UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉയര്‍ന്ന സ്ത്രീധനം കൊടുക്കേണ്ടി വരുന്നത് എന്തുകൊണ്ട്: മഹാരാഷ്ട്രയിലെ പാഠപുസ്തകം വിവാദത്തിലേക്ക്

സംസ്ഥാന സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് പുസ്തകത്തിന് അനുമതി നല്‍കിയത്

സ്ത്രീധനത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം വിവാദമാകുന്നു. വൈരൂപ്യവും അംഗവൈകല്യവും വധുക്കളുടെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം കണ്ടെത്തുന്നതിന് കാരണമാകുന്നുവെന്നാണ് പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മുഖ്യ സാമൂഹിക പ്രശ്‌നങ്ങള്‍ എന്ന സോഷ്യോളജി പുസ്തകത്തിലാണ് പ്രസ്തുത പരാമര്‍ശമുള്ളത്. സംസ്ഥാന സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് പുസ്തകത്തിന് അനുമതി നല്‍കിയത്. പുസ്തകത്തിലെ മൂന്നാം അധ്യായത്തില്‍ സ്ത്രീധനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് വിവാദ പ്രസ്താവനയുള്ളത്. ഒരു പെണ്‍കുട്ടി വിരൂപയും അംഗവൈകല്യമുള്ളവളുമാണെങ്കില്‍ അവളുടെ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

അത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിന് വരനും അയാളുടെ ബന്ധുക്കളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടും. നിസഹായരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. മതം, ജാതി, സാമൂഹത്തിലെ അന്തസ് എന്നിവയാണ് സ്ത്രീധനം കൂട്ടാനുള്ള മറ്റ് കാരണങ്ങള്‍.

യോജിച്ച വരനെക്കുറിച്ചുള്ള പ്രതീക്ഷകളും സ്ത്രീധനം കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. മകള്‍ക്ക് നല്ല വരന് വേണ്ടി കാത്തിരിക്കുന്ന മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം കരുതിവയ്ക്കുകയും വരന്മാര്‍ പരമാവധി സ്ത്രീധനം നേടുകയും ചെയ്യും. വിവാദമായ ഈ പാഠപുസ്തക ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഷയം പരിശോധിച്ച് വരികയാണെന്നാണ് ഒരു ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

വിഷയം ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഗംഗാധര്‍ മമേനെ അറിയിച്ചു. 2013ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനകം തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇത് വായിച്ചു കഴിഞ്ഞു. പല അധ്യാപകരും ഈ ഭാഗത്തെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. പഠിപ്പിക്കുമ്പോള്‍ ഈ ഭാഗം വിട്ടുകളയുകയാണ് ചെയ്യാറെന്നാണ് പലരും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍