UPDATES

ട്രെന്‍ഡിങ്ങ്

ഫാറൂഖിന്റെ കൊലപാതകം: നിരീശ്വരവാദികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമാകുന്നുണ്ടോ ഇന്ത്യ?

നിരീശ്വരവാദികളുടേയും മതരഹിതരുടേയും അവകാശങ്ങള്‍ക്ക് പരിഗണനയൊന്നും നിയമത്തിന് മുന്നില്‍ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കോയമ്പത്തൂരില്‍ എച്ച് ഫാറൂഖ് എന്ന യുക്തിവാദി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിരീശ്വരവാദം എന്ന് പറയുന്നത് ആളുകള്‍ പുറത്ത് പറയാന്‍ ഭയപ്പെടുന്ന വിശ്വാസമാണെന്ന പ്രതീതിയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നത്. വാട്‌സ് ആപ്പിലെ നിരീശ്വരവാദികളുടെ ഗ്രൂപ്പ് നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് മത തീവ്രവാദികള്‍ ദ്രാവിഡര്‍ വിടുതലൈ കഴകം അംഗമായ ഫാറൂഖിനെ (31) കുത്തിക്കൊന്നത് എന്നാണ് പൊലീസിന്റെ അനുമാനം. മതം, ജാതി, ദൈവം തുടങ്ങിയവയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റുകളെ തുടര്‍ന്ന് ഫാറൂഖിന് നിരന്തരം ഭീഷണി കോളുകകള്‍ വന്നിരുന്നതായി വീട്ടുകാര്‍ പറയുന്നു.

ലോകത്താകെ മതതീവ്രവാദവും ഭീകരവാദവും ശക്തിപ്പെട്ടിരിക്കുകയാണ്. അതേസമയം നിരീശ്വരവാദികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ചൈനയില്‍ ജനസംഖ്യയുടെ 40നും 49 ശതമാനത്തിനും ഇടയില്‍ നിരീശ്വരവാദികളുണ്ട്. ലോകത്തെ ഏറ്റവും സന്തോഷകരമായ ജീവിതമുള്ള രാജ്യമെന്ന് ഖ്യാതി നേടിയ നോര്‍വേയില്‍ വിശ്വാസികളേക്കാള്‍ കൂടുതലുള്ളത് നിരീശ്വരവാദികളാണ്. ഫ്രാന്‍സില്‍ വലിയൊരു വിഭാഗവും നിരീശ്വരവാദികളും മതവിശ്വാസമില്ലാത്തവരുമാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 29 ലക്ഷം പേരാണ് മതവും ജാതിയും വെളിപ്പെടുത്താന്‍ തയ്യാറല്ലാത്തവരായി ഉള്ളത്. അതായത് ജനസസംഖ്യയുടെ 0.24 ശതമാനം പേര്‍. ഇതില്‍ 33,000 പേര്‍ മാത്രമാണ് ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മറ്റ് ചില അന്താരാഷ്ട്ര സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൂന്ന് മുതല്‍ 6.6 ശതമാനം വരെ നിരീശ്വരവാദികളുണ്ട്.

നിരീശ്വരവാദികളുടേയും മതരഹിതരുടേയും അവകാശങ്ങള്‍ക്ക് കാര്യമായ പരിഗണനയൊന്നും നിയമത്തിന് മുന്നില്‍ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് നീതി കിട്ടുന്നില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് മതേതര ശക്തികള്‍ കൂടുതലായും ചര്‍ച്ച ചെയ്യുന്നത്. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ കുറവാണ്. അറിയപ്പെടുന്ന മൂന്ന് യുക്തിവാദികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരെ ഹിന്ദു ഭീകരവാദികളാണ് വധിച്ചത്. ഈ മൂന്ന് കേസുകളില്‍ നിയമനടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. പല കേസുകളിലും കോടതിവിധികളില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഹിന്ദു, മുസ്ലീം മൗലികവാദ സംഘടനകള്‍ ഒന്നിച്ചാണ് നാസ്തിക സമ്മേളന്‍ എന്ന നിരീശ്വരവാദികളുടെ സമ്മേളനത്തെ എതിര്‍ക്കാനായി രംഗത്ത് വന്നത്. പ്രാര്‍ത്ഥനയില്‍ കൈ ചേര്‍ത്ത് പിടിക്കാത്തതിന്റെ പേരില്‍ ശമ്പളം പിടിച്ച് വച്ച മാനേജ്‌മെന്റ് നടപടിക്കെതിരെ നാസിക് അദ്ധ്യാപകന്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചിരുന്നു.

2014ല്‍ സര്‍ക്കാര്‍ രേഖകള്‍ അടക്കമുള്ളവയില്‍ മതമോ ജാതിയോ രേഖപ്പെടുത്തേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പൗരന്മാരെ നിര്‍ബന്ധിക്കാന്‍ ഗവണ്‍മെന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മതരഹിതന്‍ എന്ന നിലയ്ക്കല്ലാതെ നിരീശ്വരവാദി എന്നതിന് നിയമപരമായി പരിഗണനയൊന്നും ലഭിക്കാത്തത് പ്രശ്‌നമാകുന്നുണ്ട് എന്ന വിലയിരുത്തലുണ്ട്. അമേരിക്കയില്‍ ഡിസംബറില്‍ കൊണ്ടുവന്ന രണ്ട് മതസ്വാതന്ത്ര്യ ബില്ലുകള്‍ നിരീശ്വരവാദികളെ എടുത്തുകാട്ടുന്നുണ്ട്. നിരീശ്വരവാദം കാരണം മനുഷ്യര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങള്‍ സമാനമായ നിയമങ്ങളെ കുറിച്ചും ഇത്തരം പരിരക്ഷകളെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍