UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹില്ലരി ക്ലിന്റണും ഭാരതസ്ത്രീയുടെ ഭാവശുദ്ധിയുള്ള ഭാര്യമാരും പിന്നെ സരിതയും

ഒരു മികച്ച അഭിഭാഷക. അങ്ങനെയാണ് ഹില്ലരി ക്ലിന്റണ്‍ അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവ് ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്തുപോലും. 

അങ്ങനെയിരിക്കെയാണ് മോണിക്ക ലെവിന്‍സ്‌കി വൈറ്റ് ഹൗസിലെത്തുന്നത്. ഏറെ താമസിയാതെ ലെവിന്‍സ്‌കി ഒരു കൊടുങ്കാറ്റുയര്‍ത്തി. ക്ലിന്റന്റെ ബീജത്തിന്റെ ഗന്ധമുള്ള കൊടുങ്കാറ്റ്. അപ്രതീക്ഷിതമായ കൊടുങ്കാറ്റില്‍ ക്ലിന്റണ്‍ പിടിച്ചുനിന്നെങ്കിലും ഹില്ലരി ഉലഞ്ഞു. ഒരു ഘട്ടത്തില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോലും ഹില്ലരി തീരുമാനിച്ചു. ഏതൊരു ഭാര്യയ്ക്കും സാധാരണ ഗതിയില്‍ തോന്നുന്ന ആദ്യപ്രതികരണം. ഏകമകള്‍ ചെല്‍സിയുമായി ഹില്ലരി കാര്യങ്ങള്‍ സംസാരിച്ചു. ഭര്‍ത്താവിനെക്കുറിച്ചു പുറത്തുവന്നുകൊണ്ടിരുന്ന ലൈംഗികകഥകള്‍ ഹില്ലരിയെ അത്രകണ്ടു വേദനിപ്പിച്ചിരുന്നു. ഭരണരംഗത്തും വീട്ടിനുള്ളിലും ക്ലിന്റണ്‍ ഒറ്റപ്പെട്ടുപോയ കാലം. 

പിന്നീട് ഒരു ‘യു’ടേണ്‍ ഉണ്ടായി. ഹില്ലരി ഭര്‍ത്താവിനോടൊപ്പം ഉറച്ചുനിന്നു. വേണ്ട പിന്‍ബലം കൊടുത്തു. ക്ലിന്റണ്‍ കാലാവധി പൂര്‍ത്തിയാക്കി. ലെവിന്‍സ്‌കി പുസ്തകത്താളുകളില്‍ ഒതുങ്ങി. ഹില്ലരി ഏറെ ശോഭയോടെ തെളിഞ്ഞുവന്നു. ന്യൂയോര്‍ക്കില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത സെനറ്ററായി. 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ഒബാമയുമായി മത്സരിച്ചു തോറ്റു. 2009 മുതല്‍ 2013 വരെ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാല്‍ അത്ഭുതപ്പെടേണ്ടതില്ല. 

ഹിലാരിയുടെ വളര്‍ച്ചയ്ക്ക് കാരണങ്ങള്‍ പലതാകാം. പക്ഷെ, അതില്‍ പ്രധാനപ്പെട്ട ഒന്ന് ലെവിന്‍സ്‌കിയാണ്. അങ്ങനെയൊരു കൊടുങ്കാറ്റ് ഉണ്ടായില്ലായിരുന്നെങ്കില്‍, ഭര്‍ത്താവിന്റെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ പോലും ഭര്‍ത്താവിനെ ഉപേക്ഷിയ്ക്കാതെ ഒപ്പം നിന്ന ‘ഉത്തമ ഭാര്യ’ എന്ന പദവി ഹില്ലരിയ്ക്കു കിട്ടുമായിരുന്നില്ല. ‘ഉത്തമ ഭാര്യ’യ്ക്ക് ഇന്ത്യയിലെന്ന പോലെ അമേരിക്കയിലും നല്ല ഡിമാന്റാണ്. 

ക്ലിന്റണ്‍ നിര്‍ത്തിയിടത്തായിരുന്നു നീലലോഹിതദാസന്‍ നാടാര്‍ തുടങ്ങിയത്. നായനാര്‍ മന്ത്രിസഭയിലെ വനം-ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിയ്‌ക്കെ നീലന്‍ രണ്ട് ഉന്നത വനിത ഉദ്യോഗസ്ഥരെ കടന്നുപിടിച്ചു എന്ന്‍ ആരോപണം വന്നു. 1999-ല്‍ രണ്ടാളും നീലനെതിനെ പരാതി കൊടുത്തു. കോടതി നീലനെ ശിക്ഷിച്ചു. മേല്‍ കോടതി പക്ഷേ നീലന് തുണയായി. 

നീലനെ ഏറ്റവും അടുത്തറിയാവുന്നത്, തീര്‍ച്ചയായും, അദ്ദേഹത്തിന്റെ ഭാര്യ ജമീല പ്രകാശത്തിനാണല്ലോ. തന്റെ ഭര്‍ത്താവ് വഴിപിഴച്ചയാളല്ല എന്നും, അദ്ദേഹം തന്നെക്കുറിച്ചല്ലാതെ മറ്റൊരു സ്ത്രീയെക്കുറിച്ചും ചിന്തിയ്ക്കുക പോലും ഇല്ലെന്നും, ഈ കഥയൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും അന്നത്തെ എസ്.ബി.ടി.യിലെ മാനേജറായിരുന്ന ജമീല പ്രകാശം പറഞ്ഞു. (നിയമസഭയില്‍ 2015 മാര്‍ച്ച് 13-ന് നടന്ന സ്ത്രീപീഡനത്തെ പല്ലും നഖവും പവര്‍ പോയിന്‍റ് പ്രസന്‍റേഷനും ഉപയോഗിച്ച് എതിര്‍ത്ത അതേ ജമീല പ്രകാശം തന്നെ).

1999-ല്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടി കോഴിക്കോട് ഐസ്‌ക്രീം ലൈംഗിക അപവാദക്കേസില്‍ കുരുങ്ങിയതും. കേസ് ഇന്നും തീര്‍ന്നിട്ടില്ല. (കേസ് തീരണമെങ്കില്‍ ഒന്നുകില്‍ അച്യുതാനന്ദന്‍ മരിക്കണം. അല്ലെങ്കില്‍ സുപ്രീംകോടതി പണി നിര്‍ത്തണം.) പ്രശ്‌നം വരുമ്പോള്‍ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തായിരുന്നു. അടുത്ത ആന്റണി മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായി. പക്ഷെ, കേസിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജിവച്ചു. 

ഈ കാലഘട്ടത്തിലോ അതിനു ശേഷമോ ഭര്‍ത്താവിന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റുമായി കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ കുല്‍സു പൊതുജനമധ്യത്ത് വന്നിട്ടില്ല. മുസ്ലീം സമുദായത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍, ഭര്‍ത്താവിനെ രക്ഷിക്കാനാണെങ്കിലും, സ്ത്രീ പൊതുസമൂഹത്തില്‍ വന്നുകൂടാ. പ്രത്യേകിച്ചും, ഇത്തരം ഒരു പ്രശ്‌നത്തില്‍. അതുകൊണ്ടായിരിയ്ക്കാം കുല്‍സു ഭര്‍ത്താവിന് വേണ്ടി വാദിക്കാത്തത്. അല്ലെങ്കില്‍ അവര്‍ക്ക് ഭര്‍ത്താവിനെ നല്ലപോലെ അറിയാമെന്നതുകൊണ്ടാകാം. തനിയ്ക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെങ്കില്‍ താനെന്തിന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ മെനക്കെടണം? 

ലെവിന്‍സ്‌കി സംഭവം ക്ലിന്റണ്‍ കുടുംബത്തെ പിടിച്ചുലച്ചത് 1998-ല്‍ ആണ്. മൂന്നുകൊല്ലം കഴിഞ്ഞ്, സമാനമായ ഒരു സംഭവം കേരളത്തില്‍ നടന്നു. പത്തനംതിട്ടക്കാരിയായ തങ്കം വര്‍മ്മ പത്രസമ്മേളനം വിളിച്ചുകൂട്ടി അന്നത്തെ ആന്റണി മന്ത്രിസഭയിലെ അംഗങ്ങളായ കടവൂര്‍ ശിവദാസനും ജി.കാര്‍ത്തികേയനും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, പീഡിപ്പിച്ചത് തിരുവനന്തപുരത്തെ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണെന്നും ആരോപിച്ചു. മാത്രമല്ല, സംസ്ഥാന വനിതാകമ്മീഷനില്‍ അവര്‍ പരാതിയും കൊടുത്തു. 

ജസ്റ്റിസ് ഡി.ശ്രീദേവിയായിരുന്നു വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. ശ്രീദേവി തന്നെയാണ് പരാതിക്കാരിയുടെ മൊഴി എടുത്തത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ശ്രീദേവിയ്ക്ക് ബോധ്യം വന്നു. മന്ത്രിമാര്‍ക്ക് നോട്ടീസയയ്ക്കണമോ എന്ന കാര്യത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഓരോ മീറ്റിംഗ് കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കമ്മീഷന്‍ ഓഫീസില്‍ വിളിച്ച് വിവരം ആരായുമായിരുന്നു. 

2002 മെയ് മാസത്തെ സിറ്റിംഗില്‍ മന്ത്രിമാര്‍ക്ക് നോട്ടീസയയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. അന്നു തന്നെ എ.കെ.ആന്റണി വനിതാ കമ്മീഷനെ പിരിച്ചുവിട്ടു. ശ്രീദേവിയ്ക്കു പകരം കോണ്‍ഗ്രസുകാരിയായ എം.കമലത്തെ അദ്ധ്യക്ഷയാക്കിക്കൊണ്ട് കമ്മീഷന്‍ ഉടച്ചുവാര്‍ത്തു. മന്ത്രിമാര്‍ക്ക് നോട്ടീസയയ്ക്കാനുള്ള കമ്മീഷന്റെ തീരുമാനം ചാപിള്ളയായി. 

എന്നാല്‍, കമ്മീഷന്‍ പിരിച്ചുവിടുന്നതിനു മുമ്പ് ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി സുലേഖ ‘മലയാള മനോരമ’യില്‍ ഒരു നീണ്ടകത്തെഴുതി. തന്റെ ഭര്‍ത്താവ് അത്തരക്കാരനല്ല എന്നും, അത് മറ്റാരേക്കാളും നല്ലതായി തനിയ്ക്കറിയാമെന്നായിരുന്നു കത്തിന്റെ സാരാംശം.

വീണ്ടും നാലുകൊല്ലം വേണ്ടിവന്നു മറ്റൊരു മന്ത്രി ലൈംഗിക അപവാദച്ചുഴിയില്‍ വീഴാന്‍. അതും ആകാശത്തുവച്ച്. മന്ത്രി പി.ജെ.ജോസഫ് മുന്‍സീറ്റിലിരുന്ന ഒരു വനിതയോട് ലൈംഗികഅതിക്രമം കാണിച്ചു എന്നായിരുന്നു കേസ്. പ്രശ്‌നം കോടതിയിലെത്തി. ജോസഫ് രാജിവച്ചു.

അന്ന് കേരളത്തിലെ മിക്കവാറും ആളുകളൊക്കെ ജോസഫ് അങ്ങനെ ഒരു പ്രവൃത്തി ചെയ്തുകാണുമെന്ന് കരുതി. പക്ഷേ, ഒരാള്‍, ജോസഫിനെ ഏറ്റവും അടുത്തറിയാവുന്ന ഒരാള്‍, ഭാര്യ ഡോ. ശാന്ത, ജോസഫ് ഒരിയ്ക്കലും അത്തരം ഒരു പ്രവൃത്തി ചെയ്യില്ല എന്നു പറഞ്ഞു. 

അടുത്ത ഊഴം ഗണേഷ് കുമാറിന്റേതായിരുന്നു. 2001-ല്‍ ആന്റണി മന്ത്രിസഭയിലെ അംഗമാകുമ്പോള്‍ തന്നെ ഗണേശിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ചുള്ള ഒരു പരാതി, ഭാര്യ യാമിനി തങ്കച്ചി കൊടുത്തത്, തിരുവനന്തപുരത്തെ കുടുംബകോടതിയില്‍ കിടപ്പുണ്ടായിരുന്നു.

സിനിമയില്‍ നിന്നും വന്ന മന്ത്രിയായതുകൊണ്ടുതന്നെ, ഗണേഷിന്റെ ഇത്തരം ചെയ്തികള്‍ വളരെ സ്വാഭാവികം എന്ന രീതിയിലാണ്, പൊതുവെ, പലരും കണ്ടുപോന്നത്. 

മന്ത്രിയായതോടെ യാമിനി തങ്കച്ചി സ്വരംമാറ്റി. കുടുംബകോടതിയില്‍ പരാതി നില്‍ക്കെ തന്നെ മാധ്യമങ്ങള്‍ക്കു കൊടുത്ത അഭിമുഖങ്ങളില്‍ ഉത്തമനായ ഭര്‍ത്താവിനെക്കുറിച്ച് വാചാലനായി. 

പക്ഷെ, ആ സ്തുതിഗീതം അധികനാള്‍ നീങ്ങില്ല. 2013-ല്‍ മന്ത്രിയായിരിക്കെ ഗണേശന്റെ വീട്ടില്‍ വന്ന് ഗണേഷന്റെ ഒരു കാമുകിയുടെ ഭര്‍ത്താവ് ഗണേശനെ അടിച്ച് അവശനാക്കി. വാര്‍ത്ത പുറത്തുവന്നപ്പോള്‍, തന്നെ തല്ലിയത് ഭാര്യ യാമിനിയാണെന്ന് പറഞ്ഞ് അടികൊണ്ടു വീര്‍ത്ത മുഖത്തിന്റെ ഫോട്ടോകള്‍ ഗണേഷ് തന്നെ മാധ്യമങ്ങള്‍ക്ക് കൊടുത്തു. സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം യാമിനി തങ്കച്ചി പൊളിച്ചു. ഗാര്‍ഹികപീഢന നിരോധനനിയമമനുസരിച്ച് യാമിനി കേസുകൊടുത്തു. അതോടെ ഗണേഷ് വിനീത വിധേയനായി. അവര്‍ ആവശ്യപ്പെട്ട പണം കൊടുത്ത് ബന്ധം ഒഴിഞ്ഞു. മന്ത്രിസ്ഥാനവും പോയി. അടികൊണ്ടു. പുളികുടിച്ചു. പിഴയൊടുക്കി. 

ഗണേഷില്‍ തുടങ്ങുന്ന സരിത കഥാപ്രപഞ്ചം ജോസ് കെ.മാണിയില്‍ എത്തിനില്‍ക്കുന്നു. ജോസ് കെ.മാണി ദില്ലിയില്‍ വച്ച് ബലംപ്രയോഗിച്ച് ലൈംഗികബന്ധം നടത്തി എന്ന് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടിയ, സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍, പറഞ്ഞിരിക്കുന്നു. അതായത് ബലാല്‍സംഗം. non-bailable offence. 

ക്ലിന്റണ്‍ മുതല്‍ ഗണേഷ് വരെയുള്ള എല്ലാ പുരുഷന്‍മാരേയും പോലെ ജോസ് കെ.മാണിയും ആരോപണം നിഷേധിച്ചു. അച്ഛന്‍ സാക്ഷാല്‍ കെ.എം.മാണി മകന് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. 

ആരോപണ വിധേയരായ ഭര്‍ത്താക്കന്‍മാരെ അനുകൂലിച്ചുകൊണ്ട് മറ്റു ഭാര്യമാര്‍ കത്തും അഭിമുഖവും നല്‍കിയപ്പോള്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് ഫെയ്‌സ് ബുക്കിലൂടെയാണ് തന്റെ ‘ഡിജിറ്റല്‍ സപ്പോര്‍ട്ട്’ ഭര്‍ത്താവിന് നല്‍കിയത്. സ്വബോധമുള്ള ആരും തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ആരോപണം വിശ്വസിക്കില്ല എന്നും തന്റെ ഭര്‍ത്താവിന്റേത് കറകളഞ്ഞ വ്യക്തിത്വമാണെന്നും നിഷ കുറിച്ചു. മാത്രമല്ല, ”ഈ പരിപ്പ് ഇവിടെ വേവില്ല” എന്ന് കട്ടായം പറഞ്ഞു. 

എറണാകുളത്തെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ സരിത പറഞ്ഞ പേരുകളില്‍ ഒന്ന് ജോസ് കെ.മാണിയുടേതായിരുന്നു എന്നും അത് കേട്ട് ഞെട്ടിയ മജിസ്‌ട്രേറ്റ് പ്രശ്‌നം മാണിയെ അറിയിച്ചെന്നും മാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കീറിക്കളഞ്ഞത് എന്നും മജിസ്‌ട്രേറ്റിന് കത്തോലിക്ക സഭയില്‍ ഏറെ സ്വാധീനമുള്ളയാളാണെന്നും ഒക്കെ അന്നേ കേട്ടിരുന്നു. 

സംഗതി ഇതാണ്. ഭര്‍ത്താവിനെതിരെയുള്ള ആരോപണം ഒരു കൊല്ലത്തിനു മുമ്പേ നിഷ അറിഞ്ഞിരുന്നു. അതിന്റെ അങ്കലാപ്പും പ്രശ്‌നങ്ങളുമെല്ലാം അവരുടെ ഇടയില്‍ പറഞ്ഞുതീര്‍ത്തു. ആ പരിപ്പ് പണ്ടുതന്നെ നല്ലവണ്ണം വേവിച്ച്, ശര്‍ക്കര ചേര്‍ത്ത്, പായസം വച്ചുണ്ടാക്കിയിരിക്കുന്നു. ഇനി പുതിയ എന്ത് പരിപ്പ്? 

ഈ ഭാര്യമാര്‍ക്കൊക്കെ – ഒരു പരിധി വരെ യാമിനി തങ്കച്ചി ഒഴിച്ച് – ഒരു പൊതുസ്വഭാവമുണ്ട്. അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരെ വിശ്വാസമാണ്. അതാണ് ഭാരത സ്ത്രീതന്‍ ഭാവശുദ്ധി. തന്റെ ഭര്‍ത്താവിനെയല്ലാതെ മറ്റൊരു പുരുഷനെകുറിച്ചും ചിന്തിയ്ക്കുക പോലുമില്ല. തന്റെ ഭര്‍ത്താവ് തന്നെയല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖത്തുപോലും നോക്കില്ല. 

പക്ഷെ, അപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന – ഏറ്റവും കൂടുതല്‍ നടക്കുന്ന – വിവാഹേതര ബന്ധങ്ങളോ? 

ഹില്ലരി ക്ലിന്റണ്‍ ഭര്‍ത്താവിന്റെ ലൈംഗിക അപവാദത്തില്‍ നിന്ന് ഒരു രാഷ്ട്രീയ ഭാവി തെരഞ്ഞെടുത്തു. ജമീല പ്രകാശം അതു തന്നെ ചെയ്തു. സുലേഖയുടെ മുന്നില്‍ അത്തരമൊരു ഭാവിയാണ് കോണ്‍ഗ്രസ് നേതൃത്വം തുറന്നിട്ടിരിയ്ക്കുന്നത്. സുലേഖ ഒന്നു മൂളിയാല്‍ മതി. നിഷയ്ക്കാണെങ്കില്‍ അത്രയൊന്നും ഔപചാരികത വേണ്ടിവരില്ല. മരങ്ങാട്ടുപ്പിള്ളിക്കാരന്‍ കെ.എം മാണി തന്റെ പേരിലുള്ള പാര്‍ട്ടി തന്റേയും തന്റെ കാലം കഴിഞ്ഞ് മകന്‍ മാണിയ്ക്കുമാണെന്ന് വില്‍പ്പത്രം പോലും തയ്യാറാക്കിയിട്ടുണ്ട്. നിഷയ്ക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാവുന്നതേയുള്ളു. 

നിഷ ജോസിന് പിന്നില്‍ ഡിജിറ്റല്‍ യുഗത്തിലെ ഭാര്യമാര്‍ അണിനിരന്നുകഴിഞ്ഞു. പൊതുപ്രശ്‌നം സരിതയാകയാല്‍ നിഷയുടെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് ലൈക്ക് ചെയ്താല്‍ മാത്രം പോരെ എന്നും ഷെയര്‍ ചെയ്യണമോ എന്നുമാണ് ആകെയുള്ള ഒരു തര്‍ക്കം. അവരുടെ അപൂര്‍ണ്ണമായ ലിസ്റ്റ് കൊടുക്കുന്നു. 

1. പ്രസീജ (C/o എ.പി.അനില്‍കുമാര്‍)
2. മറിയുമ്മ (C/o ആര്യാടന്‍ മുഹമ്മദ്) 
3. കനകമ്മ (C/o പി.സി.വിഷ്ണുനാഥ്) 
4. അന്ന ലിന്‍ഡ (C/o ഹൈബി ഈഡന്‍) 
5. ആശ (C/o കെ.സി.വേണുഗോപാല്‍)
6. ജയശ്രീ (C/o അടൂര്‍പ്രകാശ്) 

ലിസ്റ്റ് വായിച്ചാല്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ വ്യക്തമാകും. 

ഒന്ന്, കോണ്‍ഗ്രസ് മതേതര-ജാതിയേതര പാര്‍ട്ടിയാണ്. 
രണ്ട്, കോണ്‍ഗ്രസില്‍ പഴയ തലമുറയ്ക്കും പുതുരക്തത്തിനും തുല്യ പ്രാധാന്യമാണ്. 
മൂന്ന്, ഗ്രൂപ്പുകളി പാര്‍ട്ടിക്കകത്തു മാത്രമേയുള്ളു. 

പരസ്ത്രീബന്ധം ആരോപിക്കപ്പെടുന്നവരുടെ ഭാര്യമാര്‍, മത്സരിച്ച് ഭര്‍ത്താക്കന്‍മാര്‍ക്ക് Good Service Etnry കൊടുക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ തളര്‍ന്നുപോയ ഒരു ഭാര്യയേ കേരളത്തില്‍ ഉള്ളു. ജോസ് തെറ്റയിലിന്റെ ഭാര്യ ഡെയ്‌സി. ഭര്‍ത്താവിന്റെയും മകന്റെയും ഒരേ സ്ത്രീയോടുള്ള താല്‍പ്പര്യം ആ സ്ത്രീ തന്നെ വെബ് ക്യാമറയില്‍ പകര്‍ത്തി ചാനലുകള്‍ക്കു കൊടുത്തു. തെളിവ് നാട്ടുകാര്‍ കണ്ടുകഴിഞ്ഞു. 

ഭര്‍ത്താവിന്റെ വിവാഹേതരബന്ധത്തെ കുറിച്ച് വാര്‍ത്തവരുമ്പോള്‍ ഭര്‍ത്താവിന് നല്ല സ്വഭാവത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഭാര്യമാരോടായി ഒരു ചോദ്യം. വിവാഹേതരബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത നിങ്ങളെക്കുറിച്ചായിരുന്നെങ്കില്‍, നിങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? 

അതിനുള്ള ഉത്തരം മണ്‍പുറ്റിനുള്ളില്‍വച്ച് സിദ്ധികൂടിയ പഴയ കൊള്ളക്കാരന്‍ വീരപ്പന്‍ തന്റെ മഹാകാവ്യത്തില്‍ പറഞ്ഞിട്ടുണ്ട്. അഗ്നിപരീക്ഷ. ഒന്നല്ല, പല തവണ. പിന്നെ ചതിച്ച് കാട്ടില്‍ തള്ളുക. പിന്നീട്, കാട്ടില്‍ തള്ളിയിട്ടിട്ടുപോയ കണവനെ ഓര്‍ത്ത്, അയാളുടെ മക്കളെ പ്രസവിച്ച് ഭാര്യയ്ക്ക് കാത്തിരിക്കാം. ഒരു നാള്‍ അയാള്‍ വരും. അയാള്‍ വീണ്ടും അഗ്നിശുദ്ധി ആവശ്യപ്പെടും. ആത്മാഭിമാനം തെല്ലെങ്കിലുമുണ്ടെങ്കില്‍ വല്ല കൊക്കയിലും ചാടിച്ചാകാം. അല്ലെങ്കില്‍, അയാളോടൊപ്പം സൗഭാഗ്യവതിയായി നീണ്ടനാള്‍ ജീവി്ക്കാം. 

ആര്‍ഷഭാരത സംസ്‌കാരസന്തതിയാണെങ്കിലും സരിതയെ താരതമ്യം ചെയ്യാവുന്നത് മോണിക്കാ ലെവിന്‍സ്‌കിയുമായാണ്. ലെവിന്‍സ്‌കി അമേരിക്കന്‍ ഭരണകൂടത്തെയാണ് മുള്‍മുനയില്‍ നിര്‍ത്തിയതെങ്കില്‍ സരിത മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ തന്നെയാണ്. (ക്ലിന്റനേക്കാള്‍ എത്ര വലിയ നേതാവാണ് ചാണ്ടി!) 

എങ്കിലും ചില വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ. ലെവിന്‍സ്‌കിയുടെ പേര് ക്ലിന്റണുമായി മാത്രമാണ് ചേര്‍ത്ത് പറയാറുള്ളത്. സരിതയ്ക്കാകട്ടെ, ചേര്‍ത്തു പറയാനുള്ള പേരുകള്‍ എഴുതുമ്പോള്‍ ഇംഗ്ലീഷിലെയും മലയാളത്തിലെയും അക്ഷരമാലകള്‍ തികയാതെ വരും. ശരീരം ആസകലം തുളുമ്പിച്ചു നടക്കുമ്പോഴും ലെവിന്‍സ്‌കിയുടെ തല കുനിഞ്ഞിരുന്നു. ശരീരം അനങ്ങാതെ നടക്കുമ്പോഴും സരിതയുടെ തല ഉയര്‍ന്നുതന്നെ. മാധ്യമങ്ങളെ ലെവിന്‍സ്‌കി ഭയപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ സരിതയുടെ തോഴരാണ്. ചിലപ്പോള്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും. 

സദാചാരപ്രശ്‌നങ്ങള്‍, സാധാരണയായി, സ്ത്രീകളുടെ തല കുനിപ്പിയ്ക്കും. സദാചാരം സ്ത്രീയുടെ മേല്‍ പുരുഷന്‍ കെട്ടിവച്ച നുകമാണ്. സരിത അത് പൊട്ടിച്ചെറിഞ്ഞു. മാത്രമല്ല, അതിന്റെ ഭാരം പുരുഷന്റെ ചുമലില്‍ വച്ചുകൊടുത്തു. താനുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പറഞ്ഞും പറയാതെയും കാണിച്ചും കാണിയ്ക്കാതെയും സരിത വ്യക്തമാക്കും. സ്വന്തം നഗ്നത സ്വയം ആസ്വദിച്ചു പ്രദര്‍ശിപ്പിയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞശേഷവും സരിത മാധ്യമങ്ങളെ കാണുന്നു. ഏറ്റവും കുലീനമായ വേഷം ധരിച്ച്. സരിത മറഞ്ഞുനില്‍ക്കുന്നില്ല. ഭയപ്പെടുന്നില്ല. എന്നാല്‍, സരിതയുമായി ബന്ധപ്പെട്ട ജനനേതാക്കള്‍ ജനങ്ങളില്‍ നിന്ന് മറഞ്ഞുനില്‍ക്കുന്നു. ക്യാമറയ്ക്കു മുന്നില്‍ വരുന്നവരുടെ മുഖത്ത് ജാള്യത തളംകെട്ടിനില്‍ക്കുന്നു. അവരെ പിന്താങ്ങാന്‍ ഭാര്യമാര്‍ രംഗത്തെത്തുന്നു. അടുത്ത പേര് തന്റേതാകുമെന്ന് നേതാക്കളില്‍ പലരും ഭയപ്പെടുന്നു. നേതാക്കളുടെ പേര് പൂര്‍ത്തിയാക്കിയശേഷം വേണം വ്യവസായികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പേരുകള്‍ നിരത്താന്‍. സരിത പെയ്തുതുടങ്ങിയിട്ടേയുള്ളു. 

ഒടുവില്‍ ആ പഴയ താത്രിക്കുട്ടിയുടെ കഥ പോലെയാകും. ഇനി പറയാന്‍ നാടുഭരിക്കുന്ന പൊന്നുതമ്പുരാന്റെയും ഇളമുറതമ്പുരാന്റെയും പേരുകള്‍ മാത്രമേ ബാക്കിയുള്ളു. 

പൊന്നുതമ്പുരാന്‍ അതിലൊന്നും കുലുങ്ങുകയില്ല. അത് സരിതയ്ക്കുമറിയാം. പൊന്നുതമ്പുരാന്റെ പേര് സരിത പറഞ്ഞാല്‍ ”തെളിവുണ്ടോ?” എന്ന ഒറ്റ ചോദ്യത്തിലൂടെ പൊന്നുതമ്പുരാന്‍ നിയമത്തിനെ നിയമത്തിന്റെ വഴിക്ക് വിടും. 

പൊന്നുതമ്പുരാന് ആകെയുള്ള ഭയം ജോപ്പനോ ജിക്കുമോനോ ദില്ലിയിലെ പാവം പയ്യനോ വാതുറക്കുമോ എന്നതാണ്. 

അടുത്ത ഒരുവര്‍ഷത്തേയ്‌ക്കെങ്കിലും സരിതയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാവുന്നതാണ്. അതിനുള്ള ന്യായങ്ങള്‍ പലതാണ്. 

ഒന്ന്, സരിത കോണ്‍ഗ്രസുകാരിയാണ്. 
രണ്ട്, ഗ്രൂപ്പുകളി വീരന്‍മാരെല്ലാം സരിതയുടെ പിറകില്‍ അണിനിരന്നുകൊള്ളും. 
മൂന്ന്, 33 തട്ടിപ്പുകേസുകളിലെ പ്രതിയായിട്ടും സരിതയുടെ പ്രകടനത്തെ അതൊന്നും ബാധിച്ചിട്ടില്ല. 
നാല്, സരിത കേരരളത്തിലെ ഏറ്റവും കൂടുതല്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീയാണ്. 
അഞ്ച്, സരിത ശരാശരി മലയാളിയുടെ കണ്ണിലുണ്ണിയാണ്. (ഈയിടയ്ക്ക്, ഏതോ കടയുടെ ഉദ്ഘാടനത്തിന് ചെന്ന സരിതയോട് ജനങ്ങള്‍ കാട്ടിയ സ്‌നേഹവും ആദരവും പല രാഷ്ട്രീയ നേതാക്കളുടെയും കണ്ണുതുറപ്പിച്ചിട്ടുണ്ട്).
ആറ്, സരിത ആരേയും ഭയപ്പെടുന്നില്ല. കേരളത്തിലെ വാര്‍ത്താ ചാനലുകളെപ്പോലും! (വാര്‍ത്താ ചര്‍ച്ച നയിക്കുന്ന അവതാരകദൈവങ്ങള്‍ക്കു മുന്നില്‍ അവരുടെ ദയാദാക്ഷിണ്യത്തിനു കാത്തുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കളും പാര്‍ട്ടി വക്താക്കളും, പത്തനംതിട്ടയില്‍ സരിത മാധ്യമങ്ങള്‍ക്കു നേരെ നടത്തിയ കടന്നാക്രമണം കണ്ട് കോരിത്തരിച്ചിരിയ്ക്കുകയാണ്).

പക്ഷെ, ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടാന്‍, ഏതെങ്കിലും മേഖലയില്‍ സരിതയ്ക്കാകുമോ? ഉപ്പോളമാകുമോ ഉപ്പിലിട്ടത്?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍