UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മല ഇടിച്ചു നിരത്തുന്നത് ആരും കാണുന്നില്ലേ? മുളങ്കുന്നത്തുകാവില്‍ നിന്നുള്ള കാഴ്ചകള്‍

Avatar

അഴിമുഖം പ്രതിനിധി

പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നത് എങ്ങനെ എന്നറിയണമെങ്കിൽ തൃശൂർ മുളങ്കുന്നത്തുകാവിൽ എത്തണം. നോട്ട് നിരോധനത്തെ തുടർന്ന് മറ്റൊരുകാര്യത്തിലും ശ്രദ്ധിക്കാതെ ബാങ്കിലും എ ടി എമ്മിന് മുന്നിലും ജനങ്ങൾ ക്യൂനിൽക്കുമ്പോൾ ഒരു മല അപ്പാടെ ഇടിച്ചു നിരത്തപ്പെടുകയാണ്. മുളങ്കുന്നത്തുകാവ്-തെക്കുംകര പഞ്ചായത്തിലെ 13 വാർഡിലാണ് ഈ ഇടിച്ചു നിരത്തൽ.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുടെ അധീനതയിലുള്ള മലയാണ് നിരത്തുന്നത്, കഴിഞ്ഞ ഒരാഴ്ചയായി മൂന്നു ജെസിബികൾ ഉപയോഗിച്ച് കുന്നിന്റെ നല്ലൊരു ഭാഗം നിരത്തിക്കഴിഞ്ഞു. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലമായതുകൊണ്ടും ഉടമസ്ഥർ ശക്തരായതു കൊണ്ടും നാട്ടുകാർ പ്രതിഷേധമായി രംഗത്ത് വന്നിട്ടില്ല. പക്ഷെ പ്രകൃതിയേയും പരിസ്ഥിയെയും സംരക്ഷിക്കുമെന്ന് പ്രകടന പത്രികയിൽഉറപ്പു നൽകിയ എല്‍ ഡി എഫിനു 13സീറ്റുകൾ ലഭിച്ച തൃശൂർ ജില്ലയിലാണ് സംഭവം. 

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണത്തെ കുറിച്ചും അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും പഠന-ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമായ കിലയ്ക്ക് അടുത്താണ് നിരത്തപ്പെടുത്തുന്ന ഈ മല. ഈ പ്രദേശത്തെ കാലാവസ്ഥ, കുടിവെള്ളം തുടങ്ങി എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മലയാണ് ദിവസങ്ങൾക്കുള്ളിൽ ഇല്ലാതായി കൊണ്ടിരിക്കുന്നത്. ദൂരെ നിന്ന് നോക്കിയാൽ പച്ചപ്പിൽ നിന്നും മല കൊത്തിയെടുക്കുന്നതിന്റെ ദൃശ്യം വ്യക്തമാകും. വളർന്നു പന്തലിച്ചിരുന്ന വൃക്ഷങ്ങളും അടിക്കാടും സമൂലം വെട്ടിമാറ്റിയ ശേഷമാണ് ഹിറ്റാച്ചികൾ ഇപ്പോൾ പണി എടുത്തുകൊണ്ടിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ മല പൂർണമായി ഇല്ലാതാക്കുന്നതരത്തിലാണ് പണികൾ പുരോഗമിക്കുന്നത്.  

ഇടത് -വലതു പാർട്ടികളെ ഒരേ പോലെ വിലയ്‌ക്കെടുത്താണ് റിയൽ എസ്റ്റേറ്റ് മാഫിയപ്രവർത്തിക്കുന്നത്. ചെറിയ വയൽ നികത്തിയാൽ കൊടി പിടിക്കുന്ന പാർട്ടികൾ ഇത്രയും വലിയ പ്രകൃതി ശോഷണം അറിഞ്ഞില്ലെന്ന മട്ടിലാണ്. വാർഡ് അംഗമായ കോൺഗ്രസ് പ്രതിനിധിക്കും പഞ്ചായത്ത് ഭരണം കൈയാളുന്ന സിപിഎമ്മിനും തൃശൂർ ജില്ലയിൽ ശക്തമായ സാന്നിധ്യമായി ഇതിനകം മാറിക്കഴിഞ്ഞ ബിജെപിയും ഈ വിഷയത്തിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

അധികാരവികേന്ദ്രീകരണം മൂലം അഴിമതി താഴെ തട്ടിൽ വരെ എങ്ങനെ എത്തി എന്ന് കിലയ്ക്ക് പഠിക്കാൻ കഴിയുന്ന സംഭവമായി ഈ മലയിടിക്കൽ മാറിയിരിക്കുന്നു. പ്രകൃതി-കൃഷി സ്നേഹിയായി അറിയപ്പെടുന്ന യുഡിഎഫിലെ അനിൽ അക്കരെയുടെ നിയോജക മണ്ഡലത്തിലാണ് ഈ സംഭവം നടക്കുന്നത്. ആറന്‍മുളയും മെത്രാന്‍ കായലുമൊക്കെ തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്ന വി എസ് സുനിൽകുമാർ എങ്കിലും അടിയന്തരമായി ഇടപെട്ട് അവശേഷിക്കുന്ന കുന്നിനെ എങ്കിലും സംരക്ഷിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍