UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ സര്‍വകലാശാലകള്‍ അഥവാ വിഷസര്‍പ്പങ്ങള്‍ ഇഴയുന്ന കാട്

പഠനസാമര്‍ത്ഥ്യവും പ്രതിഭാവിലാസവും രണ്ടു വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഗണിതശാസ്ത്ര പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നൂറില്‍ നൂറുമാര്‍ക്ക് നേടിയ ഐന്‍സ്റ്റൈന്റെ സഹപാഠിയെക്കുറിച്ച് ഇപ്പോള്‍ ലോകത്ത് ആര്‍ക്കും അറിയില്ല. എസ് എസ് എല്‍ സി – ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷാഫലങ്ങള്‍ വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ പതിനായിരക്കണക്കിനുണ്ടെന്ന് കണ്ടു. അവരില്‍ മുഴുവന്‍ മാര്‍ക്കും കരഗതമാക്കിയ മിടുമിടുക്കരും നൂറുകണക്കിനുണ്ട്. കേരളത്തിലെ വഴിയോരങ്ങളിലെല്ലാം ഉന്നത വിജയം നേടിയ കൗമാരപ്രായക്കാരുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണാം. കഠിനമായ പരിശ്രമത്തിന്റെയും ചിട്ടയായ പഠനത്തിന്റെയും സര്‍വോപരി ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും പ്രതീകങ്ങളാണ് ഈ കുഞ്ഞുങ്ങളെന്ന് ആശംസാവിളംബരങ്ങളിലൂടെ പൊതുസമൂഹം അംഗീകരിക്കുന്നു. നല്ലത്.

വിദ്യാര്‍ത്ഥികളുടെ ഉന്നതമായ ഗ്രേഡും പരീക്ഷയിലെ ഉയര്‍ന്ന വിജയശതമാനവും നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാര വളര്‍ച്ചയുടെ സൂചകമായി എടുക്കാമോ? സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ഇന്ത്യ ലോകനിലവാരത്തിന്റെ സമീപത്തെങ്ങാനും എത്തിയോ? നമ്മുടെ യുവസമൂഹത്തിന്റെ ബൌദ്ധികമായ വളര്‍ച്ച പരീക്ഷകളില്‍ അവര്‍ നേടുന്ന ഗ്രേഡിന് അനുസരിച്ച് ഉയരാത്തതിന് എന്തായിരിക്കും കാരണം? ഇംഗ്ലീഷ്, ഫിസിക്‌സ്, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നേടി പ്ല് ടു പരീക്ഷ ഉന്നതമായി ജയിച്ച് പ്രശംസ നേടിക്കൊണ്ടിരിക്കുന്ന ഒരു മിടുക്കനെ ഈയിടെ ഞാന്‍ കണ്ടു. അതിസാധാരണമായ കുടുംബപശ്ചാത്തലത്തില്‍ ജനിച്ച് വളര്‍ന്ന്, വീട്ടിലെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി പഠനത്തില്‍ ശ്രദ്ധ പതിച്ച് ഉന്നതമായ വിജയം നേടിയ സാന്ദീപ് എന്ന ആ വിദ്യാര്‍ത്ഥിക്ക് എന്‍ജിനീയറാകാനാണ് മോഹം. സംസ്ഥാനത്തെ പ്രവേശനപരീക്ഷയില്‍ സന്ദീപിന് 5663-ാം റാങ്കുണ്ട്. പുതിയ ചില സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളില്‍ ചേരാന്‍ പ്രവേശന പരീക്ഷാഫലം പുറത്തുവരുംമുമ്പ് സാന്ദീപിനുമേല്‍ കോളേജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. പകുതി ഫീസിലും നാലിലൊന്നു ഫീസിലും പഠിപ്പിക്കാമെന്നൊക്കെ അവര്‍ വാഗ്ദാനം ചെയ്തു. അവരോട് എന്തു മറുപടി പറയണമെന്നും തന്റെ റാങ്ക് നിലവാരമനുസരിച്ച് ഏത് കോളേജില്‍ പ്രവേശനം ലഭിക്കുമെന്നും അറിയാനുള്ള നിര്‍ദ്ദേശം തേടിയാണ് സാന്ദീപ് എന്നെ സമീപിച്ചത്. വിദ്യാഭ്യാസ ഉപദേശകനല്ല ഞാന്‍ എന്ന് പറഞ്ഞ് പാടെ അയാളെ തിരിച്ചയയ്ക്കാന്‍ എനിക്കാവില്ല. കാരണം എനിക്ക അയാളോട് വലിയൊരു കടപ്പാടുണ്ട്. ഞാന്‍ നിത്യവും വീട്ടില്‍ ഭക്ഷിക്കുന്ന ചപ്പാത്തി സാന്ദീപിന്റെ അമ്മ നിര്‍മ്മിക്കുന്നതാണ്. വല്ലപ്പോഴും ഓട്ടോറിക്ഷയില്‍ കയറ്റി എന്നെ നഗരത്തില്‍ കൊണ്ടുപോകുന്നത് അയാളുടെ അച്ഛനാണ്. അപ്പോള്‍ ഒരു കുടുംബാംഗത്തിന്റെ ധര്‍മ്മസങ്കടം പോലെ സാന്ദീപിന്റെ പ്രശ്‌നത്തെ ഞാന്‍ കാണണം. കഴിഞ്ഞ വര്‍ഷത്തെ പ്രവേശന പരീക്ഷ എഴുതിയ റാങ്ക് ജേതാക്കള്‍ക്ക് ഏതെല്ലാം കോളേജുകളില്‍ ഏതേതു വിഷയങ്ങളില്‍ പ്രവേശനം ലഭിച്ചു എന്ന് സാന്ദീപും ഞാനും കൂടി പരിശോധിച്ചു. അങ്ങനെ ഇക്കൊല്ലം അയാളുടെ റാങ്കിന് ഏതു വിഷയത്തില്‍ എവിടെ പ്രവേശനം ലഭിക്കാമെന്ന് അനുമാനിച്ചു. ഹോസ്റ്റലില്‍ താമസിക്കാന്‍ സാന്ദീപ് ഇഷ്ടപ്പെടുന്നില്ല. തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് നിത്യവും പോയി വന്നു പഠിക്കാവുന്ന മികച്ച കോളേജ് ഏതെന്നും അവിടെ സ്വീകരിക്കാവുന്ന ഇഷ്ടവിഷയം എന്തെന്നും ഞങ്ങള്‍ നിശ്ചയിച്ചു. അതനുസരിച്ച് മുന്‍ഗണനാ ക്രമത്തില്‍ പത്തു കോളേജുകളുടെ പട്ടിക തയ്യാറാക്കി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. കഴിവിനും ആഗ്രഹത്തിനും അനുസരിച്ചുള്ള പഠനാവസരം ലഭിക്കണമേ എന്നാണ് സാന്ദീപിനൊപ്പം എന്റെയും പ്രാര്‍ത്ഥന.

നാല് വിഷയങ്ങള്‍ക്ക് നൂറു ശതമാനം മാര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും ‘എ’പ്ലസും നേടിയ ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിയുടെ പ്രത്യാശയ്ക്കു പോലും നമ്മുടെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. പ്രവേശന പരീക്ഷ എന്ന കറക്കിക്കുത്ത് വിദ്യയില്‍ തിളങ്ങിയാല്‍ മാത്രമേ ഭാവിയുടെ വഴി തിരഞ്ഞെടുക്കാനാവൂ. പ്രവേശന പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനം കേരളത്തില്‍ ഒരു വന്‍ വ്യാപാരവുമാണ്. ആ മല്ലയുദ്ധത്തില്‍ പടവെട്ടി ജേതാവാകാന്‍ സാമര്‍ത്ഥ്യം മാത്രം പോര. നല്ല ധനശേഷിയും വേണം. ഏതെങ്കിലും പ്രവേശന പരീക്ഷാ പരിശീലനക്കളരിയില്‍ പയറ്റിത്തെളിയാത്തവര്‍ എത്രവലിയ പ്രതിഭാശാലിയായാലും പ്രൊഫഷണല്‍ കോഴ്‌സില്‍ പഠിക്കാന്‍ പ്രയാസം. അല്ലെങ്കില്‍ മാതാപിതാക്കള്‍ കോടീശ്വരന്മാരാകണം. പണക്കാര്‍ക്ക് വിദ്യ ഒരു അലങ്കാരം മാത്രം. സാല്‍വദോര്‍ദാലിയുടെ ‘ഉരുകുന്ന ഘടികാരം’ എത്ര വില കൊടുത്തും അവര്‍ വാങ്ങി വീടിന്റെ ചുമരില്‍ തൂക്കും. അതിന്റെ അര്‍ത്ഥവും മൂല്യവും എന്തായാലും അവര്‍ക്കെന്ത്?

ഉപരി വിദ്യാഭ്യാസത്തിന്റെ പൊരുള്‍ ധനവാന്റെ പൊങ്ങച്ച പ്രകടനമല്ല. സാമാന്യ ജനങ്ങളുടെ ബൗദ്ധികവും സാംസ്‌ക്കാരികവും വൈജ്ഞാനികവുമായ വളര്‍ച്ചയിലൂടെ രാജ്യത്തിന്റെ അറിവ് വിപുലപ്പെടുത്തലാണ്. വിജ്ഞാന നിര്‍മ്മാണരംഗത്ത് കേരളം ദേശീയ തലത്തില്‍ എവിടെ നില്‍ക്കുന്നു? ഇന്ത്യ അന്തര്‍ദേശീയ നിലവാരത്തില്‍ എത്രാമത്തെ പടിയിലാണ്? അറിവാണ് യഥാര്‍ത്ഥ സമ്പത്ത് എങ്കില്‍ ഇപ്പോള്‍ ഇന്ത്യയെക്കാള്‍ ദരിദ്ര രാജ്യങ്ങള്‍ ഭൂമുഖത്ത് വളരെ കുറച്ചേ ഉള്ളൂ. മത്സര പരീക്ഷകളില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡ് നേടുന്നുണ്ട്. വര്‍ഷാവര്‍ഷം വിജയശതമാനത്തോത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ അറിവിന്റെ കാര്യത്തില്‍ വേണ്ടത്ര വളര്‍ച്ച ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം പേറ്റന്റിന് അപേക്ഷിച്ച രാജ്യം ചൈനയാണ്. തൊട്ടടുത്ത് അമേരിക്കയുണ്ട്. പിന്നെ ജപ്പാന്‍; ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക. ആധുനിക സാങ്കേതിക വിദ്യയായ കമ്പ്യൂട്ടറില്‍ അമേരിക്കയുടെതാണ് എണ്ണത്തില്‍ കൂടുതല്‍ പേറ്റന്‍സി അപേക്ഷകളെന്ന് ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്  ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയ കടന്നുവന്നു. പേറ്റന്റിനുള്ള അപേക്ഷകരില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെ നിന്ന് മുകളിലേക്ക് പരതിയാല്‍ കാണാം. യഥാര്‍ത്ഥത്തില്‍ വിദേശ ഇന്ത്യക്കാരായ അപേക്ഷകരിലും വളരെ കുറവാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍. ഇത് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ക്രിയാത്മക ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്.

വായന, എഴുത്ത്, ഗണിതബോധം, ശാസ്ത്രം, യുക്തി എന്നീ കാര്യങ്ങളില്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഏതാനും മാസം മുമ്പ് ഭയാനകമായ ഒരു വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഇത്തരം അഞ്ചുകാര്യങ്ങളില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ പൊതു നിലവാരം ജോര്‍ദാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ക്കും താഴെ 62-ാം സ്ഥാനത്താണുപോലും. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരം പുലര്‍ത്തുന്ന 300 പ്രശശ്തമായ സ്ഥാപനങ്ങളില്‍ ഒന്നുപോലും നമ്മുടെ രാജ്യത്തില്ല. ഐ ഐ ടികളെല്ലാം മികച്ച വിദ്യാര്‍ത്ഥികളക്കൊണ്ടു നിറയുന്നു എന്ന വിചാരം പലര്‍ക്കുമുണ്ട്. പക്ഷേ ലോക നിലവാരത്തില്‍ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ല. വിജയശതമാനം പെരിപ്പിച്ച് ഗ്രേഡ് ഉയര്‍ത്തിക്കാട്ടുന്ന വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ പ്രതിഭാ പ്രസരണത്തിനും വളര്‍ച്ചയ്ക്കും സഹായകമാകുന്നില്ല.

140 കോടിയോളം ജനങ്ങള്‍ വസിക്കുന്ന ഒരു രജ്യമാണ് നമ്മുടേത്. ചൈനയിലെപ്പോലെ കമ്യൂണിസത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ഏകാധിപത്യം ഇന്ത്യയില്‍ ഇല്ല. സ്വതന്ത്ര്യവും ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നതുമായ ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അനുഗ്രഹം ഇന്ത്യയിലുണ്ട്. എല്‍ കെ അദ്വാനിയല്ലാതെ ഇന്ത്യയിലെ മറ്റൊരാളും രാജ്യത്ത് വീണ്ടുമൊരു അടിയന്തരാവസ്ഥ വരുമെന്ന് ഭയപ്പെടുന്നില്ല. വിജ്ഞാന വ്യാപനത്തിലും വിദ്യാഭ്യാസത്തിലും മഹത്തായ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ക്രിസ്തുവിന് മുന്‍പ് വിശ്വപ്രസിദ്ധമായ ഒരു സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്ന ഏക രാജ്യം നമ്മുടേതാണ്. 60 ലോകരാജ്യങ്ങളില്‍ നിന്ന് ഗവേഷകരും വിദ്യാര്‍ത്ഥികളും അവിടെ എത്തിയിരുന്നു. തുടര്‍ച്ചയായ അധിനിവേശങ്ങളും ആക്രമണങ്ങളുംമൂലം തകര്‍ക്കപ്പെട്ട ആ പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകത്തിന്റെ പൊതു നിലവാരത്തോടൊപ്പം നടക്കാന്‍ ആധുനിക ഇന്ത്യയുടെ വൈജ്ഞാനിക മണ്ഡലത്തിന് കഴിയണം. അതിന് വിദ്യാഭ്യാസാവകാശ നിയമം മാത്രം പോര. അര്‍ഹരായവര്‍ക്കെല്ലാം വിദ്യാഭ്യാസത്തിന്റെ ഉന്നതശ്രേണികളില്‍ നിഷ്പ്രയാസം കടന്നുവരാന്‍ അവസരം ഉണ്ടാകണം.

അധ്യാപകരുടെ ജോലി ലഘൂകരിക്കുന്ന പഠന രീതിയാണ് പലപല പരിഷ്‌ക്കാരങ്ങളിലൂടെ കാലാകാലങ്ങളില്‍ കേരളത്തില്‍ നടപ്പായിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ യു ജി സിയുടെ ശമ്പള സ്‌കെയില്‍ മാത്രം മതി മറ്റ് മാനദണ്ഡങ്ങളും കടമകളും വേണ്ടെന്ന് തീരുമാനിച്ചവരാണ് നമ്മള്‍. കക്ഷിരാഷ്ട്രീയത്തിന്റെ തണല്‍ പറ്റി കിളിര്‍ത്തുവന്ന അധ്യാപകസംഘടനകള്‍ അധ്യാപനത്തെ വെറും തൊഴിലായി ചുരുക്കിക്കാണുകയും അവകാശങ്ങള്‍ക്കുവേണ്ടി മാത്രം സമരം നടത്തുകയും ചെയ്തു. ഭാവി ഭാരതം ക്ലാസ് മുറികളില്‍ രൂപം കൊള്ളുന്നു എന്നൊക്കെ നമ്മള്‍ വെറുതെ മേനി പറഞ്ഞു. ബിരുദങ്ങള്‍ നേടിയാല്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായെന്ന് കരുതുന്ന വിവരദോഷികളെ ധാരാളം ഉണ്ടാക്കിയ നമ്മള്‍ ഉപരിപഠനത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ മറന്നു. ഒന്നും നിര്‍മ്മിക്കാനും കണ്ടുപിടിക്കാനും വിവിധ സര്‍വകലാശാലകളില്‍ നിന്ന് പുറത്തുവരുന്ന ബിരുദാനന്തര ബിരുദധാരിക്കുപോലും കെല്‍പ്പില്ല. നൂതനമായ ഒരാശയവും നമ്മുടെ ക്യാമ്പസുകളില്‍ നിന്നു കേള്‍ക്കുന്നില്ല. അനേകായിരം പി എച്ച് ഡികള്‍ ഏഴ് സര്‍വകലാശാലകളുടെ അലമാരകളില്‍ ചിതലരിക്കുന്നു. അതിന്റെ പേരില്‍ ശമ്പളസ്‌കെയില്‍ ഉയര്‍ത്തിവാങ്ങിയനുഭവിച്ച ഗവേഷകരായ അധ്യാപകര്‍പോലും ഓര്‍ക്കുന്നില്ല തങ്ങളുടെ പ്രബന്ധത്തില്‍ എന്താണുള്ളതെന്ന്. വ്യാജ ബിരുദങ്ങള്‍ ഉണ്ടാക്കി കേമത്തം ഭാവിച്ച് സര്‍വകലാശാലകള്‍ ഭരിക്കാനെത്തുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ നാട്ടില്‍, നൈസര്‍ഗ്ഗിക വാസനകളും പ്രതിഭയുമായി ഒരാള്‍ ഉപരിപഠനത്തിന്റെ ആദ്യപടി ചവിട്ടാന്‍ എത്തുമ്പോള്‍, അഞ്ചുകൊല്ലം ഒരു സര്‍വകലാശാലയുടെ സെനറ്റില്‍ അംഗമായിരുന്നിട്ടുള്ള ഈ ലേഖകന് ഒറ്റ ഉപദേശം മാത്രമേ നല്‍കാനുള്ളൂ. ”കുഞ്ഞേ സൂക്ഷിക്കുക, ഇത് വിഷസര്‍പ്പങ്ങള്‍ നിറഞ്ഞ കാടാണ്.”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍