UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടനാട്ടിലെ പക്ഷിപ്പനിക്ക് പിന്നില്‍

Avatar

കൃഷ്ണ ഗോവിന്ദ്‌

പക്ഷികളിലുണ്ടാവുന്ന ഒരു തരം വൈറസ് രോഗമാണ് മൃഗഡോക്ടര്‍മാര്‍ ഏവിയന്‍ ഇന്‍ഫ്‌ളൂവെന്‍സ എന്നു വിളിക്കുന്ന പക്ഷിപ്പനി. ഇത് പലതരത്തിലുണ്ട്. ഏവിയന്‍ ഇന്‍ഫ്‌ളൂവെന്‍സ വൈറസാണ് പക്ഷിപ്പനിക്ക് കാരണമെന്നും അതല്ല മ്യൂട്ടേഷന്‍ (ജനിതകമാറ്റം) സംഭവിച്ച പക്ഷികളിലൂടെയാണ് ഇത് സംഭവിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസ് രോഗാണുക്കളുടെ പ്രോട്ടില്‍ എന്‍സൈമുകള്‍ മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറിയാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്.

ഹീംഅഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നീ വൈറസുകളുടെ കോമ്പിനേഷനുകളില്‍ വ്യത്യാസം വരുമ്പോള്‍ അവ വിവിധ പക്ഷിപ്പനികള്‍ക്ക് കാരണമാവും. അവ H1N1, H1N2, H3N2, H5N1 എന്നിങ്ങനെ H12 വരെയുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. ഇതില്‍ ആദ്യം പറഞ്ഞവയും പിന്നെ H9N2-ഉം, H7N7-ഉം അപകടകാരികളാണ്. നിലവില്‍ കുട്ടനാട്ടിലെ താറാവുകളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി H5N8 ആണ്. മറ്റുളവയെ ആപേക്ഷിച്ച് ഇത് താരതമ്യേന അപകടകാരിയല്ല. പക്ഷെ കരുതല്‍ എടുക്കുന്നത് നല്ലതാണ്.

ഈ വൈറസ് രോഗം ബാധിച്ചാല്‍ താറാവുകള്‍ക്ക് ചികിത്സയോ മരുന്നുകളോ ഇല്ല.  ഇതിന് ചെയ്യാന്‍ സാധിക്കുന്നത് വാക്‌സിനേഷന്‍ ചെയ്യുക എന്നതാണ്. എന്നാല്‍ വാക്‌സിനേഷന്‍ വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചാല്‍ പക്ഷികള്‍ക്ക് അസുഖം സംഭവിക്കാം. പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ഉടനെ തന്നെ ആ പക്ഷിയെ കൃത്യമായ നടപടികളിലൂടെ നശിപ്പിക്കുക, മുട്ടകളും നശിപ്പിക്കുകയെന്നതാണ് ഏറ്റവും നല്ല പോംവഴി. അല്ലെങ്കില്‍ മണിക്കൂറുകള്‍ക്ക് അകം വളരെ വേഗതയില്‍ മറ്റ് പക്ഷികളിലേക്കും രോഗം പകരും’ എന്നും തൃശ്ശൂര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ വെറ്റിനറി ഡോക്ടര്‍ പാര്‍വ്വതി ഭദ്രന്‍ പറയുന്നു. 

താറാവുകളില്‍ കാണുന്ന പക്ഷിപ്പനിയുടെ ലക്ഷണം താറാവ് വസന്തയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ്. കറങ്ങി നില്‍ക്കുക, തൂങ്ങിനില്‍ക്കുക, ഭക്ഷണം കഴിക്കില്ല, കാലുകള്‍ വളഞ്ഞ് പോകും ഇത് കാണുമ്പോള്‍ തന്നെ ആ താറാവിനെ കൂട്ടത്തില്‍ നിന്ന് മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ശരിക്കും സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചാല്‍ മാത്രമെ പക്ഷിപ്പനി ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. കേരളത്തില്‍ നിലവില്‍ ഇതിനുള്ള സൗകര്യമില്ല എന്നാണ് വിവരം. റീജണല്‍ ലാബറട്ടറികളില്‍ പക്ഷിപ്പനി പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തണം എന്ന് കേന്ദ്രസര്‍ക്കാര്‍ 2004-ല്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതിന് ഫണ്ടും ലഭിക്കുന്നതാണ്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നു കഴിഞ്ഞ് പത്ത് വര്‍ഷത്തിനു ശേഷം കേരളത്തില്‍, 2014-ല്‍, പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍ രണ്ടര ലക്ഷത്തിലധികം താറാവുകളെ നശിപ്പിക്കുകയും ചെയ്തു. എന്നിട്ടും പക്ഷിപ്പനി പരിശോധനയ്ക്കുള്ള സൗകര്യമില്ലെന്നാണ് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണ സംഭവിച്ച പക്ഷിപ്പനി സ്ഥിരീകരിക്കാന്‍ നമുക്ക് ഭോപ്പാലിലെ ലാബോറട്ടറിയില്‍ പോകേണ്ടി വന്നിരുന്നു. എന്നാല്‍ മൃഗക്ഷേമ വകുപ്പ് പറയുന്നത് പക്ഷിപ്പനി പരിശോധനയ്ക്കുള്ള ലബോറട്ടറി തിരുവനന്തപുരത്തു ഉണ്ടെന്നും അവിടെ രോഗം ആദ്യം സ്ഥിരീകരിച്ചാലും ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ഭോപ്പാലിലെ ലാബിനു മാത്രമെ അധികാരമുള്ളൂവെന്നുമാണ് പറയുന്നത്.

പക്ഷിപ്പനിയെ സംബന്ധിച്ച് മറ്റൊരു വാദമുള്ളത്, താറാവ് കൃഷി നടത്തുന്ന മേഖലയില്‍ മാത്രമാണ് ഈ വൈറസ് രോഗം കാണുന്നത് എന്നതാണ്. കഴിഞ്ഞ തവണ പക്ഷിപ്പനി വന്ന സമയം ഒക്ടോബര്‍, നവംബര്‍ (2014) മാസത്തിലായിരുന്നു. ഇത്തവണ പക്ഷിപ്പനി വന്നതും ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ്. ക്രിസ്മസ് മാസമായ ഡിസംബര്‍ അടുക്കുമ്പോള്‍ താറാവുകള്‍ക്ക് മാത്രമുണ്ടാവുന്ന പക്ഷിപ്പനി സ്ഥിരീകരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നുണ്ട്. താറാവ് വിപണി ഏറ്റവും സജീവമാകുന്ന ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ താറാവ് കൃഷി നടക്കുന്ന ആലപ്പുഴയില്‍ മാത്രം പക്ഷിപ്പനി പടരുന്നതാണ് കര്‍ഷകരെയും ഒരു കൂട്ടം കച്ചവടക്കാരെയും സംശയാലുകളാക്കുന്നത്.

പക്ഷിപ്പനിയെന്നത് ഏതെങ്കിലും ഒരു സീസണില്‍ വരുന്നതല്ല ഏതു കാലത്തും അത് വരാവുന്നതാണ്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുതവണയും പക്ഷിപ്പനി വന്നത് ഒരെ കാലയളവിലാണ് (ക്രിസ്മസിനോടനുബന്ധിച്ച്). ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേരളത്തില്‍ പ്രത്യേകിച്ച് ആലപ്പുഴയില്‍ ദേശാടനപക്ഷികളുടെ വരവ്. അതുകൊണ്ട് ദേശാടനപക്ഷികളില്‍ നിന്നായിരിക്കാം ഈ സീസണുകളില്‍ കുട്ടനാടന്‍ താറാവുകള്‍ക്ക് പക്ഷിപ്പനി പിടിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ എതിര്‍ ഭാഗം ചോദിക്കുന്നത്, അങ്ങനെയാണെങ്കില്‍ മറ്റു പക്ഷികള്‍ക്ക് എന്തു കൊണ്ട് ഈ രോഗം വരുന്നില്ല എന്നാണ്.

പല മൃഗ ഡോക്ടര്‍മാരും സര്‍ക്കാര്‍ വാദങ്ങളോട് അനുകൂലിക്കുന്നില്ല. ഡോ. പാര്‍വ്വതി പറയുന്നത് ‘പക്ഷിപ്പനി സീസണ്‍ അനുസരിച്ച് വരുന്നതല്ല, ദേശാടനപക്ഷികളില്‍ നിന്ന് പക്ഷിപ്പനി പകരുന്നു എന്ന വാദത്തോട് യോജിക്കുന്നുമില്ല ‘എന്നാണ്‌. കഴിഞ്ഞ തവണ പക്ഷിപ്പനി വന്നപ്പോള്‍ രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നിരുന്നു. ഇത്തവണ 1500-ഓളം താറാവുകളെയാണ് ഇതുവരെ കൊന്നത്. പക്ഷിപ്പനി പടരുന്നു എന്ന വാര്‍ത്ത വന്നതോടെ കുട്ടനാട്ടിലെ താറാവ് വിപണി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 

കുട്ടനാട്ടില്‍ പടര്‍ന്ന് പിടിക്കുന്നു എന്നു പറയുന്ന പക്ഷിപ്പനിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഗവണ്‍മെന്‍റിന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അത് കര്‍ഷകരിലും പൊതുസമൂഹത്തിലും മറ്റ് പല സംശയങ്ങള്‍ക്കും കാരണമാകും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍