UPDATES

ട്രംപിന്റെ വോട്ടര്‍മാരെ പരിഹസിച്ചതില്‍ ഹിലരി മാപ്പു പറഞ്ഞു

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടര്‍മാരെ പരിഹസിച്ചതില്‍ എതിരാളിയായ ഹിലരി ക്ലിന്റണ്‍ മാപ്പു പറഞ്ഞു. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ പരിതാപകരമായ മാനസികാവസ്ഥയുള്ളവരാണെന്ന് പറഞ്ഞ് ഹിലരി പരിഹസിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ പരിഹാസത്തിന് മാപ്പു ചോദിച്ചുകൊണ്ട് ഹിലരി രംഗത്തുവന്നത്.

പരിഹാസ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ട്രംപിന്റെ വംശീയ നിലപാടുകള്‍ക്കെതിരെ ഹിലരി ആഞ്ഞടിച്ചു. തന്നെ പിന്തുണക്കുന്ന ലക്ഷക്കണക്കിനാളുകളെ ഹിലരി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. തന്റെ ലക്ഷക്കണക്കിനുള്ള കഠിന്വാനം ചെയ്യുന്ന ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം ട്രംപിന് ഹിലരിക്ക് മുകളിലുള്ള ആധിപത്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹിലരിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ അവരെ ബാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിഷ്പക്ഷരായ വോട്ടര്‍മാര്‍ വിവാദത്തെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇനി ഹിലരിയുടെ പ്രചരണം മുന്നോട്ടുപോവുക.

ഒഹിയോയിലും ഫ്ളോറിഡയിലും ഹിലരി-ട്രംപ് പോരാട്ടം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 2012 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയും 2008 ല്‍ ബരാക് ഒബാമയും നടത്തിയ വിവാദ പ്രസ്താവനകളുമായാണ് ഹിലരിയുടെ പ്രസ്താവാനയെ അമേരിക്കന്‍ മാധ്യമങ്ങള്‍ താരതമ്യം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍