UPDATES

തിരഞ്ഞെടുപ്പ് തോല്‍വിക്ക് എഫ് ബി ഐ ഡയറക്ടറെ പഴിച്ച് ഹിലരി

അഴിമുഖം പ്രതിനിധി:

അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് എഫ്ബിഐ ഡയറക്ടറെ പഴിച്ച് ഹിലരി ക്ലിന്‌റന്‍. തന്‌റെ ഇ മെയിലുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള എഫ്ബിഐ നീക്കമാണ് തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുണ്ടാവാന്‍ കാരണമെന്നാണ് ഹിലരിയുടെ ആരോപണം.

ഒക്ടോബര്‍ 28ന് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി യുഎസ് കോണ്‍ഗ്രസിനയച്ച കത്താണ് തനിക്ക് വിനയായതെന്ന് ഹിലരി അഭിപ്രായപ്പെട്ടു. അതുവരെയും പ്രചാരണത്തില്‍ വ്യക്തമായ മുന്‍തൂക്കവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചു എന്ന കേസില്‍ നേരത്തെ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട ഇ മെയിലുകള്‍ കണ്ടെത്തിയത് അറിയിച്ചായിരുന്നു കത്ത്. പുനപരിശോധന നടത്തുന്ന കാര്യം എഫ്ബിഐ സൂചിപ്പിച്ചിരുന്നു. മൂന്ന് പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളിലും ഹിലരി വ്യക്തമായ മേധാവിത്തം നേടുകയും ഡൊണാള്‍ഡ് ട്രംപ് ദയനീയ പ്രകടനം നടത്തുകയും ചെയ്തതിന് ശേഷമായിരുന്നു അത്. ഹിലരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇ മെയില്‍ വിവാദം വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇതിലൂടെ ഉണ്ടായതെന്ന് ഹിലരി പറയുന്നു.

അതേസമയം ഒരു രാഷ്ട്രീയ കക്ഷിക്ക് തന്നെ മൂന്നാം തവണയും അധികാരം നേടുക എന്നത് അമേരിക്കയെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന കാര്യം ഹിലരി പരിഗണിച്ചില്ല. വോട്ടര്‍മാരുടെ മാറ്റത്തിനായുള്ള ആഗ്രഹം തിരിച്ചറിയാനും ഹിലരിക്ക് കഴിഞ്ഞില്ല. വൈറ്റ് വര്‍ക്കിഗ് ക്ലാസ് എന്നറിയപ്പെടുന്ന അമേരിക്കയിലെ തൊഴിലാളികളുടെ സ്വാധീനവും ശക്തിയും തിരിച്ചറിയാനും ഹിലരിക്ക് കഴിഞ്ഞില്ല. പരാജയം സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ ഡെമോക്രാറ്റുകള്‍ നടത്തുന്നുണ്ട്. പ്രസിഡന്‌റ് തിരഞ്ഞെടുപ്പിലെ ഡെമനോക്രാറ്റ് മത്സരാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്, മസാച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവര്‍ ഡെമോക്രാറ്റുകളുടെ സാമ്പത്തിക നയം മാറണമെന്ന ആവശ്യക്കാരാണ്. സോഷ്യലിസ്റ്റ് അല്ലെങ്കില്‍ മദ്ധ്യ ഇടതുപക്ഷ സ്വഭാവമുള്ള സാമ്പത്തിക നയമാണ് ഇരുവരും ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രചാരണത്തിലുടനീളം ഹിലരി ഇത് അവതരിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍