UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷമിക്കണം, യു.ഡി.എഫ് ബാറിലാണ്!

എം.ബി.സന്തോഷ്

‘പടകാളി ചണ്ടി ചങ്കരി പോക്കിരി’ പാടി തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനും 1992ല്‍ പുറത്തിറങ്ങിയ ‘യോദ്ധ’ സിനിമയില്‍ ഏറ്റുമുട്ടിയതുപോലെയാണ് ആഗസ്റ്റ് 18ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങിയിരുന്ന മുറിക്കു മുന്നില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഹൈബി ഈഡനും സണ്ണി പി.ജോസും ഏറ്റുമുട്ടിയത്. ‘കുസാറ്റ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭരണസമിതിയായ 21 അംഗ സിന്‍ഡിക്കേറ്റില്‍ വിദ്യാഭ്യാസരംഗവുമായി നേരിട്ട് ബന്ധമില്ലാത്ത മൂന്നുപേരേയുള്ളൂ- ഹൈബിയും സണ്ണിയും കഴിഞ്ഞാല്‍ മൂന്നാമന്‍ അഴിക്കോടുനിന്ന് എം.എല്‍.എആയ വയനാട്ടുകാരന്‍  കെ.എം.ഷാജിയാണ്.

വിദ്യാഭ്യാസം എന്നത് സര്‍വകലാശാലകളില്‍നിന്നേ ലഭിക്കൂ എന്ന് ആര്‍ക്കും പറയാനാവില്ല. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന  തമ്മനം ഷാജി മുതല്‍ സരിതാ നായരെ നിഷ്പ്രഭരാക്കി കേരളത്തിന്റെ സമകാലിക മാദ്ധ്യമവിപണിയിലെ പുതിയ താരങ്ങളായ ബിന്ധ്യയും രുക്‌സാനയും വരെയുള്ള എല്ലാപേരില്‍നിന്നും പഠിക്കാന്‍ കഴിയുന്നതാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ അദ്ധ്യാപകര്‍ക്കോ വിദ്യാഭ്യാസ വിചക്ഷണര്‍ക്കോ മാത്രമാണ് സിന്‍ഡിക്കേറ്റിലെത്തി സര്‍വകലാശാല ഭരിക്കാന്‍ അവകാശമെന്ന വാദം യു.ഡി.എഫ് സര്‍ക്കാരിന് തീരെ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനപ്രതിനിധികള്‍ എന്ന നിലയില്‍ എം.എല്‍.എമാര്‍ നേരത്തേ ഈ സമിതിയില്‍ അംഗമായിരുന്നു. ഇത്തവണ ആലപ്പാട് സണ്ണി എന്ന് ഇടതുവലത് നേതാക്കള്‍ അടുപ്പത്തോടെ വിളിക്കുന്ന സണ്ണി പി ജോസിനെ കുസാറ്റ് സിന്‍ഡിക്കേറ്റിലെ അംഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍.എസ്.യു പ്രസിഡന്റായിരുന്ന ഹൈബി ഈഡന്‍ അംഗമായ സിന്‍ഡിക്കേറ്റില്‍ കേവലം ജൗളിക്കച്ചവടക്കാരന്‍ എങ്ങനെ അംഗമായി എന്നൊക്കെ അസൂയാലുക്കള്‍ പരിഹസിച്ചു. എന്തായാലും സണ്ണി ഒന്നും മറച്ചുവച്ചില്ല. തിരുവനന്തപുരത്തെ ആലപ്പാട്ട് സില്‍ക്‌സിന്റെ മേല്‍വിലാസവും ഇ-മെയിലും തന്നെയാണ് സണ്ണി സര്‍വകലാശാലയ്ക്ക് നല്‍കിയതെന്ന് ഔദ്യോഗികരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഒരു ‘ഇര’യെ വീഴ്ത്തിയതിനുള്ള പ്രതിഫലമാണ് ഈ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം എന്ന് കെ.എസ്.യു പാണന്‍മാര്‍ പാടിനടക്കുന്നുണ്ട്.

മന്ത്രിസഭാ ഉപസമിതിയെ വച്ച് പ്‌ളസ്ടു സ്‌കൂളും ബാച്ചുകളും ലേലംചെയ്ത് അനുവദിച്ചത് ഹൈക്കോടതി എടുത്ത് തോട്ടിലെറിഞ്ഞതിനെ തുടര്‍ന്ന് വാലിനും താടിക്കും  തീപിടിച്ച് മുഖ്യമന്ത്രി ചാടിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് മുന്നില്‍വച്ചുതന്നെ ഈ രണ്ട് ‘വേണ്ടപ്പെട്ടവരുടെ’ ബീഡി കൊളുത്താനുള്ള ശ്രമം. ആ ദിവസത്തെ സംഭവഗതികള്‍ പഠിക്കുന്ന ആര്‍ക്കും സിന്‍ഡിക്കേറ്റ് മെംബറാവണമെങ്കില്‍ തണ്ടും തടിയും ചീത്തവിളിക്കാനുള്ള ശേഷിയും വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടിവരും!

ഈ സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ഈ സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്താണിങ്ങനെ മാദ്ധ്യമങ്ങളുടെ മുന്നില്‍ കിടന്ന് അടികൂടുന്നത്? വി.സി നിയമനത്തിനുള്ള സമിതിയില്‍ അംഗമായിരുന്ന ഹൈബി ഈഡനു പകരം കെ.എം.ഷാജിയെ ഉള്‍പ്പെടുത്താന്‍ ആലപ്പാട് ഷാജി ശ്രമിക്കുന്നുവെന്നാണ് ഹൈബിയുടെ ആരോപണം. പാര്‍ട്ടിയിലോ യു.ഡി.എഫിലോ അംഗത്വമില്ലാത്ത സണ്ണിക്കെതിരേ ഹൈബി ഇടപെട്ടാല്‍ ആ പോരാട്ടം വിജയിക്കേണ്ടതല്ലേ? എന്‍.എസ്.യു പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹിയില്‍ തരക്കേടില്ലാത്ത പിടിപാടുണ്ടായിരുന്നിട്ടും ഒരു ജൗളിക്കടക്കാരനെ തളക്കാന്‍ ഭരണപക്ഷ യുവനേതാവിന് പൊലീസ് സഹായത്തോടെ, മാദ്ധ്യമങ്ങളുടെ മുന്നില്‍വച്ച് ചീത്തവിളിക്കേണ്ട അവസ്ഥയെ ഗതികേട് എന്നുവിളിച്ചാല്‍ മതിയാവില്ല.

അതേ ദിവസത്തെ മറ്റൊരു കാഴ്ചയിലേക്ക് –
‘ എന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എത്തിയതെന്ന് സംശയിക്കുന്നു. യോഗം തുടങ്ങുംമുമ്പ് ഇതേക്കുറിച്ചുള്ള സൂചന എനിക്ക് കിട്ടി. എസ്.എം.എസിലൂടെ അതറിയിച്ച ആളിന്റെ പേര് വെളിപ്പെടുത്താനാവില്ല.’ – ഇത് കേരളത്തിലെ ഒരു വൈസ് ചാന്‍സലര്‍ അതേദിവസം വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യമായി ആരോപിച്ചതാണ്. സ്ത്രീകള്‍ തന്നെ കാണാന്‍ പാടില്ലെന്ന് തിട്ടൂരമിറക്കിയ ‘നവകാല ഋശ്യശൃംഗന്‍’  വി.സിയെ മനസ്സിലായിക്കാണുമല്ലോ – കാലിക്കറ്റ് വി.സി ഡോ. എം.അബ്ദുള്‍ സമദ് ആണ് കഥാപാത്രം.

നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ തീരുമാനമായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയത് ചോദ്യം ചെയ്ത തങ്ങളെ വി.സി നെയിംബോര്‍ഡ് എടുത്ത് അടിക്കുകയായിരുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗമായ പി.എം.സലാഹുദ്ദീന്‍ കുറ്റപ്പെടുത്തി. സിന്‍ഡിക്കേറ്റ് യോഗം തീര്‍ന്ന ഉടന്‍  അംഗങ്ങളായ ഡോ.വി.പി.അബ്ദുള്‍ ഹമീദും സലാഹുദ്ദീനും മുറിയുടെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് വി.സിയുടെ പരാതി.

‘ എന്നെ ആക്രമിക്കുമെന്ന ഘട്ടത്തിലാണ് നെയിംബോര്‍ഡ് എടുത്ത് പ്രതിരോധിച്ചത്. ഈ സമയം അഡ്വ.പി.എം.നിയാസ് പിന്നിലൂടെ വന്ന് കൈപിടിച്ച് ബലമായി പിരിച്ചു’ – മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റാവും മുമ്പ് വി.സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സലാഹുദ്ദീന്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച വി.സിയും സിന്‍ഡിക്കേറ്റും എന്തുകൊണ്ട് ഇങ്ങനെ പരസ്യമായി അടികൂടി ആശുപത്രിയിലെത്തി? സര്‍വകലാശാലകള്‍ എന്ന കറന്നാലും കറന്നാലും തീരാത്ത കാമധേനുവില്‍നിന്ന് എത്രത്തോളം ഊറ്റിയെടുക്കാം എന്ന മത്സരമല്ലാതെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഒരു പ്രശ്‌നവും ചര്‍ച്ച ചെയ്തല്ല ഇരുകൂട്ടരും വിയോജിച്ചത്.

വി.സി ബംഗ്‌ളാവ് മോടികൂട്ടാന്‍ ചെലവഴിച്ചത് ആറരലക്ഷം രൂപ, പരവതാനിക്ക് മുടക്കിയത് ഏഴരലക്ഷം, വീട്ടുപകരണങ്ങള്‍ക്ക് മൂന്നര ലക്ഷം, സര്‍വകലാശാലയുടെ ലാന്റ് സ്‌കേപ്പിംഗിന് 57 ലക്ഷം… ഇതിനൊന്നിനും വി.സിക്കോ സിന്‍ഡിക്കേറ്റിനോ കാര്യമായ എതിര്‍പ്പില്ല. മുസ്ലിംലീഗ് നേതാവായ ഹൈദരാലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷന്‍ അസോസിയേഷന് 10 ഏക്കര്‍, മന്ത്രി എം.കെ.മുനീറിന്റെ സഹോദരീഭര്‍ത്താവ് പി.എം.ഹംസ പ്രസിഡന്റായ  ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ.കെ.കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ ബാഡ്മിന്റന്‍ ഡെവലപ്‌മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെ സര്‍വകലാശാലാ ഭൂമി വാരിക്കോരി ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ ഇവരെല്ലാം ഒറ്റക്കെട്ടായിരുന്നു.(കേരളത്തിലെ പൊതുസമൂഹവും നിയമസഭയില്‍ പ്രതിപക്ഷവും ഇടപെട്ടതിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍നിന്ന് പിന്നാക്കം പോവേണ്ടി വന്നു). ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കപ്പെട്ടിട്ടിട്ടും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം, രക്ഷിക്കാന്‍ ഇരുകൂട്ടരും കൈമെയ് മറന്ന് ഒന്നിക്കുകയായിരുന്നു!

കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറായ ഖാദര്‍ മങ്ങാട് അത്ഭുത മനുഷ്യനാണ്. നാലുവര്‍ഷമെടുത്ത് നടത്തേണ്ട ഗവേഷണം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ പ്രഗത്ഭന്‍! 2002 ആഗസ്റ്റ് 28 മുതല്‍ 2005 ഏപ്രില്‍വരെയാണ് അദ്ദേഹത്തിന്റെ ഗവേഷണകാലം. എംഫില്‍ ഇല്ലാത്തവര്‍ നാലുവര്‍ഷം പൂര്‍ണമായി ഗവേഷണം നടത്തണമെന്നാണ് വ്യവസ്ഥ. ഇതിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ ഒരുവര്‍ഷംകൂടി നീട്ടണമെന്നുണ്ട്. ഇളവുചെയ്യണമെങ്കില്‍ അക്കാഡമിക് കൗണ്‍സില്‍ അത് ചെയ്യണം. ഈ ഗവേഷണ കാലയളവില്‍ അക്കാഡമിക് കൗണ്‍സില്‍ ഉണ്ടായിരുന്നില്ല. അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് നെഹൃകോളേജില്‍ പോയി ഒപ്പിട്ടശേഷം അതേദിവസം ഗവേഷണ കേന്ദ്രമായ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഹാജര്‍ രേഖപ്പെടുത്തിയത് മാത്രമല്ല പ്രശ്‌നം. പൊതുഅവധിദിനങ്ങളിലും ഹാജര്‍ രേഖപ്പെടുത്തിയത് ഒടുങ്ങാത്ത വിജ്ഞാനതൃഷ്ണകൊണ്ടാണെന്ന് കരുതാം. ഇതുള്‍പ്പെടെ ഒട്ടേറെ ക്രമക്കേടുകള്‍ ഇപ്പോള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ മുന്നിലാണ്.

എം.ജി സര്‍വകലാശാലയില്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്ന് കണ്ടെത്തിയ ഡോ.എ.വി.ജോര്‍ജിനെ നിയമിച്ചതും പിന്നീട് പിരിച്ചുവിട്ടതും യു.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാലയില്‍ പരിസ്ഥിതിശാസ്ത്ര വിഭാഗം മേധാവിയായിരുന്നുവെന്ന് ബയോഡാറ്റയില്‍ ജോര്‍ജ് അവകാശപ്പെട്ട കാലയളവില്‍ അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജോലി ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഒരു ക്രൈസ്റ്റിനും അദ്ദേഹത്തിന് രക്ഷിക്കാനാവാതെ വന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ബാറാണോ പ്ലസ്-ടുവാണോ ലാഭം?
ഉമ്മന്‍ ചാണ്ടിയുടെ ചില കോലുമിഠായികള്‍
ഒരു കോടി അല്ലെങ്കില്‍ നാല് തസ്തികകള്‍; പ്ലസ് ടു കോഴ വഴികളിലൂടെ
ഈ കൊല്ലാക്കൊല കാണാത്തവര്‍
കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും

കേരള സര്‍വകലാശാലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അഴിമതി നടത്തിയതിന്റെയും ക്രമക്കേടുകള്‍ നടത്തിയതിന്റെയും വിശദമായ റിപ്പോര്‍ട്ടുകളാണ് വി.സിയും പി.വി.സിയും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നല്‍കിയത്. നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയില്‍ സര്‍വകലാശാലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് കൂടിയായിരുന്ന ആര്‍.എസ്. ശശികുമാര്‍ എങ്ങനെയൊക്കെ അഴിമതി നടത്തി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കെ.പി.സി.സി സെക്രട്ടറിയും കഴിഞ്ഞ സിന്‍ഡിക്കേറ്റിലെ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ ജ്യോതികുമാര്‍ ചാമക്കാലയാണ് അടുത്ത ആള്‍. ജ്യോതികുമാര്‍ മാനേജരായ ബി.എഡ് കോളേജിന്റെ ഉടമസ്ഥാവകാശം ചാമക്കാല എഡ്യുക്കേഷനല്‍ ട്രസ്റ്റിനായിരുന്നു. ട്രസ്റ്റിന് കീഴിലെ ബി.എഡ് കോളേജിനായി 4.29 ഏക്കറാണ് ഉണ്ടായിരുന്നത്. ബി.എഡ് കോളേജിന് മിനിമം വേണ്ടത് നാല് ഏക്കറാണ്. ഇതില്‍ മൂന്ന് ഏക്കര്‍ ജ്യോതികുമാര്‍ വിറ്റു. കോളേജിന്റെ ഉടമസ്ഥാവകാശവും മാറ്റി. ഇതൊന്നും സര്‍വകലാശാല അറിയാതെയായിരുന്നു. ഇത് ഗുരുതര അഴിമതിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് അംഗമായി വീണ്ടും സ്ഥാനമേല്‍ക്കാന്‍ തയ്യാറായി നിന്ന ഇരുവരെയും സര്‍ക്കാര്‍ സര്‍വകലാശാലാ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച പ്രോ വൈസ് ചാന്‍സിലറും വൈസ് ചാന്‍സലറും ത്‌ന്നെയാണ് ഈ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ബന്ധിതരായത്. അഴിമതി നടത്തിയവരെ സംരക്ഷിക്കല്‍ പ്രതിജ്ഞാബദ്ധമാണെന്ന് കരുതുന്നവര്‍ ഇവിടെയും അവരുടെ സംരക്ഷകരായി രംഗത്തിറങ്ങിയിട്ടുണ്ട്.

കേരള വെറ്ററനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലര്‍ ഡോ.ബി. അശോകിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ സര്‍ക്കാര്‍ ഒരുപാട് കളിച്ചതാണ്. മെഷീന്‍ഗണ്‍ മുതല്‍ മലപ്പുറം കത്തിവരെ സകല ‘പവനായിവിദ്യ’ കളും പ്രയോഗിച്ചിട്ടും അവസാനം പവനായി ശവമായി! ഡോ.അശോക് ചട്ടങ്ങളും നിയമങ്ങളും ഒക്കെ അറിയുകയും അതെങ്ങനെ പ്രയോഗിക്കണമെന്ന് നിശ്ചയവുമുള്ള ഐ.എ.എസുകാരനായിരുന്നു. അതുകൊണ്ട് അശോകിനെ കടിച്ച പാമ്പിന് വിഷം തിരിച്ചെടുക്കേണ്ടിവന്നു! അശോക് ഇപ്പോഴും വെറ്ററനറി സര്‍വകലാശാലയുടെ ആദ്യ വി.സിയായി തുടരുന്നു!

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇങ്ങനെയൊക്കെയാണോ മുന്നോട്ടുപോകേണ്ടത്? കേരളീയ സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമല്ലേ? കണ്ട അണ്ടനും അടകോടനും അഴിമതിക്കാരനും വാഴുന്ന സര്‍വകലാശാലകള്‍ ഭാവികേരളത്തെയാണ് ഇരുട്ടിലാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തുമാത്രമാണ് ഈ അവസ്ഥ എന്നു കരുതരുത്. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല ചക്ക കുഴഞ്ഞതുപോലെയാണെന്നാണ് ആ രംഗത്തുള്ളവരുടെ അഭിപ്രായം. ഹയര്‍ സെക്കന്‍ഡറി അഥവാ പ്‌ളസ് ടു വിനെ ഇനി എങ്ങനെ ശരിയാക്കും? പൊതുവിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം ഇതുവരെ നടത്താനായിട്ടില്ല. യൂണിഫോം വാങ്ങുമ്പോള്‍ കിട്ടുന്ന ‘കമ്മിഷനു’വേണ്ടിയുള്ള തര്‍ക്കമാണ് കേന്ദ്രസര്‍ക്കാര്‍ പണം തന്നുകഴിഞ്ഞ പദ്ധതിയിലെ യൂണിഫോം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് കിട്ടാത്തതിന് കാരണമെന്ന് വ്യക്തമാണ്. ഓണപ്പരീക്ഷ തുടങ്ങിക്കഴിഞ്ഞു. പക്ഷെ, പല സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലും ഇനിയും പാഠപുസ്തകം എത്തിയില്ല.

ഇതിനെക്കുറിച്ച് മുഖ്യഭരണകക്ഷിയായ കെ.പി.സി.സിയോ ഭരണമുന്നണിയായ യു.ഡി.എഫോ ചര്‍ച്ച നടത്തിയിട്ടില്ല. ക്ഷമിക്കണം, അവരൊക്കെ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണെന്നറിയാതെയല്ല ഇത് പറയുന്നത്. അതു കഴിഞ്ഞ് രുക്‌സാന മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ കത്ത് ചര്‍ച്ചക്കെടുക്കണം. പിന്നെ, സരിതാ നായര്‍ ഇനി ആരുടെയെങ്കിലും പേര് വെളിപ്പെടുത്തുമോ എന്നാരായണം. ഇതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ക്കൊരു അഞ്ചുമിനിട്ട് മാറ്റിവയ്ക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് ഇടപെടണമെന്ന് കെ.എസ്.യു പ്രസിഡന്റെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍…!

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍