗയും തിയറ്ററുകളില്‍ എത്തിക്കും. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ഫെസ്റ്റിവലുകള്‍ക്ക് വേണ്ടി തയ്യാറാക്കിയതല്ല. ഇത് ഇന്ത്യന്‍ സിനാമ ആസ്വാദകര്‍ക്ക് വേണ്ടിയുള്ളതാണ്. സദാചാര ബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സെക്‌സി ദുര്‍ഗ എന്ന പേര് ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് എന്റെ സിനിമ ഒന്നിനെയും അധിക്ഷേപിക്കുന്നില്ല. ദുര്‍ഗ എന്നത് ചിത്രത്തിലെ ഒരു പെണ്‍കുട്ടിയുടെ പേരാണ്. പ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന് എനിക്ക് അറിയില്ല. അവര്‍ ബുദ്ധിപൂര്‍വം പെരുമാറുമെന്ന് പ്രതീക്ഷിക്കാം എന്നും സനല്‍ വ്യക്തമാക്കി. ഇരുപത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയിലെ കൂട്ടമാനഭംഗ കേസില്‍ നിന്നാണ് ഈ ചിത്രത്തിന്റെ ആശയം തന്റെ മനസിലെത്തിയതെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് സെക്‌സി ദുര്‍ഗ അവതരിപ്പിക്കുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍