UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതികളില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥയോ? പുകയുന്ന നിയമ ലോകം

Avatar

അഴിമുഖം പ്രതിനിധി

നിയമം നിയമത്തിന്റെ വഴിയേ പോകും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടമന്ത്രമാണിത്. ആ നിയമത്തിന്റെ വിചിത്ര വഴികള്‍ കണ്ട് അന്തിച്ചു നില്‍ക്കുകയാണ് കേരള ജനത. ഭരണ നേതൃത്വവും പോലീസും ഉള്‍പ്പെട്ട ഈ കണ്ണുപൊത്തി കളിയില്‍ കോടതികൂടി വലിച്ചിഴയ്ക്കപ്പെടുന്നു എന്നിടത്താണ് നമ്മുടെ ആശങ്ക ഇരട്ടിക്കുന്നത്. നിഷ്പക്ഷതയുടെ ആള്‍രൂപമാകേണ്ട ന്യായാധിപന്‍മാരെ കൊടിയുടെ നിറമനുസരിച്ച് തരം തിരിക്കുന്നതിലേക്ക് പൊതുസമൂഹത്തില്‍ചര്‍ച്ചകള്‍ കത്തിക്കയറുകയാണ്. സാമൂഹ്യ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും സംവാദങ്ങളെന്ന പേരില്‍ ഇതാഘോഷിക്കുകയാണ്. ആരോപണങ്ങളുടെ കരിനിഴല്‍ നമ്മുടെ ജൂഡീഷ്യറിയെ എങ്ങനെ ബാധിക്കും? തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയ നേതൃത്വവും നിയമ സമൂഹവും മാധ്യമ ലോകവും കൂട്ടായി ആലോചിക്കേണ്ട ഇടപെടേണ്ട വിഷയമാണിത്.    

ബാര്‍ കോഴ കേസില്‍ മന്ത്രി കെ ബാബുവിന്റെ പേരിലും സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കിയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് കേരളരാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒന്നായിരുന്നു. ബാബുവിന്റെ കേസില്‍ ഉടനെ സ്റ്റേ കൊടുത്തില്ലെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വിജിലന്‍സ് കോടതി വിധിസ് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിടുകയായിരുന്നു. സരിത എസ് നായര്‍ സോളാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പത്ര വാര്‍ത്തകളെ അടിസ്ഥാനമാക്കി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിജിലന്‍സ് കോടതിയുടെ വിധിയില്‍ മാറ്റമുണ്ടായത് ഹൈക്കോടതിയില്‍ ഉമ്മന്‍ ചാണ്ടിയും ആര്യാടനും സ്വകാര്യ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ്.

രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസുകളില്‍ വന്ന വിധിയില്‍ സ്വാഭാവികമായും സംശയങ്ങള്‍ ഉണര്‍ന്നു.  ഇതേ തുടര്‍ന്ന്‌ ഉബൈദ് അടുത്തകാലത്തായി രാഷ്ട്രീയ ബന്ധമുള്ള കേസുകളില്‍ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ താരതമ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയും രംഗത്ത് ഇറങ്ങി. അദ്ദേഹത്തിന്റെ വിധികളില്‍ യുഡിഎഫിന് അനുകൂലവും എല്‍ഡിഎഫിന് പ്രതികൂലവും ആയവ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് കോടതികളില്‍ യുഡിഎഫ് ബഞ്ച്, എല്‍ഡിഎഫ് ബഞ്ച് എന്നുള്ള തരം തിരിവുണ്ടെന്നുവരെയുള്ള പ്രചാരണത്തിന് ഇടയാക്കി.

വിജിലന്‍സ് കോടതി ജഡ്ജി എഎസ് വാസന്‍ അധികാര പരിധി ലംഘിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ഹൈക്കോടതിയുടെ ഭരണ വിഭാഗം ആലോചിക്കണമെന്നും രണ്ടുമാസത്തേക്ക് സ്റ്റേ ഉത്തരവ് നല്‍കിക്കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് ഉബൈദ് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ വിജിലന്‍സ് ജഡ്ജിക്ക് തന്റെ അധികാരത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കീഴ്‌ക്കോടതിയുടെ വിധിയെ മേല്‍ക്കോടതികള്‍ തിരുത്തുന്നത് ഇതിനുമുന്‍പുമുണ്ടായിട്ടുണ്ടെങ്കിലും വിധി പ്രസ്താവിച്ച ജഡ്ജിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രതികരണം ആദ്യമാണ്. ഇതിനെതിരെ ഒരുകൂട്ടം കീഴ്ക്കോടതി ജഡ്ജിമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. തൊഴില്‍പരമായ അപാകതകള്‍ തിരുത്തുവാന്‍ നടപടിയെടുക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ മാത്രമേ ഹൈക്കോടതിയ്ക്ക് കഴിയൂ എന്നിരിക്കെ വിജിലന്‍സ് കോടതി ജഡ്ജി എഎസ് വാസനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് പി ഉബൈദിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഉന്നത സ്ഥാനത്തുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുതിര്‍ന്നാല്‍ ന്യായാധിപനാണെങ്കിലും ഇതാണ് മറുപടി എന്നുള്ള പ്രതികരണം വന്നതോടെ നിഷ്പക്ഷമായി നീതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണുള്ളത് എന്ന അഭിപ്രായവും നിയമവിദഗ്ദ്ധരും സാമൂഹിക നിരീക്ഷകരും പങ്കുവച്ചിരുന്നു.  ഇത്തരം നടപടികളിലൂടെ ജനങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാനും വഴിയൊരുങ്ങുന്നു. അഭിഭാഷകരുടെ ഇടയില്‍ തന്നെ ഇക്കാര്യത്തെ സംബന്ധിച്ച്  ഭിന്നാഭിപ്രായങ്ങളുണ്ട്. നിയമവ്യവസ്ഥയില്‍പ്പോലും നിലനില്‍ക്കുന്ന ജന്മി കുടിയാന്‍ ബന്ധമായും അതേ സമയം വിസ്താരണാവേളയിലും വിധി പ്രസ്താവിക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെടാഞ്ഞതാണ് ഇതിനു കാരണം എന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍  അഭിഭാഷകര്‍ക്കിടയിലുണ്ട്. അടുത്ത കാലത്തായി വന്ന ഈ പ്രവണത സര്‍ക്കാരിന്റെ ഭാഗത്തെ പോരായ്മയായി രാഷ്ട്രീയ പ്രവര്‍ത്തകരും വിലയിരുത്തുന്നു.

കോടതിയുടെ ഭാഗത്തു നിന്നുള്ള രേഖപ്പെടുത്താത്ത പരാമര്‍ശങ്ങള്‍ പോലും മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് കോടതിയുടെ നിലപാടുകളെ ബാധിക്കാറില്ല എന്നാല്‍ അതു ജനങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് ഹൈക്കോടതി അഭിഭാഷകനായ മനു വില്‍സണ്‍ അഭിപ്രായപ്പെടുന്നു. കീഴ്‌ക്കോടതിയുടെ തെറ്റ് തിരുത്തുക ഹൈക്കോടതിയുടെ ഉത്തരവാദിത്വമാണ്. എന്നാലിവിടെ സംഭവിച്ചത് സ്വന്തം പല്ലിട കുത്തി നാറ്റിക്കലാണെന്ന് മനു കൂട്ടിച്ചേര്‍ക്കുന്നു.

‘ഇതിന് ഏറ്റവും സിമ്പിള്‍ ആയ ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഒരു സിനിമയുടെ സ്ക്രിപ്റ്റ് പ്രകാരം നായകന്‍ വില്ലനെ കൊല്ലേണ്ടിവരുന്നത് ക്ലൈമാക്സിലാണ്. എന്നാല്‍ എന്തായാലും വില്ലനെ കൊല്ലേണ്ടതല്ലേ, അതു കൊണ്ട് ഇന്റര്‍വെല്ലിനു തന്നെ കൊന്നേക്കാം എന്ന് നായകന്‍ തീരുമാനിച്ചാല്‍ എങ്ങനെയുണ്ടാവുമോ അതേ അവസ്ഥ തന്നെയാണ് ഇവിടെയും. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതിന്‍  പ്രകാരം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക്‌ അവസാനഘട്ടം വരെ അയാളുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരം നല്‍കണം. അങ്ങനെ ഒരവസരം നല്‍കാതെ അടുത്ത നടപടിയിലേക്കു പോകുമ്പോള്‍  മേല്‍പ്പറഞ്ഞതു പോലെ വില്ലനെ ഇടയ്ക്ക് വച്ചു കൊന്ന അവസ്ഥയാണ്‌. അങ്ങനെ വന്ന എറര്‍ തിരുത്തുക എന്നത്  ഹൈക്കോടതിയുടെ ഉത്തരവാദിത്വം തന്നെയാണ്. ഭരണഘടനയിലെ 227-മത് വകുപ്പ് പറയുന്നത് ഹൈക്കോടതിയുടെ സൂപ്പര്‍വൈസറി ജൂറിസ്ഡിക്ഷനെപ്പറ്റിയാണ്.  സിആര്‍പിസി 397-ലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.  പക്ഷേ അതു സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നുള്ളതാണ് ഇവിടെ സംഭവിച്ചത്. കോടതികള്‍ തമ്മില്‍ ആശയവിനിമയം നടത്തേണ്ടിയിരുന്നത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ അതിന്റെ മുഖം തന്നെ മാറി. അങ്ങനെ ഒരു പിഴവ് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഓരോ വിധി പ്രഖ്യാപിക്കുമ്പോഴും കേസിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കേണ്ടി വരിക സ്വാഭാവികമാണ്. വ്യകതിപരമായ വിമര്‍ശനം ഉണ്ടാവുകയും ചെയ്തു.

യുഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍  ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചിലേക്ക് കരുതിക്കൂട്ടി എത്തിക്കുന്നു എന്നുകരുതുന്നത് അജ്ഞത കാരണമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

‘യുഡിഎഫിന്റെ കേസുകള്‍ അയക്കുന്നതല്ല. അദ്ദേഹത്തിന് പരിഗണിക്കാവുന്ന കേസുകള്‍ മാത്രമാണ് ആ ബെഞ്ചിലേക്ക് പോവുക. സ്ത്രീകളും കുട്ടികളും ബന്ധപ്പെട്ടിട്ടുള്ളവ, അഴിമതി സംബന്ധിച്ച കേസുകള്‍ എന്നിങ്ങനെ ഓരോ ബഞ്ചും കൈകാര്യം ചെയ്യേണ്ട ചില നിയമവിഭാഗങ്ങള്‍ ഉണ്ട്. ഇത് വരെ അദ്ദേഹം വിധി പ്രസ്താവിച്ച കേസുകള്‍ പരിശോധിക്കുകയാണെങ്കില്‍ അക്കാര്യം വ്യക്തമാവും- അഡ്വ മനു വിത്സണ്‍ പറയുന്നു.

എന്നാല്‍ ഹൈക്കോടതി അഭിഭാഷകയായ പ്രീതയ്ക്ക് അല്‍പ്പം വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. സമാനമായ അഭിപ്രായം മറ്റു ചില അഭിഭാഷകര്‍ക്കുമുണ്ട്.

‘വിധി പ്രസ്താവിക്കാനുള്ള ന്യായാധിപന്റെ അധികാരത്തില്‍, അതായത് ജഡ്ജിയുടെ പ്ലീനറി പവറില്‍ ആര്‍ക്കും കൈ കടത്താനാകില്ല എന്നുള്ള നിയമം ഇവിടെ നേരിട്ട് ലംഘിക്കപ്പെടുകയാണ്. വിധികളില്‍ ചിലപ്പോ തെറ്റുകള്‍ സംഭവിക്കാം. പരമോന്നത നീതിപീഠത്തിന്റെ വിധിയില്‍ പോലും പിഴവുണ്ടായിട്ടുണ്ടാവാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസ്ഥാനിലുണ്ടായ ഒരു കേസ് ഇതിനു ദൃഷ്ടാന്തമാണ്. ശൈ‍ശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബന്‍വാരി ദേവി എന്ന സ്ത്രീയെ ഒരു വയസ്സുള്ള കുട്ടിയുടെ വിവഹം തടസ്സപ്പെടുത്തി എന്നാരോപിച്ച് അഞ്ച് ഉന്നത ജാതിയില്‍പെട്ടവര്‍ ബലാല്‍സംഗം ചെയ്യുകയുണ്ടായി. അതില്‍ വിധി വന്നത് ഉന്നത് കുലജാതരായ ആള്‍ക്കാര്‍ താഴ്ന്നജാതിക്കാരിയായ മധ്യവയസ്കയെ ബലാല്‍ത്സംഗം ചെയ്യില്ല എന്നാണ്. ആ വിധി അവിടത്തെ ഹൈക്കോടതിയും ശരിവയ്ച്ചു. ഇന്നും അവര്‍ക്കു നീതി ലഭിച്ചിട്ടില്ല.

ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് പരമോന്നത നീതിപീഠം വരെ അപ്പീല്‍ നല്‍കാനുള്ള അവസരമുള്ളത്. അപ്പീല്‍ വന്നാല്‍ പോലും ചട്ടങ്ങള്‍ പാലിച്ചു മാത്രമേ കീഴ്ക്കോടതിയുടെ വിധിയെ മറികടക്കാനാകൂ. അതില്‍ തന്നെ വ്യക്തിപരമായ വിമര്‍ശനം പാടില്ല. തിരുത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കീഴ്ക്കോടതിയോട് ഹൈക്കോടതിയ്ക്ക് ആവശ്യപ്പെടാം. അല്ലാതെയുള്ള വിമര്‍ശനം തികച്ചും അപക്വമായ ഒന്നാണ്. 

വിധിയില്‍ പോരായ്മയുണ്ടെങ്കില്‍ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ അധിക്ഷേപങ്ങളല്ല. അത് നീതിവ്യവസ്ഥയ്ക്ക് ഭൂഷണമല്ല. സാധാരണക്കാരുടെ അവസാന ആശ്രയമായി വരുമ്പോള്‍ ഇത്തരം നിലപാടെടുക്കുന്നതില്‍ ജഡ്ജിമാര്‍ മിതത്വം പാലിക്കേണ്ടതുണ്ട് എന്നും അല്ലാത്ത പക്ഷം ജനങ്ങള്‍ക്ക്‌ ജൂഡിഷ്യറിയിലുള്ള വിശ്വാസം കുറയുന്നതിന് കൂടി ഇത് കാരണമാകും. അഡ്വ പ്രീത അഭിപ്രായപ്പെടുന്നു.  

ഇതിനു മറ്റൊരു വശം കൂടിയുണ്ട് എന്ന് അവര്‍ പറയുന്നു.

‘നമ്മുടെ നാട്ടില്‍ നിലനിന്ന ജന്മി കുടിയാന്‍ ബന്ധം പോലെ ഒന്ന് കോടതികള്‍ക്കിടയിലും നിലവിലുണ്ട്. പലപ്പോഴും കീഴ്ക്കോടതിയെ ഹൈക്കോടതി വിമര്‍ശിക്കുന്നത് അത്തരം ഒരു വ്യത്യാസം വച്ചുകൊണ്ടാണ്. കോടതിയില്‍ മാത്രമല്ല., ചിലപ്പോള്‍ പുറത്തും. ജസ്റ്റിസ് കെടി തോമസ്‌ കോട്ടയത്ത്  ഒരു ചടങ്ങില്‍ സംബന്ധിച്ചപ്പോള്‍ കോട്ടയം ജില്ലാ ജഡ്ജ് സബോര്‍ഡിനേറ്സിനോട് പറഞ്ഞത് അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിക്കാനാണ്– പ്രീത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന കാലഘട്ടത്തില്‍ ഈ പ്രവണതയ്ക്ക് കാര്യമായ വളര്‍ച്ച കൈവന്നു എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കൈപ്പമംഗലം എം എല്‍എയും നിയമബിരുദധാരിയുമായ വിഎസ് സുനില്‍കുമാര്‍ ആരോപിക്കുന്നു.

‘നമ്മുടെ നാട്ടില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടുന്ന ആളുകള്‍ക്ക് സുരക്ഷ നല്‍കുക. അവര്‍ക്ക് പിന്തുണ നല്‍കുക. ഇതൊക്കെ ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മറ്റു ചിലപ്പോള്‍ ജൂഡിഷ്യറി തന്നെ വിസില്‍ ബ്ലോവേഴ്സ് ആയി മാറും. ചിലപ്പോ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍. ഇപ്പോള്‍ കേരളത്തിലെ നിയമവ്യവസ്ഥയില്‍ സംഭവിക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അതു വഴിതെളിക്കുക വലിയ തോതിലുള്ള ഒരു അരാജകത്വത്തിലെക്കായിരിക്കും. നീതിപീഠത്തോടും ജനാധിപത്യ വ്യവസ്ഥിതികളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഉള്ള വിശ്വാസം ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍  അത് ജനാധിപത്യത്തിന്‍റെ അന്ത്യമായിരിക്കും. മുന്‍പ് നീതിന്യായവ്യവസ്ഥയോട് ഒരുതരം ഭയം കലര്‍ന്ന ബഹുമാനം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് അക്കാര്യത്തില്‍ വലിയൊരു മാറ്റം തന്നെയുണ്ടാക്കി. തനിക്കെതിരെ എന്താരോപണം വന്നാലും ഒരു പ്രശ്നവുമില്ല എന്ന രീതിയില്‍ അധികാരം കൊണ്ടു കളിക്കുന്ന നിലപാട് ജുഡിഷ്യറിയില്‍ ഉണ്ടായിരുന്ന വിശ്വാസമാണ് തച്ചുടച്ചത്. മനസാക്ഷിയാണ് ധാര്‍മ്മികതയെക്കാള്‍ വലുത് എന്നതും സമാനമായ മറ്റു പരാമര്‍ശങ്ങളും നിയമത്തെ പാടെ അവഗണിക്കുന്ന രീതികളും ഇതിനു കാരണഹേതുവാകുകയും ചെയ്തു. പുതിയ തലമുറയ്ക്ക് നീതിവ്യവസ്ഥയോട് പുച്ഛം തോന്നുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അത് ശരിയായ ഒന്നല്ല

സോളാര്‍ കേസില്‍  വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസവനെ വിമര്‍ശിക്കുകയും വിധി സ്റ്റേ ചെയ്തതുമായ നടപടികള്‍ ജസ്റ്റിസ് പി ഉബൈദിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ കീഴ്ക്കോടതി ചെയ്ത തെറ്റിനേക്കാള്‍ വലുതാണ്‌ ഹൈക്കോടതിയുടേത്. വിജിലന്‍സ് കോടതി സോളാര്‍ കേസില്‍ അമിതാവേശം കാണിച്ചിട്ടുണ്ടെങ്കില്‍ അതിലേറെ ആവേശമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ സ്വതന്ത്രബോധത്തെ ചോദ്യം ചെയ്യുകയും ആ വ്യക്തിയെതന്നെ തേജോവധം ചെയ്യുന്ന രീതിയിലുള്ള ആവേശമാണ് ഹൈക്കോടതി ജഡ്ജിയുടെ വിധിയിലൂടെ ഉണ്ടായത്. മറ്റുള്ള ന്യായാധിപന്മാരെ സ്വതന്ത്രമായി വിധിപ്രസ്താവം നടത്തുന്നതില്‍ നിന്നും വിലക്കുന്ന രീതിയിലുള്ള ചിന്തയാണ് ഇതുമൂലമുണ്ടാവുക. നീതി നടപ്പിലാക്കാനുള്ള ശക്തിയും ധൈര്യവും നല്‍കുന്നതാകണം മേല്ക്കോടതിയുടെ വിധി. അതിനു പകരം അവരുടെ ധൈര്യം കെടുത്താന്‍ ശ്രമമുണ്ടായാലോ. അതിനാലാണ്  കീഴ്ക്കോടതി ജഡ്ജിമാര്‍ ജസ്റ്റിസ് പി ഉബൈദിനെതിരെ പരാതി നല്‍കിയത്. ഇതൊരു വല്ലാത്ത മൂല്യച്ച്യുതിയാണ് നമ്മുടെ സമൂഹത്തിലുണ്ടാക്കുക. അതുവഴി നിയമവ്യവസ്ഥയെ ആര്‍ക്കും വെല്ലുവിളിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്കും’– സുനില്‍ കുമാര്‍ പറയുന്നു.

മറ്റ് കോണ്ഗ്രസ് നേതാക്കളില്‍ നിന്നും വേറിട്ട  ഒരു നിലപാടാണ് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിന് ഇക്കാര്യത്തിലുള്ളത്. സമൂഹത്തിനെ ആകെ ബാധിക്കുന്ന ഒന്നാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

‘സോളാര്‍ കേസ് ഉദാഹരണമാക്കുകയാണെങ്കില്‍ കീഴ്കോടതിയുടെ വിധിയില്‍ ഹൈക്കോടതി നടത്തിയ ഇടപെടലുകള്‍  രണ്ടു തരത്തില്‍ വീക്ഷിക്കാവുന്നതാണ്.  ഒന്ന് കീഴ്കോടതിയുടെ വിധിയെ വിമര്‍ശിച്ച രീതി. ജഡ്ജിയെ പരസ്യമായി വിമര്‍ശിക്കുക വഴി പൊതുസമൂഹത്തില്‍ നീതിവ്യവസ്ഥയുടെ നിലപാടുകള്‍ അപഹാസ്യമാക്കപ്പെടുകയാണ്. സ്വാഭാവികമായും പാലിക്കപ്പെടേണ്ട കീഴ്വഴക്കങ്ങള്‍ നടപ്പിലാക്കാതെയാണ് അത്തരമൊരു നടപടിയുണ്ടായത്. കീഴ്കോടതിയുടെ വിധിയില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍  ഇടപെടാനുള്ള അധികാരം ഹൈക്കോടതിയ്ക്കുണ്ട്. പക്ഷേ ഇവിടെ വിധി പ്രസ്താവിച്ച ജഡ്ജിയെ വ്യക്തിപരമായി വിമര്‍ശിച്ചിരിക്കുകയാണ് ഹൈക്കോടതി. അതിനോട് എനിക്കു യോജിപ്പില്ല.

രണ്ടാമതായി വിജിലന്‍സ് ജഡ്ജി നടത്തിയ ഒരു എടുത്തുചാട്ടമാണ് സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കിയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ്. കോടതിക്ക് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ ആ തീരുമാനമുണ്ടായത് ചില  പത്രവാര്‍ത്തകള്‍ കാരണമാവുമ്പോഴാണ് പ്രശ്നം. ആ കേസിലെ അന്വേഷണം തൃപ്തികരമല്ല എന്നു കോടതിക്ക് ആവശ്യപ്പെടാമായിരുന്നു. അത് ബാര്‍ കോഴക്കേസില്‍ ആയാലും സോളാറില്‍ ആയാലും. സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിചേര്‍ക്കപ്പെട്ടവരുടെ ഭാഗം കേള്‍ക്കാന്‍ കൂടി തയ്യാറാകാതെയാണ് അന്ന് അത്തരത്തിലൊരു വിധി വിജിലന്‍സ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അത് തികച്ചും ബാലിശമായ ഒരു നടപടി എന്നേ പറയാനാകൂ. ഉപ്പു തിന്നവവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെ പറഞ്ഞത് അതിന്‍റെ ഒരു ഭാഗമാണ്. മാത്രമല്ല അത്തരം ഒരു പ്രയോഗത്തില്‍ കൂടി പ്രതിസ്ഥാനത്തുള്ളവര്‍ കുറ്റക്കാര്‍ ആണെന്നുള്ള ഒരു മുന്‍വിധികൂടി നല്‍കുകയാണ്- ലിജു തന്റെ നിലപാടു വ്യക്തമാക്കി.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തരം സംഭവവികാസങ്ങള്‍ സമൂഹത്തിലെ നല്ലൊരു വിഭാഗത്തിനെയും ബാധിച്ചിട്ടുണ്ട് എന്നുതന്നെ പറയേണ്ടിവരും. നേതാക്കളും പൊലീസും കൈവിട്ടാലും അവസാനത്തെ അത്താണി എന്ന നിലയില്‍ നീതിപീഠത്തെ കണ്ടിരുന്നവരെ ആശങ്കയിലാഴ്ത്തുന്നതാണ് കോടതിവിധികളും അതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കോലാഹലങ്ങളും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍