UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് വിജിലന്‍സ് രാജോ?: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നിര്‍ദ്ദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്

വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സ് രാജാണോ സംസ്ഥാനത്ത് നടക്കുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഡിജിപി റാങ്ക് നല്‍കി, ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നിര്‍ദ്ദേശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മുന്‍സര്‍ക്കാര്‍ എന്‍ ശങ്കര്‍ റെഡ്ഡിയെ ഡിജിപിയായി നിയമിച്ചത് സംബന്ധിച്ച പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് കാരണമുണ്ടോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിമര്‍ശനം.

ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം പരിശോധിച്ചതിനും കോടതി അതൃപ്തി രേഖപ്പെടുത്തി. ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി ഉദ്യോഗക്കയറ്റം നല്‍കിയിരുന്നു. ഇത് വഴിവിട്ടാണ് എന്നു ചൂണ്ടിക്കാണിച്ച് ഒരു ഹര്‍ജി വിജിലന്‍സ് കോടതിയില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ മന്ത്രിസഭാ യോഗതീരുമാനം ചട്ടവിരുദ്ധമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും പറയുന്നു. മന്ത്രിസഭാ യോഗതീരുമാനത്തെ പുതിയ സര്‍ക്കാരും അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗതീരുമാനത്തെ വിജിലന്‍സിന് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. വിജിലന്‍സിന്റെ അധികാരപരിധി എന്താണ് എന്നത് സംബന്ധിച്ച് പരോക്ഷമായി കോടതി സൂചിപ്പിക്കുകയാണ് ചെയ്തത്. വിജിലൻസിനുള്ള താക്കീതാണ് ഹൈക്കോടതി നടപടിയെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. അധികാരമില്ലാത്ത കാര്യങ്ങളിലാണ് വിജിലൻസ് ഇടപെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍